Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതവികാരം ഇളക്കി തടയാനുള്ള ശ്രമം വിശ്വാസികൾ തന്നെ പൊളിച്ചപ്പോൾ മനപ്പൂർവ്വം പ്രശ്‌നമുണ്ടാക്കി സി.പി.എം നേതാക്കൾ; ഇല്ലാത്ത വികാരത്തിന് വേണ്ടി ശബ്ദമുയർത്തി മുഖ്യമന്ത്രിയും; അവസരം മുതലെടുക്കാത്തെ കുരിശ് പൊളിച്ചെന്ന് പറഞ്ഞ് ബഹളം വച്ച് പ്രതിപക്ഷവും

മതവികാരം ഇളക്കി തടയാനുള്ള ശ്രമം വിശ്വാസികൾ തന്നെ പൊളിച്ചപ്പോൾ മനപ്പൂർവ്വം പ്രശ്‌നമുണ്ടാക്കി സി.പി.എം നേതാക്കൾ; ഇല്ലാത്ത വികാരത്തിന് വേണ്ടി ശബ്ദമുയർത്തി മുഖ്യമന്ത്രിയും; അവസരം മുതലെടുക്കാത്തെ കുരിശ് പൊളിച്ചെന്ന് പറഞ്ഞ് ബഹളം വച്ച് പ്രതിപക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനോട് ഭരണത്തിനും പ്രതിപക്ഷത്തിനും താൽപ്പര്യമില്ല. ദേവികുളം സബ്കളക്ടറുടെ നടപടിയെ ഇരുവരും പരിഹസിക്കുകയും വിമർശിക്കുകയുമാണ്. സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയുടെ കുരിശ് പൊളിച്ച് മാറ്റിയതാണ് ഇതിന് കാരണം. കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിക്കുന്നത് നേരത്തെ കളക്ടർ അനുവദിച്ചിരുന്നില്ല. ഇത് കൈയേറ്റം നിയമവിധേയമാക്കാനുള്ള കളക്ടറുടെ തീരുമാനമായി വ്യാഖ്യാനിക്കപ്പെട്ടു. ഇതോടെ കുരിശ് പൊളിക്കാൻ കളക്ടറും അനുമതി നൽകി. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനോട് എല്ലാം വ്യക്തമാക്കിയിട്ടായിരുന്നു ഇന്നലത്തെ കൈയേറ്റം ഒഴിപ്പിക്കൽ. രണ്ടായിരത്തോളം വരുന്ന ഭൂമിയാണ് തിരിച്ചു പിടിച്ചത്. ഇവിടെ കുടിയേറ്റക്കാർ ആരുമില്ല. ആത്മീയ ടൂറിസത്തിന്റെ വിത്ത് വിതച്ച് ഭൂമി തട്ടാനുള്ള ശ്രമമായിരുന്നു സബ് കളക്ടർ പൊളിച്ചത്. എന്നാൽ ഇതൊന്നും മുഖ്യമന്ത്രി പിണറായി വിജയന് പിടിച്ചില്ല. എന്തിന് കുരിശ് പൊളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചോദിക്കുമ്പോൾ എല്ലാം വ്യക്തമാവുകയാണ്.

എങ്ങനേയും ദേവികുളം സബ്കളക്ടറെ മാറ്റാനാണ് സി.പി.എം തീരുമാനം. കുടിയേറ്റക്കാരെ തൊടുന്നുവെന്ന വാദമാണ് ഇതിനായി ഉയർത്തിയത്. എന്നാലിപ്പോൾ വൻകിടക്കാരെ തൊട്ടപ്പോൾ അതിനുമപ്പുറത്തെ പ്രതിഷേധം. മതവികാരത്തെ വൃണപ്പെടുത്തിയെന്നാണ് ആരോപണം. എന്നാൽ ക്രൈസ്തവ നേതാക്കൾ പോലും കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചതിൽ ഏറ്റവുമധികം സന്തോഷിക്കുക യേശു ക്രിസ്തുവാണെന്ന് പ്രതികരിക്കുന്നു. കത്തോലിക്കാ സഭയിൽ നിന്ന് പുറത്താക്കിയ വിഭാഗമാണ് സ്പിരിറ്റ് ഇൻ ജീസസ്. അവർ അന്ധവിശ്വാസമാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബഹുഭൂരിപക്ഷവും കരിശ് കൃഷിയിലെ തീർത്ഥാടനത്തെ എതിർക്കുന്ന ക്രൈസ്തവരാണ്. കുടിയേറ്റത്തെ സംരക്ഷിക്കണമെന്ന വികാരം മാത്രമാണ് ഹൈറേഞ്ചിലെ കർഷകരായ ക്രൈസ്തവർക്കുള്ളത്. എന്നിട്ടും സബ് കളക്ടറുടെ നടപടിയെ മതവികാരത്തിന്റെ പേരിൽ മുഖ്യമന്ത്രി എതിർക്കുന്നു. പ്രതിപക്ഷവും നടപടിയെ ചോദ്യം ചെയ്തതോടെ സബ് കളക്ടറെ മാറ്റാനുള്ള അവസരമാണ് സർക്കാരിന് കൈവരുന്നത്.

അതിനിടെ വ്യക്തമായ സർക്കാർ നിർദ്ദേശമുണ്ടെങ്കിൽ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ തുടരുമെന്ന് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ. വ്യാഴാഴ്ച നടന്ന പാപ്പാത്തിച്ചോല ഒഴിപ്പിക്കൽ ജില്ലാ കളക്ടറുടെയും പൊലീസ് മേധാവിയുടെയും മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് നടത്തിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു. തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ സബ് കളക്ടറും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ നടപടിയും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ തൃശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'സ്?പിരിറ്റ് ഇൻ ജീസസ്' കൈയേറിയ 200 ഏക്കർ സ്ഥലം വൻ പൊലീസ് സന്നാഹത്തോടെ ഒഴിപ്പിച്ചതിലെ വിവാദങ്ങൾ ആളിക്കത്തിക്കുന്നത് രാഷ്ട്രീയക്കാർ മാത്രമാണ്. ഇവിടെ സ്ഥാപിച്ച 17 അടി ഉയരവും ഒരു ടണ്ണിലധികം ഭാരവുമുള്ള ഇരുമ്പുകുരിശും സമീപത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടങ്ങളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാന്തിയെടുത്തു. ഷെഡുകൾ പൊളിച്ച് തീയിട്ടു. ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നിർദ്ദേശപ്രകാരമായിരുന്നു ഒഴിപ്പിക്കൽ. ഇതായിരുന്നു ഇടുക്കിയിലെ സിപിഎമ്മിനെ ചൊടിപ്പിച്ചത്.

പാപ്പാത്തിച്ചോലയിൽ 'സ്?പിരിറ്റ് ഇൻ ജീസസ്' എന്ന സംഘടന കൈവശപ്പെടുത്തിയ ഭൂമി ഒഴിപ്പിക്കാൻ റവന്യൂസംഘം എത്തുന്നത് രണ്ടാം തവണയായിരുന്നു. കഴിഞ്ഞ മാർച്ച് 17-ന് ഒഴിപ്പിക്കാനായി എത്തിയപ്പോൾ വാഹനം കുറുകെയിട്ട് വഴിതടയുകയായിരുന്നു. പ്രാദേശിക രാഷ്ട്രീയക്കാരുൾപ്പെട്ട സംഘം എതിർപ്പുമായി എത്തുകയും ചെയ്തു. നേരത്തെ നോട്ടീസ് നൽകിയ ശേഷമായിരുന്നു ആദ്യ തവണത്തെ നടപടി പോലും. ആറുമാസംമുമ്പാണ് ഇവിടെ കുരിശ് സ്ഥാപിച്ചത്. അഞ്ഞൂറിലധികം പേർക്ക് ഇരിക്കാവുന്ന ഹാൾ, മൺകുടിൽ, മൂന്ന് ഷെഡുകൾ എന്നിവയും നിർമ്മിച്ചുവരികയായിരുന്നു. ഇവിടം ഗ്രൂപ്പിന്റെ ആസ്ഥാനമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവന്നത്. ഇതിനിടെ സംഘടന 200 ഏക്കറോളം ഭൂമി കൈയേറിയതായി ആരോപണമുയർന്നു. ചിന്നക്കനാൽ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ ആരോപണം ശരിയെന്നു കണ്ടെത്തി. അദ്ദേഹം ദേവികുളം സബ്കളക്ടർക്ക് റിപ്പോർട്ടും നൽകി. തുടർന്നാണ് മാർച്ച് 17-ന് ഉദ്യോഗസ്ഥർ കൈയേറ്റം ഒഴിപ്പിക്കാൻവന്നത്.

എല്ലാ നടപടിക്രമവും പൂർത്തിയാക്കിയിരുന്നു. എന്നാൽ നോട്ടീസ് നൽകാതെ കൈയേറ്റം ഒഴിപ്പിച്ചുവെന്നാണ് സബ്കളക്ടർക്കെതിരെ സി.പി.എം ഇടുക്കി ജില്ലാ ഘടകം ഉയർത്തുന്ന ആരോപണം. എന്നാൽ ഇതു സംബന്ധിച്ച് സ്പിരിറ്റ് ഇൻ ജീസസ് ഡെപ്യൂട്ടി തഹസിൽദാർക്ക് വക്കീൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ പറയുന്നത് കുരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്നും കുരിശ് എടുത്തു മാറ്റാനുള്ള നോട്ടീസിൽ തങ്ങളുടെ പേരു വച്ചത് മാനഹാനിയുണ്ടാക്കിയെന്നുമാണ്. ഈ വക്കീൽ നോട്ടീസിൽ നിന്ന് തന്നെ റവന്യൂവകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് വ്യക്തം. എന്നിട്ടും സബ് കളക്ടറെ കുറ്റപ്പെടുത്താൻ പുകമറ സൃഷ്ടിക്കുകായണ് സി.പി.എം.

ആദ്യം കൈയേറ്റം ഒഴിപ്പിക്കാനെത്തിയപ്പോൾ ഒട്ടേറെ ആളുകൾ പ്രദേശത്ത് കൂടി. വഴിയിൽ വാഹനം വിലങ്ങനെയിട്ട് ഉദ്യോഗസ്ഥരെ തടഞ്ഞു. എങ്കിലും ഉദ്യോഗസ്ഥർ കുരിശിന്റെ സമീപമെത്തി പരിശോധന നടത്തി. ആവശ്യത്തിന് സന്നാഹം പോെരന്നു തോന്നിയതിനാൽ അന്ന് തിരിച്ചുപോയി. ഉദ്യോഗസ്ഥരെ തടഞ്ഞത് സംബന്ധിച്ച് പൊലീസിനും ജില്ലാ കളക്ടർക്കും റവന്യൂവകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് വീണ്ടും കൈയേറ്റം ഒഴിപ്പിക്കാൻ തീരുമാനമായത്. ഒഴിപ്പിക്കൽ തടയാൻ ഒരാഴ്ചയായി ഇരുന്നൂറോളം പേരാണ് രാത്രിയും പകലും ഇവിടെ കാവൽകിടന്നിരുന്നത്. കൈയേറ്റമൊഴിപ്പിച്ചാൽ സംഘർഷമുണ്ടാകുമെന്ന സംശയത്താൽ റവന്യൂ വകുപ്പ് നടപടികൾ നീട്ടുകയായിരുന്നു. ജില്ലയിൽനിന്നുള്ള മന്ത്രിയടക്കമുള്ള മുതിർന്ന രാഷ്ട്രീയനേതാക്കൾ കുരിശ് എടുത്തുമാറ്റേണ്ടെന്ന നിലപാട് സ്വീകരിച്ചു. ഇതോടെയാണ് കാവൽകിടന്നവർ കഴിഞ്ഞദിവസം മടങ്ങിയത്.ഇതിനിടെയാണ് ഒഴിപ്പിക്കൽ നടന്നത്. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. കുരിശ് മാറ്റിയില്ലെങ്കിൽ സ്വാഭാവിക തീർത്ഥാടന കേന്ദ്രമായി ഇവിടം മാറുമായിരുന്നു. ഇതിലൂടെ കൈയേറ്റവും നടക്കുമായിരുന്നു. ഇതാണ് സബ് കളക്ടർ പൊളിച്ചത്.

ഇത്തരമൊരു നടപടിയെയാണ് പ്രതിപക്ഷം എതിർക്കുന്നത്. യഥാർത്ഥത്തിൽ സബ് കളക്ടറെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയായിരുന്നു പ്രതിപക്ഷം ചെയ്യേണ്ടി വന്നത്. എന്നാൽ രമേശ് ചെന്നിത്തലയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു-മൂന്നാറിൽ കുരിശുപൊളിച്ചശേഷം മുഖ്യമന്ത്രി നടത്തുന്ന ധാർമികരോഷം തികച്ചും കാപട്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ഥലത്ത് 144 പ്രഖ്യാപിച്ചശേഷമാണ് കുരിശു പൊളിച്ചത്. ആഭ്യന്തരത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി താനറിഞ്ഞില്ലന്ന് ഇപ്പോൾ പറയുന്നത് പച്ചക്കള്ളമാണ്. വൻകിട കൈയേറ്റങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുരിശുപൊളിക്കൽ നാടകം. കുരിശ് വിശ്വാസത്തിന്റെ പ്രതീകമാണ്. അതുവഴി ഉണ്ടാകുന്ന ജനരോഷത്തിന്റെ മറവിൽ വൻകിട കൈയേറ്റക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചെ്ന്നിത്തല ആരോപിച്ചു. കുരിശ് പൊളിച്ചതിൽ വിശ്വാസപരമായ ഒന്നുമില്ലെന്ന് മെത്രാന്മാർ പോലും പറയുമ്പോഴാണ് ചെന്നിത്തലയുടെ ഈ പ്രസ്താവന. ഇത് മൂന്നാറിലെ വൻകിട കൈയേറ്റങ്ങളെ നോട്ടമിട്ട് ശ്രീറാം വെങ്കിട്ടരാമനെന്ന സബ് കളക്ടറെ മാനസികമായി തളർത്തുകയെന്ന ലക്ഷ്യത്തോടെയെന്നാണ് വിലയിരുത്തൽ.

മൂന്നാർ കൈയേറ്റഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയതിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത എതിർപ്പ് പുറത്തു വന്നതിന് തൊട്ട് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ അഭിപ്രായ പ്രകടനം. ''ഇന്നുകാലത്ത് ഇടുക്കിയിൽ മൂന്നാർഭാഗത്ത് കൈയേറ്റം ഒഴിപ്പിക്കാൻ സ്വീകരിച്ച നടപടി തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. കുരിശ് തകർക്കുകയും കൈയേറ്റം ഒഴിപ്പിക്കുകയും ചെയ്തു. കുരിശ് തകർത്തതിൽ സർക്കാരിനുള്ള അതൃപ്തി ജില്ലാ ഭരണനേതൃത്വത്തെ രാവിലെത്തന്നെ അറിയിച്ചിട്ടുണ്ട്. അവിടെ കൈയേറ്റമുണ്ടെങ്കിൽ സർക്കാരും വിട്ടുവീഴ്ചയ്ക്കില്ല. എന്നാൽ, കൈയേറ്റക്കാരെ ഒഴിപ്പിക്കുമ്പോൾ കുരിശ് എന്തുപിഴച്ചു. ഒരു നല്ലവിഭാഗം ജനങ്ങൾ വിശ്വസിക്കുകയും പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്ന അടയാളമല്ലേ കുരിശ്. അതിന്മേൽ കൈവെയ്ക്കാൻ ശ്രമിക്കുമ്പോൾ ഇവിടെ സർക്കാരുണ്ടെന്ന് ചിന്തിക്കണ്ടേ. സർക്കാരിനോട് ചോദിക്കാൻ ബാധ്യതയില്ലേ''- പിണറായി ചോദിച്ചു.

''സംഭവമറിഞ്ഞ് ജില്ലാ ഭരണനേതൃത്വത്തോട് ഞാൻ വിളിച്ചുചോദിച്ചു. നിങ്ങൾ ആരോട് ചോദിച്ചിട്ടാണ് ഇത് ചെയ്തത്. അവിടെ 144 പ്രഖ്യാപിക്കുന്നെന്നും കേട്ടു. അപ്പോഴും അവിടെ എല്ലാം പൊളിച്ചുകഴിഞ്ഞുവെന്ന് ഞാനറിഞ്ഞില്ല. 144 പിൻവലിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അനാവശ്യവികാരം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നില്ലേ അത്. കുരിശിനെതിരേ യുദ്ധം ചെയ്യുകയാണ് എൽ.ഡി.എഫ്. സർക്കാരെന്ന പ്രതീതിയുണ്ടാക്കാനുള്ള ശ്രമമല്ലേ നടന്നത്. അത്തരം ഒരുനീക്കവും സർക്കാർ അനുവദിക്കില്ല. എൽ.ഡി.എഫ്. സർക്കാർ എല്ലാ ക്രൈസ്തവസഭകളുമായും നല്ലബന്ധത്തിലാണ്. ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നറിഞ്ഞ് അവരോട് സംസാരിച്ചിരുന്നെങ്കിൽ അവർതന്നെ അത് നീക്കാൻ തയ്യാറാകുമായിരുന്നല്ലോ. ഇപ്പോഴുണ്ടായ തെറ്റായ നടപടിയിൽ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും മുഖ്യമന്ത്രി പറയുന്നു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ എല്ലാം ചർച്ചചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതോടെ സബ് കളക്ടറെ മാറ്റാൻ സർക്കാർ തീരുമാനിക്കുന്നുവെന്ന പൊതുധാരണയാണ് വരുന്നത്.

നേരത്തെ കുരിശ് നീക്കംചെയ്ത സബ് കളക്ടറുടെ നടപടിക്കെതിരേ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ രംഗത്തെത്തിയിരുന്നു. വിശ്വാസികൾ സ്ഥാപിച്ച കുരിശ് നീക്കംചെയ്തതുവഴി ഒരുവിഭാഗം ആളുകളെ സർക്കാരിനെതിരേതിരിച്ച് അപകീർത്തിപ്പെടുത്താനാണ് സബ് കളക്ടർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വികാരം തന്നെയാണ് മുഖ്യമന്ത്രിയും പങ്കുവച്ചത്. ചിന്നക്കനാൽ വില്ലേജിൽപ്പെട്ട പാപ്പാത്തിച്ചോലയിലെ സർവേ നമ്പർ 34/കൽപ്പെട്ട 200 ഏക്കർ റവന്യൂ ഭൂമിയാണ് പ്രാർത്ഥനാ ഗ്രൂപ്പ് കൈയേറി കുരിശുസ്ഥാപിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. തടസ്സങ്ങളുണ്ടാക്കുമെന്ന് ഭയന്ന് ഒഴിപ്പിക്കൽ അതീവരഹസ്യമായാണ് ആസൂത്രണം ചെയ്തത്. എന്നിട്ടും റവന്യൂസംഘത്തെ തടയാൻ ശ്രമമുണ്ടായി. വ്യാഴാഴ്ച വെളുപ്പിന് നാലരയ്ക്കാണ് റവന്യൂ, പൊലീസ് സംഘം ദേവികുളം ആർ.ഡി.ഒ. ഓഫീസിൽനിന്നു പുറപ്പെട്ടത്. വഴിയിൽ വാഹനങ്ങൾ കുറുകെയിട്ട് സംഘത്തെ തടയാൻ ശ്രമമുണ്ടായി. റോഡും തകർത്തു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇവ നീക്കംചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കിയാണ് സംഘം യാത്രതുടർന്നത്.

രാവിലെ 7.30-ന് തുടങ്ങിയ ഒഴിപ്പിക്കൽ പതിനൊന്നരയോടെ അവസാനിച്ചു. നിർമ്മാണപ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന ആയിരത്തോളം സിമന്റുകട്ടകളും വൻതോതിൽ മെറ്റലും എംസാൻഡും നീക്കംചെയ്താണ് സംഘം മടങ്ങിയത്. കുരിശിന്റെ കഷണങ്ങൾ തൊണ്ടിമുതലായി കസ്റ്റഡിയിൽ സൂക്ഷിക്കും.ദേവികുളം തഹസിൽദാർ പി.കെ. ഷാജി, ഉടമ്പഞ്ചോല അഡീഷണൽ തഹസിൽദാർ എം.കെ. ഷാജി, ഡെപ്യൂട്ടി തഹസിൽദാർ പി.പി. ബാബു, ആർ.ഡി.ഒ. ഓഫീസിലെ ജൂനിയർ സൂപ്രണ്ട് പി.ആർ. രാജീവ്, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ. മൂന്നാർ, ദേവികുളം, വെള്ളത്തൂവൽ, ശാന്തമ്പാറ സ്റ്റേഷനുകളിൽനിന്നും ഇടുക്കി എ.ആർ. ക്യാമ്പിൽനിന്നുമായി നൂറിലധികം പൊലീസുകാർ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP