Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ പിന്തുണയിൽ ഭ്രമിച്ച് വീണ്ടും കുരിശ് സ്ഥാപിച്ചവർ രായ്ക്കുരാമാനം മാറ്റിയത് കുരിശ് മലകൾ തോറും ശൂലം സ്ഥാപിക്കാൻ തീവ്ര ഹിന്ദു സംഘടനകൾ പദ്ധതിയിടുന്നുവെന്ന് അറിഞ്ഞ്; അവസരം പരമാവധി മുതലെടുക്കാൻ ഉറച്ച് സംഘപരിവാറുകാർ; അനധികൃത ഭൂമിയിലെ കുരിശിനെ പിന്തുണച്ച പിണറായി സർക്കാർ ചോദിച്ച് വാങ്ങുന്നത് മത സംഘർഷത്തിന്റെ തീപ്പൊരി തന്നെ

സർക്കാർ പിന്തുണയിൽ ഭ്രമിച്ച് വീണ്ടും കുരിശ് സ്ഥാപിച്ചവർ രായ്ക്കുരാമാനം മാറ്റിയത് കുരിശ് മലകൾ തോറും ശൂലം സ്ഥാപിക്കാൻ തീവ്ര ഹിന്ദു സംഘടനകൾ പദ്ധതിയിടുന്നുവെന്ന് അറിഞ്ഞ്; അവസരം പരമാവധി മുതലെടുക്കാൻ ഉറച്ച് സംഘപരിവാറുകാർ; അനധികൃത ഭൂമിയിലെ കുരിശിനെ പിന്തുണച്ച പിണറായി സർക്കാർ ചോദിച്ച് വാങ്ങുന്നത് മത സംഘർഷത്തിന്റെ തീപ്പൊരി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാപ്പാത്തിചോലയിലെ കുരിശ് നീക്കിയത് വിശ്വാസ സമൂഹത്തെ എതിരാക്കിയെന്നാണ് സി.പി.എം വിലയിരുത്തൽ. നടത്തിയത് കടന്ന കൈയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി തന്നെ പ്രതികരിച്ചു. ഇതിന് പിന്നാലെ പാപ്പിത്തിചോലയിൽ വീണ്ടും കുരിശ് പ്രത്യക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് കണ്ട ഈ കുരിശിനെ തൊടാൻ റവന്യൂ ഉദ്യോഗസ്ഥരും ഭയന്നു. എന്നാൽ ഇന്ന് രാവിലെ എത്തിയവർ കുരിശ് കണ്ടില്ല. വച്ചവർ തന്നെ അതെടുത്തുമാറ്റിയെന്നാണ് പൊലീസ് പറയുന്നത്. തീവ്ര ഹൈന്ദവ സംഘടനകളുടെ നീക്കവും ഇതിന് കാരണമായെന്നാണ് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ വാക്കുകളുടെ പിൻബലത്തിൽ കേരളത്തിലെ രാഷ്ട്രീയം അനുകൂലമാക്കാൻ സംഘപരിവാർ സംഘടനകൾ മൂന്നാറിലെത്തുമെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം.

മലയ്ക്ക് മുകളിൽ കുരിശ് സ്ഥാപിക്കുകയെന്നത് ചില ക്രൈസ്തവ സംഘടനകളുടെ രീതിയാണെന്ന ആരോപണം ഹൈന്ദവ സംഘടനകൾക്കുണ്ട്. പണ്ട് നിലയ്ക്കലിൽ കുരിശ് സ്ഥാപിച്ചതിനെ ആർഎസ്എസ് അതിശക്തമായി പ്രതിരോധിച്ചു. പി പരമേശ്വരന്റെ നേതൃത്വത്തിൽ കുമ്മനം രാജശേഖരനും പിപി മുകുന്ദനുമാണ് ഈ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. വർഗ്ഗീയ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചുവെങ്കിലും കുരിശ് മാറ്റിക്കാൻ പരിവാറുകാർക്കായി. ഈ മാതൃകയിലെ സമരം വീണ്ടും പാപ്പത്തിചോലയിലും സമീപ പ്രദേശത്തെ കുരിശുള്ള മലകളിലും തുടങ്ങാനായിരുന്നു ആർഎസ്എസ് നീക്കം. കുരിശ് എടുത്ത് മാറ്റാതെ തൊട്ടടുത്ത് ഹൈന്ദവ ആരാധാനാ ചിഹ്നമായ ശൂലം സ്ഥാപിക്കാനായിരുന്നു പദ്ധതി. വിശ്വഹിന്ദു പരിഷത്തിലെ പ്രമുഖ നേതാക്കൾ ഇതു സംബന്ധിച്ച ആശയ വിനിമയം സജീവമാക്കുകയും ചെയ്തു. കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചതിനെ ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ വാക്കുകളെ ചോദ്യം ചെയ്യുന്ന സമരമാർഗ്ഗമാണ് ആലോചിച്ചത്.

ഇത് മനസ്സിലാക്കിയാണ് പാപ്പാത്തിചോലയിലെ കുരിശ് മാറ്റിയത്. വോട്ട് ബാങ്ക് രാഷ്ട്രീയം അനുകൂലമാക്കാൻ പല വഴികളും ബിജെപി തേടുന്നുണ്ട്. മൂന്നാർ വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമരങ്ങൾക്ക് നേതൃത്വം നൽകാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ കുമ്മനത്തോട് ദേശീയ പ്രസിഡന്റ് അമിത് ഷായും നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പപ്പാത്തിചോലയിലെ കുരിശിനെ മുഖ്യമന്ത്രി ന്യായീകരിച്ചിതനെ കടന്നാക്രമിച്ച് കുമ്മനം എത്തിയത്. മത പ്രീണനത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും മുമ്പ് ഇത്തരം സംഭവങ്ങളിൽ പിണറായി എടുത്ത നിലപാട് ചൂണ്ടിക്കാട്ടി കുമ്മനം പറഞ്ഞിരുന്നു. ശൂലം മോഡൽ സമരത്തിന്റെ സാധ്യത സജീവമാക്കുന്നതായിരുന്നു ഈ പ്രസ്താവനകൾ. മലകൾക്ക് മുകളിൽ ശൂലം സ്ഥാപിച്ചാൽ സർക്കാർ എടുത്തു മാറ്റുമോ എന്ന് പരിശോധിക്കുകയായിരുന്നു തന്ത്രം. എടുത്തു മാറ്റിയില്ലെങ്കിൽ പാപ്പാത്തിചോല പോലുള്ള സ്ഥലത്ത് കുരിശിനടുത്ത് പ്രാർത്ഥിക്കാനെത്തുന്നവരും ശൂലം സ്ഥാപിച്ചവരും തമ്മിൽ സംഘർഷ സാധ്യത ഉടലെടുക്കുമായിരുന്നു. ഇത് വർഗ്ഗീയ സംഘർഷത്തിലേക്കും നയിക്കുമായിരുന്നു.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളിൽ ജില്ലാ ഭരണകൂടത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന എത്തിയതോടെയാണ് വിവാദത്തിന് തുടക്കം. സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കയ്യേറി നിർമ്മിച്ച കുരിശ് പൊളിച്ചതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. സർക്കാർ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ച ശേഷം നിയമ നടപടികൾ സ്വീകരിച്ചാൽ മതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുരിശ് എന്തുപിഴച്ചെന്നു ചോദിച്ച മുഖ്യമന്ത്രി, കൂടുതൽ ജാഗ്രത വേണ്ടിയിരുന്നുവെന്നു ചൂണ്ടിക്കാട്ടി. വലിയൊരു വിഭാഗം കുരിശിൽ വിശ്വസിക്കുന്നുണ്ട്. അതിൽ കൈവയ്ക്കുമ്പോൾ സർക്കാരിനോടു ചോദിച്ചില്ല. 144 പ്രഖ്യാപിച്ചു ഭീകരാന്തരീക്ഷമുണ്ടാക്കി. സർക്കാർ കുരിശിനെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചു. കേരളത്തിലെ സർക്കാരിനു കുരിശുവഹിക്കാൻ താൽപര്യമില്ലെന്നും പറഞ്ഞു. ഇതിനെ ശൂലം സ്ഥാപിക്കലിന് അനുകൂലമായി വ്യാഖ്യാനിക്കാനാണ് സംഘപരിവാറിലെ തീവ്രവിഭാഗം ശ്രമിച്ചത്. ദേവിയുടേയും മുരുകന്റേയും ആയുധമാണ് ശൂലം. ഇതിനെ ഹിന്ദുക്കൾ ആരാധിക്കുന്നുണ്ട്. കയ്യേറ്റഭൂമിയിൽ കുരിശുള്ളിടത്തെല്ലാം ബലപ്രയോഗത്തിലൂടെ ശൂലം സ്ഥാപിക്കാനാണ് ആലോചന. ഈ ശൂലം പൊളിച്ചുമാറ്റാൻ സർക്കാർ സംവിധാനമെത്തിയാൽ ന്യൂനപക്ഷ പ്രീണനത്തിന്റെ ചർച്ച സജീവമാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം അനുകൂലമാക്കാനായിരുന്നു നീക്കം. ഈ മാതൃക കേരളത്തിലൂട നീളം വ്യാപിപ്പിക്കാനും തീരുമാനിച്ചിരുന്നു.

പാപ്പാത്തിചോലയിൽ പൊളിച്ച കുരിശിന്റെ സ്ഥാനത്ത് മരക്കുരിശ് വീണ്ടുമെത്തിയതും പിണറായിയുടെ വാക്കുകളുടെ പിൻബലത്തിലായിരുന്നു. ആരും എടുത്തു മാറ്റാൻ വരില്ലെന്നും പ്രതീക്ഷിച്ചു. എന്നാൽ ശൂലം സ്ഥാപിക്കാനെത്തുന്നവരെ കുറിച്ച് അറിഞ്ഞതോടെ മറ്റ് വിവാദം ഒഴിവാക്കാൻ കുരിശ് ഒഴിവാക്കുകയായിരുന്നു സ്പിരിറ്റ് ഇൻ ജീസസുകാർ. അല്ലാത്ത പക്ഷം കാര്യങ്ങൾ സംഘർഷത്തിലേക്ക് വഴിമാറും. ഇപ്പോൾ തന്നെ സ്പിരിറ്റ് ഇൻ ജീസസിന്റെ തലവൻ ടോം സഖറിയയ്‌ക്കെതിരെ കേസുകൾ നിലവിലുണ്ട്. വർഗ്ഗീയ സംഘട്ടനത്തിന് വിത്തു പാകിയാൽ കൂടുതൽ ശക്തമായ കേസുകൾ വരും. ഇതോടെ വിദേശത്തുള്ള ടോമിന് നാട്ടിൽ തിരിച്ചെത്തുകയും അസാധ്യമാകും. സ്പിരിറ്റ് ഇൻ ജീസസിന്റെ പ്രവർത്തനത്തേയും ഇത് ബാധിക്കും. അതുകൊണ്ട് കൂടിയാണ് ആരുമറിയാതെ സ്ഥാപിച്ചവർ തന്നെ മരക്കുരിശ് എടുത്ത് മാറ്റിയതെന്നാണ് സൂചന. പപ്പാത്തിചോലയിലെ കുരിശ് അപ്രത്യക്ഷമായെങ്കിലും ശൂലം സ്ഥാപിക്കൽ പ്രതിഷേധം ഇപ്പോഴും പരിവാറുകാരിലെ തീവ്ര നിലപാടുകാർ പരിഗണിക്കുന്നുണ്ട്.

ഭരണത്തലവൻ എന്ന നിലയിൽ മുഖ്യമന്ത്രി കയ്യേറ്റക്കാരുടെ താൽപര്യങ്ങളെ പിന്തുണച്ചത് ഉത്കണ്ഠാജനകമാണ് ഈ വിഷയത്തിൽ കുമ്മനം പ്രതികരിച്ചത്. സുന്നി വിഭാഗത്തിന്റെ തിരുശേകം ബോഡി വേസ്റ്റ് എന്ന് പറഞ്ഞ് അപമാനിക്കുകയും ശ്രീനാരായണ ഗുരുദേവനെ കുരിശിൽ കെട്ടി ആണി തറച്ച് കൊണ്ടുപോയപ്പോഴും മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടൂപോയപ്പോഴും ഒന്നും തോന്നാതിരുന്ന വികാരം ഇപ്പോൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ വികാര വിക്ഷോഭം ഉണ്ടായത്. ക്രൈസ്തവ സഭകളും മേലധ്യക്ഷന്മാരും സർക്കാർ നടപടിയോട് യോജിച്ചപ്പോൾ മുഖ്യമന്ത്രിക്ക് മാത്രമാണ് എതിർ അഭിപ്രായമെന്നും കുമ്മനം ആരോപിച്ചിരുന്നു. സ്പിരിറ്റ് ഇൻ ജീസസ്എന്ന സംഘടനയോട് മുഖ്യമന്ത്രിക്കുള്ള ബന്ധമെന്താണ്. അദ്ദേഹത്തിന് ആ സംഘടനയുമായുള്ള ഇടപാട് എന്താണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും പറഞ്ഞിരുന്നു. ന്യൂനപക്ഷ പ്രീണനത്തിലൂടെ വോട്ട് നിലനിർത്താനുള്ള പിണറായിയുടെ നീക്കത്തെ പൊളിക്കാൻ ശൂലം പ്രതിരോധത്തിലൂടെ കഴിയുമെന്നാണ് പരിവാറുകാർ വിലയിരുത്തുന്നത്. ജീസസ് ഇൻ ക്രൈസ്റ്റിന്റെ തലവൻ ടോം സഖറിയയും കുടുംബവും നിരവധി കൈയേറ്റങ്ങൾ നടത്തിയിട്ടുണ്ട്. ഇവിടെയെല്ലാം ശൂലം സ്ഥാപിക്കാനാണ് പരിവാറുകാരുടെ ആലോചന.

ദേവികുളം അഡീഷണൽ തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത്. വൻ പൊലീസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു. 25 അടി ഉയരമുള്ള കുരിശിന്റെ കോൺക്രീറ്റ് അടിത്തറ ഡ്രില്ലിങ് മെഷീനും ജെസിബിയും ഉപയോഗിച്ചാണു പൊളിച്ചുനീക്കിയത്. സ്പിരിച്വൽ ടൂറിസത്തിന്റെ മറവിൽ നൂറിലേറെ ഏക്കർ ഭൂമിയാണ് ഇവിടെ കയ്യേറിയത്. തൃശൂർ കുരിയച്ചിറ ആസ്ഥാനമായ സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയാണ് പാപ്പാത്തിച്ചോലയിൽ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത്. കയ്യേറ്റം സംബന്ധിച്ച് ആഭ്യന്തരവകുപ്പും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇത് സർക്കാർ കണ്ടില്ലെന്ന് നടിച്ചു. ഇതിനിടെയാണ് ശ്രീറാം വെങ്കിട്ടരാമൻ ദേവികളും സബ് കളക്ടറായി എത്തുന്നത്. ഇതോടെ കരിശ് കൃഷിക്കെതിരെ നടപടിയും എടുത്തു. മതികെട്ടാനിലും കുരിശ് മറയാക്കിയാണ് കൈയേറ്റങ്ങൾ നടന്നത്. ഇത് മൂന്നാറിലേക്കും ആവർത്തിക്കാനായിരുന്നു ബോധപൂർവ്വമായ ശ്രമം നടന്നതും അത് ശ്രീറാം വെങ്കിട്ടരാമൻ ഇടപെട്ട് പൊളിച്ചതും. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെ ആർ എസ് എസുകാരനാക്കാനായിരുന്നു സി.പി.എം മാധ്യമങ്ങളായ ദേശാഭിമാനിയും കൈരളിയും ശ്രമിച്ചത്.

മൂന്നാർ വിവാദങ്ങൾക്കു പിന്നിൽ സംഘപരിവാർ അജൻഡയുണ്ടെന്ന് തുടക്കം മുതലേ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നു എന്നായിരുന്നു ദേശാഭിമാനിയുടെ റിപ്പോർട്ടിങ്.ഹിന്ദുത്വ അജൻഡയുടെ വക്താക്കളുടെ കൈയിലെ ഉപകരണമാണ് റവന്യൂഉദ്യോഗസ്ഥനെന്ന ആക്ഷേപം മൂന്നാറിൽ നിന്നു തന്നെ ഉയർന്നു വരുന്നുവെന്ന് ദേശാഭിമാനി പറയുന്നു. കേരള ചരിത്രത്തിൽ ആദ്യമായ് കൈയേറ്റം പരിശോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയനീക്കം യാദൃശ്ചികമല്ല. സിപിഐ എം നേതാക്കളുടെയും ജനപ്രതിനിധികളുടെയും പേരിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാജ്നാഥ് സിങ്ങിന് കുമ്മനം നിവേദനം നൽകിയത് ഈ തിരക്കഥയുടെ ഭാഗമാണ്. പിന്നീട് രാജ്നാഥ് സിങ് ഇടപെട്ട് മറ്റൊരു കേന്ദ്രമന്ത്രി സി ആർ ചൗധരിയെ മൂന്നാറിലേക്ക് അയച്ചു. ആർഎസ്എസുമായും ബിജെപിയുമായും നല്ല ബന്ധം പുലർത്തുന്ന ചില ഉദ്യോഗസ്ഥ മേധാവികളെ ഉപയോഗപ്പെടുത്തിയാണ് കരുക്കൾ നീക്കിയത്.-ഇങ്ങനെ പോകുന്നു ദേശാഭിമാനിയുടെ നിലപാട് വിശദീകരണം.

ഈ സാഹചര്യത്തിലാണ് സിപിഎമ്മിന് പണികൊടുക്കാൻ ശൂലം സമരത്തെ കുറിച്ച് പരിവാറിലെ തീവ്ര നിലപാടുകാർ ആലോചന നടത്തുന്നത്. ദേശീയ തലത്തിലെ കൂടിയാലോചനകൾക്ക ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂവെന്നാണ് ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP