Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആരും തുണയില്ലാതെ വന്നപ്പോൾ സഹായിച്ച ഷജീർഖാനേയും ഷാജഹാനേയും പ്രതിചേർത്തത് നക്‌സൽ ഗൂഢാലോചന ആക്കി ജനവികാരം എതിരാക്കാൻ; തോക്ക് സ്വാമിയെ വിളിച്ച് കേറ്റിയത് ഗൂഢാലോചന തിയറി ഉറപ്പിക്കാൻ; മനോജ് എബ്രഹാമിന്റെ വെള്ളപൂശൽ റിപ്പോർട്ട് വ്യക്തമാക്കുന്നത് പൊലീസ്-രാഷ്ട്രീയ ഗൂഢാലോചന

ആരും തുണയില്ലാതെ വന്നപ്പോൾ സഹായിച്ച ഷജീർഖാനേയും ഷാജഹാനേയും പ്രതിചേർത്തത് നക്‌സൽ ഗൂഢാലോചന ആക്കി ജനവികാരം എതിരാക്കാൻ; തോക്ക് സ്വാമിയെ വിളിച്ച് കേറ്റിയത് ഗൂഢാലോചന തിയറി ഉറപ്പിക്കാൻ; മനോജ് എബ്രഹാമിന്റെ വെള്ളപൂശൽ റിപ്പോർട്ട് വ്യക്തമാക്കുന്നത് പൊലീസ്-രാഷ്ട്രീയ ഗൂഢാലോചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മകൻ ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ മഹിജയെ ഡിജിപി ഓഫിസിനു മുന്നിൽ നിലത്തിട്ട് വലിച്ച് മർദ്ദിച്ച സംഭവത്തിൽ ഐജി മനോജ് എബ്രഹാം തയ്യാറാക്കിയ റിപ്പോർട്ട് ഏകപക്ഷീയമെന്ന ആരോപണം ശക്തമാകുന്നു. പൊലീസ് ചവിട്ടിവീഴ്‌ത്തി വലിച്ചിഴച്ചെന്ന ആരോപണം തള്ളിയ ഐജി റിപ്പോർട്ട് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്. പരാതിക്കാരിയായ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇതിനൊപ്പം പരിക്കുകളും പരിശോധിച്ചില്ല. അതുകൊണ്ട് തന്നെ സംഭവം കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നു റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ട് ശുദ്ധ പരിഹാസമാണെന്നാണ് വിലയിരുത്തിൽ.

ജിഷ്ണുവിന്റെ ബന്ധുക്കൾക്ക് ഒപ്പമുണ്ടായിരുന്ന ചിലർ ഡിജിപിയുടെ മുറിക്കു മുന്നിൽ സമരം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നും എസ്‌യുസിഐ പ്രവർത്തകരാണ് ഇത് ആസൂത്രണം ചെയ്തതെന്നും ഐജി കണ്ടെത്തിയതാണ് ഏറ്റവും വിചിത്രം. ഈ കുടുംബത്തെ തിരുവനന്തപുരത്ത് സഹായിച്ചത് ഷാജിർഖാനും ഭാര്യയുമായിരുന്നു. വി എസ് അച്യൂതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന ഷാജഹാനും കുടുംബത്തിന് സഹായിയായിരുന്നു. അതുകൊണ്ട് മാത്രമാണ് അവർ ഡിജിപി ഓഫീസ് പരിസരത്ത് എത്തിയത്. തള്ളിക്കയറാൻ പോലും ശ്രമിച്ചില്ല. അടുത്ത് ചായ കുടിച്ചു കൊണ്ടിരുന്ന തോക്ക് സ്വാമിയെന്ന ഹിമവൽഭദ്രാനന്ദയേയും ജീപ്പിലേക്ക് വലിച്ചു കയറ്റി. ഇതിനെല്ലാം പിന്നിൽ ഗൂഢാലോചന നടന്നുവെന്നാണ് മനോജ് എബ്രഹാമിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഭരണകക്ഷിക്കായി ഐജി തയ്യാറാക്കിയ റിപ്പോർട്ട് മാത്രമാണിതെന്ന് ആരോപണം ഉയരുന്നു.

മനോജ് എബ്രഹാമിനെതിരെ നിരവധി വിജിലൻസ് അന്വേഷണങ്ങൾ നടക്കുന്നുണ്ട്. കൊല്ലത്തെ സൈബർ ഡോം സമ്മേളനത്തിലെ ക്രമക്കേടും ഇ ബീറ്റ് സംവിധാനത്തിലെ അഴിമതിയും വിജിലൻസ് പരിശോധനയിലാണ്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കുമ്പോൾ കൃത്യമായ അന്വേഷണം നടന്നു. ഇത് അട്ടിമറിക്കാനാണ് നീക്കം. ഇതിന് ഭരണകക്ഷിയുടെ പിന്തുണ വേണം. ഇതിനുള്ള സാഹചര്യമൊരുക്കാനാണ് ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ അപമാനിക്കുന്ന റിപ്പോർട്ട് ഐജി തയ്യാറാക്കിയത്. സംഭവം പൊലീസിനു കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു എന്നായിരുന്നു ഐജിയുടെ ആദ്യ കണ്ടെത്തൽ. എന്നാൽ, പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണമായി ന്യായീകരിക്കുകയും സംഭവത്തിനു പിന്നിലെ ഗൂഢാലോചന കൂടി അന്വേഷിക്കാൻ ഉന്നതതല യോഗം തീരുമാനിക്കുകയും ചെയ്തതോടെയാണ് ഇക്കാര്യം ഐജി അന്വേഷിച്ചത്. രാഷ്ട്രീയ നേതൃത്വത്തിന് അനുകൂലമായ റിപ്പോർട്ട് നൽുകകയും ചെയ്തു.

ുഖ്യമന്ത്രി നിലപാട് ആവർത്തിക്കുകയും നടപടി ന്യായീകരിച്ചു പത്രങ്ങളിൽ സർക്കാർ പരസ്യം നൽകുകയും ചെയ്തതോടെ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകില്ലെന്നു വ്യക്തമായിരുന്നു. പൊലീസ് നടപടിയിൽ മഹിജയ്‌ക്കോ സഹോദരനോ, മുറിവോ ചതവോ ഇല്ലെന്ന പേരൂർക്കട ആശുപത്രിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം സർക്കാരിന് വേണ്ടി തയ്യാറാക്കിയതാണെന്ന് ജിഷ്ണുവിന്റെ കുടുംബം പറയുന്നു. എന്നാൽ സംഭവത്തിൽ അറസ്റ്റിലായി ഇപ്പോൾ ജയിലിൽ കഴിയുന്ന എസ്‌യുസിഐ പ്രവർത്തകരായ ഷാജർഖാൻ, ഭാര്യ മിനി, ശ്രീകുമാർ, വി എസ്.അച്യുതാനന്ദന്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാൻ, തോക്കുസ്വാമി എന്ന ഹിമവൽ ഭദ്രാനന്ദ എന്നിവരുടെ ഗൂഢാലോചനയായി എല്ലാം മനോജ് എബ്രഹാം വിശദീകരിക്കുന്നു.

ഹിമവൽഭദ്രാനന്ദയെ എന്തിന് അറസ്റ്റു ചെയ്തുവെന്നതിലാണ് രാഷ്ട്രീയ ഗൂഢാലോചന ഒളിഞ്ഞിരിക്കുന്നത്. സമീപത്തെ കടയിൽ ചായ കുടിക്കുകയായിരുന്ന ഹിമവൽഭദ്രാനന്ദയെ പൊലീസ് ജീപ്പിൽ കയറ്റുകയായിരുന്നു. ഏതായാലും സമരവുമായി ഇദ്ദേഹത്തിന് ബന്ധമില്ലെന്ന് വ്യക്തമായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഹിമവൽഭദ്രാനന്ദയെ പ്രശ്‌നക്കാരുടെ കൂട്ടത്തിൽപ്പെടുത്തി സമരം അട്ടിമറിക്കാൻ നീക്കം നടന്നതെന്നും വ്യക്തമാണ്. നക്‌സൽ സ്വഭാവമുള്ള ഗൂഢാലോചനയാണ് ഷാജിർഖാനും ഷാജഹാനും അടക്കമുള്ളവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. ഇവർ എന്തുവന്നാലും പുറത്തിറങ്ങരുതെന്നാണ് ഇതിലൂടെ പൊലീസ് ഉദ്ദേശിക്കുന്നത്. മഹിജയുടേയും മകളുടേയും നിരാഹാരം തീരും വരെ പുറത്തു വിടാതിരിക്കാനാണ് നീക്കം. ഇതിനെല്ലാം പിന്നിൽ വ്യക്തമായ ആസൂത്രണം നടക്കുന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ജിഷ്ണു പ്രണോയിയുടെ കുടുംബം സമരം കടുപ്പിക്കുന്നതും.

ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കുടുംബാംഗങ്ങൾ നടത്തിയ സമരസ്ഥലത്തുനിന്നു തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദയെ പൊലീസ് പിടികൂടിയതു തെറ്റിദ്ധാരണയുടെ പേരിലെന്ന് വ്യക്തമായി കഴിഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയെക്കണ്ട് പരാതി പറയാൻ നേരത്തേ അനുമതി വാങ്ങിയെത്തിയ ഹിമവൽ ഭദ്രാനന്ദയേയാണു സംശയത്തിന്റെ പേരിൽ പൊലീസ് പിടികൂടി ജയിലിലടച്ചത്. പൊലീസ് ആസ്ഥാനത്തിനു മുന്നിൽ സംഘർഷം നടക്കുമ്പോൾ കാഴ്ചക്കാരനായി നിൽക്കുന്ന ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരം ഹിമവൽ ഭദ്രാനന്ദയടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന സർക്കാർ വാദമാണ് ഇതോടെ പൊളിയുന്നത്. ഹിമവൽഭദ്രാനന്ദയുടെ വരവ് അറിയാവുന്ന പൊലീസുകാരാണ് ഈ ഗൂഢാലോചന നടത്തിയതെന്ന സംശയമാണ് ബലപ്പെടുന്നത്.

മഹിജയും കുടുംബവും സമരം നടത്തവേ ഹിമവൽ ഭദ്രാനന്ദ പൊലീസ് ആസ്ഥാനത്തിനു സമീപത്തെ തട്ടുകടയിൽനിന്നു ചായ കുടിക്കുകയായിരുന്നു. ബാഹ്യശക്തികളെന്നു പൊലീസ് പറയുന്ന കെ.എം. ഷാജഹാൻ, ഷാജർഖാൻ എന്നിവരുടെ സംഘത്തിൽ ഉൾപ്പെട്ടയാളെന്നു സംശയിച്ച് തോക്ക് സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഷാജഹാൻ അടക്കമുള്ളവർക്കു സംഘർഷവുമായുള്ള ബന്ധം അന്വേഷിക്കുന്നതിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. കലാമുണ്ടാക്കാൻ ഗുരുതമായ ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരായ ആരോപണം. അതുകൊണ്ട് തന്നെ ഉടനൊന്നും ജാമ്യം കിട്ടാനും സാധ്യതയില്ല.

ഷാജർഖാനാണു മഹിജയ്ക്കും ബന്ധുക്കൾക്കും ടൂറിസ്റ്റ് ഹോമിൽ താമസമൊരുക്കിയത്. ഇയാളും അവിടെയാണു താമസിച്ചത്. ആ മുറി പരിശോധിച്ചപ്പോൾ ജിഷ്ണു സംഭവത്തിൽ പൊലീസിനെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്ന മുഖപ്രസംഗമുള്ള സംഘടനയുടെ മുഖപത്രം പൊലീസിനു കിട്ടി. ഷാജർഖാനും ജിഷ്ണുവിന്റെ ബന്ധുക്കളും ഇതിനു മുൻപുള്ള ദിവസങ്ങളിൽ പരസ്പരം പലവട്ടം ബന്ധപ്പെട്ടിരുന്നതായി ഫോൺ വിളിയുടെ വിശദാംശങ്ങളിൽ നിന്നു മനസ്സിലായി. എന്നാൽ, ഷാജഹാനും ഹിമവൽ ഭദ്രാനന്ദയും ഗൂഢാലോചനയിൽ നേരിട്ടു പങ്കെടുത്തതിനു തെളിവു ലഭിച്ചിട്ടില്ല. ജയിലിൽ കഴിയുന്ന ഇവർ അഞ്ചുപേരെയും തങ്ങൾക്ക് അറിയില്ലെന്നാണു മഹിജയുടെ ബന്ധുക്കൾ ആദ്യം പൊലീസിനോടു പറഞ്ഞത്. എന്നാൽ, സംഭവദിവസം ആറു പേർക്കു ഡിജിപിയെ കാണാൻ അവസരം ഒരുക്കിയപ്പോൾ, ഇവരില്ലാതെ തങ്ങൾ പോകില്ലെന്നു ബന്ധുക്കൾ നിലപാടെടുത്തു.

പൊലീസ് ഹിമവൽ ഭദ്രാനന്ദയെ മാറ്റുന്നതു തടയുകയും ചെയ്തു. സംഭവത്തെ തുടർന്നു ഷാജർഖാൻ ഉൾപ്പെടെ അഞ്ചുപേരെ പൂജപ്പുര സ്റ്റേഷനിൽ നിന്നു വിട്ടയച്ചെങ്കിലും മഹിജയെയും ബന്ധുക്കളെയും മോചിപ്പിക്കാതെ തങ്ങൾ പോകില്ലെന്ന് ഇവർ നിലപാടെടുത്തു. തുടർന്ന് ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ഐജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മഹിജയും ബന്ധുക്കളും സംഭവസ്ഥലത്തേക്കു നടന്നുവരുന്നതു മുതലുള്ള എല്ലാ കാര്യങ്ങളും പൊലീസ് വിഡിയോയിൽ പകർത്തിയിട്ടുണ്ട്. അതും ടിവി ചാനലുകളിലെ ദൃശ്യങ്ങളും പരിശോധിച്ചതിൽ മഹിജയോടു പൊലീസ് അതിക്രമമൊന്നും ചെയ്തിട്ടില്ലെന്നു വ്യക്തമാണെന്നും ഐജി പറയുന്നു. കൂടെ എത്തിയവരെ പൊലീസ് അപ്പോൾ നീക്കംചെയ്തില്ലായിരുന്നെങ്കിൽ അതു വീഴ്ചയായി ചിത്രീകരിക്കപ്പെടുമായിരുന്നുവെന്നും ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP