Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിൽ മുഖ്യമന്ത്രി യോഗം വിളിച്ചത് സി.പി.എം-സിപിഐ പോര് മൂർച്ഛിച്ചതിന്റെ തെളിവ്; അനുനയത്തിന് വഴങ്ങാതെ ശ്രീറാമും റവന്യൂ വകുപ്പും മുന്നോട്ടുപോകുമ്പോൾ ഇനി നടപടി ചിന്നക്കനാലിലെ വമ്പന്മാർക്കെതിരെ; സ്പിരിറ്റ് ഇൻ ജീസസിന്റെ പേരിലെ കയ്യേറ്റവും ഒഴിപ്പിക്കും

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിൽ മുഖ്യമന്ത്രി യോഗം വിളിച്ചത് സി.പി.എം-സിപിഐ പോര് മൂർച്ഛിച്ചതിന്റെ തെളിവ്; അനുനയത്തിന് വഴങ്ങാതെ ശ്രീറാമും റവന്യൂ വകുപ്പും മുന്നോട്ടുപോകുമ്പോൾ ഇനി നടപടി ചിന്നക്കനാലിലെ വമ്പന്മാർക്കെതിരെ; സ്പിരിറ്റ് ഇൻ ജീസസിന്റെ പേരിലെ കയ്യേറ്റവും ഒഴിപ്പിക്കും

ഇടുക്കി: മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിൽ ഭരണമുന്നണിയിലെ പ്രമുഖ പാർട്ടികൾ തമ്മിലുള്ള പോര് മൂർച്ഛിക്കുന്നു. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മുന്നിൽ നിർത്തി ശക്തമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടികളുമായി റവന്യൂ വകുപ്പും സി. പി. ഐയും മുമ്പോട്ടുപോകുമ്പോൾ നഷ്ടം തങ്ങൾക്കാണെന്ന തിരിച്ചറിവിലാണ് സി. പി. എം തോളിലിരുന്ന ചെവി തിന്നുന്ന ശൈലിയാണ് സി. പി. ഐയുടേതെന്നാണ് സി. പി. എമ്മിലെ പ്രമുഖ നേതാക്കളുടേത്.

ഗത്യന്തരമില്ലാതെ പ്രശ്‌നത്തിലിടപെടാൻ ഒടുവിൽ മുഖ്യമന്ത്രിതന്നെ നേരിട്ട് ഇറങ്ങേണ്ടിവന്നു. കയ്യേറ്റമൊഴിപ്പിക്കൽ വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരാൻ നിശ്ചയിച്ചിട്ടുണ്ട്. സബ് കലക്ടറുടെ നടപടിക്ക് തടയിടാൻ സി. പി. എമ്മിന് കഴിയാതെ വന്നതിന്റെയും ഇരുപാർട്ടികൾക്കുമിടയിൽ മൂന്നാർ പ്രശ്‌നം ഉയർത്തിയിരിക്കുന്ന കലഹത്തിന്റെയും അനന്തരഫലമാണ് പിണറായി വിജയന്റെ ഇടപെടലെന്നു നിരീക്ഷിക്കപ്പെടുന്നു.

മുഖ്യമന്ത്രിയും കലക്ടറും ഉൾപ്പെടെയുള്ളവർ മൂന്നാർ പ്രശ്‌നത്തിൽ യോഗം വിളിച്ചിരിക്കുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കൽ നടപടികൾ അതിനുശേഷം മതിയെന്നാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇന്നാണ് കലക്ടർ യോഗം വിളിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച സബ് കലക്ടറുടെ നേതൃത്വത്തിൽ ദേവികുളത്ത് യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. വ്യാപകമായ നിലയിൽ സർക്കാർ ഭൂമി കയ്യേറിയിരിക്കുന്ന ചിന്നക്കനാൽ പഞ്ചായത്തിലെ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ സബ് കലക്ടർ തീരുമാനിച്ചിരുന്നു. ആദ്യപടിയായി സ്പിരിറ്റ് ഇൻ ജീസസ് എന്ന മതസംഘടനയുടെ പേരിൽ പാപ്പാത്തിച്ചോലയിൽ നടത്തിയ കയ്യേറ്റമൊഴിപ്പിക്കാനാണ് ആലോചിച്ചിരുന്നത്. വിവിധ തലങ്ങളിലെ യോഗങ്ങൾക്കുശേഷം അടുത്ത തിങ്കളാഴ്ചയ്ക്കുശേഷമേ നടപടികൾ പുനരാരംഭിക്കൂ. വെള്ളയാഴ്ച മുഖ്യമന്തിയുടെ യോഗത്തിനുശേഷം പിറ്റേന്ന് കലക്ട്രേറ്റിൽ വീണ്ടും ജില്ലാതല യോഗവും ചേരുന്നുണ്ട്.

മൂന്നാർ മേഖലയിലെ നിരവധി കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുത്തതോടെയാണ് സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ സി. പി. എമ്മിന്റെയും ഭൂമാഫിയയുടെയും കണ്ണിലെ കരടായത്. അച്യുതാന്ദൻ മുഖ്യമന്ത്രി ആയിരിക്കേ നടത്തിയ കയ്യേറ്റമൊഴിപ്പിക്കൽ വരെ അട്ടിമറിച്ച ഭൂമാഫിയ ശ്രീറാം വെങ്കിട്ടരാമന്റെ നീക്കങ്ങളെ തുടക്കത്തിൽ ലാഘവബുദ്ധിയോടെയാണ് കണ്ടത്. എന്നാൽ ഭൂമാഫിയയുടെ അടിവേരറുക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്നു ബോധ്യപ്പെട്ടതോടെ സബ് കലക്ടർക്കെതിരെ രംഗത്തെത്തിയെങ്കിലും ഫലം കണ്ടില്ല. സി. പി. എം നേതൃത്വത്തിൽ സബ് കലക്ടറർക്കെതിരെ സത്യഗ്രഹം ഉൾപ്പെടെയുള്ള സമരങ്ങളും കയ്യേറ്റശ്രമവുമുണ്ടായി. സബ് കലക്ടറെ സ്ഥലം മാറ്റണം എന്നതായിരുന്നു ആവശ്യം.

എന്നാൽ വകുപ്പ് ഭരിക്കുന്ന സി. പി. ഐ ശ്രീറാമിന് ശക്തമായ നിലപാടുമായി ഉറച്ചുനിന്നു. മുന്നണിയിലെ പ്രമുഖനായ മന്ത്രി എം. എം മണി സബ് കലക്ടർക്കെതിരെ നിലപാടെടുത്തുവെങ്കിലും വിലപ്പോയില്ല. ഉദ്യോഗസ്ഥനെതിരെയുള്ള സി. പി. എം ഇടപെടലുകൾ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതാണെന്ന ധ്വനികൾ മാധ്യമങ്ങളിലൂടെയുമുണ്ടായി. ഈ ഘട്ടത്തിൽ ഏതെങ്കിലും കാരണവശാൽ ശ്രീറാമിന് സ്ഥലംമാറ്റമുണ്ടായാൽ ജനവികാരം ഭരണമുന്നണിക്ക് എതിരാകുമെന്ന വിലയിരുത്തലും ശക്തമായി. എം. എം മണി ഉൾപ്പെടെയുള്ളവർക്ക് ഏതെങ്കിലും തരത്തിൽ ഉദ്യോഗസ്ഥനെ നിയന്ത്രിക്കാൻ കഴിയാതെ വന്നത് സി. പി. എമ്മിന് കുറച്ചിലുമായി.

ശ്രീറാമിന്റെ നേതൃത്വത്തിൽ നടക്കുന്ന കയ്യേറ്റമൊഴിപ്പിക്കൽ ഒരുതരത്തിലും ഭരണത്തേയോ, സാധാരണ ജനജീവിതത്തെയോ ബാധിക്കുന്നതല്ലെന്നു മാത്രമല്ല, സർക്കാരിനും പ്രകൃതിയുടെ നിലനിൽപിനും സഹായകവുമാണ്. മുഖ്യമന്ത്രി ഇടപെടേണ്ട ക്രമസമാധാന പ്രശ്‌നത്തിലേക്കോ, ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലേക്കോ വിഷയം മാറിയിട്ടില്ല്. എങ്കിലും മുഖ്യമന്ത്രി ഇടപെടുന്നത് ഇടുക്കിയിലെ സി. പി. എം നേതൃത്വത്തിന്റെ പ്രതിഷേധം കടുത്തതായതിനാലും ഇത്തരമൊരു സാഹചര്യത്തിൽ ഇരുപാർട്ടിക്കും ഇടയിൽ വീണ വിള്ളൽ പരിഹരിക്കാനുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദേവികുളത്ത് സർക്കാർ ഭൂമി കയ്യേറി പണിത അനധികൃത ഷെഡ് പൊളിക്കാൻ എത്തിയ ശ്രീറാമിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘത്തെ സി. പി. എം തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. സബ് കലക്ടറുടെ ആവശ്യപ്രകാരം സ്ഥലത്തെത്തിയ പൊലിസ് പക്ഷേ, നടപടിയെടുക്കാൻ തയാറായില്ല. ഇക്കാര്യത്തിൽ പൊലിസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന പരാതിയിൽ അന്വേഷണം നടത്തിയ ജില്ലാ പൊലിസ് മേധാവി കെ. ബി വേണുഗോപാൽ, പൊലിസിന് വീഴ്ചയുണ്ടായില്ലെന്ന റിപ്പോർട്ടാണ് കലക്ടർ ജി. ആർ ഗോകുലിന് നൽകിയത്. എന്നാൽ കലക്ടർ റിപ്പോർട്ട് അംഗീകരിച്ചില്ല. സ്വമേധയാ അന്വേഷണം നടത്താൻ തീരുമാനിക്കുകയും സബ് കലക്ടറുടെ സുരക്ഷയ്ക്ക് പൊലീസ് സംഘത്തെ നിയോഗിക്കാൻ ജില്ലാ പൊലിസ് മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം ഇപ്പോൾ ഏഴ് പൊലിസുകാരെ റവന്യൂ സംഘത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എന്നാൽ 20 പേരെയെങ്കിലും നിയോഗിക്കണമെന്നു കലക്ടർ നിർദേശിച്ചിട്ടുണ്ട്.

ചിന്നക്കനാൽ മേഖലയിലേക്ക് നടപടി നീക്കാനുള്ള സബ് കലക്ടറുടെ തീരുമാനം സി. പി. എമ്മിലെ ചില പ്രമുഖർക്ക് കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്. മന്ത്രി എം. എം മണിയുടെ സഹോദരൻ എം. എം ലംബോധരൻ ഇവിടെ സർക്കാർ ഭൂമി കയ്യേറി മറിച്ചു വിറ്റുവെന്ന ആരോപണമുണ്ട്. സി. പി. എം ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി. എക്‌സ് ആൽബിനും ആരോപണ വിധേയനാണ്. ആൽബിന്റെ നേതൃത്വത്തിൽ ചിന്നക്കനാലിൽ നൂറുകണക്കിന് ഏക്കർ ഭൂമി കൈവശപ്പെടുത്തി പലർക്കായി മറിച്ചു കൊടുത്തുവെന്നാണ് പരാതിയുള്ളത്. ഇക്കാര്യങ്ങളിൽ സബ് കലക്ടർ നടപടിയുണ്ടാകുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് സി. പി. എം നേതൃത്വം വിലയിരുത്തുന്നത്. പാപ്പാത്തിച്ചോലയിൽ ടോമി സക്കറിയ എന്നയാളുടെ നേതൃത്വത്തിലാണ് സ്പിരിറ്റ് ഇൻ ജീസസ് എന്ന മതസംഘടനയുടെ പേരിൽ ഏക്കർ കണക്കിന് ഭൂമി കയ്യേറിയത്. കയ്യേറ്റഭൂമിയിൽ കുരിശ് സ്ഥാപിച്ചിട്ടുണ്ട്.

ഇയാളുടെ സഹോദരൻ ജിമ്മി സക്കറിയ വ്യാപകമായി ഭൂമി കയ്യേറിയതായി റവന്യൂ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമേയാണ് എസ്. രാജേന്ദ്രൻ എംഎൽഎയുടെ വീട് കയ്യേറ്റഭൂമിയിൽ വ്യാജപട്ടയത്തിലാണെന്ന റിപ്പോർട്ട് വന്നത്. ഇവയ്‌ക്കൊക്കെ എതിരെ നടപടിയുണ്ടായാൽ സി. പി. എമ്മിന് കനത്ത ആഘാതമാകും ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർക്കുന്ന യോഗം സർക്കാർ ഭൂമി കയ്യേറിയവരെ സബ് കലക്ടറുടെ നടപടിക്ക് പിന്തുണ നൽകാനോ, അതോ ഒഴിപ്പിക്കൽ നടപടി മരവിപ്പിക്കാനോ എന്നേ അറിയേണ്ടതുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP