Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചുരുളഴിയാത്ത നിഗൂഢതകൾ നിറഞ്ഞ ഭൂതകാലം; ഭക്ഷണവും വസ്ത്രങ്ങളുമില്ലാതെ സ്വയം തീർത്ത നാല് വർഷത്തെ ഏകാന്ത തടവറ; സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരവിന് ഒടുവിൽ വൈദ്യശാസ്ത്രത്തെയും തോൽപ്പിച്ച് മരണത്തിനു കീഴടങ്ങൽ: തിരുന്നെല്ലി കാട്ടുനായ്ക കോളനിയിലെ ഒരു യുവാവിന്റെ ജീവിതകഥ

ചുരുളഴിയാത്ത നിഗൂഢതകൾ നിറഞ്ഞ ഭൂതകാലം; ഭക്ഷണവും വസ്ത്രങ്ങളുമില്ലാതെ സ്വയം തീർത്ത നാല് വർഷത്തെ ഏകാന്ത തടവറ; സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരവിന് ഒടുവിൽ വൈദ്യശാസ്ത്രത്തെയും തോൽപ്പിച്ച് മരണത്തിനു കീഴടങ്ങൽ: തിരുന്നെല്ലി കാട്ടുനായ്ക കോളനിയിലെ ഒരു യുവാവിന്റെ ജീവിതകഥ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അന്തരിച്ച സുരേഷ് എന്ന ആദിവാസി യുവാവിന്റെ ജീവിതം തീർത്തും വ്യത്യസ്തവും നൊമ്പരപ്പെടുത്തുന്നതുമാണ്. ഒരു കാലത്ത് കൂലിപ്പണി ചെയ്ത് ഒരു കടുംബത്തെ മുന്നോട്ടു കൊണ്ടു പോയിരുന്ന ചുറുചുറുക്കുള്ള യുവാവായിരുന്നു സുരേഷ്. എന്നാൽ കുടകിൽ ഇഞ്ചി കൃഷി ചെയ്യുന്നിടങ്ങളിൽ കൂലിപ്പണിക്കായി പോയ സുരേഷ് മടങ്ങിയെത്തിയത് തീർത്തും വ്യത്യസ്തനായാണ്. അതുവരെ എല്ലാവരോടും സ്‌നേഹത്തോടു പെരുമാറിയിരുന്ന സുരേഷ് സ്വയം തീർത്ത ഒരു തടവറയിലേക്ക് ഒതുങ്ങി. ഒരു മുറിക്കുള്ളിൽ പുറത്തിറങ്ങാതെയുള്ള ഏകാന്തവാസം. ഭക്ഷണം പോലും ഉപേക്ഷിച്ച് വെള്ളവും ബീഡിയും മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ചിലരുടെ ഇടപെടലുകളെ തുടർന്ന് വിദഗ്ധ ചിക്ത ലഭിച്ചതോടെ സുരേഷ് പിതയെ ജീവിതത്തിലേക്ക് മടങ്ങി വന്നു എന്നാൽ തന്റെ ജവിതത്തിൽ സംഭവിച്ചത് എന്തെന്ന് പറയാൻ മാത്രം ഈ യുവാവ് തയാറായിരുന്നില്ല. ആ രഹസ്യം രഹസ്യമായി തന്നെ ഇപ്പോഴും അവശേഷിക്കുന്നു.

ബീഡിയും വെള്ളവും മാത്രമായ് സ്വയം തീർത്ത വീട്ടു തടവറയിൽ 4 വർഷമായ് ഏകാന്തവാസം :

വയനാട്ടിലെ ഭൂരിപക്ഷ ആദിവാസി മേഖലയായ തിരുനെല്ലി പഞ്ചായത്തിലെ നാരങ്ങാക്കുന്ന് കാട്ടുനായിക്ക കോളനിയിലാണ് നാടിനെയും നാട്ടുകാരെയും ഒരുപോലെ നൊമ്പരപ്പെടുത്തിയും അത്ഭുത പെടുത്തിയും 30 വയസുള്ള സുരേഷ് എന്ന ആദിവാസി യുവാവ് സ്വയം തീർത്ത വീട്ടു തടവറയിൽ കഴിഞ്ഞിരുന്നത്. കുറുമ വിഭാഗത്തിൽ പെട്ട യുവാവ് ചെറുപ്പം മുതൽത്തന്നെ കൂലിപ്പണി എടുത്താണ് ജീവിതം മുന്നോട്ട് കൊണ്ടു പോയിരുന്നത്. പ്രദേശവാസികളോട് ഏറെ അടുപ്പവും സ്നേഹവും കാണിക്കുമായിരുന്ന ഇയാൾ നാട്ടിലെ കായിക മത്സരങ്ങളിൽ സാംസ്കാരിക പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു. 4 വർഷങ്ങൾക്ക് മുൻപ് പതിവ് പോലെ കുടകിൽ ഇഞ്ചി കൃഷിയിൽ കൂലിപ്പണിക്കായ് വീട്ടിൽ നിന്ന് പോകുകയായിരുന്നു.

എന്നാൽ പതിവിൽ നിന്നും വിപരീതമായി 4 മാസങ്ങൾ കഴിഞ്ഞാണ് സുരേഷ് വീട്ടിൽ വന്നത്. രാത്രി ഏറെ വൈകി നാരങ്ങാക്കുന്ന് കോളനിയിലുള്ള വീട്ടിൽ കയറി വന്ന അയാൾ ഏറെ ക്ഷീണിതനായിരുന്നു എന്ന് അമ്മ ഓർക്കുന്നു. പലപ്പോഴും നിവർന്നു നിൽക്കാൻ പോലും സാധിക്കാതിരുന്ന അയാൾ ഭക്ഷണം പോലും കഴിക്കാതെ വീട്ടിലെ ഒരു മുറിയിൽ കയറി വാതിലടച്ചു. പക്ഷെ രാത്രി ഏറെ വൈകിയും സംസാരവും, പാട്ടും കരച്ചിലുമെല്ലാം ആ റൂമിൽ നിന്നും കേൾക്കാമായിരുന്നുവെന്ന് അമ്മ പറയുന്നു. അടുത്ത ദിവസം എത്ര ചോദിച്ചിട്ടും ആരോടും ഇയാൾ കാര്യങ്ങൾ ഒന്നും സംസാരിച്ചിരുന്നില്ല. ആ രാത്രിയിൽ തുടങ്ങി പിന്നീടിങ്ങോട്ട് വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ശുചിമുറികൾ പോലുമില്ലാത്ത ആ ഇരുണ്ടറകൾ നിറഞ്ഞ വീട്ടിൽ സ്വയം തീർത്ത തടവിലാണ്. 5 സഹോദരങ്ങളും ഒരു സഹോദരിയുമുണ്ടെങ്കിലും 90 ലേറെ വയസുള്ള എഴുനേറ്റു നടക്കാൻ പോലും കഴിയാത്ത ദേവി എന്ന് പേരായ അമ്മ മാത്രമാണ് ഇപ്പോൾ കൂട്ടിനുള്ളത്. അച്ഛൻ മുൻപ് തന്നെ മരണപ്പെട്ടതാണ്.

അന്ധവിശ്വാസങ്ങൾ ഏറെയുള്ള ആദിവാസി സമൂഹമായതിനാൽ തന്നെ സുരേഷിന്റെ കാര്യങ്ങൾ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി വച്ചിരിക്കുകയായിരുന്നു ബന്ധുക്കൾ. എന്നാൽ ചുറു ചുറുക്കുള്ള ആരോഗ്യവാനായിരുന്ന ഒരു യുവാവ് ഒരു വീട്ടിനുള്ളിൽ വർഷങ്ങളായ് കഴിയുകയാണെന്ന വാർത്ത പുറത്തറിയുകയും പലതരം കഥകൾ പ്രചരിക്കുകയും ചെയ്തു. സുരേഷിന്റെ ശരീരത്തിൽ ദൈവം കയറിയിട്ടുണ്ടെന്നും, ദൈവ വിളിയാണെന്നും, മാനസിക രോഗമാണെന്നും, എന്തോ കണ്ടു ഭയന്ന് ഷോക്ക് ആയതാണെന്നും, അപകടം സംഭവിച്ചതാണെന്നും അങ്ങനെ പല പ്രചാരണങ്ങളും നാട്ടിലുണ്ടായ്. ഓരോ നിമിഷവും അയാളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതായ് തനിക്ക് മനസിലായിട്ടുണ്ടെന്നു അമ്മ ദേവി പറയുന്നു. ആദ്യമൊക്കെ വീട്ടിൽ കയറി ഭക്ഷണം നൽകാമായിരുന്നു എങ്കിൽ പിന്നീട് ജനാല വഴി നൽകേണ്ട അവസ്ഥയിലേക്ക് എത്തുകയായിരുന്നു. ഭക്ഷണം കഴിക്കാൻ പൊതുവെ വിസമ്മതിച്ചിരുന്ന സുരേഷ് കഴിഞ്ഞ ഒരു വർഷത്തോളമായ് പേരിനു മാത്രമാണ് ഭക്ഷണം കഴിക്കുന്നത്.

കുടകിൽ നിന്നും തിരിച്ചെത്തിയ രാത്രി തുടങ്ങി ആയിരക്കണക്കിന് പാക്കറ്റ് ബീഡി വലിച്ചിട്ടുണ്ട് ഈ യുവാവ്. ഭക്ഷണത്തേക്കാൾ ബീഡി വലിയാണിവന് എന്ന് അമ്മ പറയുന്നു. ഒരാൾ വർഷങ്ങളായ് പുറത്തിറങ്ങാതെ വീട്ടിൽ കഴിയുന്നു എന്ന വാർത്ത അറിഞ്ഞു വന്ന ആളുകളോട് സുരേഷിന്റെ പ്രകൃതം മാറുകയും ജാനാല വഴി നോക്കുന്നവരെപ്പോലും ആക്രമിക്കാൻ വരുമെന്ന അവസ്ഥയിലുമായി. പല പ്രാവശ്യം വൈദ്യ സഹായം ഉൾപ്പെടെ നൽകാൻ പ്രദേശവാസികളുൾപ്പെടെ എത്തിയെങ്കിലും അവരെയെല്ലാം ആക്രമിച്ചു ഓടിക്കുകയായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. സഹോദരന്മാരിൽ ഒരാൾക്ക് സർക്കാർ നൽകിയ വീട്ടിലായിരുന്നു സുരേഷിന്റെ ഏകാന്ത വാസം. എന്നാൽ ശുചി മുറികൾ ഒന്നും തന്നെയില്ലാത്ത ഈ മുറിക്കുള്ളിൽ തന്നെയാണ് പ്രാഥമിക കാര്യങ്ങളും ഇയാൾ നിർവഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ ദുർഗന്ധവും ഈച്ചയും നിറഞ്ഞ് ദയനീയമായ അവസ്ഥ.

ഭ്രാന്തനാക്കിയും, പിശാചിന്റെ സന്തതിയാക്കിയും, ദൈവമാക്കിയും പലതരം കഥകൾ പ്രചരിക്കുന്നു:

മനുഷ്യരെ കാണുമ്പോൾ പലരീതികളിൽ പെരുമാറിവരുന്നതിനാലും, ഏകാന്ത തടവറയിൽ ഭക്ഷണവും വസ്ത്രങ്ങളുമില്ലാതെ കഴിഞ്ഞിരുന്നതിനാലും അന്ധവിശ്വാസങ്ങൾ ഏറെയുള്ള കുറുമ വിഭാഗത്തിൽ പെട്ട ബന്ധുക്കൾ സുരേഷിന് ദൈവ വിളിയാണെന്നും, ദൈവം ആ ശരീരത്തിനുള്ളിൽ കയറിയതാണെന്നുമൊക്കെ വിശ്വസിച്ചിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ കഥകളായിരുന്നു നാട്ടിൽ പ്രചരിച്ചിരുന്നത്. അയാൾ ഭ്രാന്തനാണെന്നും, മാനസികാസ്വാസ്ഥ്യമാണെന്നും കഥകൾ പ്രചരിപ്പിച്ചു.

അതിൽ ഏറ്റവും ദുരൂഹതയേറിയ ഒരു കഥ ഇങ്ങനെ, കുടകിൽ കൂലിപ്പണിക്കായ് പോയ സുരേഷ് അവിടത്തെ പ്രധാനിയായ ഒരാളുടെ മകളുമായ് പ്രണയത്തിലായ്. തുടർന്ന് ഇക്കാര്യം അറിഞ്ഞ കുടകൻ (പെൺകുട്ടിയുടെ പിതാവ് ) പ്ണയം ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാൻ സുരേഷിനെ ഭീഷണിപ്പെടുത്തി. എന്നാൽ ഇത് ചെവിക്കൊള്ളാതെ പ്രണയം തുടർന്ന സുരേഷ് ആ പെൺകുട്ടിയെ കാണാൻ പോകുന്നതു അയാൾ കാണുകയും മാരകമായി മർദ്ധിച്ച് കേരള കർണ്ണാടക അതിർത്തിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. രണ്ടു ദിവസം കാട്ടിൽ കിടന്ന ഇയാളെ കണ്ട നാട്ടുകാർ ആരോ പിന്നീട് കാട്ടികുളത്തെ വീട്ടിൽ രാത്രി കൊണ്ടുവന്നു വിടുകയായിരുന്നെത്രേ. തുടർന്ന് വീട്ടിൽ കയറി സ്വയം തടങ്കലിലാകുകയായിരുന്നു.

ബീഡി കിട്ടിയില്ലെങ്കിൽ പലപ്പോഴും സ്വബോധം മറന്നു അക്രമകാരി ആകാറുണ്ട്. ആരോഗ്യ ദൃഡഗാത്രനായിരുന്ന അയാളിൽ ഏകാന്ത വാസവും ലഹരി ഉപയോഗവും, വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളും ഒരുപാട് മാറ്റങ്ങൾ വരുത്തി. താടിയും മുടിയും വളർന്നു കണ്ണുകൾ ആഴങ്ങളിലേക്ക് പോയി. ലഹരിയുടെ കറകൾ അടിഞ്ഞു പല്ലും വായും ദ്രവിച്ചു കൊണ്ടേയിരിക്കുന്നു. വീടിന്റെ ചുമരുകളിലും വാതിലുകളിലും നിലത്തുമെല്ലാം മനോഹരമായ ചിത്രങ്ങൾ വരച്ചു വച്ചിരന്നു സുരേഷ്. എല്ലാ ചിത്രങ്ങളും ഏതോ ഒരു പെൺ കുട്ടിയുടേത് എന്ന് തോന്നിപ്പിക്കും വിധം ജീവസ്സുറ്റതാണ്. മുഖവും കണ്ണുകളും സമാനതയുള്ളത്. ചിത്രങ്ങളിലെ പെൺ കുട്ടിയുടെ വസ്ത്രങ്ങളും, വസ്ത്രാധാരണവും കുടകിലെ സ്ത്രീകളുടെതിനു സമാനമായുള്ളതാണ്. ബീഡി കുറ്റികളും, കരിയും, കല്ലും ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത്. നഷ്ട പ്രണയമാണ് സുരേഷിനെ ഈ അവസ്ഥയക്ക് കാരണമെന്ന് ചിലരെങ്കിലും വിശ്വസിക്കാൻ കാരണം ഇതാണ്.

അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങുന്നു :

സുരേഷിന്റെ ജീവിത കഥകൾ കോളനി ചുമരുകളിക്കിടയിൽ നിന്നും ലോകത്തെ അറിയിക്കുകയും, ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ ശ്രീജിത്ത് പെരുമന പറയുന്നു .

പ്രദേശ വാസികളായ രണ്ടു യുവാക്കൾ വന്ന് രഹസ്യമായി കാര്യങ്ങൾ വിശദീകരിച്ചു, സുരേഷിന്റെ ജീവൻ അപകടത്തിലാണ് എത്രയും പെട്ടന്ന് എന്തെങ്കിലും ചെയ്യണം. ഒട്ടും അമാന്തിക്കാതെ അവിടെയെത്തിയ ഞാൻ കണ്ടത് വാതിലുകളും ജനാലകളും എല്ലാം അടഞ്ഞു കിടന്നിരുന്ന ഒരു വീട്. ആരും ആ വീടിന്റെ പരിസരത്തു പോലും ഇല്ല. തൊട്ടടുത്തുള്ള വീട്ടിൽ അന്വേഷിച്ചപ്പോൾ രോഗിയായ സുരേഷിന്റെ സഹോദരിയുടെ വീടാണെന്നു മനസിലായി. എന്നാൽ സുരേഷിനെ ഒന്ന് കാണാൻ വന്നതാണ് എങ്ങെനെയെങ്കിലും ചികിത്സ നല്കണം എന്ന് പറഞ്ഞപ്പോഴേക്കും അവർ പറഞ്ഞു.

ഞങ്ങൾക്ക് ഭയമാണ് അങ്ങൊട്ട് വരാൻ. നിങ്ങൾ പോയി നോക്കികൊള്ളൂ ആ ജനൽ തുറന്നാൽ മതി. മൂന്നു റൂമുകളുള്ള വീടിന്റെ ജനാലകൾ ഓരോന്നായി ഞാൻ തുറന്നെങ്കിലും ആരെയും കണ്ടില്ല ഒടുവിൽ പുറകിലായുള്ള റൂമിന്റെ ജാനാല തുറന്നതും ചെറിയ ഒരു ഞരക്കം കേട്ടു. ജനാലയ്ക്കു അടുത്തായ് കിടക്കുന്ന ഒരാൾ തൊട്ടടുത്തായ് ബീഡിയും തീപ്പെട്ടിയുമുണ്ട്. അതിനടുത്തായ് ഒരു പാത്രത്തിൽ വെള്ളവും. ഞാൻ സംസാരിക്കാൻ ശ്രമിച്ചെങ്കിലും മറുപടികൾ ഒന്നുമില്ല. മനുഷ്യ വിസർജ്ജത്തിന്റെ ദുർഗന്ധം രൂക്ഷമായ് വമിക്കുന്നുണ്ടായിരുന്നു അപ്പോൾ. ബീഡിയും വെള്ളവും എല്ലാം സൂക്ഷിച്ചിരുന്നത് ആ വിസർജ്യത്തിലായിരുന്നു. വാതിൽ തുറന്നു അകത്തു കയറിയാൽ ഉപദ്രവിക്കും എന്ന് പറഞ്ഞെങ്കിലും നിർബന്ധമായും അകത്തു കയറിയ ഞാൻ കണ്ടത് കക്കൂസിനേക്കാൾ മലിനമായ റൂമുകൾ ആണ് . അതിൽ ഒന്നിൽ കിടക്കുന്ന സുരേഷ് വളരെ ക്ഷീണിതനാണ്.

ആക്രമിച്ച് പുറത്തിറക്കണം എന്നുണ്ട്. പക്ഷെ പുതപ്പിനുള്ളിൽ പൊതിഞ്ഞു വച്ച ശരീരം അതിനു സമ്മതിക്കുന്നില്ല. നാല് വർഷക്കാലത്തെ ഈ ഏകാന്തവാസം അദ്ദേഹത്തെ മാനസികമായും ശാരീരികമായും തളർത്തിയിരിക്കുന്നു. കാര്യങ്ങൾക്കൊന്നും വ്യക്തതയില്ല. രോഗ നിർണ്ണയമോ ചികിത്സയോ ഇല്ല, കിടക്കുന്നിടത്ത് തന്നെ മലമൂത്ര വിസർജ്യം നടത്തി കൂട്ടിലടയ്ക്കപ്പെട്ട മൃഗ തുല്യമായ് ഏകാന്തതയിൽ പുറം ലോകം കാണാതെ ഒരു യുവാവ്. സംരക്ഷിത ആദിവാസി വിഭാഗമായ കാട്ടുനായിക്കരിൽ പെട്ടതാണ് ഇദ്ദേഹം. ഒരു വർഷം മുൻപ് സ്ഥിതി വഷളായതിനാൽ കോഴിക്കോട് ചികിത്സക്കായ് കൊണ്ടുപോയിരുന്നെന്നും അപ്പോൾ അടിയന്തിരമായി തലയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ സഹായത്തിന് ആരുമില്ലാത്തതിനാൽ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു എന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. തലയില ശരീരത്തിലും മാരകമായ പരിക്ക് ഉണ്ടെന്നു തന്നെയാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഏറ്റവും അടിയന്തരമായി ഈ യുവാവിനു വൈദ്യ സഹായം ലഭ്യമാക്കി കക്കൂസിനേക്കാൾ മലിനമായ ഏകാന്ത വീട്ടു തടവറയിൽ നിന്നും മോചിപ്പിച്ചില്ലെങ്കിൽ ജീവന തന്നെ അപകടത്തിലാകും എന്നതിൽ തർക്കമില്ല. ആദിവാസി ക്ഷേമത്തിനും ചികിത്സയ്ക്കും മറ്റുമായി കോടികൾ പോടിക്കുമ്പോഴും സുരേഷിനെ പോലുള്ളവർ മരണം കാത്തു കിടന്നു ഇരുട്ടിൽ തപ്പുകയാണ്. സുരേഷിന്റെ ദയനീയാവസ്ഥ മനസിലാക്കിയ അന്ന് തന്നെ അധികാരികൾക്ക് പരാതികൾ നൽകുകയും ചെയ്തു.'

ഒടിവിൽ സർക്കാർ സംവിധാനങ്ങളുടെ കണ്ണ് തുറന്നു. മരണത്തിനും ജീവിതത്തിനുമിടയിലെത്തിയ സുരേഷിനെ തിരുനെല്ലി പൊലീസിന്റെ നേതൃത്വത്തിൽ അധികൃതർ വീട്ടിലെത്തി ശരീരം വൃത്തിയാക്കി വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷം ബന്ധുക്കൾ ആരും കൂടെ നിൽക്കുന്നതിനു തയ്യാറാകാത്തതിനാൽ കോടതിയിൽ ഹാജരാക്കി കോടതിയുടെ നിർദ്ദേശപ്രകാരം ഒരു സഹോദരനെയും ഒപ്പം കൂട്ടി കോഴിക്കോടുള്ള കുതിരവട്ടം മാനസിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആറുമാസക്കാലം വിദഗ്ധ ചിക്തസയിലൂടെയും കൗൺസിലിംഗിലൂടെയും സുരേഷ് എന്ന ചെറുപ്പക്കാരൻ പതിയെ ജീവിതത്തിലേക്ക് തിരികെ വന്നു. നാരങ്ങാക്കുന്നു കോളനിയിലെ സഹോദരന്റെ വീട്ടിൽ തിരികെയെത്തിയപ്പോഴും കുടകിൽ വച്ച് തനിക്ക് എന്ത് സംഭവിച്ചു എന്നതിന് മാത്രം വ്യക്തമായി ഒന്നും ഓർക്കാൻ സാധിക്കുന്നില്ല എന്നാണു സുരേഷ് മറുപടി പറയാറുള്ളത്.

കോളനിയിലെ വീട്ടിലെത്തി സുരേഷിനെ കണ്ട ശ്രീജിത്ത് പെരുമന താനാണ് ആശുപത്രിയിൽ കൊണ്ടുപോയത് എന്ന് പറഞ്ഞപ്പോൾ രൂകഷമായി നോക്കി എന്നിട്ട് അല്പം നീരസത്തോടെ, സുരേഷ് ഇങ്ങനെ പറഞ്ഞു ഭ്രാന്താശുപത്രിയിലേക്കല്ലേ . അത് വെറുതെ ഒരു ചെക്കപ്പിന് കൊണ്ടുപോയതാണ് എന്ന് പറഞ്ഞു സുഖവിവരങ്ങൾ ആരാഞ്ഞു തിരികെ നടക്കുമ്പോൾ മാസങ്ങൾക്കു മുൻപ് അന്ധവിശ്വാസങ്ങളിലമർന്നു ഇഞ്ചിഞ്ചായി മരണത്തിലേക്ക് നടന്നു നീങ്ങുന്ന യുവാവിന്റെ ഭയപ്പെടുത്തുന്ന രൂപമായിരുന്നു മനസ്സ് നിറയെ എന്ന് ശ്രീജിത്ത് പെരുമന പറയുന്നു.

ഒടുവിൽ വൈദ്യശാസ്ത്രത്തെയും തോൽപ്പിച്ച് മരണത്തിനു മുൻപിൽ കീഴടങ്ങി:

നാല് ചുമരുകൾക്കുള്ളിലെ ഏകാന്ത വാസത്തിൽ നിന്നും മോചിക്കപ്പെട്ടിരുന്നു എങ്കിലും, ചികിത്സകൾ തുടരുമ്പോഴും തനിക്ക് സംഭവിച്ചതെന്താണെന്ന് ഓർമ്മിച്ചെടുക്കാൻ സുരേഷിന് സാധിച്ചിരുന്നില്ല. അല്ലെങ്കിൽ അത് മനഃപൂർവം ആരോടും പറയാൻ അയാൾ തയ്യാറായിരുന്നില്ല. ഒരുപാട് പ്രതീക്ഷകളും, സ്വപ്നങ്ങളും ബാക്കിയാക്ക്ി വൈദ്യശാസ്ത്രത്തെയും തോൽപ്പിച്ചാണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരേഷ് മരണത്തിനു കീഴടങ്ങിയത്. തലയിൽ രക്തം കട്ടപിടിച്ചുണ്ടായ ഗുരുതരാവസ്ഥയാണ് മരണത്തിനിടയാക്കിയതെന്നാണ് ഡോക്ടർമാർ പറയുന്നത്. 95 വയസ്സ് പ്രായമായ സുരേഷിന്റെ അമ്മയും മാനസായികാസ്വാസ്ഥ്യമുള്ളയാളാണ്. എങ്കിലും തന്റെ മകനുവേണ്ടി ഭിക്ഷയെടുത്തു ജീവിക്കുന്ന ആ അമ്മയ്ക്ക് താങ്ങാവുന്നതിലും അധികമാകും തിരിച്ചുകിട്ടി എന്ന പ്രതീക്ഷയിലേക്കെത്തും മുൻപ് മരണം തട്ടിയെടുത്ത തന്റെ പ്രിയ മകന്റെ വേർപാട്.

മരണം തട്ടിയെടുക്കും മുൻപ് ആ അമ്മയ്ക്ക് വിദഗ്ധ ചികിത്സയും പരിചരണവും ആവശ്യമാണ്. ആദിവാസി ക്ഷേമത്തിന്റെ പേരിൽ കോടികൾ ചിലവഴിക്കൊമ്പോഴും യഥാർത്ഥ അവകാശികളിലേക്ക് അവ എത്താറില്ല എന്നതാണ് യാഥാർഥ്യം. മനുഷ്യ മനസാക്ഷി മരിക്കാത്തവരുടെയും ഭരണകൂടത്തിന്റെയും ദയയ്ക്കായ് കാത്തിരിക്കുകയാണ് പ്രതീക്ഷയറ്റ ആ അമ്മ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP