Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കുമോ? അതോ എം ബി ഫൈസലെന്ന യുവതുർക്കി കുഞ്ഞാപ്പയെ പിടിച്ചു കെട്ടുമോ? ബിജെപി സ്ഥാനാർത്ഥി ഒരു ലക്ഷത്തിലേറെ വോട്ടുകൾ പിടിക്കുമോ? മലപ്പുറത്തിന്റെ മനസ് എങ്ങോട്ടെന്ന് എട്ടരയോടെ അറിയാം; ലീഗിനും സിപിഎമ്മിനും അഭിമാന പ്രശ്‌നമായ തെരഞ്ഞെടുപ്പ് ഫലം കാത്ത് മലപ്പുറം ജനത

പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കുമോ? അതോ എം ബി ഫൈസലെന്ന യുവതുർക്കി കുഞ്ഞാപ്പയെ പിടിച്ചു കെട്ടുമോ? ബിജെപി സ്ഥാനാർത്ഥി ഒരു ലക്ഷത്തിലേറെ വോട്ടുകൾ പിടിക്കുമോ? മലപ്പുറത്തിന്റെ മനസ് എങ്ങോട്ടെന്ന് എട്ടരയോടെ അറിയാം; ലീഗിനും സിപിഎമ്മിനും അഭിമാന പ്രശ്‌നമായ തെരഞ്ഞെടുപ്പ് ഫലം കാത്ത് മലപ്പുറം ജനത

മലപ്പുറം: ദേശീയ രാഷ്ട്രീയത്തിൽ മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം കാര്യമായ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ആരും കരുതുന്നില്ല. അതുകൊണ്ട് തന്നെ ഫലം എന്തുതന്നെയായാലും അതിന് വലിയ പ്രാധാന്യമൊന്നും ദേശീയ രാഷ്ട്രീയത്തിലില്ല. എങ്കിലും കേരള ജനതയുടെ മനസ് വായിക്കാൻ ഈ തെരഞ്ഞെടുപ്പ് ഫലം ഉപകരിക്കുമെന്ന് ഉറപ്പാണ്. രണ്ട് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലക്ഷ്യമിട്ട് യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങിയ മത്സരത്തിൽ അട്ടിമറി പ്രതീക്ഷയോടെയാണ് എം ബി ഫൈസലെന്ന യുവതുർക്കിയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയത്. വോട്ട് ഒരു ലക്ഷത്തിൽ എത്തിക്കുക എന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാർത്ഥിയുള്ളത്.

ലോക്സഭ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടുമുതൽ നടക്കും. ആദ്യ ഫലം എട്ടരയോടെ അറിയും. പന്ത്രണ്ടോടെ എണ്ണിത്തീരും. മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണലിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണലിനായി മുന്നൂറോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. എഴ് നിയമസഭാമണ്ഡലങ്ങൾക്കായി ഏഴ് മുറികളാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം, വേങ്ങര മണ്ഡലങ്ങൾക്കായി 12 ടേബിളുകളും മറ്റു മണ്ഡലങ്ങൾക്കായി പത്തു ടേബിളുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. തപാൽ ബാലറ്റുകളിലാണ് ആദ്യം എണ്ണുക. ഇതിനായി പ്രത്യേക ഹാൾ സജ്ജീകരിച്ചിട്ടുണ്ട്.

വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിലെ 1,175 ബൂത്തുകളിൽ ഉപയോഗിച്ച വോട്ടെടുപ്പ് യന്ത്രങ്ങളാണ് ഇവിടെയുണ്ട്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മലപ്പുറമെന്ന ലീഗിന്റെ ഉറച്ച മണ്ഡലത്തിലെ വിജയം ആവർത്തിക്കേണ്ടതു യുഡിഎഫിന് അത്യാവശ്യമാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കുന്ന കുഞ്ഞാലിക്കുട്ടിയെന്ന നേതാവ് ലോക്‌സഭയിലേക്കു മത്സരിക്കുമ്പോൾ പ്രത്യേകിച്ചും ചെറിയ വിജയമൊന്നും അവർക്ക് പോര.

തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാൽ, നില മെച്ചപ്പെടുത്തുകയെന്നതിനേക്കാൾ മികച്ച വിജയമാണു മുന്നണിയുടെ ലക്ഷ്യം. അവസാനവട്ട കണക്കുകൂട്ടലുകൾ നടക്കുമ്പോൾ, പുതുതായെത്തിയ 83,379 വോട്ടർമാരുടെ മനസ്സ് എങ്ങോട്ടു ചായുമെന്ന ആശങ്ക മുന്നണികൾക്കുണ്ട്. എസ്ഡിപിഐ, വെൽഫെയർപാർട്ടി എന്നിവരുടെ നിഷ്പക്ഷ നിലപാട് ആരെ തുണയ്ക്കുമെന്നതും മുന്നണികളെ അലട്ടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77,069 വോട്ടാണ് ഇരുപാർട്ടികളും നേടിയത്. എസ്ഡിപിഐ മനഃസാക്ഷി വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്തപ്പോൾ വെൽഫെയർപാർട്ടി ആർക്കും പിന്തുണ നൽകേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

പോളിങ് ശതമാനത്തിലെ ചെറിയ വർധനവാണു രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക വർധിപ്പിക്കുന്ന മറ്റൊരു ഘടകം. പ്രചാരണം മുൻപത്തേക്കാൾ പൊടിപൊടിച്ചെങ്കിലും പോളിങ്ങിൽ ചെറിയൊരു വർധനയാണുണ്ടായത്- 77.21 ൽ നിന്ന് 77.33 ശതമാനത്തിലേക്ക്. 0.12 ശതമാനം വർധന. എന്നാൽ, വോട്ടുകളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ വർധനയുണ്ട്.

വിജയത്തെക്കുറിച്ച് ആശങ്കയില്ലെങ്കിലും ഭൂരിപക്ഷമാണു യുഡിഎഫിനെ അലട്ടുന്ന വിഷയം. ഇ.അഹമ്മദ് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടിയെങ്കിൽ മലപ്പുറത്തിന്റെ സ്വന്തം കുഞ്ഞാലിക്കുട്ടി മത്സരിക്കുമ്പോൾ ഭൂരിപക്ഷം രണ്ടുലക്ഷം കടക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ ആദ്യവിലയിരുത്തൽ. ഇപ്പോൾ അത്രയ്ക്ക് ആത്മവിശ്വാസം നേതൃത്വത്തിനില്ല. മികച്ച വിജയം നേടുമെന്ന പ്രതികരണം മാത്രം. പോളിങ് ശതമാനത്തിലെ ചെറിയ വർധനയിലും മുന്നണിനേതൃത്വത്തിന് തൃപ്തിയില്ല. 67.76 ശതമാനമെന്ന കുറഞ്ഞ പോളിങ് കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിലായതും നേതൃത്വത്തെ അതിശയിപ്പിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഉയർന്നാൽ അതു മുന്നണിയുടെ ഐക്യത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടും. താഴേക്കുപോയാൽ അതു മുന്നണിയിൽ തർക്കങ്ങൾക്ക് വഴിതുറന്നേക്കാം.

ശക്തമായ മത്സരം കാഴ്ചവയ്ക്കാനായി എന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി ഇ.അഹമ്മദ് 4,37,723 വോട്ട് നേടിയപ്പോൾ സി.പി.എം സ്ഥാനാർത്ഥി പി.കെ.സൈനബ നേടിയത് 2,42,984 വോട്ടുകളാണ്. വോട്ടിന്റെ എണ്ണത്തിൽ ഇത്തവണ കാര്യമായ വർധനയുണ്ടാകുമെന്ന് എൽഡിഎഫ് നേതൃത്വം പ്രതീക്ഷിക്കുന്നു. മികച്ച വിജയം നേടുമെന്നാണ് അവകാശവാദമെങ്കിലും നിലമെച്ചപ്പെടുത്തൽപോലും മുന്നണിക്ക് ആശ്വാസകരമാണ്. പ്രത്യേകിച്ചും, സർക്കാർ പല വിവാദങ്ങളിലും പെട്ട സാഹചര്യത്തിൽ. തിരിച്ചടിയുണ്ടായാൽ അത് സർക്കാരിനെതിരെയുള്ള വിലയിരുത്തലായി പ്രതിപക്ഷം വ്യാഖ്യാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP