Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീപ്രകാശിനെ നിയോഗിച്ചത് എൻഡിഎ വൈസ് ചെയർമാനോട് പോലും ആലോചിക്കാതെ; മലപ്പുറത്തെ സ്ഥാനാർത്ഥി കൂട്ടായ തീരുമാനത്തിലൂടെയെന്ന കുമ്മനത്തിന്റെ വാദം പൊളിച്ചത് ഏഷ്യാനെറ്റ് ചെയർമാൻ; വോട്ട് കുറയാൻ കാരണം ശോഭാ സുരേന്ദ്രനുണ്ടാക്കുന്ന വിവാദമെന്ന് ഔദ്യോഗിക പക്ഷവും; കേരള ബിജെപിയെ നേരെയാക്കാൻ അമിത് ഷാ നേരിട്ടിറങ്ങും

ശ്രീപ്രകാശിനെ നിയോഗിച്ചത് എൻഡിഎ വൈസ് ചെയർമാനോട് പോലും ആലോചിക്കാതെ; മലപ്പുറത്തെ സ്ഥാനാർത്ഥി കൂട്ടായ തീരുമാനത്തിലൂടെയെന്ന കുമ്മനത്തിന്റെ വാദം പൊളിച്ചത് ഏഷ്യാനെറ്റ് ചെയർമാൻ; വോട്ട് കുറയാൻ കാരണം ശോഭാ സുരേന്ദ്രനുണ്ടാക്കുന്ന വിവാദമെന്ന് ഔദ്യോഗിക പക്ഷവും; കേരള ബിജെപിയെ നേരെയാക്കാൻ അമിത് ഷാ നേരിട്ടിറങ്ങും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മലപ്പുറത്തെ സ്ഥാനാർത്ഥി വിവാദത്തിന് പിന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെന്ന് ബിജെപി ദേശീയ നേതൃത്വത്തോട് വിശദീകരിച്ച് കേരള നേതാക്കൾ ഡൽഹിയിൽ. അതിനിടെ എൻഡിഎ വൈസ് പ്രസിഡന്റ് കൂടിയായ ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറുടെ നിലപാട് കുമ്മനം അടക്കമുള്ളവർക്ക് വിനയാവുകയും ചെയ്തു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആരുമായും കൂടിയാലോചന നടത്തിയില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തീർത്തും വസ്തുതാപരമാണെന്ന നിലപാടിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തുകയും ചെയ്തു. മലപ്പുറത്ത് ശക്തമായ പ്രകടനം കാഴ്ച വയ്ക്കാത്തത് ദേശീയ തലത്തിൽ ബിജെപിക്ക് ദോഷമായെന്ന വിലയിരുത്തൽ അമിത് ഷാ പങ്കുവച്ചിട്ടുണ്ട്. എൻഡിഎയെ ശക്തിപ്പെടുത്തി മാത്രമേ മുന്നോട്ട് പോകാവൂവെന്നും നിർദ്ദേശിച്ചു. സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിലെ വിഭാഗീയത എത്രയും വേഗം അവസാനിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്

മലപ്പുറത്ത് ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ജില്ലാ കമ്മറ്റി ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ ശ്രീ പ്രകാശിനെ സ്ഥാനാർത്ഥിയാക്കിയാൽ മതിയെന്ന് കുമ്മനം രാജശേഖരൻ നിർദ്ദേശിച്ചു. പ്രചരണത്തിന് പണം ഇല്ലെന്ന ന്യായവും പറഞ്ഞു. ഇതെല്ലാം മലപ്പുറം ജില്ലാകമ്മറ്റിയിൽ പികെ കൃഷ്ണദാസ് വിശദീകരിക്കുകയും ചെയ്തു. കോ-ലീ-ബി സഖ്യം ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉയർന്നു. ഇതിനെല്ലാം കാരണം ശോഭാ സുരേന്ദ്രനാണ്. ഈ വിവാദങ്ങളാണ് ശ്രീ പ്രകാശിന്റെ വോട്ട് കുറച്ചത്. സ്ഥാനാർത്ഥിയുടെ കുഴപ്പമല്ല വിവദാമുണ്ടാക്കിയതെന്നും കുമ്മനം അടക്കമുള്ളവർ അമിത് ഷായെ അറിയിച്ചു. വി മുരളീധരനും ഇതേ നിലപാടാണ് എടുത്തത്. ഈ സമയത്താണ് ഏവരേയും ഞെട്ടിച്ചു കൊണ്ട് രാജീവ് ചന്ദ്രശേഖറിനോട് സ്ഥാനാർത്ഥിയെ കുറിച്ച് താങ്കളോട് ആരെങ്കിലും ചർച്ച നടത്തിയോ എന്ന് അമിത് ഷാ ചോദിച്ചത്. ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ സംസ്ഥാന നേതൃത്വത്തിന്റെ വാദങ്ങൾ പ്രസക്തമല്ലെന്ന നിലപാടിലേക്ക് അമിത് ഷാ എത്തുകയായിരുന്നു. എല്ലാം ശരിയാക്കാൻ തന്റെ ഇടപെടൽ സജീവമായി ഉണ്ടാകുമെന്നും അമിത് ഷാ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

എൻഡിഎ കേരള ഘടകത്തിന്റെ വൈസ് ചെയർമാനാണ് രാജീവ് ചന്ദ്രശേഖർ. അമിത് ഷാ നേരിട്ടാണ് ഏഷ്യാനെറ്റ് ചെയർമാനെ ഈ ചുമതല ഏൽപ്പിച്ചത്. വൈസ് ചെയർമാൻ അറിയാതെ എങ്ങനെ ശ്രീപ്രകാശ് സ്ഥാനാർത്ഥിയായി എന്ന അമിത് ഷായുടെ ചോദ്യത്തിന് കുമ്മനം അടക്കമുള്ളവർക്ക് മറുപടി പറയാനായില്ല. ചന്ദ്രശേഖർ ബിജെപിയുടെ കേരള ഘടകത്തിൽ ആരുമല്ല. കോർ കമ്മറ്റിയിലുമില്ല. എന്നാലും എൻ ഡി എയുടെ വൈസ് ചെയർമാനോട് ഈ സ്ഥാനാർത്ഥിയെ കുറിച്ച് പറയേണ്ടതായിരുന്നില്ലേ എന്നാതണ് അമിത് ഷാ ഉയർത്തിയ വിമർശനം. വെള്ളാപ്പള്ളിയോടും ആലോചിക്കണമായിരകുന്നുവെന്നാണ് അമിത് ഷാ വിശദീകരിച്ചത്. എൻഡിഎയിലേക്ക് വെള്ളാപ്പള്ളിയേയും തുഷാറിനേയും എത്തിച്ചതും അമിത് ഷായുടെ ഇടപെടലായിരുന്നു. ഇതിനോട് തുടക്കം മുതൽ സംസ്ഥാന നേതൃത്വത്തിന് താൽപ്പര്യമില്ല. ഇതു കൊണ്ടാണ് എൻഡിഎ ദുർബലമാകുന്നത് എന്നാണ് അമിത് ഷായുടെ നിലപാട്. അതുകൊണ്ട് കൂടിയാണ് എൻഡിഎയെ ശക്തിപ്പെടുത്താൻ അമിത് ഷാ കുമ്മനത്തോട് ആവശ്യപ്പെട്ടത്.

മലപ്പുറം തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾ പാർട്ടി നേടുമെന്നായിരുന്നു സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ ബിജെപിക്ക് മാത്രമാണ് തിരിച്ചടിയുണ്ടായത്. ഫലം വിലയിരുത്താൻ ചേർന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ കുമ്മനത്തിനെതിരെ നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പ്രചാരണം ഏകോപിപ്പിക്കുന്നതിലും മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിക്കാതിരുന്നതും തിരിച്ചടിയായെന്ന് ചില അംഗങ്ങൾ കോർ കമ്മിറ്റി യോഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു. അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിൽ 11 സീറ്റെങ്കിലും നേടുക എന്ന ലക്ഷ്യമിട്ടാണ് അമിത് ഷാ കേരളത്തിലെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച സാഹചര്യത്തിലാണ് അടിയന്തരമായി ചർച്ചയ്ക്ക് വിളിപ്പിച്ചത്. ഈ യോഗത്തിലാണ് എല്ലാ തരത്തിലേയും കൂടിയാലോചനകൾക്ക് ശേഷമാണ് ശ്രീപ്രകാശിനെ സ്ഥാനാർത്ഥിയാക്കിയതെന്ന വാദം കുമ്മനം അവതരിപ്പിച്ചത്. ഇതാണ് രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലോടെ പൊളിഞ്ഞതും.

ഈ സാഹചര്യത്തിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ എൻഡിഎ സംവിധാനം ശക്തവും സുസജ്ജവുമാക്കാനാണ് അമിത് ഷായുടെ നിർദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ അധ്യക്ഷൻ ജൂലൈ 25,26, 27 തീയതികളിൽ സംസ്ഥാനത്ത് സന്ദർശനം നടത്തും. വിശാഖപട്ടണത്തെ ദേശീയ നിർവാഹക സമിതിയോഗത്തിന് ശേഷമായിരിക്കും ദേശീയ അധ്യക്ഷന്റെ കേരളാ സന്ദർശനം. ഇരുമുന്നണികളിലെയും ചില ഘടകകക്ഷികൾ എൻഡിഎയിലേക്ക് വരാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ വരുംനാളുകളിലുണ്ടാകുമെന്നാണ് ബിജെപി നൽകുന്ന വിശദീകരണം. ദേശീയ നിർവാഹക സമിതിയംഗങ്ങളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ, എൻ.ഡി.എ. വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ എംപി. എന്നിവരാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.

ബിജെപി മുന്നേറ്റത്തിനു മൂന്നാറിനെ ഉപയോഗപ്പെടുത്താനും ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. മൂന്നാർ സന്ദർശിച്ച കേന്ദ്രമന്ത്രി ആർ.സി. ചൗധരിയുടെ റിപ്പോർട്ട് ഇന്നലെത്തന്നെ തിടുക്കത്തിൽ അമിത് ഷാ വാങ്ങിയിരുന്നു. അതിനിടെ വാജ്‌പേയി സർക്കാരിന്റെ കാലത്തു ബിജെപി കേരള ഘടകത്തിനു കേന്ദ്രത്തിൽ നിന്നു ലഭിച്ചിരുന്ന പിന്തുണയും പരിഗണനയും നരേന്ദ്ര മോദി ഭരണത്തിൽ കിട്ടുന്നില്ലെന്ന പരിഭവം ബിജെപി സംസ്ഥാന നേതൃത്വം പാർട്ടി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു. വാജ്‌പേയി മന്ത്രിസഭയിൽ ഒ.രാജഗോപാലിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാൽ കേരളത്തിലെ വിഷയങ്ങൾ ഏറ്റെടുക്കുന്നതിനും കേന്ദ്രത്തിൽ നിന്ന് അനുകൂല നടപടികളുണ്ടാക്കുന്നതിനും സാധിച്ചിരുന്നു. ഇക്കാര്യവും ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ആരെയെങ്കിലും ഉടൻ മന്ത്രിയാക്കണമെന്നാണ് ആവശ്യം. ഇതിനോട് അമിത് ഷാ അനുകൂലമായി പ്രതികരിച്ചതുമില്ല.

സമീപകാലത്തു കേരളത്തിലെ ബിജെപി ഘടകവും എൻഡിഎ ഘടക കക്ഷികളും ഉന്നയിക്കുന്ന വിഷയങ്ങൾ അനുകൂല തീരുമാനത്തിലെത്തിക്കാൻ പ്രായോഗിക വൈഷമ്യങ്ങളുണ്ടാകുന്നു. കേരളത്തിൽ നിന്നു ബിജെപിക്കു ദേശീയ ഭാരവാഹികളില്ലാത്തതിനാൽ സംഘടനാ തലത്തിലും പിന്തുണ ലഭിക്കുന്നില്ല. കാസർകോട് കേന്ദ്ര സർവകലാശാലയ്ക്കു ശ്രീനാരായണ ഗുരുവിന്റെ പേരിടാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ലെന്നും സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. കേരളത്തിലെ എൻഡിഎ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഉടനുണ്ടാകുമെന്നും സംസ്ഥാനത്തിനു പ്രത്യേക ശ്രദ്ധ നൽകുമെന്നും പാർട്ടി അധ്യക്ഷൻ അമിത് ഷാ സംസ്ഥാന നേതാക്കൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് എൻഡിഎയ്ക്ക് എംപിമാരെ ഉറപ്പാക്കാനുള്ള ഊർജിത പ്രയത്‌നമാണു സംസ്ഥാന ഘടകത്തിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വികസന രാഷ്ട്രീയം, ബദൽ സമ്പദ്വ്യവസ്ഥ എന്നിവയാകണം ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണ വിഷയങ്ങൾ. സാമുദായിക സന്തുലനത്തിൽ ശ്രദ്ധിക്കണമെന്നും 'എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം' എന്ന മോദി സർക്കാരിന്റെ നയം ഉയർത്തിക്കാട്ടണമെന്നും ഷാ നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP