Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

36 മണിക്കൂർ കൊണ്ട് 180 അടി നീളമുള്ള പാലം നിർമ്മിച്ചത് വെറും 50 പട്ടാളക്കാർ; അവസാനിക്കുന്നത് ആഴ്‌ച്ചകളായി തുടർന്ന ഗതാഗത കുരുക്ക്; ഏനാത്തെ ബെയ്‌ലി പാലം വഴി പത്ത് മുതൽ യാത്രചെയ്യാം: മലയാളി സൈനികന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പട്ടാളത്തിന് എങ്ങും പ്രശംസ

36 മണിക്കൂർ കൊണ്ട് 180 അടി നീളമുള്ള പാലം നിർമ്മിച്ചത് വെറും 50 പട്ടാളക്കാർ; അവസാനിക്കുന്നത് ആഴ്‌ച്ചകളായി തുടർന്ന ഗതാഗത കുരുക്ക്; ഏനാത്തെ ബെയ്‌ലി പാലം വഴി പത്ത് മുതൽ യാത്രചെയ്യാം: മലയാളി സൈനികന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പട്ടാളത്തിന് എങ്ങും പ്രശംസ

മറുനാടൻ മലയാളി ബ്യൂറോ

ഏനാത്ത്: കൊടുക്കാം മിടുക്കന്മാരായ ഈ സൈനികർക്ക് ഒരു ബിഗ് സല്യൂട്ട്. കേരള ജനത ഒറ്റക്കെട്ടായി ഇതിനെ പിന്തുണയ്ക്കുകയും ചെയ്യും. അപകടത്തിലായ ഏനാത്ത് പാലത്തിന് പകരം വെറും 36 മണിക്കൂർ കൊണ്ട് ഉഗ്രനൊരു പാലം പണിതാണ് ഇന്ത്യൻ സേന മലയാളികളുടെ പ്രിയങ്കരന്മാരായത്. നിലവിലുള്ള പാലത്തിന് ബദലായ ബെയ്‌ലി പാലമാണ് പട്ടാളം നിർമ്മിച്ചത്. 180 അടി നീളവും പത്തടി ഒൻപതിഞ്ച് വീതിയും 18 ടൺ ഭാരവുമുള്ള പാലത്തിന്റെ നിർമ്മാണം തിങ്കളാഴ്ച വെളുപ്പിന് അഞ്ചിനാണ് തുടങ്ങിയത്. അതിവേഗത്തിൽ നിർമ്മാണം പുരോഗമിച്ചതോടെ 36 മണിക്കൂർ കൊണ്ട് പാലം റെഡിയായി.

തിങ്കളാഴ്‌ച്ച വൈകീട്ട് ആറോടുകൂടി പാലം ഇരുകരകളുമായി ബന്ധിപ്പിച്ചു. ക്രെയിനിന്റെ സഹായത്തോടെ യോജിപ്പിച്ച ബെയ്ലി പാനലുകൾ വീൽബാറിലൂടെ മറുകരയിലെ തൂണിലേക്ക് തള്ളിനീക്കി ബന്ധിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ വാഹനങ്ങൾ പോകാനുള്ള പ്ളാറ്റ്ഫോമുകൾ പൂർത്തീകരിച്ചു. പട്ടാളവാഹനമോടിച്ച് പാലത്തിന്റെ ഉറപ്പ് പരിശോധനകളും നടത്തി. ബെയ്ലി പാലം യാഥാർത്ഥ്യമായതിൽ നാട്ടുകാർ ആഹ്ലാദത്തിലായി. മദ്രാസ്-14 എൻജിനീയറിങ് റെജിമെന്റിലെ 50 സൈനികരാണ് ബെയ്ലി പാലം നിർമ്മിച്ചത്.

കമാൻഡിങ് ഓഫീസർ നീരജ് മാത്തൂരും മലയാളിയായ കേണൽ അനുഷ് കോശിയും നേതൃത്വം നൽകി. ഇത് മൂന്നാംതവണയാണ് സൈന്യം ജില്ലയിൽ ബെയ്ലി പാലം നിർമ്മിക്കുന്നത്. പാലത്തിന് 180 അടി നീളമാണുള്ളത്. 10 അടി ഒമ്പതിഞ്ച് വീതിയിൽ ഗതാഗതത്തിനുള്ള പാതയും ഇരുവശങ്ങളിലും രണ്ടരയടിയോളം വീതിയിൽ നടപ്പാതയും ആണുള്ളത്. ഒരുസമയം ഒരുദിശയിലേക്കുമാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള അനുവാദം. ചെറിയ വാഹനങ്ങളെ മാത്രമാണ് ഇതുവഴി കടത്തിവിടുക.

നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായാൽ കെ.എസ്.ടി.പി.യുടെ നേതൃത്വത്തിലുള്ള ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കും. അനുബന്ധ റോഡുകളുടെ അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികളാണ് കെ.എസ്.ടി.പി. ചെയ്യുക. ബെയ്ലി പാലത്തിൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ചുമതല കുളക്കട ഗ്രാമപ്പഞ്ചായത്തിനാണ്.

ഇതിനായി കഴിഞ്ഞദിവസം കുളക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി, വൈസ് പ്രസിഡന്റ് ആർ.രാജേഷ്, എസ്.രഞ്ജിത്ത് കുമാർ, കെ.എസ്.ഇ.ബി. അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി പരിശോധനകൾ നടത്തിയിരുന്നു. പത്താം തീയതിയോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതർ നൽകുന്ന സൂചന. 15നകം പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നൽകിയിരുന്ന ഉറപ്പ്.

1996 ൽ റാന്നിയിൽ വലിയപാലം തകർന്നപ്പോൾ പമ്പാ നദിക്ക് കുറുകെയും 2011 ൽ ശബരിമലയിൽ അയ്യപ്പഭക്തർക്കുവേണ്ടിയും പട്ടാളം ബെയ്ലി പാലം നിർമ്മിച്ചിരുന്നു. കഴിഞ്ഞ 20ന് ഏനാത്ത് എത്തിയ സൈനികർ പാലം നിർമ്മാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP