Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തങ്ങളുടെ ആശ്രിതവത്സലനായി നഗരസഭാ ചെയർമാനായി തുടക്കം; കരുണാകരനിൽ നിന്ന് ആന്റണിയിലേക്ക് അധികാരമെത്തിച്ച് കരുത്തനായി; തോഴനായ ഉമ്മൻ ചാണ്ടിയെ മുഖ്യനാക്കിയ കേരള രാഷ്ട്രീയത്തിലെ ചാണക്യൻ; ഐസ്‌ക്രീമിൽ തണുത്തുറയാതെ കരുത്തു കാട്ടി; തീവ്രവാദത്തിലേക്ക് അണികളെ നയിക്കാതെ മതേതരത്വത്തിന്റെ കാവൽക്കാരനായി; ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങുന്ന മുഖമായി ഇനി കുഞ്ഞാലിക്കുട്ടി

തങ്ങളുടെ ആശ്രിതവത്സലനായി നഗരസഭാ ചെയർമാനായി തുടക്കം; കരുണാകരനിൽ നിന്ന് ആന്റണിയിലേക്ക് അധികാരമെത്തിച്ച് കരുത്തനായി; തോഴനായ ഉമ്മൻ ചാണ്ടിയെ മുഖ്യനാക്കിയ കേരള രാഷ്ട്രീയത്തിലെ ചാണക്യൻ; ഐസ്‌ക്രീമിൽ തണുത്തുറയാതെ കരുത്തു കാട്ടി; തീവ്രവാദത്തിലേക്ക് അണികളെ നയിക്കാതെ മതേതരത്വത്തിന്റെ കാവൽക്കാരനായി; ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങുന്ന മുഖമായി ഇനി കുഞ്ഞാലിക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഇനി കുഞ്ഞാപ്പ ഡൽഹിയിലേക്ക്.... കേരളത്തിലെ യുഡിഎഫ് രാഷ്ട്രീയത്തിലെ ക്രൈസിസ് മാനേജറായിരുന്നു പികെ കുഞ്ഞാലിക്കുട്ടി. ഏവർക്കും പ്രിയങ്കരൻ. ലീഗ് രാഷ്ട്രീയത്തിൽ പാണക്കാട് കുടുംബം കഴിഞ്ഞാൽ രണ്ടാം സ്ഥാനവും കുഞ്ഞാലിക്കുട്ടിക്ക് തന്നെയായിരുന്നു. പാണക്കാട് കുടുംബത്തെ നിയന്ത്രിക്കുന്നത് പോലും കുഞ്ഞാലിക്കുട്ടിയാണെന്ന് കരുതുന്നവരുമുണ്ട്. മലബാറിനെ പച്ചയിൽ മുക്കിയ തന്ത്രങ്ങളൊരുക്കുന്നതിന് പിന്നലെ പ്രധാനിയും കുഞ്ഞാലിക്കുട്ടി തന്നെ. ഈ വിശേഷണങ്ങളുമായണ് ന്യൂഡൽഹയിലേക്ക് കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗമായി തട്ടകം മാറ്റുന്നത്. നരേന്ദ്ര മോദിയുടെ കാലത്ത് ലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി പാർലമെന്റിൽ ഉയർത്തിക്കാട്ടുക. ന്യൂനപക്ഷങ്ങൾക്കായി ശബ്ദമുയർത്തി പുതിയ രാഷ്ട്രീയ സംസ്‌കാരം ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിക്കുക. ഇതാണ് കുഞ്ഞാലിക്കുട്ടിക്ക് മുന്നിൽ ലീഗ് നൽകുന്ന ഉത്തരവാദിത്തങ്ങൾ

ഔദ്യോഗിക പേര് പി.കെ.കുഞ്ഞാലിക്കുട്ടി. നാട്ടുകാർക്കും വീട്ടുകാർക്കും കുഞ്ഞാപ്പ. കുഞ്ഞാലിക്കുട്ടിക്ക് എങ്ങനെ കുഞ്ഞാപ്പയെന്നു പേരുകിട്ടി? ആരാണ് കുഞ്ഞാപ്പയെന്ന് ആദ്യം വിളിച്ചത്? അമ്മ ഫാത്തിമക്കുട്ടിയാണ് ആദ്യമായി കുഞ്ഞാപ്പയെന്നു വിളിച്ചത്. ജേഷ്ഠൻ പി.കെ.ഹൈദ്രുഹാജിയുടെ വിളിപ്പേര് ബാപ്പുട്ടി. അനുജൻ പി.കെ.കുഞ്ഞീതു നാട്ടിൽ അറിയപ്പെടുന്നത് കുഞ്ഞുവെന്നപേരിൽ. ഈ വിളിപ്പേരുകളുമായി കേരള രാഷ്ട്രീയത്തിലെത്തിയ കുഞ്ഞാലിക്കുട്ടി ലീഗ് രാഷ്ട്രീയത്തിലെ പ്രധാനിയായി. ഇതിനിടെ ഐസ് ക്രീംപാർലർ വിവാദവും കരിനിഴലായെത്തി. എന്നാൽ നീതി പീഠത്തിന്റെ കരുത്തിൽ കുറ്റവിമുക്തനായി തിരിച്ചെത്തിയ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലെ ഒന്നാംപേരുകാരനായി പിന്നേയും മാറി. വമ്പൻ വിവാദത്തിൽ പെട്ടിട്ടും ഉയർത്തെഴുന്നേറ്റ് വീണ്ടും രാഷ്ട്രീയ കരുത്തനായി മാറിയ കേരള രാഷ്ട്രീയത്തിലെ അപൂർവ്വ വ്യക്തിത്വമാണ് കുഞ്ഞാലിക്കുട്ടി.

ഏതു സ്ഥലത്തായാലും രാവിലെയുള്ള നടത്തം കുഞ്ഞാലിക്കുട്ടി മുടക്കാറില്ല. മലപ്പുറത്തെ വീട്ടിലാണെങ്കിൽ വീടിനു ചുറ്റുമാണ് നടത്തം. കുറച്ചുവർഷങ്ങളായി യോഗ ചെയ്യുന്ന ശീലമുണ്ട്. പുസ്തകങ്ങൾ വായിച്ച് സ്വയം പഠിച്ചതാണ്. ഇപ്പോൾ പതിവായി യോഗചെയ്യുന്നു. കൃഷിയാണ് മറ്റൊരാവേശം. രണ്ടുവർഷമായി കൃഷിയിൽ സജീവമാണ്. വീടിനു തൊട്ടടുത്തുള്ള പറമ്പിൽ പച്ചക്കറികളും അലങ്കാരമീനും കൃഷിചെയ്യുന്നുണ്ട്. തിരക്കില്ലാത്ത ദിവസങ്ങളിൽ രാവിലെ മണിക്കൂറുകളോളം കൃഷിയിടത്തിൽ സജീവമാകും. തിരുവനന്തപുരത്തെ വാടകവീട്ടിലും പച്ചക്കറി കൃഷിയുണ്ട്. പുറത്തുനിന്ന് പച്ചക്കറി വാങ്ങുന്ന പതിവില്ല. അങ്ങനെ രാഷ്ട്രീയത്തിനപ്പുറം വീട്ടുകാര്യത്തിലും ശ്രദ്ധാലുവായ നേതാവ്. രാഷ്ട്രീയ തിരക്കുകൾക്കിടയിലും കൃത്യസമയത്ത് ഉറങ്ങി പുലർച്ചെ എഴുന്നേൽക്കുന്ന കണിശതയുടെ ജീവിത നിഷ്ഠ പുലർത്തുന്ന രാഷ്ട്രീക്കാരൻ.

കടലുണ്ടിപ്പുഴയോരത്തെ പാണ്ടിക്കടവത്ത് വീട്ടിൽനിന്ന് കുഞ്ഞാലിക്കുട്ടി കേരളത്തിൽ ലീഗിന്റെയും യു.ഡി.എഫിന്റെയും ചാണക്യസൂത്രങ്ങൾ നെയ്തു. കാൽ നൂറ്റാണ്ടായി ലീഗിന്റെയും യു.ഡി.എഫിന്റെയും നിർണായക നീക്കങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രവും കടിഞ്ഞാണും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു. മലപ്പുറം നഗരസഭ ചെയർമാനായി തുടങ്ങിയ രാഷ്ട്രീയജീവിതം കേരളത്തിന്റെ പ്രതിപക്ഷ ഉപനേതാവിൽ ചെന്നെത്തി. യു.ഡി.എഫ് മന്ത്രിസഭയിലെ രണ്ടാമനായും ലീഗിലെ ഒന്നാമനായുമുണ്ടായി. കെ. കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരുടെ മന്ത്രിസഭകളിലെ സൂപ്പർ പവറായി മാറിയ നേതാവ്. എന്നും എളിമയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മുഖമുദ്ര. എത്ര ഉന്നമായ പദവിയിലിരിക്കുമ്പോൾ തന്നെ തേടിയെത്തുന്നവരെ നിരാശപ്പെടുത്താത്ത നേതാവ്. പാണാക്കാട് ശിബാഹലി തങ്ങളുമായുള്ള അടുപ്പം തന്നെയാണ് കുഞ്ഞാലിക്കുട്ടിയെ ഈ ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത്.

1951 ജനുവരി 6-ന് കേരളത്തിലെ മലപ്പുറത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു. കെ.എം കുൽസു ആണ് ഭാര്യ.ലസിത,ആഷിഖ് എന്നിവരാണ് മക്കൾ.ബികോം ഡിഗ്രിയും , പിജിഡിബിയും കോഴ്‌സും പൂർത്തിയാക്കി. കോഴിക്കോട് ഫറൂഖ് കോളേജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്.ഇക്കാലത്ത് എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എംഎസ്എഫിന്റെ യൂനിറ്റ് പ്രസിഡന്റ് പദവിയിലും പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് എംഎസ്എഫിന്റെ സംസ്ഥാന ഭാരവാഹിയായി. 27ാം വയസ്സിൽ മലപ്പുറം നഗരസഭാ ചെയർമാനായി.

1982-ലാണ് മലപ്പുറം മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിൽ എത്തിയത്. 1987-ലും മലപ്പുറത്ത്നിന്ന് വീണ്ടും നിയമസഭയിലെത്തി. 1991, 1996, 2001 വർഷങ്ങളിൽ കുറ്റിപ്പുറത്ത്നിന്നായിരുന്നു നിയസഭയിലേക്ക് എത്തിയത്. 1991ൽ അധികാരത്തിലെത്തിയ കരുണാകരൻ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു. മുതിർന്ന നേതാക്കളെ മാറ്റിനിർത്തി കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, സി.ടി അഹമ്മദലി, പി.കെ.കെ ബാവ എന്നിവർ മന്ത്രിമാരായത് ഈ സമയത്തായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ ഏറ്റവും കരുത്തനായ മന്ത്രിയായി മാറാൻ കുഞ്ഞാലിക്കുട്ടിക്ക് അധികസമയം വേണ്ടി വന്നില്ല. ഐ.എസ്.ആർ.ഒ ചാരക്കേസിനെ തുടർന്ന് കരുണാകരന് സ്ഥാനമൊഴിയേണ്ടി വന്നു. തുടർന്ന് ആന്റണി അധികാരത്തിലെത്തി. ഇതിന് പിന്നിൽ കോൺഗ്രസിലെ എ വിഭാഗത്തിനൊപ്പം അടിയറച്ചു നിന്നതും കരുണാകര യുഗത്തിന് അന്ത്യമിട്ടതുമെല്ലാം കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെ നടന്ന രാഷ്ട്രീയ നീക്കങ്ങളായിരുന്നു. അങ്ങനെ ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായി കുഞ്ഞാലിക്കുട്ടി മാറി.

ആന്റണിയുടെ ഗ്ലാമറിൽ മദ്യ നിരോധനം നടപ്പാക്കിയിട്ടും യുഡിഎഫിന് അടുത്ത തെരഞ്ഞെടുപ്പിൽ പിഴച്ചു. 1996-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ.കെ നായനാർ അധികാരത്തിലെത്തി. കുഞ്ഞാലിക്കുട്ടിയുടെ പേരിൽ ഐസ്‌ക്രീം പെൺവാണിഭ കേസ് അടക്കമുള്ള ആരോപണങ്ങൾ ഉയർന്ന കാലം കൂടിയായിരുന്നു ഇത്. 2001-ൽ നടന്ന തെരഞ്ഞെടുപ്പിൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തി. ഈ മന്ത്രിസഭയിലും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു രണ്ടാമൻ. എന്നാൽ മൂന്നു വർഷത്തിന് ശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ദയനീയ പരാജയം ഏറ്റുവാങ്ങി. മഞ്ചേരിയിലടക്കം യു.ഡി.എഫ് പരാജയപ്പെട്ടു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനത്ത്നിന്ന് ആന്റണി രാജിവെച്ചു. എന്നാൽ ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയായിരുന്നു ഈ അധികാരമാറ്റത്തിന് കാരണം. ആന്റണിയേ മാറ്റിയേ മതിയാകൂവെന്ന നിലപാട് ലീഗ് എടുത്തിരുന്നത്രേ. അങ്ങനെ ഇഷ്ടതോഴനായ ഉമ്മൻ ചാണ്ടിയെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിപദത്തിലുമെത്തിച്ചു. എന്നാൽ ഇന്ത്യാവിഷൻ ചാനൽ ഉയർത്തിയ ഐസ്‌ക്രീംപാർലർ കൊടുങ്കാറ്റ് കുഞ്ഞാലിക്കുട്ടിയെ വീഴ്‌ത്തി. മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി നേരെയുള്ള ആരോപണം ഉയർന്നത് ഇതേ മന്ത്രിസഭയിലെ തന്നെ മറ്റൊരംഗവും ലീഗുകാരനുമായ ഡോ.എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാവിഷൻ ചാനൽ വഴിയായിരുന്നു. വി എസ് അച്യുതാനന്ദനും രംഗത്തെത്തിയതോടെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസഭയിൽനിന്ന് രാജിവെക്കേണ്ടി വന്നു. പകരം വി.കെ ഇബ്രാഹീം കുഞ്ഞ് മന്ത്രിയായി.

2006ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനും യുഡി.എഫിനും ഏൽക്കേണ്ടി വന്നത് കനത്ത പരാജയം. കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, ഇ.ടി മുഹമ്മദ് ബഷീർ എന്നിവർ പരാജയം രുചിച്ചു. ലീഗിൽനിന്ന് കലാപക്കൊടി ഉയർത്തി പുറത്തുപോയ ഡോ. കെ.ടി ജലീലിനോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ തോൽവി. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ അവസാനിച്ചെന്ന് ഏവരും വിധിയെഴുതി. എന്നാൽ തെറ്റുകൾ തിരുത്തി കൂടുതൽ കരുത്തനായി കുഞ്ഞാലിക്കുട്ടി തിരിച്ചെത്തി. ഐസ് ക്രീം കേസ് ആരോണങ്ങൾക്കപ്പുറം ഒന്നുമില്ലെന്ന് കോടതി വിധികളിലൂടെ തെളിയിച്ചു കുഞ്ഞാലിക്കുട്ടി. ഇതിനിടെ സ്വയം തിരുത്തലും വരുത്തി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗ് തിരിച്ചുവരവ് നടത്തി. ഏഴ് അംഗങ്ങളുണ്ടായിരുന്ന ലീഗ് ഇരുപതിലെത്തി. രണ്ട് അംഗങ്ങളുടെ മാത്രം ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭ രൂപീകരിച്ചു. രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും കുഞ്ഞാലിക്കുട്ടി വ്യവസായവകുപ്പ് ഏറ്റെടുത്തു. ഈ സർക്കാരിന് ഭൂരിപക്ഷം തീരെ കുറവായതുകൊണ്ട് തന്നെ ലീഗ് തന്നെയായിരുന്നു സൂപ്പർ ശക്തി.

സരിതയും സോളാറും ഉയർന്നു കേട്ടപ്പോഴും ഉമ്മൻ ചാണ്ടിയെ കുഞ്ഞാലിക്കുട്ടി കൈവിട്ടില്ല. അതുകൊണ്ട് തന്നെ അഞ്ച് കൊല്ലം ഉമ്മൻ ചാണ്ടി കേരളം ഭരിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റപ്പോഴും ലീഗിന് വലുതായി അടി തെറ്റിയില്ല. കോട്ടകലിൽ വിള്ളൽ വരുത്താതെ ലീഗ് കാക്കാനുള്ള കാരണം കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങളായിരുന്നു. ഐസിസ് തീവ്രവാദത്തിന്റെ കാലത്ത് രാജ്യസ്‌നേഹത്തിലൂന്നിയ രാഷ്ട്രീയത്തിന്റെ പ്രസക്തി മുസ്ലീങ്ങൾക്കിടയിൽ ലീഗ് വിശദീകരിച്ചു. ലീഗിന്റെ മതേതരമുഖം കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ കാലത്ത് ലീഗിനെ വേറിട്ടൊരു വഴിയിലൂടെ കൊണ്ട് പോയത് കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു. ഇത് തന്നെയാണ് ലീഗിന് മുമ്പെങ്ങുമില്ലാത്ത പ്രസക്തി കേരള രാഷ്ട്രീയത്തിലുണ്ടായത്. ഇതിനിടെയാണ് ഇ അഹമ്മദിന്റെ ആകസ്മിക വിയോഗമത്തെുന്നത്. ദേശീയ തലത്തിൽ ലീഗിനെ പതിറ്റാണ്ടുകളായി നയിച്ചത് അഹമ്മദാണ്. അതിന് പകരക്കാരനാവാൻ കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചതും പാണക്കാട് കുടുംബമാണ്.

എന്തിന് കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പോകുന്നു? അവിടെ അദ്ദേഹത്തിന് എന്തു ചെയ്യാനുണ്ട്? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉയരുന്നു. അപ്പോഴും ചിരിച്ച മുഖത്തോടെ കാത്തിരുന്ന് കാണാൻ കുഞ്ഞാലിക്കുട്ടി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP