Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമലയിൽ യുവതികളെ തന്ത്രപരമായി ദർശനത്തിന് എത്തിച്ച് ആചാരലംഘനം; ദർശന ദല്ലാളായ സുനിൽസ്വാമി സന്നിധാനത്ത് ഏർപ്പാടുകൾ ചെയ്തു കൊടുത്തപ്പോൾ ഒത്താശചെയ്ത് ദേവസ്വം ബോർഡും പൊലീസും; ദർശനത്തിന് എത്തിയത് പാലക്കാട്ടുനിന്നുള്ള യുവതികളെന്ന് സൂചനകൾ; യുവതീ ദർശനം പുറത്തായതോടെ എതിർപ്പുമായി ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ ട്വീറ്റ്

ശബരിമലയിൽ യുവതികളെ തന്ത്രപരമായി ദർശനത്തിന് എത്തിച്ച് ആചാരലംഘനം; ദർശന ദല്ലാളായ സുനിൽസ്വാമി സന്നിധാനത്ത് ഏർപ്പാടുകൾ ചെയ്തു കൊടുത്തപ്പോൾ ഒത്താശചെയ്ത് ദേവസ്വം ബോർഡും പൊലീസും; ദർശനത്തിന് എത്തിയത് പാലക്കാട്ടുനിന്നുള്ള യുവതികളെന്ന് സൂചനകൾ; യുവതീ ദർശനം പുറത്തായതോടെ എതിർപ്പുമായി ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ ട്വീറ്റ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല സോപാനത്ത് സുനിൽ സ്വാമി വീണ്ടും പിടിമുറുക്കി. സന്നിധാനത്തെ ദർശന ദല്ലാളായ സുനിൽ സ്വാമിയുടെ സ്വാധീനം ഉപയോഗിച്ച് യുവതികൾ ക്ഷേത്രദർശനം നടത്തി. പൊലീസ് അകമ്പടി സേവിച്ചു. അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ ദേവസ്വം ബോർഡ് അധികൃതർ നിൽക്കുമ്പോൾ പരിഹാസ ട്വീറ്റുമായി ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ് രംഗത്തെത്തി. ഇതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്.

കഴിഞ്ഞ 11 ന് രാവിലെയാണ് പാലക്കാട്ടു നിന്നുള്ള യൗവനയുക്തകൾ അടക്കം സുനിൽ സ്വാമിയുടെ സ്വാധീനമുപയോഗിച്ച് സന്നിധാനത്ത് ദർശനം നടത്തിയത്. ഈ സമയം അവിടെയുണ്ടായിരുന്നവരിൽ ചിലർ ഈ ചിത്രം പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുകയും ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട ടി.ജി മോഹൻദാസ് പരിഹസിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയായിരുന്നു. സ്ത്രീകൾക്ക് ദർശനം അനുവദിക്കണമെന്ന നിലപാടുമായി ഇടതു സർക്കാരും അതു പാടില്ലെന്ന് വ്യക്തമാക്കി ഹിന്ദു സംഘടനകളും രംഗത്തുള്ളതിനാൽ വിഷയം വരും ദിവസങ്ങളിൽ വലിയ ചർച്ചയായി മാറുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

11.04.2017 ൽ ശബരിമല സോപാനത്തു നിന്നുള്ള ഫോട്ടോയാണിതെന്ന് പറയപ്പെടുന്നു. ഈ പെൺകുട്ടികൾ എല്ലാം 50 വയസിന് മുകളിൽ പ്രായമുള്ളവരാണെന്ന് കരുതുന്നുവെന്നാണ് മോഹൻദാസ് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ംഭവം വിവാദമായ പശ്ചാത്തലത്തിൽ മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് ദർശന ദല്ലാൾ സുനിൽ സ്വാമി സന്നിധാനത്ത് വീണ്ടും പിടിമുറുക്കിയെന്ന് വ്യക്തമായത്.

ഇയാൾക്കൊപ്പം എത്തിയ യുവതികളെ കുറിച്ച് സന്നിധാനം സ്റ്റേഷനിൽ പരാതി എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ ജി. ഗോപകുമാർ ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചുവെന്നും എല്ലാവരും 50 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ഇവർ ഹാജരാക്കിയ തിരിച്ചറിയൽ കാർഡാകട്ടെ പാൻ കാർഡ് ആണെന്നതാണ് രസകരമായ കാര്യം! സുനിൽ സ്വാമിക്ക് മീതെ പരുന്തും പറക്കില്ലെന്ന് വ്യക്തം. സുനിൽ സ്വാമിയുടെ ആളുകളെ തടയരുതെന്ന് പൊലീസിന് ആഭ്യന്തരവകുപ്പിൽ നിന്ന് തന്നെ നിർദ്ദേശമുണ്ട്. ഈ സ്വാധീനമുപയോഗിച്ചാണ് യൗവനയുക്തകൾ ദർശനം നടത്തിയത്.

2009 ൽ അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരനാണ് സുനിൽ സ്വാമി എന്നറിയപ്പെടുന്ന കൊല്ലം സ്വദേശിയായ വ്യവസായിക്ക് സോപാനത്ത് കൂച്ചുവിലങ്ങിട്ടത്. നിയമപരമായി തന്നെ പക്ഷേ, സുനിൽ സ്വാമി അത് മറികടന്നു. സന്നിധാനത്തെ നിരക്ക് കൂടിയ വഴിപാടുകൾക്ക് ടിക്കറ്റെടുത്തു കൊണ്ട് സുനിൽ സ്വാമി സോപാനത്ത് തുടർന്നു. ആർക്കും ഇദ്ദേഹത്തെ തടയുവാൻ കഴിയുമായിരുന്നില്ല. ആ ബോർഡ് മാറി പുതിയത് വന്നതോടെ വീണ്ടും സുനിൽ സ്വാമിയുടെ നല്ലകാലം തെളിഞ്ഞു.

കൊല്ലം കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങൾക്ക് ശബരി എന്ന ബ്രാൻഡ് നെയിമാണ് സുനിൽ സ്വാമി നൽകിയിട്ടുള്ളത്. ടിഎംടി കമ്പി, കശുവണ്ടി കയറ്റുമതി എന്നിവയാണ് പ്രധാന വ്യവസായങ്ങൾ. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി പടർന്നു കിടക്കുകയാണ് സുനിൽ സ്വാമിയുടെ വ്യവസായ സാമ്രാജ്യം. പണം വാരിയെറിഞ്ഞാണ് ദർശന ദല്ലാളായി സ്വാമി പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ, പൂജാരികൾ, പൊലീസ്, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവർക്കാണ് പണം നൽകുന്നത്. 2009 ൽ കൈരളി ചാനലാണ് സുനിൽ സ്വാമിയുടെ തട്ടിപ്പു പുറത്തു കൊണ്ടുവന്നത്.

അന്ന് മറ്റു മാധ്യമങ്ങൾ നിശബ്ദത പാലിച്ചത് സുനിൽ സ്വാമിയുടെ വൻതുകയ്ക്കുള്ള പരസ്യം സ്വപ്നം കണ്ടായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ദേവസ്വം മന്ത്രി ജി. സുധാകരൻ സുനിൽ സ്വാമിയടക്കം സോപാനത്തെ സ്ഥിരം കുറ്റികളെ പുറത്താക്കാനും അവിടെ നിൽക്കുന്നവർക്ക് തിരിച്ചറിയൽ കാർഡ് നൽകാനും ഉത്തരവിട്ടു. ഇതോടെ സുനിൽ സ്വാമിക്ക് കൂടുംകുടുക്കയുമായി ഇറങ്ങേണ്ടി വന്നു. എന്നാൽ, ഉടൻ തന്നെ ദേവസ്വം ഉദ്യോഗസ്ഥർ സുനിൽ സ്വാമിക്ക് വേണ്ടി നിയമങ്ങൾ മാറ്റി കൊടുത്തു.

അങ്ങനെ സുനിൽ സ്വാമി വീണ്ടും സോപാനത്തിന് മുന്നിലെ സ്ഥിരം കുറ്റിയായി. മന്ത്രിമാർ, സിനിമാ താരങ്ങൾ, വിഐപികൾ എന്നിവർ സുനിൽ സ്വാമിയുടെ കാരുണ്യത്തിൽ അയ്യപ്പനെ ദർശിച്ചു പോന്നു. സുനിൽ സ്വാമി ദർശന ദല്ലാളാണെന്ന് സന്നിധാനത്തെ പൊലീസുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗസ്റ്റ് ഹൗസിലെ റൂമുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത ശേഷം മറിച്ചു നൽകുക.

പടിപൂജയടക്കമുള്ള പൂജകൾ ബുക്ക് ചെയ്ത ശേഷം മറ്റുള്ളവരിൽ നിന്ന് വൻ തുക ഈടാക്കി നൽകുക. അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും വരുന്നവർക്ക് സോപാനത്ത് നിന്ന് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കി നൽകുക എന്നിവയാണ് ഇയാൾ ചെയ്യുന്നത്. ദേവസ്വം ഉദ്യോഗസ്ഥരും ീഴ്ശാന്തിമാരും ഇയാളുടെ വലയിലുണ്ട്. ഇവർക്ക് കമ്മിഷൻ കൊടുക്കുന്നുമുണ്ട്. സുനിൽ സ്വാമിയുടെ ആതിഥ്യം സ്വീകരിക്കാത്ത പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമില്ല. എപ്പോൾ നട തുറന്നാലും സുനിൽ സ്വാമി സോപാനത്തുണ്ടാകും. ചടങ്ങുകളിൽ പരികർമിയെപ്പോലെ എപ്പോഴും കൂടെയുണ്ടാവുകയും ചെയ്യും. ഭരണസമിതികളും ദേവസ്വം കമ്മിഷണർമാരും മാറി വന്നെങ്കിലും സുനിൽ സ്വാമിയെ ഓടിക്കാൻ കഴിഞ്ഞിട്ടില്ല.

ഇത്തവണ കൊടിമരം മാറ്റി സ്ഥാപിക്കുന്നതിനാൽ ശബരിമലയിൽ ഉൽസവമില്ല. എങ്കിലും പതിവുപോലെ ഉൽസവസമയം കണക്കാക്കി നട തുറന്നു. മാർച്ച് 30 നാണ് നട തുറന്നത്. അന്നു മുതൽ വലിയ തിരക്കൊന്നും ദർശനത്തിന് ഉണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്താൻ കഴിഞ്ഞ 11 ന് യുവതികളെ സുനിൽ സ്വാമി ദർശനത്തിന് കൊണ്ടുവന്നത്. പമ്പയിൽ പോലും പൊലീസ് ഇവരെ തടഞ്ഞില്ല. സന്നിധാനത്ത് എത്തിയപ്പോഴാകട്ടെ മറ്റുള്ളവർ പരാതിപ്പെട്ടപ്പോഴാണ് പൊലീസ് തിരിച്ചറിയൽ രേഖ പോലും പരിശോധിച്ചത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നതും വിവാദമാകുന്നതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP