Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർത്താവ് ഇറങ്ങി വന്ന് വിട്ടു പോകാതെകൂടി വെളിപാടുകൾ നൽകുന്ന സ്വർഗ്ഗത്തിലെ മുത്ത് എന്ന് വിളിക്കുന്ന സിന്ധു ആത്മീയ മുഖം; സൂര്യനെല്ലിയിൽ തുടങ്ങി പൂനയിൽ ദേശീയ ആസ്ഥാനവും ഇംഗ്ലണ്ടിൽ അന്തർദേശീയ കേന്ദ്രവും സ്ഥാപിച്ച് കത്തോലിക്കാ വിശ്വാസികളെ കൂടെ കൂട്ടി; കുരിശ് സ്ഥാപിച്ചും പള്ളിപണിതും പാപ്പാത്തിച്ചോല പിടിച്ചെടുക്കാൻ ശ്രമിച്ച് കേസിൽ കുടുങ്ങിയ സ്പിരിറ്റ് ഇൻ ജീസസിന്റെ കഥ

കർത്താവ് ഇറങ്ങി വന്ന് വിട്ടു പോകാതെകൂടി വെളിപാടുകൾ നൽകുന്ന സ്വർഗ്ഗത്തിലെ മുത്ത് എന്ന് വിളിക്കുന്ന സിന്ധു ആത്മീയ മുഖം; സൂര്യനെല്ലിയിൽ തുടങ്ങി പൂനയിൽ ദേശീയ ആസ്ഥാനവും ഇംഗ്ലണ്ടിൽ അന്തർദേശീയ കേന്ദ്രവും സ്ഥാപിച്ച് കത്തോലിക്കാ വിശ്വാസികളെ കൂടെ കൂട്ടി; കുരിശ് സ്ഥാപിച്ചും പള്ളിപണിതും പാപ്പാത്തിച്ചോല പിടിച്ചെടുക്കാൻ ശ്രമിച്ച് കേസിൽ കുടുങ്ങിയ സ്പിരിറ്റ് ഇൻ ജീസസിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: പാപ്പാത്തിച്ചോല കയ്യേറ്റവുമായി സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ വെള്ളൂക്കുന്നേൽ ടോമി സഖറിക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസുവരുന്നു. ആത്മീയ ടൂറിസത്തിന്റെ പേരിൽ ചിന്നക്കനാലിൽ 2000 ഏക്കർ തട്ടാനായിരുന്നു സ്പിരിറ്റ് ഇൻ ജീസസ് ശ്രമിച്ചത്. കത്തോലിക്കാ സഭ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് വിലക്കിയ സ്പിരിറ്റ് ഇൻ ജീസസ് വീണ്ടും വിവാദത്തിലാകുന്നത് ഭൂമി കൈയേറ്റക്കേസിലൂടെയാണ്. ഉന്നത രാഷ്ട്രീയ സ്വാധീനവും പണ ബലവും കൈമുതലാക്കിയുള്ള സ്പിരിറ്റ് ഇൻ ജീസസിന് മുമ്പിൽ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാൻ മുട്ടുമടക്കിയില്ല. ഇതോടെയാണ് ആത്മീയതയുടെ മറവിൽ ഭൂമി കൈയേറാനുള്ള സ്പിരിറ്റ് ഇൻ ജീസസിന്റെ ശ്രമം പുറംലോകം അറിയുന്നത്.

മൂന്നാർ പാപ്പാത്തിച്ചോലമേട്ടിൽ മതസംഘടനയുടെ പേരിൽ കൈയേറ്റം നടത്തിയത് ഇവിടുത്തെ പ്രധാന കൈയേറ്റക്കാർ തന്നൊയായിരുന്നു. ഇതുസംബന്ധിച്ചു നേരത്തേ റവന്യു അധികൃതർ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. സ്പിരിറ്റ് ഇൻ ജീസസ് പ്രാർത്ഥനാഗ്രൂപ്പിന്റെ പേരിലായിരുന്നു കൈയേറ്റം. ആയിരമേക്കർ വരുന്ന പാപ്പാത്തിച്ചോലമേട്ടിൽ വെള്ളുക്കുന്നേൽ ടോം സ്‌കറിയയുടെ നേതൃത്വത്തിലാണു കൈയേറ്റം നടന്നതെന്ന് ഉടുമ്പൻചോല അഡീഷണൽ തഹസീൽദാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ വെള്ളൂക്കുന്നേൽ ടോമി സഖറിയയുടെ സഹോദരനാണ് ടോം. മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാരനായ ജിമ്മി സ്‌കറിയായുടെ സഹോദരനാണ് ടോമെന്നും റിപ്പോർട്ടിലുണ്ട്. മൂന്നാറിലെ കൈയേറ്റക്കാരെ സംബന്ധിച്ച് സർക്കാരിന് ആഭ്യന്തര വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി 2013 ൽ നൽകിയ പട്ടികയിലും വെള്ളുക്കുന്നേൽ സ്‌കറിയായും മക്കളും കൈയേറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ കൈയേറ്റത്തിന് ആത്മീയതയുടെ പരിവേഷം നൽകാനാണ് സ്പിരിറ്റ് ഇൻ ജീസസിലൂടെ ശ്രമം നടന്നതെന്ന് വ്യക്തം.

കേരളത്തിൽ തൃശ്ശൂർ കുരിയച്ചിറ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് 'സ്പിരിറ്റ് ഇൻ ജീസസ് മിനിസ്ട്രി'. യേശുവിന്റെ വെളിപാട് 24 വർഷംമുമ്പാണ് തനിക്കുണ്ടായതെന്ന് സ്പിരിറ്റ് ഇൻ ജീസസ് അധ്യക്ഷൻ അവകാശപ്പെടുന്നു. ഇവർ കുരിശിനെ ആരാധിക്കുന്നവരെങ്കിലും ഇതരകാര്യങ്ങളിൽ മറ്റുസഭകളിൽനിന്ന് വ്യത്യസ്തരാണ്. കരിസ്മാറ്റിക് ഗ്രൂപ്പുകളുടേതിന് സമാനമാണ് ആരാധന. മരിച്ചുപോയവരുടെ ആത്മാവിനെ തിരികെ ഭൂമിയിലേക്ക് വിളിച്ചുവരുത്തി അവരുടെ പാപങ്ങൾ മോചിപ്പിച്ച് കൊടുക്കുമെന്ന അവകാശവാദവും ഈ സംഘടന ഉന്നയിക്കുന്നുണ്ട്. വ്യക്തികേന്ദ്രീകൃത സഭയായതിനാൽ മുഖ്യധാരാ ക്രൈസ്തവ സഭകളൊന്നും ഇവരെ അംഗീകരിക്കുന്നില്ല. സ്പിരിറ്റ് ഇൻ ജീസസ് എന്നത് വ്യക്തിയുടെ വഴിതെറ്റൽ മാത്രമാണെന്നും ഇത് സാത്താൻ ആരാധനയാണെന്നും മറ്റു ക്രൈസ്തവസഭകൾ പറയുന്നു. ഇത്തരത്തിലൊരു സഭയാണ് ഇപ്പോൾ വിവാദത്തിൽ കുടുങ്ങുന്നത്.

പാപ്പാത്തിച്ചോലയിൽ സ്ഥിതി ചെയ്യുന്ന കുരിശിന് ദൈവിക പരിവേഷം നൽകാനും സ്പിരിറ്റ് ഇൻ ജീസസ് ശ്രമിച്ചിരുന്നു. 50 വർഷത്തിലധികമായി കുരിശ് അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ആദ്യം മരത്തിന്റെ കുരിശായിരുന്നു, പിന്നീട് അത് ദ്രവിച്ചപ്പോഴാണ് കോൺക്രീറ്റ് കുരിശ് സ്ഥാപിച്ചത്. ഈ സ്ഥലത്തിന് അവകാശിയുണ്ടെന്നും വ്യക്തമാക്കി ഫെയ്‌സ് ബുക്കിൽ വിഡിയോയും ഇട്ടു. മൂന്നാറിലെ ഈ കുരിശ് അത്ഭുത കുരിശാണെന്നും പറയുന്നു. സൂര്യൻ ഈ കുരിശിന് മുകളിൽ നൃത്തം ചെയ്യുമെന്നും, ഇടയ്ക്ക് സൂര്യൻ താഴേക്ക് പതിക്കുന്ന പോലെ തോന്നുമെന്നും ഫേസ്‌ബുക്കിൽ നൽകിയ വീഡിയോയിൽ പറയുന്നു. ആ സൂര്യൻ അതിവേഗം കറങ്ങും, കുരിശിന് മുകളിലെ സൂര്യന് സവിശേഷ പ്രകാശമാണത്രേ. നിരവധി ഭക്തരെത്തുന്നുവെന്നായിരുന്നു അവകാശ വാദം. ഇത്തരത്തിൽ പ്രചരണം നടത്തിയിട്ടും കുരിശ് പൊളിഞ്ഞു വീണു. സ്പിരിറ്റ് ഇൻ ജീസസ് ആളുകളെ അതിലേക്ക് ആകർഷിക്കാൻ നടത്തുന്ന തന്ത്രങ്ങളാണ് ഇതിലൂടെ പുറത്തായത്. നേരത്തെ സ്വർഗ്ഗത്തിലെ മുത്തെന്ന കഥയിലൂടെയെ വിശ്വാസികളെ അവർ ആകർഷിച്ചിരുന്നു. അന്ധവിശ്വാസ പ്രചരണമെന്ന തലത്തിലേക്ക് കത്തോലിക്കാ സഭയെത്തിയും ഇതുകൊണ്ടായിരുന്നു.

ആദ്യ കാലങ്ങളിൽ സഭയോടൊത്തു പ്രവർത്തിച്ചെങ്കിലും വിശുദ്ധ ഗ്രന്ഥത്തോടും സഭാപാരമ്പര്യങ്ങളോടും ഇണങ്ങാത്ത പ്രബോധനങ്ങൾ സ്പിരിറ്റ് ഇൻ ജീസസിൽ നിന്നുണ്ടായപ്പോൾ കത്തോലിക്കാ സഭ ജാഗ്രതയോടെഅവരെ നിരീക്ഷിക്കാൻ തുടങ്ങി. സീറോ മലബാർ സഭയുടെ മെത്രാൻ സമിതി ആദ്യമായി സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനവുമായിഒരു അനുനയ ചർച്ചയിൽ ഏർപ്പെടാൻ ശ്രമിച്ചു. പക്ഷേ ഫലം കണ്ടില്ല. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിലെ പല രൂപതകളിലേക്കും അവരുടെ പ്രവർത്തനം വ്യാപിച്ചപ്പോൾ കെസിബിസി അതിന്റെ ദൈവശാസ്ത്ര കമ്മീഷനെ സ്പിരിറ്റ് ഇൻ ജീസസ് നേതാക്കളുമായി സംഭാഷണത്തിൽ ഏർപ്പെടാൻ നിയോഗിച്ചു. ദൈവശാസ്ത്ര കമ്മീഷനും സ്പിരിറ്റ് ഇൻ ജീസസ് നേതൃത്വവും തമ്മിൽ നടത്തിയ ചർച്ചകളിൽ ഉണ്ടായ ധാരണയനുസരിച്ച് സ്പിരിറ്റ് ഇൻ ജീസസിന്റെ പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും പരിശോധിക്കാനും പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും ഒരു വൈദികനെ നിരീക്ഷകനായി നിയമിച്ചു. ഇതിനെല്ലാം ഒടുവിലാണ് കത്തോലിക്കാ സഭ സ്പിരിറ്റ് ഇൻ ജീസസിനെ ഒഴിവാക്കിയത്. ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു തുടർന്നു പ്രവർത്തിക്കുന്നവരുണ്ടെങ്കിൽ അവർക്കെതിരേ സഭാപരമായ ശിക്ഷണ നടപടികൾ ബന്ധപ്പെട്ട രൂപതാ കോടതികൾ സ്വീകരിക്കുമെന്നും അറിയിച്ചു. എന്നിട്ടും സ്പിരിറ്റ് ഇൻ ജീസസിന്റെ വളർച്ചയ്ക്ക് കോട്ടമുണ്ടായില്ല. ടോമി സഖറിയയും കൂട്ടരും മുന്നോട്ട് തന്നെ പോയി.

യേശുവിന്റെ ആത്മാവ് എന്നാണ് സ്പിരിറ്റ് ഇൻ ജീസസ് എന്ന വാക്കിന്റെ അർത്ഥം. ഇത് ടോം സഖറിയയുടെ സൃഷ്ടിയായിരുന്നു. ഈ പ്രാർത്ഥനാക്കൂട്ടം ക്രൈസ്തവ രീതികളെ വെല്ലുവിളിച്ച് മുന്നേറി. മറ്റ് മതങ്ങളെ അധിക്ഷേപിച്ചും അവിടെയുള്ള മോശം മാതൃകകളെ പുനരവതരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു രീതി. അന്ധവിശ്വാസത്തിലേക്ക് ആളുകളെ തള്ളിവിടുകയാണ് ഈ കൂട്ടായ്മ ചെയ്തു പോന്നത്. യേശുക്രിസ്തുവിന്റെ ആത്മാവിനെ സ്വീകരിച്ചു എന്നവകാശപ്പെടുന്ന ഇക്കൂട്ടർ ദിവംഗതനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെയാണ് തങ്ങളുടെ സ്വർഗീയ മദ്ധ്യസ്ഥനായി സ്വീകരിച്ചിരിക്കുന്നത്. വിശുദ്ധ കുർബാനയ്ക്കും പരിശുദ്ധ കന്യകാമറിയത്തിനും ഇവർ കത്തോലിക്കാ പരമായ പ്രാധാന്യം നൽകുന്നു. 1988 ൽ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ ഈ പ്രസ്ഥാനം ആരംഭിച്ചു. തുടർന്ന് ദേവികുളത്ത് 1997 ൽ സമാഗമ കൂടാരം എന്ന പേരിൽ ഒരു പ്രാർത്ഥനാലയം സ്ഥാപിക്കപ്പെട്ടു. 1998 ൽ 'ഇതാ നിന്റെ അമ്മ' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം രംഗത്തിറക്കി. കത്തോലിക്കാ സഭയുടെ പഠനങ്ങൾക്കെതിരെയും പുരോഹിതഗണത്തെ അവമതിക്കുന്നതിനും വേണ്ടിയുള്ള ധാരാളം ലേഖനങ്ങൾ ഈ പ്രസിദ്ധീകരണത്തിൽ അടങ്ങിയിട്ടുണ്ട്.

2000 ൽ സ്പിരിറ്റ് ഇൻ ജീസസ് അതിന്റെ പ്രവർത്തനകേന്ദ്രം തൃശൂരിലേക്ക് മാറ്റി. മണ്ണുത്തിയിൽ 'മരിയൻ കൂടാരം' എന്ന പേരിൽ ഒരു ധ്യാനകേന്ദ്രവും പ്രാർത്ഥനാലയവും സ്ഥാപിച്ചു. തുടർന്ന് 2008 ൽ ഈ കേന്ദ്രം ചിയ്യാരത്തേക്ക് മാറ്റി. ഇന്നു ഈ പ്രധാന കേന്ദ്രത്തെ കൂടാതെ ബാംഗ്ലൂർ, വേളാങ്കണ്ണി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും ഇവരുടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്പിരിറ്റ് ഇൻ ജീസസിന്റെ ആരംഭകനായ ടോം സഖറിയാ തന്നെയാണ് കഴിഞ്ഞ 20 വർഷക്കാലമായി ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സണ്ണി തോണിക്കുഴി, സ്വർഗ്ഗത്തിലെ മുത്ത് എന്ന് ഇവർ വിശേഷിപ്പിക്കുന്ന സിന്ധു തോമസ്, ബബിതാ ജോൺ എന്നിവരാണ് മറ്റു പ്രാധാനികൾ. ഇംഗ്ലണ്ടിൽ അന്താരാഷ്ട്ര ആസ്ഥാനവുമുണ്ട്. പൂനയിലാണ് ദേശീയ ആസ്ഥാനം. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണ്ണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുവരെ ഭക്തരെ ആകർഷിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ വളർത്തി. സൂര്യന്റെ സവിശേഷ പ്രകാശം ലഭിക്കുന്ന കുരിശ് മൂന്നാറിലുണ്ടെന്ന് പറഞ്ഞ് ഇവിടെ നിന്നെല്ലാം ചിന്നകനാലിലേക്ക് ആളെ എത്തിച്ചു.

1996ൽ സ്പിരിറ്റ് ഇൻ ജീസസിൽ വന്ന സിന്ധു 2003 മാർച്ച് മുതൽ കർത്താവ് ഇറങ്ങിവന്ന് ഇരുപത്തിനാല് മണിക്കൂറും വിട്ടുപിരിയാതെ നിൽക്കുന്നവളായി സ്വയം വിശേഷിപ്പിച്ചു. ഈ ലോകവും മാതാവും അവൾക്ക് വെളിപാടുകൾ പറഞ്ഞുകൊടുത്ത് എഴുതിക്കുന്നവെന്ന് പ്രചരിപ്പിച്ചു. ചിലപ്പോൾ ഇവളുടെ ദേഹത്ത് പരിശുദ്ധരുമെത്തുമത്രേ. സ്വർഗ്ഗത്തിലെ മുത്തെന്നായിരുന്നു സിന്ധവിനെ വിളിച്ചത്. സിന്ധുവിന്റെ അനുഗ്രഹത്തിനായി വിശ്വാസികൾ ഒഴുകിയെത്തി. ആന്ധവിശ്വാസത്തിന്റെ കേന്ദ്രമായി ഇതിനെ മാറ്റി. സിന്ധുവിനെ ദൈവം പോലെ പൂജിക്കുന്നവരുമുണ്ട്. യേശുക്രിസ്തുവിനെ തന്റെ കളിക്കൂട്ടുകാരനായാണ് സിന്ധു തോമസും വിശദീകരിക്കുന്നത്. പ്രലോഭനങ്ങളിൽ വീഴ്‌ത്തി ക്രൈസ്തവ വിശ്വാസികളെ കൂടുതലായി സിന്ധു സ്പിരിറ്റ് ഇൻ ജീസസിലേക്ക് അടുപ്പിക്കുന്നു. മാജിക്കും മന്ത്രവാദക്കളങ്ങളുമെല്ലാം ഇവിടേയും നിറയുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സിന്ധു തോമസ് എന്ന സ്വർഗ്ഗത്തിലെ മുത്തിന്റെ ഇടപടെലെന്ന് കത്തോലിക്കാ സഭ തന്നെ വിശദീകരിച്ചിട്ടുണ്ട്.

സ്പിരിറ്റ് ഇൻ ജീസസുകാർ അവകാശപ്പെടുന്നത് അവർക്ക് മരിച്ചുപോയ ആത്മാക്കളുമായി സംസാരിക്കാൻ കഴിവുണ്ടെന്നാണ്. തങ്ങൾക്കുണ്ടാകുന്ന തോലുകളെല്ലാം ദൈവിക ദർശനങ്ങളായി വ്യാഖ്യാനിച്ച് വിശ്വാസികളെ വഴിതെറ്റിക്കുവാൻ വചനത്തെ ദുരുപയോഗം ചെയ്യുന്നു ഇവരെന്നാണ് കത്തോലിക്കാ സഭയുടെ വിലയിരുത്തൽ. മറ്റൊരു തെറ്റായ പഠനം ശാപത്തേക്കുറിച്ചാണ്. ജീവിച്ചിരിക്കുവരുടെ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും കാരണം മരണമടഞ്ഞ ആത്മാക്കളുടെ മോക്ഷംകിട്ടാത്ത അവസ്ഥയാണത്രെ. ശാപമേറ്റ പൂർവ്വികരുടെ ആത്മാക്കൾ മോക്ഷം കിട്ടാതെ അലയുതിനാൽ അവരെ രക്ഷിച്ച് മോചനം നൽകുതിലൂടെ മാത്രമേ ഇന്നത്ത മനുഷ്യന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂവെന്നും സ്പിരിറ്റ് ഇൻ ജീസസ് പറയുന്നു. ദൈവമക്കളെന്നും പിശാചിന്റെ മക്കളെന്നും മനുഷ്യവർഗ്ഗത്തെ സ്പിരിറ്റ് ഇൻ ജീസസ് രണ്ടായി തിരിച്ചിരിക്കുന്നു. തങ്ങളുടെ ഇഷ്ടങ്ങളെ പിൻതുടരുവരെ നല്ലവരെന്നും ദൈവമക്കളെന്നും വ്യാഖ്യാനിക്കുകയും മറ്റുള്ളവരെ പിശാചിന്റെ മക്കളെന്നും തിരിക്കുന്നുവെന്നും വിമർശനം സജീവമാണ്. ഈ സാഹചര്യത്തിലാണ് കത്തോലിക്കാ സഭയുടെ ഇടപെടലും നിരോധനവുമെത്തിയത്.

അപ്പോഴും രാഷ്ട്രീയക്കാരെ ഒപ്പം നിർത്താൻ സ്പിരിറ്റ് ഇൻ ജീസസിനായി. അന്യമതങ്ങളെ കളിയാക്കി വർഗ്ഗീയ ചിന്തവളർത്തിയായിരുന്നു ഇത്. ഇതിലൂടെ വോട്ട് ബാങ്കാരാഷ്ട്രീയത്തിന്റെ സാധ്യതകളും സജീവമാക്കി. അങ്ങനെ എല്ലാ സാധ്യതയും ഉപയോഗിച്ച് സ്പിരിറ്റ് ഇൻ ജീസസുകാർ വളർന്നു. വോട്ട് ബാങ്കായി മാറിയതിനാൽ രാഷ്ട്രീയക്കാർക്കും ഇവരെ തള്ളിപ്പറയാൻ കഴിയാതെ വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP