Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറം ഉപതെരഞ്ഞെടുപ്പ് പാർട്ടി നിലപാട് പ്രസക്തമായി: എസ്.ഡി.പി.ഐ

ലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്വീകരിച്ച നിഷ്പക്ഷ നിലപാട് പ്രസക്തമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിലോ കേരളത്തിലോ പ്രസക്തമായൊരു തെരഞ്ഞെടുപ്പല്ല ഇതെന്ന പാർട്ടി നിലപാടിനെ ബിജെപിക്കും മറ്റു മുന്നണികൾക്കും കിട്ടിയ വോട്ട് നില ശരിവെക്കുന്നു. വലത്, ഇടത് മുന്നണികൾക്ക് ഏതാണ്ട് ഒരേ തോതിലുള്ള വോട്ട് വർധനയുണ്ടായപ്പോൾ ദേശീയ സാഹചര്യം അനുകൂലമായിട്ടും ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായില്ലെന്നത് ശുഭകരമാണ്. മലപ്പുറം ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതക്ക് മുന്നിൽ ആർ.എസ്.എസിന്റെ സംഘടനാ സംവിധാനവും വർഗ്ഗീയ മനസ്സും പരാജയപ്പെട്ടു.

യു.ഡി.എഫ് സ്ഥാനാർത്ഥിക്കുണ്ടായ ഭൂരിപക്ഷം ന്യൂനപക്ഷ വർഗ്ഗീയതയുടെ ഏകീകരണത്തിന്റെ ഫലമാണെന്ന ഇടതുപക്ഷ ആരോപണം യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപിയെ പോലും പിന്നിലാക്കി സി.പി.എം നേതാക്കൾ ഏറ്റുപിടിച്ച ഈ ആരോപണം ഇടത് പക്ഷ മുന്നണിയുടെ ഫാഷിസ്റ്റ് വിരുദ്ധ പ്രതിഛായയിൽ കരിനിഴൽ വീഴ്‌ത്തുന്നതാണ്. കൊടിഞ്ഞി ഫൈസൽ വധക്കേസിൽ പ്രതികളായ ആർ.എസ്.എസുകാരെ സഹായിക്കുന്ന നിലപാടെടുത്തതും , കുടുംബത്തെ സഹായിക്കണമെന്ന ആവശ്യത്തെ നിരാകരിച്ചതും വോട്ട് രാഷ്ട്രീയം മുന്നിൽ കണ്ട് കൊണ്ടുള്ള ഇടപാടായിരുന്നോയെന്ന സംശയവും തെരഞ്ഞെടുപ്പ് ഫലം ഉയർത്തുന്നുണ്ട്.

കഴിഞ്ഞ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ക്രമപ്രവയോധികമായ വളർച്ചയാണ് യുഡിഎഫ് വോട്ട് നിലയിൽ കാണുന്നത്. 2009 ലെ തെരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷത്തിലധികം വോട്ടിന്റെ കുറവ് 2014 ലെ തെരഞ്ഞെടുപ്പിൽ സംഭവിച്ചതുകൊണ്ടാണ് എൽ.ഡി.എഫിന് ഇത്തവണ ഒരു ലക്ഷത്തിന്റെ ലീഡ് അനുഭവപ്പെട്ടത്. ഭരണവിരുദ്ധ വികാരം സൃഷ്ടിക്കുന്ന കുറവ് മറികടക്കുന്നതിനാണ് അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങൾ പ്രധാന പ്രചാരണായുധങ്ങളാക്കി മാറ്റി വർഗ്ഗീയക്കാർഡ് കളിക്കാൻ ഇടതുപക്ഷ നേതാക്കൾ മിനക്കെട്ടത്.

മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത എസ്. ഡി. പി. ഐ നിലപാട് ലീഗിന് ഗുണം ചെയ്തിട്ടുണ്ടെങ്കിൽ അതിന് കാരണം തേടേണ്ടത് സി.പിഎമ്മിന്റെ അകത്തളങ്ങളിലാണ്. സ്വന്തം വൈകല്യങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം മറ്റുള്ളവരെ കുറ്റപ്പെടുത്തി ആശ്വാസം കൊള്ളുകയാണെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുപക്ഷത്ത് നിന്ന് കൂടുതൽ അകലുന്ന സ്ഥിതിയായിരിക്കും ഫലം.

ചില മത, ജാതി നേതാക്കളുടെ കാല് പിടിച്ചും മറ്റു ചിലരെ തള്ളിപ്പറഞ്ഞും കേരളത്തിലെ രണ്ട് മുന്നണികളും തുടർന്ന് വരുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കളി അപകടകരമാണ്. ബിജെപി ഭീകരതയുടെ ഇരകളായ മുസ്ലിം, ദലിത് വിഭാഗങ്ങൾക്ക് രാഷ്ട്രീയ രംഗത്ത് അയിത്തം കൽപ്പിച്ച് അകറ്റിനിർത്തുന്നത് മതനിരപേക്ഷതയല്ലെന്നും സവർണ ജാതി ചിന്തയെ താലോലിക്കുന്നവർക്ക് ഫാഷിസ്റ്റ് പ്രതിരോധം അസാധ്യമാണെന്നും മജീദ് ഫൈസി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP