Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർവേ നമ്പറിൽ അടക്കം ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് റിപ്പോർട്ട് കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു; അതീവ പരിസ്ഥിതി ദുർബല മേഖലയിൽ കൂറ്റൻ പാറക്കെട്ടിനു മുകളിൽ കെട്ടിപ്പൊക്കിയ 'ബ്ലാങ്കറ്റ്' റിസോർട്ട് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു; റീസർവെ ചെയ്യാൻ ഉത്തരവിട്ട് ദേവികുളം സബ്കലക്ടർ

സർവേ നമ്പറിൽ അടക്കം ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് റിപ്പോർട്ട് കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു; അതീവ പരിസ്ഥിതി ദുർബല മേഖലയിൽ കൂറ്റൻ പാറക്കെട്ടിനു മുകളിൽ കെട്ടിപ്പൊക്കിയ 'ബ്ലാങ്കറ്റ്' റിസോർട്ട് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു; റീസർവെ ചെയ്യാൻ ഉത്തരവിട്ട് ദേവികുളം സബ്കലക്ടർ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: മൂന്നാറിലെ റിസോർട്ട് മാഫിയ എങ്ങനെയാണ് പിടിമുറുക്കുന്നത് എന്നതിന് വ്യക്തമായ ഉത്തരം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തന്നെയാണെന്നത് വ്യക്തമാണ്. ക്രമക്കേടുകൾ കണ്ടിട്ടും നിർമ്മാണം തടയാതിരുന്ന റിസോർട്ട് ഇപ്പോൾ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.  പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിനു സമീപം പ്രവർത്തിക്കുന്ന 'ബ്ലാങ്കറ്റ്' റിസോർട്ടാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

സർവേ നമ്പരിൽ ക്രമക്കേടു കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണം നിർത്താൻ വിജിലൻസ് റിപ്പോർട്ടു നൽകിയ റിസോർട്ടിന്റെ ഭൂമി റീസർവേ ചെയ്യാൻ ദേവികുളം സബ്കളക്ടറും ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് റിപ്പോർട്ടിന്മേൽ റവന്യൂ ഉദ്യോഗസ്ഥർ നടപടിയെടുക്കാതിരുന്നതിനാൽ ഉടമ കെട്ടിടംപണി പൂർത്തിയാക്കി, റിസോർട്ടിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകൾ ചമച്ചാണ് റിസോർട്ട് നിർമ്മിക്കുന്നതെന്ന് വിജിലൻസ്സംഘം കണ്ടെത്തിയത് 2015ലാണ്. റിസോർട്ട് നിർമ്മിക്കുന്നതിനായി 2009ലാണ് പള്ളിവാസൽ പഞ്ചായത്തിൽ കെട്ടിടയുടമ അപേക്ഷ നൽകിയത്. പള്ളിവാസൽ വില്ലേജിൽ 167/13 സർവേനമ്പരിൽപ്പെട്ട 55 സെന്റ് സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിനുള്ള അപേക്ഷയാണു നൽകിയത്. ഇതുപ്രകാരം, ഉദ്യോഗസ്ഥർ അനുവാദം നൽകുകയും റിസോർട്ട് പണി ആരംഭിക്കുകയുംചെയ്തു.

എന്നാൽ, 2015ൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കെട്ടിടം സ്ഥിതിചെയ്യുന്നത് 168/2 എ എന്ന സർവേനമ്പരിലാണെന്നു കണ്ടെത്തി. കൂടാതെ, അപേക്ഷയോടൊപ്പം സമർപ്പിച്ചത്, ഈ ഭൂമി പുരയിടമാണെന്നായിരുന്നു. എന്നാൽ, പരിശോധനയിൽ ഇത് ചെങ്കുത്തായ പാറക്കെട്ടാണെന്നും കണ്ടെത്തി. കെട്ടിടംപണി നിർത്തിവെച്ച്, ഭൂമി തിരിച്ചെടുക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും വിജിലൻസ് സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ഈ ഭൂമി സംബന്ധിച്ച് വീണ്ടും വിവാദങ്ങൾ ഉയർന്നതിനെത്തുടർന്നാണ്, സബ്കളക്ടർ ഇവിടെ റീസർവേ നടത്താൻ ചൊവ്വാഴ്ച ഉത്തരവിട്ടത്.

അനധികൃതമായതിനാൽ രഹസ്യമായാണ് ഉദ്ഘാടനത്തിനു നീക്കം നടത്തുന്നത്. പ്രമുഖ വ്യവസായിയുടെതാണു റിസോർട്ട്. തേയിലപ്പട്ടയമുള്ള 55 സെന്റ് സ്ഥലത്തിന്റെ രേഖകൾ റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുരയിടം എന്നു തരം മാറ്റിയ ശേഷമായിരുന്നു നിർമ്മാണം. തണ്ടപ്പേരിലും ക്രമക്കേട് നടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് രാഷ്ട്രീയ ഇടപെടലുകൾ മൂലം പൂഴ്‌ത്തുകയായിരുന്നു. പിന്നീട് രഹസ്യമായാണ് നിർമ്മാണജോലികൾ നടത്തിയത്.

പല ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയായിരുന്നു നടപടി. അവസാന മിനുക്കുപണികൾ പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ ഉദ്ഘാടനം നടത്താനാണു പദ്ധതി. അതീവ പരിസ്ഥിതി ദുർബല മേഖലയായ ഇവിടം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശമാണെന്ന് നിരവധി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാനെത്തുമ്പോൾ കുടിയേറ്റക്കാരുടെ പേരു പറഞ്ഞ് ദൗത്യങ്ങൾക്കു തടയിടുകയാണ് രാഷ്ട്രീയക്കാർക്കു പങ്കും പങ്കാളിത്തവുമുള്ള ഭൂമാഫിയ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP