Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്ത്രീകൾ സന്നിധാനത്ത് പ്രവേശിച്ചതിന് സാക്ഷിയായി നടൻ ജയറാം; ടി ജി മോഹൻദാസിന്റെ വിവാദ ട്വീറ്റിന് പിന്നാലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്; ചിത്രങ്ങൾ പകർത്തിയത് പത്ര ഫോട്ടോഗ്രാഫർ; ഫോട്ടോഷോപ്പ് നിർമ്മിതിയെന്ന ദേവസ്വം ബോർഡിന്റെ വാദം ദർശന ദല്ലാൾ സുനിൽ സ്വാമിയെ സഹായിക്കാനെന്ന് സൂചന

സ്ത്രീകൾ സന്നിധാനത്ത് പ്രവേശിച്ചതിന് സാക്ഷിയായി നടൻ ജയറാം; ടി ജി മോഹൻദാസിന്റെ വിവാദ ട്വീറ്റിന് പിന്നാലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്; ചിത്രങ്ങൾ പകർത്തിയത് പത്ര ഫോട്ടോഗ്രാഫർ; ഫോട്ടോഷോപ്പ് നിർമ്മിതിയെന്ന ദേവസ്വം ബോർഡിന്റെ വാദം ദർശന ദല്ലാൾ സുനിൽ സ്വാമിയെ സഹായിക്കാനെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന് സംശയത്തോടെ ബിജെപിയുടെ ബൗദ്ധിക നേതാവ് ടി ജി മോഹൻദാസ് ട്വിറ്ററിൽ ഒരു ചിത്രം പോസ്റ്റു ചെയ്തതോടെ സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്ന വിവാദം പുതിയ വഴിത്തിരിവിൽ. ശബരിമലയിലെ ദർശന ദല്ലാൾ സുനിൽ സ്വാമിക്ക് ദേവസ്വം ബോർഡിലുള്ള ഉന്നതബന്ധം വ്യക്തമാക്കുന്നതാണ് ടി ജി മോഹൻദാസിന്റെ ട്വീറ്റിലൂടെ പുറത്തുവന്നത്. ഈ ചിത്രങ്ങൾ പുറത്തുവരികയും സംഭവം വിവാദമാകുകയും ചെയ്തതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാല കൃഷ്ണൻ പ്രതികരിച്ചത് പുറത്തുവന്ന ചിത്രങ്ങൾ വ്യാജ നിർമ്മിതിയും ഫോട്ടോഷോപ്പാണെന്നുമാണ്.

എന്തായാലും സന്നിധാനത്ത് പ്രവേശിച്ച സ്ത്രീകൾ അമ്പത് വയസ് പിന്നിട്ടവരാണെന്നാണ് ഇത് സംബന്ധിച്ച പൊലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമായത്. എന്നാൽ, സന്നിധാനത്തുള്ള സുനിൽ സ്വാമിയുടെ ദർശന മാഫിയയുടെ വ്യാപ്തിയെ കുറിച്ചാണ് ഇപ്പോൾ വിവാദമാകുന്നത്. തന്റെ ഇഷ്ടക്കാർക്ക് ദർശനം ഒരുക്കാൻ വേണ്ടി ദേവസ്വം ബോർഡിലെ ഉന്നതരുമായി പോലും സുനിൽ സ്വാമിക്ക് പിടിയുണ്ട്. വിവാദ നായകനായ ഈ വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് പ്രയാർ ഗോപാല കൃഷ്ണൻ വ്യാജ ഫോട്ടോയെന്ന വാദം ഉയർത്തിയതെന്നാണ് വിവരം.

സന്നിധാനത്ത് സ്ത്രീകളും മറ്റു ദർശനകരും കൈകൂപ്പി തൊഴുതു നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരുന്നത്. എന്നാൽ, ഈ ചിത്രം ശബരിമല സന്നിധാനം അല്ലെന്നും വ്യാജ നിർമ്മിതിയാണെന്നുമാണ് പ്രയാർ പ്രതികരിച്ചത്. ബോർഡ് പ്രസിഡന്റിന്റെ പ്രതികരണത്തിന് പിന്നാലെ സ്ത്രീകളുടെ ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങളും പുറത്തുവന്നു. ചിത്രത്തിലുള്ള സ്ത്രീകൾ ഉന്നത ജോലികളുള്ള വ്യക്തികളാണ്. ഇവർ ഈ മാസം പത്താം തീയ്യതിയാണ് ക്ഷേത്രത്തിൽ എത്തിയതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. രേഖകൾ പ്രകാരം 50 വയസ് പൂർത്തിയായ ഇവർ സുനിൽ സ്വാമിയുടെ അടുത്ത സുഹൃത്തുകളുമായി ബന്ധപ്പെട്ടാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്.

സോഷ്യൽ മീഡിയ വഴി പുറത്തുവന്ന ചിത്രങ്ങളിൽ രണ്ട് സ്ത്രീകൾ ശബരിമലയിൽ പടി പൂജ നടത്തുന്നത് അടക്കം ദൃശ്യമാണ്. ഒരു പ്രമുഖ ഹൈന്ദവ സംഘടനയുടെ ഉടമസ്ഥതയിലുള്ള ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങൾ പകർത്തിയത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. ഏപ്രിൽ പത്തിന് ഉച്ചപൂജ സമയത്ത് സ്ത്രീകൾ സന്നിധാനത്തു പ്രവേശിച്ച് അയ്യപ്പദർശനം നടത്തുന്നതിന്റെ ചിത്രമാണ് ഇന്നലെ പുറത്തുവന്നത്. ഇതിന് പിന്നാലെ അതേ ദിവസം വൈകുന്നേരം സന്ധ്യക്കു നടന്ന പടിപൂജ ചടങ്ങിലും ഇവർ പങ്കെടുത്തു. ഈ ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ സംഭവത്തിന് സാക്ഷിയായി നടൻ ജയറാമും ഉണ്ടായിരുന്നു.

പുറത്തുവന്ന ചിത്രങ്ങളിൽ ജയറാമിനെയും കാണാൻ സാധിക്കും. സുനിലിന്റെ അതിഥികളായി എത്തിയ സ്ത്രീകൾക്ക് എല്ലാ വിധ സൗകര്യവും ഒരുക്കിയത് സുനിൽസ്വാമിയായിരുന്നു. ശബരിമല സന്നിധാനത്തേയും ക്ഷേത്രപരിസരത്തെയും സിസിടിവി ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമാണ്. ശബരിമല സന്നിധാനത്തും പരിസരത്തും കറങ്ങി നടന്ന ചില സ്ത്രീകളുടെ പ്രായത്തിൽ സംശയം തോന്നിയ സന്നിധാനം പൊലീസ് ഇവരെ തടയുകയും ഉണ്ടായെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ വയസിൽ സംശയം തോന്നി ഇവരെ തടഞ്ഞെങ്കിലും ആധാർ കാർഡിലെ വിവരങ്ങൾ കാണിച്ച് ഇവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തുടരുകയായിരുന്നു.

പത്തോളം വരുന്ന സ്ത്രീകളുടെ സംഘം ഏപ്രിൽ പത്തിന് ശബരിമല സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്നത്. ഈ സ്ത്രീകൾ ദർശനം നടത്തുന്ന സമയത്ത് ശബരിമല അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം ഗാർഡുമാർ എന്നിവരും ഉള്ളതായി കാണാൻ സാധിക്കും. സുനിൽ സ്വാമി തന്നെയാണ് ഇവർക്കൊപ്പം മുമ്പിൽ നിൽക്കുന്നത്. ക്ഷേത്രത്തിലെ പൂജയിൽ പോലും ഇയാളുടെ ഇടപെടൽ ശക്താണ്. പുജയ്ക്ക് ആവശ്യമായ മിക്ക സാമഗ്രികളും എത്തിക്കുന്നത് ഇയാളാണെന്ന ആരോപണം ശക്തമാണ്. പ്രയാർ ഗോപാല കൃഷ്ണനുമായി ഇയാൾക്ക് നല്ല ബന്ധവുമുണ്ട്. അതുകൊണ്ടാണ് പ്രയാർ ഇയാളെ സംരക്ഷിച്ചു രംഗത്തെത്തിയത്.

അതേസമയം ഇത്രയൊക്കെ വിവാദമായിട്ടും സുനിൽ സ്വാമിയുടെ പേര് പറയാതെയാണ് ദേവസ്വം ബോർഡ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. ഏറെക്കാലമായി ദർശന ദല്ലാൾ ചമഞ്ഞ് സുനിൽ സ്വാമി സന്നിധാനത്തുണ്ട്. ദേവസ്വം ഉദ്യോഗസ്ഥർക്ക് പടി നൽകുന്നതും ഇദ്ദേഹമാണെന്ന ആരോപണം ശക്തമാണ് താനും. ചിത്രങ്ങൾ ടി ജി മോഹൻദാസ് ട്വീറ്റ് ചെയ്ത സമയവും ഏറെ നിർണായകമായിരുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ ഇത് അനുവദിക്കാൻ പാടില്ല എന്ന നിലപാടാണ് ദേവസ്വം ബോർഡ് കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഈ ചിത്രം വിവാദമായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP