Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്നാർഗുഡി മാഫിയ അണ്ണാ ഡിഎംകെയുടെ പടിക്കു പുറത്താകുമോ? എഴുതി തള്ളാക്കാൻ കഴിയാത്ത തലൈവരായി വളർന്ന് ഒ പനീർശെൽവം; ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പദവി വാഗ്ദാനം ചെയ്ത ശശികലയുടെ ഓഫർ തള്ളി; പളനിസ്വമിയും ഒപിഎസും ഒരുമിച്ച് നിന്ന് 'അണ്ണൻ തമ്പി' കളിച്ചാൽ തമിഴക രാഷ്ട്രീയത്തിൽ വഴിത്തിരിവാകും

മന്നാർഗുഡി മാഫിയ അണ്ണാ ഡിഎംകെയുടെ പടിക്കു പുറത്താകുമോ? എഴുതി തള്ളാക്കാൻ കഴിയാത്ത തലൈവരായി വളർന്ന് ഒ പനീർശെൽവം; ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പദവി വാഗ്ദാനം ചെയ്ത ശശികലയുടെ ഓഫർ തള്ളി; പളനിസ്വമിയും ഒപിഎസും ഒരുമിച്ച് നിന്ന് 'അണ്ണൻ തമ്പി' കളിച്ചാൽ തമിഴക രാഷ്ട്രീയത്തിൽ വഴിത്തിരിവാകും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജയലളിതയുടെ മരണശേഷം നാടകീയ സംഭവങ്ങൾക്കൊടുവിൽ ഭരണമാറ്റമുണ്ടായതിന് പിന്നാലെ ദ്രാവിഡ രാഷ്ട്രീയത്തിൽ പുതിയ ധ്രുവീകരണത്തിന് കളമൊരുങ്ങുന്നു. അണ്ണാ ഡി.എം.കെയിൽ ഐക്യമുണ്ടാക്കാൻ മുന്മുഖ്യമന്ത്രി പനീർസെൽവും മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ചർച്ച ആരംഭിച്ചതോടെയാണ് ദ്രാവിഡ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത്. മന്നാർഗുഡി മാഫിയയില്ലാത്ത അണ്ണാ ഡി.എം.കെയിലേക്ക് മാത്രമെ താൻ മടങ്ങിയെത്തൂവെന്ന് ഒപിഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ അനന്തിരവനുമായ ടി.ടി.വി. ദിനകരൻ രാജി സന്നദ്ധത അറിയിച്ചു. ഈ സ്ഥാനത്തേയ്ക്ക് പനീർസെൽവത്തെ അവരോധിച്ചുള്ള പ്രശ്നപരിഹാരത്തിനാണ് ശശികല പക്ഷം ശ്രമിക്കുന്നത്. പളനിസ്വമി- ഒപിഎസ് പക്ഷത്തെ എംഎൽഎമാരും നേതാക്കളും ഐഎൻഎസ് ചെന്നൈ എന്ന കപ്പലിലാണ് ലയന ചർച്ച നടത്തുന്നത്.

ശശികലയെ ജനറൽ സെക്രട്ടറിയായി നിലനിർത്തി ഒ. പനീർസെൽവത്തെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ആക്കാനുള്ള ആലോചന നടന്നിരുന്നു. എന്നാൽ ശശികലയെയും കുടുംബത്തെയും പാർട്ടിയിൽ നിലനിർത്തിക്കൊണ്ടുള്ള ഒത്തുതീർപ്പിനില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും കൂട്ടർക്കും പനീർസെൽവം വ്യക്തമായ സന്ദേശം നൽകുകയായിരുന്നു. ജയലളിതയുടെ മരണശേഷം ജനറൽ സെക്രട്ടറിയായി ശശികല ചുമതലയേറ്റതു ചട്ടവിരുദ്ധമാണ്. ശശികലയെയും കുടുംബത്തെയും പൂർണമായി ഒഴിവാക്കിയെങ്കിൽ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂവെന്നും പനീർസെൽവം വ്യക്തമാക്കിയിട്ടുണ്ട്. ശശികലയോ അവരുടെ കുടുംബാംഗങ്ങളോ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിൽ വരുന്നതിനെ ജയലളിത പിന്തുണച്ചിരുന്നില്ല. എംജിആറിന്റെയും ജയലളിതയുടെയും പാരമ്പര്യം തുടർന്നാൽ മതി. ജയലളിതയുടെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. ജയയ്ക്കു നൽകിയ ചികിൽസയുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യമാക്കണമെന്നും പനീർസെൽവം ആവശ്യപ്പെട്ടുട്ടുണ്ട്. അതേസമയം ഉപാധികളില്ലാതെയാണു ചർച്ചയെന്നു പളനിസാമി വിഭാഗത്തിലെ പ്രമുഖ നേതാവ് കെ.എ. സെങ്കോട്ടയൻ വ്യക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ മാധ്യമങ്ങളെ കണ്ട ധനമന്ത്രി ജയകുമാറാണ് ഒ.പി.എസ് പക്ഷവുമായുള്ള ഐക്യതീരുമാനം അറിയിച്ചത്. 'അമ്മ'യുടെ നേതൃത്വത്തിൽ മുന്നോട്ടു പോയതുപോലെ തുടരുമെന്നും പാർട്ടിയുടെയും സർക്കാരിന്റെയും സുരക്ഷിതഭാവി മുന്നിൽ കണ്ടാണു തീരുമാനമെന്നും എടപ്പാടിയുടെ വിശ്വസ്തൻ കൂടിയായ മന്ത്രി ജയകുമാർ അറിയിച്ചു. ശശികല, ദിനകരൻ എന്നിവരുടെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, ജനറൽ സെക്രട്ടറി പദത്തെ ചോദ്യം ചെയ്തു പനീർസെൽവം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ടു പാർട്ടി നേതാക്കളെല്ലാം സത്യവാങ്മൂലം നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു. പനീർസെൽവത്തെ ഏറ്റവുമധികം എതിർത്തിരുന്ന ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ തമ്പിദുരൈ ലയന തീരുമാനത്തെ സ്വാഗതം ചെയ്തതും ശ്രദ്ധേയമായി.

സ്വത്തുകേസിൽ ശികഷിക്കപ്പെട്ട് ജയിലിലുള്ള ശശികലയെ സന്ദർശിക്കാനായി ദിനകരൻ ബെംഗളൂരുവിലായിരുന്ന സമയത്താണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഐക്യചർച്ചകൾ അരങ്ങേറിയത്. ശശികലയും ദിനകരനും രണ്ടു ദിവസത്തിനകം രാജിവച്ചില്ലെങ്കിൽ പനീർസെൽവത്തിനൊപ്പം പോകുമെന്ന് ചില മുതിർന്ന മന്ത്രിമാരും എംഎ‍ൽഎമാരും നിലപാടെടുത്ത് പശ്ചാത്തലത്തിലാണ് ഇരുവിവഭാഗങ്ങളുടെയും ലയന ചർച്ചയെന്നാണ് വിലയിരുത്തൽ.

രാത്രിയിലാണ് പി. തങ്കമണി, ഉദുമലൈ രാധാകൃഷ്ണൻ എന്നീ മന്ത്രിമാരുടെ വസതികളിൽ 16 മന്ത്രിമാരും ഭൂരിഭാഗം എംഎൽഎമാരും പങ്കെടുത്ത ചർച്ചകൾ ചൂടുപിടിച്ചതും മന്ത്രി ജയകുമാർ ലയന തീരുമാനം പ്രഖ്യാപിച്ചതും. എന്നാൽ മന്ത്രിമാരും എംഎ‍ൽഎമാരും എതിരായ സാഹചര്യത്തിൽ എങ്ങനെയും പാർട്ടിയിൽ പിടിച്ചുനിൽക്കുകയെന്ന ടി.ടി.വി ദിനകരന്റെയും മന്നാർഗുഡി മാഫിയിയുടെയും ശ്രമങ്ങളാണ് ലയന ചർച്ചയെ അനന്തമായി നീട്ടുന്നത്.

അതേസമയം, 40 എംഎൽഎമാരുടെയെങ്കിലും പിന്തുണ ഇപ്പോഴും ശശികല ക്യാംപിനുണ്ടെന്ന സൂചനകളും ശക്തമാണ്. അതിനാൽ, തിടുക്കപ്പെട്ടു നടപടിയുണ്ടായാൽ സർക്കാർ താഴെപ്പോകുമെന്ന ആശങ്കയും ചില നേതാക്കൾ പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടിയിൽ ഒറ്റപ്പെട്ടാൽ ഒപ്പമുള്ള എംഎൽഎമാരെ അടർത്തിമാറ്റി ഡിഎംകെയ്ക്ക് പിന്തുണനൽകി സർക്കാരുണ്ടാക്കാനും ശശികല വിഭാഗം മടിക്കില്ലെന്നത് കണക്കിലെടുക്കണമെന്ന അഭിപ്രായമുയർന്നു. ആർകെ നഗറിലെ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കു പണം കൊടുത്തതുമായി ബന്ധപ്പെട്ടു ദിനകരന്റെ അടുത്ത അനുയായി മന്ത്രി വിജയ ഭാസ്‌കറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിനെത്തുടർന്നാണ് ശശികല ക്യാംപിൽ അസ്വസ്ഥതകൾ പുകഞ്ഞു തുടങ്ങിയത്.

ജയലളിതയുടെ മരണശേഷം തോഴി ശശികലയുടെ നേതൃത്വത്തിലുള്ള മന്നാർഗുഡി മാഫിയ അണ്ണാ ഡി.എം.കെ.യിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയായ ഒ പനീർശെൽവത്തോട് സ്ഥാനം രാജി വയ്ക്കാൻ ശശികല ആവശ്യപ്പെടുകയും ചെയ്തു. എക്കാലത്തും ജയലളിതയുടെ വിനീത വിധേയനായ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന പനീർശെൽവം ചിന്നമ്മയുടെ നിർദ്ദേശത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇതോടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ശശികലയുടെ സുഗമമാകുകയും ചെയ്തു. എന്നാൽ തമിഴ് ജനതയെയൊന്നാകെ ഞെട്ടിച്ചുകൊണ്ട് ഒ പനീർസെൽവം ചിന്നമ്മയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. പനീർസെൽവത്തിന്റെ ഈ തുറന്നുപറച്ചിൽ ദ്രാവിഡ രാഷ്ട്രീയത്തെയൊന്നാകെ കലുഷിതമാക്കുകയും ചെയ്തു. ഇതിനിടെ സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലുമായി. തുടർന്ന് നടന്ന തട്ടിക്കൊണ്ടു പോകൽ നാടകത്തിനൊടുവിൽ പളനി സ്വാമിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനുശേഷം ശശികലയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ(അമ്മ), ഒ.പി.എസിന്റെ അണ്ണാ ഡി.എം.കെ (പുരട്ചി തലൈവി അമ്മ) എന്നീ പാർട്ടികൾ രൂപം കൊണ്ടു. എന്നാൽ അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നം രണ്ടു പാർട്ടിളും ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി.

ശശികല ജയിലിലായതിനെത്തുടർന്നാണ് അനന്തിരവനായ ടി.ടി.വി ദിനകരനെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയോഗിച്ചത്. ഇതിനിടെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിലൂടെ ദിനകരനെ നിയമസഭയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാനും ശശികല ശ്രമിച്ചിരുന്നു. ഇതുതന്നെയാണ് പളനി സ്വാമിയെയും കൂട്ടരെയും ശശികലയ്ക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP