Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സി.ആർ. നീലകണ്ഠന് കാറിൽ വിശ്രമിക്കേണ്ടിവന്നത് കട്ടിൽ ലഭിക്കാതിരുന്നതിനാൽ; താഴെക്കിടന്നിരുന്നവരെ ഒഴിവാക്കി സമരപന്തലിൽ ആരുമില്ലെന്നു തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ വിദഗ്ദമായി എടുത്തത് രാത്രിയെത്തിയ ബ്രോ; ഡിവൈഎഫ്‌ഐയുടെ വീഡിയോയ്ക്കു മറുപടിയുമായി ആംആദ്മി പുതിയ വീഡിയോ പുറത്തുവിട്ടു; പെമ്പിളൈ ഒരുമൈ സമരം പൊളിക്കാനുള്ള നീക്കം ചെറുക്കുമെന്നും പാർട്ടി

സി.ആർ. നീലകണ്ഠന് കാറിൽ വിശ്രമിക്കേണ്ടിവന്നത് കട്ടിൽ ലഭിക്കാതിരുന്നതിനാൽ; താഴെക്കിടന്നിരുന്നവരെ ഒഴിവാക്കി സമരപന്തലിൽ ആരുമില്ലെന്നു തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ വിദഗ്ദമായി എടുത്തത് രാത്രിയെത്തിയ ബ്രോ; ഡിവൈഎഫ്‌ഐയുടെ വീഡിയോയ്ക്കു മറുപടിയുമായി ആംആദ്മി പുതിയ വീഡിയോ പുറത്തുവിട്ടു; പെമ്പിളൈ ഒരുമൈ സമരം പൊളിക്കാനുള്ള നീക്കം ചെറുക്കുമെന്നും പാർട്ടി

മൂന്നാർ: സി.ആർ. നീലകണ്ഠനെ അധിക്ഷേപിച്ചുകൊണ്ട് സി.പി.എം പുറത്തുവിട്ട വീഡിയോയ്ക്കു മറുപടി നല്കി ആം ആദ്മി പാർട്ടി പുതിയ വീഡിയോ പുറത്തുവിട്ടു. സമരപന്തലിൽനിന്നുള്ള വിശദീകരണ വിഡിയോ ആണ് പാർട്ടി പുറത്തുവിട്ടിരിക്കുന്നത്.

 

അശ്ലീല പരാമർശം നടത്തിയ മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തുന്ന സമരത്തിനു പിന്തുണപ്രഖ്യാപിച്ചെത്തിയ സി.ആർ. നീലകണ്ഠൻ രാത്രിയായപ്പോൾ ആഡംബര കാറിൽ വിശ്രമിക്കുന്ന ദൃശ്യങ്ങളെന്നു പറഞ്ഞാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും വീഡിയോ പ്രചരിപ്പിച്ചത്.

ഇതിനു മറുപടി നല്കികൊണ്ടാണ് ആംആദ്മി പുതിയ വീഡിയോ ഫേസ്‌ബുക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമര പന്തലിൽ രാത്രി നടക്കുന്നത് എന്താണെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയെന്താണെന്നുമാണ് വീഡിയോയിൽ പറയുന്നത്. സമരം പൊളിക്കുകയെന്ന ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്ന വീഡിയോയാണ് ഡിവൈഎഫ്‌ഐയുടേതെന്നും ആം ആദ്മി പറയുന്നു.

ഇന്നലെയായിരുന്നു സമര പന്തലിലെ രാത്രി ദൃശ്യം എന്ന പേരിൽ സേഷ്യൽമീഡിയയിൽ വീഡിയോ പ്രചരിക്കപ്പെട്ടിരുന്നത്. ആളൊഴിഞ്ഞ സമരപന്തലും കാറിനകത്തിരിക്കുന്നു നിരാഹാര സമരം നടത്തുന്ന ആം ആദ്മി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠന്റെയും ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ഇതിനുള്ള വിശദീകരണമായാണ് ആം ആദ്മിയുടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

'ഇന്നലെ രാത്രി മുതൽ ഒരു വീഡിയോ പ്രചരിക്കപ്പെടുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ തങ്ങൾ പുറത്തുവിടുന്നതെന്ന്' ആം ആദ്മി വിശദീകരിക്കുന്നു. ഇന്നലെ രാത്രി തങ്ങളെല്ലാം കടത്തിണ്ണയിൽ കിടന്നു. സമര പന്തലിൽ കട്ടിൽ ഉണ്ടായിരുന്നില്ല. അത് എത്തിക്കാമെന്നേറ്റയാൾക്ക് കൃത്യസമയത്ത് എത്തിക്കാൻ കഴിയാതെ വന്നു. ഇതിനാലാണ് സി.ആർ നീലകണ്ഠന് കാറിൽ കിടക്കേണ്ട അവസ്ഥ വന്നെന്നും പ്രവർത്തകൻ വീഡിയോയിലൂടെ പറയുന്നു.

സമരപന്തലിൽ പൊമ്പിളൈ ഒരുമൈയുടെ നേതാക്കൾ കാർബോർഡിന്റെ ഷീറ്റ് മുറിച്ച് അതിലാണ് രാത്രി കിടന്നതെന്നു പറയുന്ന പ്രവർത്തകൻ കട്ടിലില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്നും വ്യക്തമാക്കുന്നു. നേതാക്കളുടെ കൂടെ അവരുടെ കുടുംബാംഗവും ഉണ്ടായിരുന്നെന്നും ഇവർ നാല് പേരും അവിടെ കിടന്നതുകൊണ്ട് സി.ആർ നീലകണ്ഠന് അവിടെ കിടക്കാൻ കഴിഞ്ഞില്ലെന്നും ഇതേ തുടർന്നാണ് തങ്ങളുടെ പ്രവർത്തകന്റെ കാറിൽ അദ്ദേഹം കിടന്നതെന്നും വീഡിയോയിൽ പറയുന്നു.

സി.ആറിനൊപ്പം രണ്ട് പ്രവർത്തകരും കാറിൽ ഉണ്ടായിരുന്നെന്നു പറയുന്ന പ്രവർത്തകൻ ഇന്നലെ ഇവിടെയൊരു ബ്രോ വന്നിരുന്നെന്നും വിദഗ്ദമായാണ് അയാൾ വീഡിയോ എടുത്തതെന്നും പറയുന്നു. താഴെ കാർബോഡ് വിരിച്ച് കിടക്കുന്നവർ ക്യാമറയിൽപ്പെടാതെ സമര പന്തലിൽ ആരും ഇല്ലെന്ന് സ്ഥാപിക്കാനാണ് അയാൾ ശ്രമിച്ചതെന്നും നിലത്ത് ആളു കിടക്കുന്നതുകൊണ്ട് അവിടെ കെട്ടിയിരുന്ന ബാനർ വരെ പകർത്തിയ അയാൾ ആളുകൾ ഇതിൽ പെടാതെ നോക്കിയെന്നും ചൂണ്ടിക്കാട്ടി

വീഡിയോ എടുക്കാൻ വന്നയാൾക്ക് ഇങ്ങനെയൊരു ഉദ്ദേശമുണ്ടെന്ന് തങ്ങൾക്ക് അറിയില്ലെന്നും ഇത് സമരം പൊളിക്കാനും പൊമ്പിളൈ ഒരുമൈയുടെ അവകാശങ്ങൾ ഇല്ലാതാക്കാനും ശ്രമിക്കുന്നവരുടെ സൃഷ്ടിയാണിതെന്നും ആം ആദ്മി വീഡിയോയിലൂടെ ആരോപിക്കുന്നു. 'വളരെ കൃത്യമായി കൃത്രിമമായി' നിർമ്മിച്ച ഈ വീഡിയോ സമരത്തെ ബാധിക്കില്ലെന്നും തങ്ങൾ സമരവുമായ് മുന്നോട്ട് പോകുമെന്നും പറയുന്ന ആം ആദ്മി പ്രവർത്തകൻ പൊമ്പിളൈ ഒരുമൈയുടെ സമരത്തിന് കൂടെ ആം ആദ്മി കൺവീനർ ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തുന്ന നിരാഹാര സമരമാണിതെന്നും ഇത് മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും പറഞ്ഞു.

മന്ത്രി മണിക്കെതിരേ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരം പൂർണമായും പൊളിക്കാൻ ലക്ഷ്യമിട്ടാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. സി.ആർ. നീലകണ്ഠൻ കാറിൽ വിശ്രമിച്ച വാർത്ത ദേശാഭിമാനിയും വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.

മൂന്നാറിൽ നാൽവർസംഘം നടത്തുന്ന നിരാഹാരസമരത്തിന്റെ 'ശക്തി' തെളിയിക്കുന്ന ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലാകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ദേശാഭിമാനി വാർത്ത ആരംഭിക്കുന്നത്. ഗോമതി അടക്കമുള്ള മൂന്നു സ്ത്രീകൾക്കൊപ്പം നിരാഹാരം പ്രഖ്യാപിച്ച സിആർ നീലകണ്ഠൻ, അന്തിമയങ്ങിയപ്പോൾ ആഡംബരകാറിൽ വിശ്രമിക്കുന്നതിന്റെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്നും ദേശാഭിമാനി വാർത്തയിൽ പറയുന്നു.

'ചൊവ്വാഴ്ച ഉച്ചയോടെയാണ് നീലകണ്ഠനും നിരാഹാരം പ്രഖ്യാപിച്ചത്. സമരപ്പന്തലിൽ ഗോമതിയടക്കമുള്ള മൂന്നുസ്ത്രീകളും ചാനൽ പ്രതിനിധികളും മാത്രമായിരുന്നു ഒപ്പം. രാത്രിയായതോടെ ചാനലുകാർ കളംവിട്ടു. നല്ലതണുപ്പും. ഗോമതിയും കൂട്ടരും സമരപ്പന്തലിന് സമീപത്തെ പായയിൽ ഉറക്കമായി. അസ്വസ്ഥനായ നീലകണ്ഠൻ ഫോണിൽ ആരെയോ ബന്ധപ്പെട്ടതോടെ ഒരു ആഡംബരകാർ എത്തി. നീലകണ്ഠൻ അതിനുള്ളിൽ കയറി. ഒരാളെത്തി ഭക്ഷണപ്പൊതിയും വെള്ളവും കൈമാറി.' ദേശാഭിമാനിയുടെ വാർത്ത ഇങ്ങനെ തുടരുന്നു.സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയിലെ സംഭാഷണവും വാർത്തയിൽ ഉൾപ്പെടുത്തി.

മുൻപ് ലോ അക്കാദമി വിഷയത്തിലും സമാനമായ ആരോപണങ്ങളുമായി ദേശാഭിമാനിയും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. അന്ന് നിരാഹാരം കിടക്കുകയായിരുന്ന വി മുരളീധരൻ കാറിൽ കയറിപ്പോകുന്ന ദൃശ്യങ്ങളെ ചൊല്ലി, ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി കെ സുരേന്ദ്രനും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജുമായി ഫേസ്‌ബുക്കിൽ തർക്കവും നടന്നിരുന്നു. മുരളീധരൻ കാറിൽ കയറി, ഭക്ഷണം കഴിച്ച് ഉറങ്ങാൻ ഹോട്ടലിലേക്കുള്ള പോക്കായിരുന്നുവെന്നായിരുന്നു ദേശാഭിമാനിയുടെ ആരോപണം. എന്നാൽ പ്രാഥമികകൃത്യത്തിന് പോകുന്ന മുരളീധരനെ സിപിഐഎം അധിക്ഷേപിച്ചതാണെന്നായിരുന്നു ബിജെപിയുടെ മറുപടി. 'ശുചിമുറിയിൽ ഒളിക്യാമറ വെക്കുന്നത് മാധ്യമപ്രവർത്തനമല്ല മനോരോഗമാണ്'എന്ന് കെ സുരേന്ദ്രൻ മറുപടിയും നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP