Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

13 സുരക്ഷാ നമ്പറുകൾ ഉണ്ടായിട്ടും കേരളത്തിലെ സ്ത്രീ സുരക്ഷ എവിടെയെത്തി? നിയമം പാലിക്കേണ്ടവർ അതു ചെയ്യുന്നുണ്ടോ? സാധാരണ ജനങ്ങൾക്കു വേണ്ടത് നിയമം വാഴുന്ന ഒരു നല്ല സമൂഹം: ചില സ്ത്രീസുരക്ഷാ ചിന്തകൾ

13 സുരക്ഷാ നമ്പറുകൾ ഉണ്ടായിട്ടും കേരളത്തിലെ സ്ത്രീ സുരക്ഷ എവിടെയെത്തി? നിയമം പാലിക്കേണ്ടവർ അതു ചെയ്യുന്നുണ്ടോ? സാധാരണ ജനങ്ങൾക്കു വേണ്ടത് നിയമം വാഴുന്ന ഒരു നല്ല സമൂഹം: ചില സ്ത്രീസുരക്ഷാ ചിന്തകൾ

ഗീവർഗീസ് ഇടിച്ചെറിയ

ൺലൈൻ പത്രങ്ങളിലും ദിനപ്പത്രങ്ങളിലും വന്നു കൊണ്ടിരിക്കുന്ന സ്ത്രീസുരക്ഷയെപ്പറ്റിയുള്ള വാർത്തകളും ലേഖനങ്ങളും വായിക്കുമ്പോൾ നമ്മുടെ നാടായതുകൊണ്ട് ഞെട്ടൽ ഉണ്ടാകുന്നില്ലെങ്കിലും സ്ത്രീകൾക്കു കിട്ടേണ്ട സുരക്ഷ എന്തുകൊണ്ട് കിട്ടുന്നില്ല എന്ന ചിന്ത കുടുംബബോധമുള്ള ഏതൊരു പൗരനെയെയും അലട്ടുന്നുണ്ട്. നിയമവ്യവസ്ഥിതിയുടെ മൂല്യച്യുതിയും ദുരവസ്ഥയും കണ്ട് അവർക്കു ദുഃഖം തോന്നാറുമുണ്ട്. അത് അധികാരികൾ പറയാറുള്ളതു പോലെയുള്ള ദുഃഖം അല്ല. മനസാക്ഷിയുള്ള ഏതൊരു മനുഷ്യന്റെയും ഹൃദയത്തിൽ നിന്നും ഉയരുന്ന യഥാർത്ഥ ദുഃഖം തന്നെയാണ്.

ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പല കാര്യങ്ങളും നിയമവാഴ്ചയുടെ പേരിൽ സാധാരണ ജനങ്ങളായ നാം കാണാറുണ്ട്. എന്നാൽ ഒന്നും വിജയിക്കുന്നതായി കാണുന്നില്ല. നേതാക്കന്മാർക്ക് അറിവും കഴിവും ഇല്ലാഞ്ഞിട്ടല്ല അങ്ങനെ വന്നു ഭവിക്കുന്നത് എന്നു നമുക്കറിയാം. നിയമപരിപാലനം നടത്തേണ്ട നമ്മൾ വാർത്തെടുത്ത ലോകത്തിലെ മികച്ച സേനകളിൽ ഒന്നായ നമ്മുടെ സേനയുടെ കഴിവില്ലായ്മയുമല്ല അതിനു കാരണം.

കാരണം എന്തു തന്നെയായാലും ഒരു കാര്യം ഉറപ്പിക്കാം. ജനത്തിന് പ്രതികരിക്കാനുള്ള ശക്തി എന്നേ കൈമോശം വന്നിരിക്കുന്നു.അതിനാലാണ് ഓരോ സ്ത്രീപീഡന വാർത്തയും കൊലപാതക വാർത്തയും കേൾക്കുമ്പോൾ നാം ഞെട്ടുന്നതും നാളെ അതു നമ്മുടെ കുടുംബത്തെയും വേട്ടയാടുമോ എന്ന ഭയം ഉണ്ടാകുന്നതും.

അഞ്ച് ടെലിഫോൺ അലേർട്ട് നമ്പറുകൾ സ്ത്രീസുരക്ഷയ്ക്കായും എട്ട് സാമൂഹ്യസുരക്ഷാ നമ്പറുകൾ പോതുസുരക്ഷയ്ക്കായും ദൈവത്തിന്റെ സ്വന്തം നാടായ ഈ കൊച്ചു കേരളത്തിൽ ഒരുക്കിയിട്ടുണ്ടെങ്കിലും സുരക്ഷയ്ക്കായി നാം ഇന്നും കാത്തിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ഥിതി ഇതാണെങ്കിൽ മറ്റുള്ളിടത്തെ സ്ഥിതി എന്തായിരിക്കും എന്നു ചിന്തിക്കാൻ വയ്യാ.
ഒരു ടെലിഫോൺ നമ്പർ തന്നെ സാങ്കേതിക മികവിന്റെ ഈ കാലത്ത് ധാരാളം മതിയാകും എന്നിരിക്കെ പതിമൂന്നെണ്ണം നമ്മുടെ സുരക്ഷയ്ക്ക് ഉണ്ടായിട്ടും ഇന്നും സ്ത്രീസുരക്ഷ പഴയപടി തന്നെ ഒന്നാം ഗിയറിൽ കിടക്കുന്നതേയുള്ളൂ. ഒരു ക്രൂരത അരങ്ങേറുമ്പോൾ ഏതാനും നാളുകൾ അതു വേഗം കൂട്ടാൻ ശ്രമിക്കാറുണ്ടെങ്കിലും ഗിയർ പഴയതിൽ നിന്നു മാറാത്തതിനാൽ വേഗം കൂടുന്നില്ല താനും. എത്ര പരിതാപകരമായ അവസ്ഥ. ഒരു കൂട്ടം അധികാരികളുടെ കാലത്തു മാത്രം കാണുന്നതല്ല, അത്. കാലാകാലങ്ങളായി നാം കണ്ടു വരുന്നതാണ്.

നമ്മുടെ നാട് ഫോർ ജിയും താണ്ടി അതിവേഗം സിക്‌സ് ജീയിലേക്ക് കുതിക്കുന്നു. ഒത്താൽ എത്രയും വേഗം പത്തിലും എത്തുന്നതിനുള്ള ധൈര്യം കാണിക്കും. ബിഎസ് മൂന്ന് വാഹനങ്ങളെ റോഡിൽ നിന്നോടിച്ച് ബിഎസ് ആറിലേക്കുള്ള പ്രയാണത്തിലാണ് നാമിപ്പോൾ. പക്ഷേ നമ്മുടെ മനസ്സ് ഇപ്പോഴും ആ പഴയ കിരാതകാലത്തു കുടുങ്ങി കിടക്കുന്നു.

സ്വാധീനമുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സ്ത്രീസുരക്ഷാ നിയമങ്ങൾ മാത്രമല്ല, എല്ലാ നിയമങ്ങളും വഴങ്ങി കൊടുക്കുമെന്നും വേണ്ടി വന്നാൽ ഓച്ഛാനിച്ചു നില്ക്കുമെന്നും നമുക്ക് അറിയാം. അപ്പോൾ അതാണോ നിയമവ്യവസ്ഥിതിയിലെ പ്രശ്‌നങ്ങൾക്കു കാരണം?

നിയമം പരിപാലിക്കേണ്ട സേനയിൽ ഉള്ള അച്ചടക്കമില്ലായ്മ, മേലുദ്യോഗസ്ഥരെ അനുസരിക്കാത്ത കീഴുദ്യോഗസ്ഥർ, ഇവയൊക്കെയുള്ള ഏതു സേനയും സംവിധാനവും ഒരിക്കലും ലക്ഷ്യം കാണില്ല. എന്നു തന്നെയല്ല, അതു ഭാവിയിൽ സമൂഹത്തിന്റെ മൂല്യച്യുതിയായി മാറുകയും ചെയ്യും. നിയമപരിപാലനത്തിനു യോഗ്യരല്ലാത്തവർ സേനയിൽ കടന്നു കൂടുന്നതും ശരിയായ രീതിയിൽ ജോലി ചെയ്തില്ലെങ്കിലും പരിരക്ഷ കിട്ടുമെന്നുള്ള അത്തരക്കാരുടെ വിശ്വാസവും അച്ചടക്കമില്ലായ്മ വളർത്തുന്നുണ്ട്. കേന്ദ്ര സേനകളിൽ കർശനമായ ഡിസിപ്ലിൻ വേണമെന്നു ശഠിക്കുന്ന നാം അതു സംസ്ഥാന സേനകളിൽ വേണ്ടാ എന്നു തീരുമാനിക്കുകായും ചെയ്യുന്നു.

സേനയിലെ തകർച്ചയുടെ മറ്റൊരു പ്രധാന കാരണം, അതിലെ അംഗങ്ങൾക്കുള്ള സംഘടനാവകാശമാണ് എന്നു കരുതുന്നു. ഒരു അംഗത്തിന് എന്തു പ്രശ്‌നമുണ്ടായാലും അതിനുവേണ്ടി മറ്റെല്ലാ അംഗങ്ങളും ഒന്നിച്ചു നിന്നു പോരാടുന്ന അവസ്ഥ ഉണ്ടാകുമ്പോൾ തെറ്റു ചെയ്യുന്നവർക്ക് എതിരെയുണ്ടാകുന്ന ശിക്ഷാനടപടികൾ പോലും നിർത്തി വെയ്‌പ്പിക്കാൻ തക്ക ബലം അവർ പ്രയോഗിച്ചെന്നിരിക്കും. എന്തു തെറ്റു ചെയ്താലും സംഘടന കാത്തുകൊള്ളും എന്ന ധാരണയിൽ തെറ്റുകൾ തിരുത്താൻ അത്തരക്കാർ തയ്യാറാകുകയുമില്ല. വേണ്ടിവന്നാൽ ഇരയെ ഭയപ്പെടുത്തി മിണ്ടാതാക്കിയെന്നുമിരിക്കും. കുറ്റകൃത്യത്തെ ചെറുക്കുകയും നിയമം കാത്തു സംരക്ഷിക്കുകയും ചെയ്യേണ്ട ഒരു സേന ലക്ഷ്യം നഷ്ടപ്പെട്ടാൽ നീതിനിയമനിഷേധികളുടെ കൂട്ടമായി മാറും.

സേനയിലെ വിവിധ സംഘടനകൾ ഉണ്ടാക്കുന്ന രാഷ്ട്രീയ ചേരിതിരിവ് സേനാംഗങ്ങൾക്കിടയിൽ തന്നെ ശത്രുതയുണ്ടാക്കുന്നതും നിയമപരിപാലനത്തെ സാരമായി ബാധിക്കുന്നതുമാകയാൽ ഒരു തരത്തിലുള്ള സംഘടനയും, അതു അംഗങ്ങളുടെ വെൽഫെയറിനു വേണ്ടിയാണെങ്കിൽ പോലും അനുവദിക്കാൻ പാടില്ല. വെൽഫെയർ കാര്യങ്ങൾക്കു മറ്റെന്തെങ്കിലും സംവിധാനം ഉണ്ടാക്കുകയാണ് വേണ്ടത്.

സ്ഥലം മാറ്റം എന്നത് ഒരു ശിക്ഷയായി കരുതാതെ എന്തു കുറ്റം ചെയ്താലും സേനാംഗം ശിക്ഷിക്കപ്പെടുകയില്ല എന്ന അവസ്ഥ മാറ്റിക്കൊണ്ട് കുറ്റം ചെയ്താൽ, സേനയിൽ മാപ്പുണ്ടാകില്ല എന്ന അവസ്ഥ ഉണ്ടാകണം. വേലി തന്നെ വിളവു തിന്നാൻ അനുവദിച്ചാൽ പിന്നെ വിളവുണ്ടാകില്ലല്ലോ. എല്ലാ കാട്ടുമൃഗങ്ങളും അവിടെ കയറിയിറങ്ങി നിരങ്ങുന്ന സ്ഥിതിയുണ്ടാകും. അതിനാൽ കുറ്റം ചെയ്യുന്നവരെ അപ്പോൾ തന്നെ സേനയിൽ നിന്നും പുറത്താക്കാൻ വേണ്ട രീതിയിൽ നിയമനിർമ്മാണം ഉണ്ടാകണം.

ജനങ്ങളോടും നിയമവ്യവസ്ഥയോടുമുള്ള ബഹുമാനം സേനയിലെ ഓരോ അംഗത്തിലും ഉണ്ടാകാൻ വേണ്ടി ഇപ്പോഴത്തെ എല്ലാ സംവിധാനങ്ങളും പുരോഗമനകാലത്തിനു യോഗ്യമായ വിധത്തിൽ ഉടച്ചുവാർക്കണം. ജനങ്ങളുടെ ആവശ്യങ്ങൾ അറിയുകയും അവരുടെ രോദനത്തിനു കാതോർക്കുകയും അവരെ പരിപാലിക്കുകയും ചെയ്യുന്ന സേനയെ കെട്ടിപ്പടുക്കണം. സ്ത്രീകളെ മാത്രമല്ല, ജനങ്ങളെയെല്ലാം ബഹുമാനിക്കുന്ന ഒരു സേനയാണ് നമ്മുടെ നാടിന് ആവശ്യം.

ധാർമ്മിക ബോധമുള്ളവർ മാത്രമേ നിയമപരിപാലനസേനയിൽ ഉണ്ടാകാവൂ എന്നും അല്ലാത്ത പക്ഷം അവർ നിയമങ്ങൾക്കതീതരായി വളരുകയും അച്ചടക്കത്തെ നശിപ്പിക്കുകയും ചെയ്യുമെന്നും അധികാരികൾ മനസ്സിലാക്കണം.
ധാർമ്മികമായും നിയമപരമായും ബോധമുള്ള നല്ല വിദ്യാഭ്യാസമുള്ള ആളുകളെ മാത്രം സേനയിലേക്ക് എടുക്കാൻ വേണ്ട എല്ലാ സ്‌ക്രീനിങ് രീതികളും പൂർത്തിയാക്കിയ ശേഷമേ ഒരാൾക്കു പോലും സേനയിൽ നിയമനം നൽകാവൂ.
ഭരിക്കുന്നവരുടെ മനസ്സുകൾ അതിനനുസൃതമായി മാറാൻ വേണ്ടി നാം കാത്തിരിക്കുന്നു? അതു കാണാനുള്ള ഭാഗ്യം ഈ നാട്ടിലെ ജനങ്ങൾക്ക് ഉണ്ടാവുമോ എന്ന് നമുക്കറിയില്ല.

ഞങ്ങൾ സാധാരണ ജനങ്ങൾക്കു വേണ്ടത് നല്ല ഒരു സമൂഹം ആണ്. നിയമം വാഴുന്ന സമൂഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP