Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബസിന് മുകളിൽ കയറി ശുചീകരണം; മാലിന്യമെല്ലാം തുമ്പയ്ക്ക് കോരി വൃത്തിയാക്കൽ; പാളത്തൊപ്പി വച്ച് ജീവനക്കാർക്കൊപ്പം ഉച്ചഭക്ഷണം; ഐപിഎസുകാരി ഭാര്യയും മകളും മാറിനിന്നതുമില്ല; പബ്ലിസിറ്റിയല്ല പ്രവൃത്തിയാണ് വലുതെന്ന് തെളിയിച്ച് കെഎസ്ആർടിസി എംഡി; മിസ്റ്റർ രാജമാണിക്യം നിങ്ങളാണ് ശരിക്കും ഞങ്ങളുടെ 'ബ്രോ'യെന്ന് പറഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ

ബസിന് മുകളിൽ കയറി ശുചീകരണം; മാലിന്യമെല്ലാം തുമ്പയ്ക്ക് കോരി വൃത്തിയാക്കൽ; പാളത്തൊപ്പി വച്ച് ജീവനക്കാർക്കൊപ്പം ഉച്ചഭക്ഷണം; ഐപിഎസുകാരി ഭാര്യയും മകളും മാറിനിന്നതുമില്ല; പബ്ലിസിറ്റിയല്ല പ്രവൃത്തിയാണ് വലുതെന്ന് തെളിയിച്ച് കെഎസ്ആർടിസി എംഡി; മിസ്റ്റർ രാജമാണിക്യം നിങ്ങളാണ് ശരിക്കും ഞങ്ങളുടെ 'ബ്രോ'യെന്ന് പറഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ചെയ്യുന്നതെല്ലാം നാലാൾ അറിയണം അറിയിക്കാൻ ആളില്ലെങ്കിൽ ഞാൻതന്നെ അറിയിച്ചോളാം എന്ന നിലപാടുള്ളവരാണ് നമ്മളിൽ അധികമാളുകളും. സോഷ്യൽമീഡിയയാണ് അതിനുള്ള ഏക മാർഗ്ഗം. അത്തരക്കാരുടെ പിറകേയാണ് ഇന്നത്തെ തലമുറ പായുന്നത്. എന്നാൽ അതിനൊന്നും നിന്നുകൊടുക്കാതെ 'പ്രവൃത്തി'യാണ് എല്ലാത്തിലും വലുതെന്ന് കാട്ടിത്തരുന്ന ഒരു ഐഎഎസ് ഓഫീസറെ കണ്ടോളൂ. അദ്ദേഹത്തിന്റെ പേര് എം ജി രാജമാണിക്യം. കണ്ണൂരിന്റേയും കൊച്ചിയുടേയും മുൻ കളക്ടർ. ഇപ്പോൾ ചക്രശ്വാസം വലിക്കുന്ന കെഎസ്ആർടിസിയുടെ എംഡി.

സ്വന്തമായിട്ടോ, ഔദ്യോഗീകമായിട്ടോ ഒരു ഫേസ്‌ബുക്ക് അക്കൗണ്ട് പോലുമില്ലാത്ത അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഏൽപ്പിച്ച ജോലി ഉത്തരവാദിത്തത്തോടെ ചെയ്യുന്നതുകൊണ്ടുമാത്രമല്ല, താൻ മേധാവിത്വം വഹിക്കുന്ന സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ആയിരക്കണക്കിന് തൊഴിലാളികളുടെ വിയർപ്പുകൂടി ആവശ്യമാണെന്ന് അറിയാവുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. തന്റെ സ്ഥാപനത്തിന്റെ കരുത്തായ തൊഴിലാളികളെ പണിയെടുക്കാൻ പറഞ്ഞുവിട്ട് ശീതീകരിച്ച മുറിയിൽ ഇരിക്കാതെ തങ്ങളോടൊപ്പം പൊരിവെയിലിലും ചേറിലും മണ്ണിലുമിറങ്ങാൻ മടികാണിക്കാത്ത ഉദ്യോഗസ്ഥനെ വാഴ്‌ത്തിപ്പാടുന്നത് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ തന്നെയാണ്. സാമൂഹിക മാധ്യമങ്ങൾ അതേറ്റുപാടുകയാണ്.

'മിസ്റ്റർ രാജമാണിക്യം, നിങ്ങളാണ് ശരിക്കും കളക്ടർ ബ്രോ' എന്നാണ് സോഷ്യൽ മീഡിയയുടെ വിശേഷണം. ചാനലുകളും പത്രങ്ങളും നമ്മൾ എല്ലാവരും എം എം മണിയുടെ പിന്നാലെ പാഞ്ഞ ദിവസമാണ് അതു നടന്നത്. ക്ലീൻ ഗ്രീൻ കെഎസ്ആർടിസി എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകര സ്റ്റാന്റിലായിരുന്നു. അതിന് നേതൃത്വം നൽകാൻ സാക്ഷാൽ എംഡി രാജമാണിക്യവുമെത്തി. എംഡിയുടെ കാറിൽ ഐഎഎസുകാരന്റെ പതിവ് പത്രാസിലൊന്നുമല്ല അദ്ദേഹമെത്തിയത്.

തന്റെ ഇഷ്ടനിറമായ കടുംനീല നിറത്തിലുള്ള ടീഷർട്ടും ഡെനീം കളറിലുള്ള പഴകിയ ജീൻസും തോളിൽ ഒരു വെള്ള തോർത്തുമായി എത്തിയ അദ്ദേഹത്തിന്റെ ലക്ഷ്യം തൊഴിലാളികളോടൊപ്പം വെയിലത്തിറങ്ങി 'എല്ലാം വൃത്തിയാക്കുക' എന്നതുതന്നെയായിരുന്നു. ഈ മാസം 22ന് ആയിരുന്നു പരിപാടി. തൊഴിലാളികൾ പണിയെടുക്കുന്നയിടത്ത്, അവർ നിർദ്ദേശിച്ചതനുസരിച്ച് മൺവെട്ടിയും കുട്ടയുമെടുത്ത് മണ്ണുവെട്ടിയും ഓഡ വൃത്തിയാക്കിയും അദ്ദേഹം എല്ലാവരേയും അതിശയിപ്പിച്ചു.ഒരു സങ്കോചവുമില്ലാതെ ബസുകൾ കഴുകി വൃത്തിയാക്കിയും തൊഴിലാളികളോടൊപ്പം ഭക്ഷണം കഴിച്ചും അദ്ദേഹം എല്ലാവരേയും അതിശയിപ്പിച്ചു.

2014ൽ കൊച്ചി കളക്ടർ ആയിരുന്നപ്പോൾ ജില്ലയിലെ ഒരു പാഠശേഖരത്ത് കൃഷിയിറക്കാൻ അദ്ദേഹം എത്തിയത് ഭാര്യയും ഐപിഎസ് ഓഫീസറുമായ നിശാന്തിനിയോടും മൂന്നുവയസുള്ള മകളോടുമൊപ്പമായിരുന്നു. അന്നും ഇന്നും നമ്മുടെ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പിറകേ പോകുന്നില്ല. കാരണം അദ്ദേഹം അതിന് ആഗ്രഹിക്കുന്നില്ല എന്നതുതന്നെ. ഇന്ത്യയുടെ യുവതലമുറയെ സ്വപ്നംകാണാനും സ്വപ്നം കണ്ടത് നേടിയെടുക്കാനും ഉപദേശിച്ച മിസൈൽമാൻ എപിജെ അബ്ദുൾകലാമിന്റെ മണ്ണിൽനിന്നുതന്നെയാണ് ഈ എം ജി രാജമാണിക്യം എന്ന സാധാരണക്കാരന്റേയും വരവ്.

സാധാരണ സർക്കാർ സ്‌കൂളിൽ പഠിച്ച് കോയമ്പത്തൂർ അണ്ണാ സർവകലാശാലയിൽ നിന്ന് എംടെക്കിൽ ബിരുദവും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ സ്വർണമെഡലോടെ ബിരുദാനന്തര ബിരുദവുംനേടിയശേഷം ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് നേടിയെടുക്കുമ്പോൾ ഗ്രാമത്തിന്റെ നന്മകളൊന്നും അദ്ദേഹത്തെ വിട്ടുപോയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രവൃത്തികൾ തെളിയിക്കുന്നത്. രണ്ടുതവണ ഐഎഎസ് എഴുതിയിട്ടും നേടാനായില്ല. മൂന്നാംതവണ 80-ാം റാങ്ക് വാങ്ങി ജയിച്ചുകയറി.

2009ൽ തൃശൂർ അസിസ്റ്റന്റ് കളക്ടറായി കേരളത്തിലേക്കെത്തുന്ന അദ്ദേഹം മൂന്നാർ സബ്കളക്ടറായും നിയമിതനായി. സർവേ ഡയറക്ടർ, രജിസ്‌ട്രേഷൻ ഐജി എന്നീ നിലകളിൽ കഴിവുതെളിയിച്ചശേഷം 2013 ൽ കണ്ണൂരിലും 2014ൽ എറണാകുളത്തും കളക്ടറായും പ്രവർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP