Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വോട്ടുയർന്നതിലേക്ക് വിരൽ ചൂണ്ടി ഭരണവിരുദ്ധത മലപ്പുറത്ത് കണ്ടില്ലെന്ന് ഇടതുപക്ഷം; ശതമാനക്കണക്ക് ചൂണ്ടി മോദി പ്രഭാവവും പിണറായി ഫാക്ടറും ജനം തള്ളിയെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ് യുഡിഎഫ്; ഒന്നും പറയാനില്ലാതെ ബിജെപിയും; മലപ്പുറത്തെ ഇടത്-വലത് അവകാശവാദങ്ങൾ ഇങ്ങനെ

വോട്ടുയർന്നതിലേക്ക് വിരൽ ചൂണ്ടി ഭരണവിരുദ്ധത മലപ്പുറത്ത് കണ്ടില്ലെന്ന് ഇടതുപക്ഷം; ശതമാനക്കണക്ക് ചൂണ്ടി മോദി പ്രഭാവവും പിണറായി ഫാക്ടറും ജനം തള്ളിയെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ് യുഡിഎഫ്; ഒന്നും പറയാനില്ലാതെ ബിജെപിയും; മലപ്പുറത്തെ ഇടത്-വലത് അവകാശവാദങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണ് വിധിയെഴുത്ത്. എന്നാൽ ഇ അഹമ്മദിന്റെ ഭൂരിപക്ഷത്തെ മറികടക്കാൻ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. ഇത് കേരളത്തിൽ ഭരണത്തിലുള്ള ഇടതുപക്ഷത്തിന് ആശ്വാസമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പികെ സൈനബയ്ക്ക് കിട്ടിയ വോട്ടിനേക്കാൾ കൂടുതൽ ഫൈസൽ നേടിയെന്നതും ആശ്വാസം. അഹമ്മദ് സഹതാപ തംരഗത്തിൽ വോട്ടുകൾ കൂടതലും യുഡിഎഫിന് ലഭിക്കുക സ്വാഭാവികമാണ്. മുസ്ലിംലീഗിന്റെ കോട്ടയിൽ സഹതാപ തരംഗത്തിലും പിടിച്ചു നിൽക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സി.പി.എം ഇപ്പോൾ. ബിജിപിയുടെ വോട്ടുകൾ ലീഗിന് കിട്ടിതും ഭൂരിപക്ഷം ഉയർന്നതിന് കാരണമായി അവർ ചൂണ്ടിക്കാട്ടും. വെൽഫയൽ പാട്ടിയുടേയും എസ് ഡി പി ഐയുടേയും വോട്ട കൂടി കിട്ടിയിട്ടും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഒന്നേമുക്കാൽ ലക്ഷം കഴിഞ്ഞില്ല. ഇതെല്ലാം സിപിഎമ്മിന്റെ നേട്ടമായി ഇടതുപക്ഷം പറയുന്നു.

അഹമ്മദിന്റെ റെക്കോർഡ് നേടാൻ സാധിച്ചില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ജയത്തിന്റെ തിളക്കം ഒട്ടും കുറയുന്നില്ല. 2014 ൽ വീണതിനേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണ യുഡിഎഫ് പെട്ടിയിൽ വീഴുകയും ചെയ്തു. 5,15,325 വോട്ട് നേടിയ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1,71,038 വോട്ടുകളാണ്. എൽഡിഎഫ് സ്ഥാനാർത്ഥി എം.ബി. ഫൈസലിന് ലഭിച്ച ആകെ വോട്ട് 3,44,287 ലക്ഷമാണ്. മുൻ തിരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷത്തോളം വോട്ട് ഇടതുപക്ഷത്തിന് അധികമായി ലഭിച്ചു. ബിജെപിയുടെ നിലയാണ് മോശമായത്. 65,662 വോട്ട് നേടാൻ മാത്രമേ ബിജെപി സ്ഥാനാർത്ഥി എൻ. ശ്രീപ്രകാശിനു സാധിച്ചുള്ളൂ. 2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് 64,705 വോട്ടാണ്. സ്വന്തം നിയമസഭാ മണ്ഡലമായ വേങ്ങരയിലും മലപ്പുറത്തുമാണ് കുഞ്ഞാലിക്കുട്ടിക്ക് വലിയ ലീഡ് ലഭിച്ചത്.

നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ലീഡ്: വേങ്ങര (40,529) മഞ്ചേരി (22,843), മലപ്പുറം (33,281), വള്ളിക്കുന്ന് (20,692), പെരിന്തൽമണ്ണ (8527). മങ്കട (19,262), കൊണ്ടാട്ടി (25,904) ഇടത് സ്വാധീനമേഖലകളിലും യുഡിഎഫിനാണ് മുൻതൂക്കം. ലീഡ്. 2014ൽ ഇ.അഹമ്മദ് നേടിയ 1.94 ലക്ഷം എന്ന ഭൂരിപക്ഷം മറികടക്കുവാൻ പികെ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ലെങ്കിലും അഹമ്മദ് നേടിയതിനേക്കാൾ 75,000-ത്തിലേറെ വോട്ടുകൾ അധികം പിടിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. കുഞ്ഞാലിക്കുട്ടിക്ക് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടില്ലെന്നായിരുന്നു ഇടത് ക്യാമ്പ് പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ 1.71 ലക്ഷത്തിന്റെ മികച്ച ഭൂരിപക്ഷം നേടുവാൻ സാധിച്ചുവെന്നത് കുഞ്ഞാലിക്കുട്ടിക്ക് ആശ്വാസമാണ്.

മലപ്പുറത്ത് 77,000 വോട്ടുകൾ യുഡിഎഫിന് അധികം ലഭിച്ചപ്പോൾ 1.02 ലക്ഷം വോട്ടുകൾ എൽഡിഎഫിനും അധികം ലഭിച്ചു. ഇരുമുന്നണികളും കാര്യമായ രീതിയിൽ വോട്ട് വിഹിതം വർധിച്ചപ്പോൾ ഈ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടത് ബിജെപിയാണ്. 2014-ൽ 64,705 ബിജെപിക്ക് ഇക്കുറി 65,662 വോട്ടാണ് കിട്ടിയത്. ആറിരട്ടി വരെ വോട്ട് പിടിക്കും എന്ന് പ്രഖ്യാപിച്ച പാർട്ടിക്ക് വെറും 957 വോട്ടുകളാണ് ഇക്കുറി അധികം പിടിക്കുവാൻ സാധിച്ചത്.

മോദിക്കും പിണറായിക്കും എതിരായ വിജയമെന്ന് യുഡിഎഫ്

ഇത് ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ കൂടിയാണ്. നോട്ട് നിരോധനത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ മോദിയുടെ രാഷ്ട്രീയത്തെ മലപ്പുറം തള്ളിക്കളഞ്ഞു. അത് തന്നെയാണ് ബിജെപിയുടെ വോട്ട് കൂടാത്തതിന് കാരണം. കുഞ്ഞാലിക്കുട്ടിക്ക് വോട്ടുകൾ കൂടുതൽ കിട്ടി. നിമയസഭാ തെരഞ്ഞെടുപ്പിലെ നേട്ടം സിപിഎമ്മിന് ആവർത്തിക്കാനുമായില്ല. ഇതിന് കാരണം സിപിഎമ്മിന് ജനസ്വാധീനം കുറയുന്നതാണ്. അങ്ങനെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ മലപ്പുറം വോട്ടു ചെയ്തുവെന്ന് യുഡിഎഫ് പറയുന്നു. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപരമായ വിജയത്തിനപ്പുറം യുഡിഎഫിന്റെ തിരിച്ചുവരവിന്റെ സൂചകമായി വമ്പൻ വിജയത്തെ കോൺഗ്രസും ലീഗും കാണുന്നു.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം മതേതര രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. മികച്ച പ്രകടനം കൊണ്ടാണ് യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിന് വിജയിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി രാഷ്ട്രീയത്തിന് വൻ നഷ്ടമുണ്ടായി. കേരളത്തിൽ ബിജെപി രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നാണ് ഇതിൽ നിന്ന് മനസിലാവുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വർഗീയമല്ല, രാഷ്ട്രീയമാണ്. എന്നാൽ ബിജെപിയുടെത് വർഗീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടിങ് ശതമാനം കുറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര സർക്കാറിന് വലിയ തിരിച്ചടിയാണ്. ഒരു വർഷത്തെക്കുള്ള തിരിച്ചടി എൽ.ഡി.എഫിനും ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

ജിഷ്ണു പ്രണോയിുയടെ കുടുംബം നടത്തിയ സമരവും മറ്റും ജനവികാരത്തെ സ്വാധീനിച്ചുവെന്നാണ് യുഡിഎഫ് പറയുന്നത്. ഇതിനൊപ്പം മതേതര സമൂഹം യുഡിഎഫിനൊപ്പമാണെന്നും തെളിഞ്ഞെന്ന് അവർ പറയുന്നു. വേങ്ങരയിൽ ആറുമാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് അനിവാര്യമാക്കി കുഞ്ഞാലിക്കുട്ടി ഉടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കും. ഈ ഉപതെരഞ്ഞെടുപ്പിലും ജയം ആവർത്തിക്കാൻ തന്നെയാണ് യുഡിഎഫിന്റെ പടപ്പുറപ്പാട്. പിണറായി സർക്കാരിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ സജീവമാക്കാനും ഈ വിജയം യൂഡിഎഫിന് തുണയാകും.

വോട്ട് ശതമാനം കൂടിയ ആശ്വാസത്തിൽ സി.പി.എം

കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കവിയുമെന്നായിരുന്നു ലീഗിന്റെ നിലപാട്. എന്നാൽ അതുണ്ടായില്ല. ഇതു തന്നെയാണ് സിപിഎമ്മിന് ആശ്വാസമാകുന്നത്. ബിജെപിയുടെ വോട്ട് കുറവും എസ് ഡി പി ഐയും വെൽഫയർ പാർട്ടിയും മത്സരത്തിൽ നിന്ന് മാറി നിന്നതുമെല്ലാം ഇടതു പക്ഷം ചർച്ചായാക്കുന്നു. ലീഗ് കോട്ടയിലുണ്ടായ സ്വാഭാവിക വിജയമായി മാത്രം സി.പി.എം കുഞ്ഞാലിക്കുട്ടിയെ നേട്ടത്തെ വിലയിരുത്തുന്നു. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചില്ലെന്ന ചർച്ചയാണ് സി.പി.എം ഉയർത്തുന്നത്.

ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നതിന് തീവ്രവർഗീയ നിലപാടുള്ള പാർട്ടികളുമായി ധാരണ ഉണ്ടാക്കിയിട്ടും മുസ്‌ളിം ലീഗിന് ലക്ഷ്യം കാണാനായില്ലെന്നും സി.പി.എം പറയുന്നു. ലീഗുമായുണ്ടാക്കിയ ധാരണയെ തുടർന്ന് എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയവർ സ്ഥാനാർത്ഥികളെ നിർത്താതെ പിൻവാങ്ങിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച നാസറുദ്ദീൻ എളമരം 47,853 വോട്ട് നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുണ്ടായിരുന്നു. 16,170 വോട്ടും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി 29,216 വോട്ടുനേടിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവ സംയുക്ത സ്ഥാനാർത്ഥിയെ നിർത്താനുള്ള നീക്കവും ധാരണയെ തുടർന്ന് മരവിപ്പിച്ചു. യുഡിഎഫ് വിട്ട കെ എം മാണിയുടെ പിന്തുണതേടാനും മുസ്‌ളിംലീഗ് തയാറായി. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിയിട്ടും മുൻ ഭൂരിപക്ഷം മറികടക്കാൻ ലീഗിന് കഴിഞ്ഞില്ല.

മലപ്പുറം ഗവ. കോളേജിൽ രാവിടെ എട്ടിനാണ് വേട്ടെണ്ണൽ തുടങ്ങിയത്. 12നായിരുന്നു വോട്ടെടുപ്പ്. 13,12,693 വോട്ടർമാരിൽ 9,36,315 പേരാണ് വോട്ടുചെയ്തത്- പോളിങ് 71.33 ശതമാനം. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ 71.21 ശതമാനമായിരുന്നു പോളിങ്. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങിയതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. മലപ്പുറത്ത് വർഗീയ സംഘടകളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ വർഗീയതയെ നന്നായി പ്രചരിപ്പിക്കുന്നതിനുള്ള പരിശ്രമം നടന്നുവെന്ന് തോൽവിയ്കക് ശേഷം ഇടതുമുന്നണി സ്ഥാനാർത്ഥി എം.ബി. ഫൈസൽ പ്രതികരിച്ചു. മണ്ഡലത്തിന്റെ പശ്ചാത്തലം ലീഗിന് അനുകൂലമാണെന്നും യുഡിഎഫ് എടുത്ത സമീപനം തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനപ്പുറം വർഗീയതയുടേതാണെന്നും ഫൈസൽ പറഞ്ഞു. ഇത്തരം സമീപനങ്ങൾ അപകടരമാണ്. തിരഞ്ഞെടുപ്പിൽ ജയിക്കുമെങ്കിലും മതനിരപേക്ഷ രാഷ്ട്രീയത്തെ യുഡിഎഫ് നിലപാട് വല്ലാതെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ ആപൽകരമായ നിലയിലേയ്ക്കു കൊണ്ടുപോകുന്ന നിലപാടുകളാണ് മുസ്ലിം ലീഗ് തിരഞ്ഞെടുപ്പിൽ സ്വീകരിച്ചിരിക്കുന്നതെന്നും ഫൈസൽ കുറ്റപ്പെടുത്തി.

എസ്ഡിപിഎയും മറ്റും വർഗീയ സംഘടനകളുമയി തിരഞ്ഞെടുപ്പിൽ ലീഗ് കൂട്ടുചേർന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഐക്യത്തോടെ ഒന്നുചേർന്ന് പ്രചാരണം നടത്തിയെന്നും കേരളത്തിലെ ഭരണ നേട്ടങ്ങളാണ് വോട്ട് ശതമാനത്തിൽ വർധന ഉണ്ടാക്കാൻ തങ്ങൾക്കു കഴിഞ്ഞതെന്നും ഫൈസൽ പറഞ്ഞു.

കൂടിയത് 957 വോട്ട് മാത്രം, ഒന്നും പറയാനില്ലാതെ വെട്ടിലായി ബിജെപി

2014ലിൽ 7.58 ശതമാനം വോട്ട് നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. 64,705 വോട്ടുകളായിരുന്നു അന്ന് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ 65,662 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥി എൻ. ശ്രീപ്രകാശിന് നേടാനായത്. ഒന്നര ലക്ഷത്തിലധികം പുതിയ വോട്ടർമാരാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലുള്ളത്. ഇതിന് ആനുപാതികമായി ഇത്തവണ വോട്ട് ശതമാനം ഉയർത്താൻ ബിജെപിക്ക് സാധിച്ചില്ല. ദേശീയ രാഷ്ട്രീയത്തിൽ ഗോവധ നിരോധനം പ്രധാന രാഷ്ട്രീയായുധമായ ബിജെപി, മലപ്പുറത്ത് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചാണ് ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കാൻ ശ്രമിച്ചത്. ഗുണനിലവാരമുള്ള ബീഫ് നൽകുന്നതിന് ബീഫ് സ്റ്റാളുകൾ തുറക്കുമെന്ന ബിജെപി സ്ഥാനാർത്ഥി എൻ. ശ്രീപ്രകാശിന്റെ പ്രഖ്യാപനം വലിയ വാർത്തയായി.

കേന്ദ്രസർക്കാരിന്റെ നയങ്ങളും രാജ്യത്ത് പൊതുവെ ബിജെപി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തോടുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ എതിർപ്പും മലപ്പുറത്ത് ബിജെപിക്ക് തിരിച്ചടിയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ 75,000 വോട്ടുകൾ ബിജെപി നേടിയിരുന്നു. ഇതും ബിജെപിക്ക് വലിയ തരിച്ചടിയാണ്. കേരളത്തെ ബിജെപി ഒരു പ്രധാന രാഷ്ട്രീയ ലക്ഷ്യമായി കാണുന്ന സാഹചര്യത്തിൽ മലപ്പുറം അവർക്കൊരു പരീക്ഷണശാലയായിരുന്നു. പ്രത്യേകിച്ച്, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ 11 സീറ്റുകൾ ലക്ഷ്യംവെക്കുന്നതായി ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ബിജെപിക്ക് ഒന്നും പറയാനില്ല.

ഒരു ലക്ഷത്തിലധികം വോട്ട് നേടുമെന്ന പ്രഖ്യാപനത്തേടെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനായതും ഉത്തർപ്രദേശടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ നേട്ടമുണ്ടാക്കാനായതുമെല്ലാം അനുകൂല ഘടകങ്ങളാകുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ പ്രചരണപരിപാടികളാണ് ബിജെപി മലപ്പുറത്ത് ബിജെപി കാഴ്ചവെച്ചത്. യുപിയിലും മണിപ്പൂരിലും ബിജെപി സൃഷ്ടിച്ച അത്ഭുതം മലപ്പുറത്തും ഉണ്ടാകുമെന്നാണ് സ്ഥാനാർത്ഥി എൻ. ശ്രീപ്രകാശ് പറഞ്ഞത്. ഇതെല്ലാം അസ്ഥാനത്തായി.

മതംമാറ്റത്തെ തുടർന്നുണ്ടായ കൊടിഞ്ഞി ഫൈസൽ വധവും കാസർഗോഡ് മദ്രസാധ്യാപകനായ റിയാസ് മൗലവി വധവുമെല്ലാം ബിജെപി വോട്ടുകളെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP