Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓശാന ഞായർ: നാലുപറയച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

ഓശാന ഞായർ: നാലുപറയച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

നാളെ ഓശാന ഞായറാഴ്ചയാണ്. ഒലിവുമലയുടെ കിഴക്കുഭാഗത്തുള്ള ബത്ഫഗെയിൽ നിന്ന് ജറുസലേം നഗരത്തിലേക്ക് ഈശോ നടത്തിയ ആഘോഷമായ യാത്രയുടെ ഓർമപുതുക്കുന്ന ദിനം. ഒന്നരകിലോമീറ്റർ ദൂരമുള്ള യാത്രയായിരുന്നു അത്. മേലങ്കികളും മരച്ചില്ലകളും വിരിച്ച് ജനക്കൂട്ടം ദാവീദിന്റെ പുത്രനായ ക്രിസ്തുവായി ഈശോയെ സ്വീകരിച്ചദിനം. എങ്ങും ആഹ്ലാദവും ആഘോഷവുമായിരുന്നു. അങ്ങനെയെങ്കിൽ ആ കൂട്ടത്തിൽ ഏറ്റവുമധികം ആഹ്ലാദിച്ചത് ആരായിരിക്കണം?

ഈശോയായിരിക്കുമോ? ആയിരിക്കാൻ വഴിയില്ല. കാരണം, പിന്നീട് സംഭവിക്കാൻ പോകുന്നതെല്ലാം അവന് അറിയാമായിരുന്നല്ലോ? ശിഷ്യന്മാരായിരിക്കുമോ ഏറ്റവും കൂടുതൽ സന്തോഷിച്ചത്? അതോ കാഴ്ചതിരിച്ചുകിട്ടിയ ജറീക്കോയിലെ അന്ധരോ? (മത്താ 20:34). അതോ ജനക്കൂട്ടമോ? അവരെക്കാളൊക്കെ ഏറെ സന്തോഷിച്ചത് ആ കഴുതയും കഴുതക്കുട്ടിയുമായിരിക്കും. കാരണം ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആത്മനിന്ദ അനുഭവിച്ചവർ അവരായിരുന്നു.

തരംതാണ ജോലികൾക്കായി സ്ഥിരം ഉപയോഗിക്കപ്പെട്ടിരുന്ന നികൃഷ്ടജീവികൾ. പക്ഷേ ഓശാന ദിവസം അവരായിരുന്നു ഘോഷയാത്രയുടെ നടുവിൽ. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ക്രിസ്തുവും ക്രിസ്തുവിനെ വഹിച്ച കഴുതയുമായിരുന്നു. അങ്ങനെയെങ്കിൽ കഴുതയുടെ ആനന്ദത്തിന്റെ അടിസ്ഥാനം എന്തായിരുന്നു? മത്താ 21:3 ആണ് അതിന്റെ അടിസ്ഥാനം. കഴുതയെ അഴിക്കുമ്പോൾ ശിഷ്യന്മാർ ഉടമസ്ഥരോട് പറയേണ്ട മറുപടിയാണത്; ''കർത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്ന് പറയുക.''

ആ മറുപടിുടെ പരിണതഫലമായിട്ടാണ് കഴുത ഓശാന യാത്രയുടെ കേന്ദ്രബിന്ദുവായി മാറുന്നത്. അതുവരെ ആത്മനിന്ദയിൽ കഴിഞ്ഞിരുന്ന കഴുത ആത്മാഭിമാനത്തിന്റെയും ആനന്ദത്തിന്റെയും നിറുകയിലെത്തി. ആഘോഷയാത്ര ചെന്ന്‌നിന്നതോ, ജറുസലെം ദേവാലയത്തിന്റെ വാതിൽക്കലും. ആദ്യമായിട്ടായിരിക്കണം കഴുത ദേവാലയം വരെ എത്തിയത്. കഴുതയുടെ ജീവിതത്തിലെ സുവർണ്ണദിനമായിരുന്നു അതെന്ന്പറയാം. അതിന് കാരണം ഒന്നുമാത്രം - കർത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട് (21:3).

2007 ലെ പ്രശസ്തസിനിമ 'താരെസമീൻപർ'. ഈഷാൻ എന്ന 8 വയസ്സുകാരന്റെ കഥയാണത്. ഡിസ്ലെക്‌സിയ എന്ന പഠനവൈകല്യം ബാധിച്ച ഈഷാൻ ആദ്യം എല്ലാവരാലും തിരസ്‌കൃതനായി. പിന്നീട് അവന്റെ ഡ്രോയിങ്മാസ്റ്ററിന്റെ പിന്തുണയോടെ ഏറ്റവും വലിയ പെയിന്ററായി മാറി (കഥയുടെ പൂർണ്ണരൂപത്തിന് ഓഡിയോ/വീഡിയോ കേൾക്കുക).

'കർത്താവിന്നിന്നെക്കൊണ്ട് ആവശ്യമുണ്ട്.' ഇത് തിരിച്ചറിയുന്നിടത്താണ് ഒരുവന്റെ ജീവിതം ആനന്ദകരമാകുന്നത്. കൃത്യമായ ലക്ഷ്യത്തോടെയാണ് ഓരോ വ്യക്തിയേയും തമ്പുരാൻ ഭൂമിയിലേക്ക് അയയ്ക്കുന്നത്. കർത്താവിനെ നിന്നെക്കൊണ്ട് ആവശ്യമുള്ള മേഖല നീ തിരിച്ചറിയുക. അത്തിരിച്ചറിഞ്ഞ് ജീവിക്കുന്നിടത്താണ് നിന്റെ ജീവിതം ഫലദായകമാകുന്നത്, ആനന്ദകരമാകുന്നത്.

അപ്പോഴാണ് ഓശാന നിന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. 'ഓശാന' എന്നവാക്കിന്റെ അർത്ഥം 'രക്ഷിക്കണേ' എന്നായിരുന്നു. ഈശോയുടെ കാലമായപ്പോഴേക്കും അത് 'രക്ഷ'യുടെ പ്രഘോഷണമായി മാറി. ചുരുക്കത്തിൽ, 'കർത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്.' നീ അത് തിരിച്ചറിഞ്ഞ് ജീവിക്കുമ്പോൾ ഓശാന - രക്ഷ, യാഥാർത്ഥ്യമാകും. നിന്റെ ജീവിതത്തിലും നിന്റെ ചുറ്റുമുള്ളവരുടെ ജീവിതത്തിലും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP