Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടതും വലതും മാറി പരീക്ഷിക്കൽ മാണിക്ക് പുത്തരിയല്ല; നായനാരുടെ ധനകാര്യമന്ത്രി വരെ ആയിരുന്ന മാണി ഇപ്പോൾ ഇടതു ബന്ധം സ്ഥാപിച്ചത് 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം; കോട്ടയത്തെ മാറ്റത്തിന് തുടക്കമിട്ടത് മൂന്നിലവ് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ അടി

ഇടതും വലതും മാറി പരീക്ഷിക്കൽ മാണിക്ക് പുത്തരിയല്ല; നായനാരുടെ ധനകാര്യമന്ത്രി വരെ ആയിരുന്ന മാണി ഇപ്പോൾ ഇടതു ബന്ധം സ്ഥാപിച്ചത് 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം; കോട്ടയത്തെ മാറ്റത്തിന് തുടക്കമിട്ടത് മൂന്നിലവ് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ അടി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം; വളരു തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ്. പല വിഭാഗങ്ങൾ കേരളാ കോൺഗ്രസിലുണ്ട്. എങ്കിലും കെ എം മാണിയുടെ കേരളാ കോൺഗ്രസ് എമ്മിന് തന്നെയാണ് കൂടുതൽ പ്രസക്തി. പല മുന്നണികളിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും 35 വർഷമായി യുഡിഎഫിലാണ് മാണി. മധ്യതിരുവിതാകൂറിലെ വലത് പടയോട്ടത്തിന് കരുത്തായി നിന്ന നേതാവ്. കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിന്റെ ഇടതുമുന്നണി സഹകരണം 35 വർഷത്തിനു ശേഷമാണ് സംഭവിക്കുാൻ പോകുന്നത്. ഒന്നാം നായനാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ 1981 ഒക്ടോബർ 20നു മാണി വിഭാഗം പിൻവലിച്ചതിനുശേഷം എൽഡിഎഫുമായി വിപുലമായ സഹകരണം ഇതാദ്യമാണ്.

കരുണാകരനുമായി ബന്ധം വിഛേദിച്ച ആന്റണി ഗ്രൂപ്പിനൊപ്പമാണ്, മാണിയുടെ കേരള കോൺഗ്രസ്, 1981 ലെ നായനാർ മന്ത്രിസഭയിൽ ചേർന്നത്. താമസിയാതെ, ആന്റണി ഗ്രൂപ്പ് മന്ത്രിസഭ വിട്ടു; താൻ ഒരിക്കലും മന്ത്രിസഭ വിടില്ലെന്നു വാക്കുപറഞ്ഞ മാണി, നായനാരോട് ഒരക്ഷരം പറയാതെ, പുറത്ത് രാജി പ്രഖ്യാപിച്ചു. ഒറ്റ രാത്രികൊണ്ടാണ്, മാണി മലക്കം മറിഞ്ഞത്. ആന്റണിഗ്രൂപ്പിൽനിന്ന്, ആര്യാടൻ മുഹമ്മദ്, പി.സി. ചാക്കോ, വക്കം പുരുഷോത്തമൻ, എ.സി. ഷൺമുഖദാസ് എന്നിവരും കേരള കോൺഗ്രസിൽനിന്ന് മാണി, ആർ ബാലകൃഷ്ണപിള്ള, ലോനപ്പൻ നമ്പാടൻ എന്നിവരുമായിരുന്നു, മന്ത്രിമാർ. ഇതിലൊരു കോൺഗ്രസ് മന്ത്രിക്കു ബ്രീഫ്കേസിലെത്തിയ കോഴ, മുറി മാറി തന്റെ കൈയിലെത്തിയതിൽ, നായനാർ ഖിന്നനായിരുന്നു. തുടർന്നുവന്ന കരുണാകരൻ മന്ത്രിസഭയ്ക്ക്, നമ്പാടനെക്കൊണ്ട് പിന്തുണ പിൻവലിപ്പിച്ച്, സി.പി.എം പകരംവീട്ടി, നമ്പാടൻ ഇടതു ക്യാമ്പിലായി.

ഇപ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേൽക്കുന്നത് മൂന്നു പതിറ്റാണ്ടിനിടെ ആദ്യ കേരളാ കോൺഗ്രസ് വിമുക്ത മന്ത്രിസഭയെന്ന പ്രത്യാകതയുമുണ്ടായിരുന്നു. ഇതിനു മുമ്പ്് ഇ.കെ.നായനാർ മുഖ്യമന്ത്രി ആയിരുന്ന 1987-1991 ലാണ് കേരള കോൺഗ്രസ് പ്രതിനിധികൾ മന്ത്രിസഭയിൽ ഉൾപ്പെടാതെ പോയത്. അന്ന് പി.ജെ.ജോസഫിനൊപ്പമുള്ള വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായിരുന്നെങ്കിലും എംഎ‍ൽഎമാർ ആരും ഇല്ലാതിരുന്നതിനാലാണ് കേരള കോൺഗ്രസിനു മന്ത്രിസഭയിൽ ഇടം കിട്ടാതെ പോയത്. പിന്നീട് വന്ന എല്ലാ മന്ത്രിസഭകളിലും കേരള കോൺഗ്രസിന്റെ പ്രതിനിധികൾ മന്ത്രിസഭയിൽ ഉൾപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ കേരളാ കോൺഗ്രസ് സിപിഎമ്മുമായി അടുപ്പം കാട്ടുമ്പോൾ മന്ത്രിപദം സ്വീകരിക്കുന്ന തരത്തിലൊരു ബന്ധമായി അത് രൂപപ്പെടുമോ എന്ന ചർച്ചയും സജീവമാണ്.

നിലവിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പാണ് കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള ഇടച്ചിൽ ഇത്ര രൂക്ഷമാകാൻ കാരണമായി പറയുന്നത്. കോൺഗ്രസിലെ ജെയിംസ് ആന്റണി പുന്നത്താനിയുടെ മരണത്തെ തുടർന്ന് ഇവിടെ ഉപതിരഞ്ഞെടുപ്പു വന്നു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും കേരള കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തി. വിജയിച്ചത് കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി അമ്മിയാനി. പരാജയപ്പെട്ടത് കോൺഗ്രസിലെ ജോർജ് മാത്യു കപ്യാങ്കൽ. സി.പി.എം പിന്തുണയോടെയാണ് കേരള കോൺഗ്രസ് വിജയിച്ചതെന്ന് കോൺഗ്രസ് ആരോപണം ഉയർത്തി.

മൂന്നിലവ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ കേരള കോൺഗ്രസിലെ ലേഖാ കൃഷ്ണൻകുട്ടി നായർക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽനിന്നും കോൺഗ്രസിന്റെ മൂന്ന് അംഗങ്ങൾ വിട്ടുനിന്നു. ഇതോടെ അവിശ്വാസ പ്രമേയം പാസായി. തുടർന്നുനടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഷാജി ജോൺ കോൺഗ്രസ് പിന്തുണയോടെ വൈസ്പ്രസിഡന്റായി. ഇപ്പോൾ കോൺഗ്രസിലെ ഷേർളി സെബാസ്റ്റ്യൻ പ്രസിഡന്റും സി.പി.എം പ്രതിനിധി ഷാജി വൈസ് പ്രസിഡന്റുമാണ്. കേരള കോൺഗ്രസ് ഇവിടെ പ്രതിപക്ഷത്താണ്. വയനാട്ടിലും സി.പി.എം ഭരണം കേരളാ കോൺഗ്രസ് മാണിയുടെ ഏക അംഗത്തിന്റെ പിന്തുണയുടെ കരുത്തിലാണ്.

അടിയന്തരാവസ്ഥക്കാലത്ത് 1975 ജൂലായിൽ കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം. ജോർജ്, ആർ ബാലകൃഷ്ണപിള്ള എംപി. എന്നിവരെ പൊലീസ് അറസ്റ്റു ചെയ്ത് തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിലാക്കി. അന്ന് ഇടതുമുന്നണിയിലായിരുന്നു കേരളാ കോൺഗ്രസ്. 1975 ഡിസംബർ 25-ാം തിയ്യതി രാത്രിയിൽ കോട്ടയത്ത് അതിരഹസ്യമായ ഒരുയോഗം ചേർന്നു. കേരളാ കോൺഗ്രസ്സിന്റെ പാർട്ടി ലീഡറും പാർലമെന്ററി പാർട്ടി ലീഡറും ഒരാളാവാൻ പാടില്ലെന്ന തീരുമാനം ഈ യോഗം കൈക്കൊണ്ടു. ഡിസംബർ 26-ാം തിയ്യതി, കെ.എം. മാണിയും ആർ ബാലകൃഷ്ണപിള്ളയും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. കെ.എം. ജോർജ് തഴയപ്പെട്ടു. അന്ന് മുതൽ കേരളാ കോൺഗ്രസിന്റെ നേതൃത്വം മാണിക്കായി.

1980-ൽ ഇടതുമുന്നണിയിൽ ചേർന്ന് മന്ത്രിയായപ്പോഴും മാണിയുടെ കണക്കുകൾ കൃത്യമായിരുന്നു. 1982-ൽ ആന്റണിവിഭാഗം ഇടതുമുന്നണി വിട്ടതിനു പിന്നാലെ മാണിയും മുന്നണി വിട്ടു. 'കുഞ്ഞുമാണി എന്നെ പിന്നിൽനിന്നുകുത്തി''- മുഖ്യമന്ത്രിസ്ഥാനത്തുനിന്നു രാജിവെച്ചശേഷം കിഴക്കേക്കോട്ട ഗാന്ധിപാർക്കിൽ പൊതുസമ്മേളനത്തിൽ നായനാർ ഉറക്കെ പറഞ്ഞു. 1964ൽ രൂപമെടുത്ത കേരള കോൺഗ്രസ് അഞ്ചു വർഷത്തിനുശേഷം സി.അച്യുതമേനോന്റെ സർക്കാരിൽ കെ.എം.ജോർജിനെ അംഗമാക്കിയതോടെ മുന്നണി ബന്ധത്തിനു തുടക്കമിട്ടു. ഈ സർക്കാരിൽ സിപിഐ, മുസ്‌ലിംലീഗ്, എസ്എസ്‌പി എന്നിവർക്കൊപ്പമാണ് അധികാരം പങ്കിട്ടത്.

എന്നാൽ, 1970ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ഈ ഐക്യമുന്നണിയുടെ ഭാഗമായിരുന്നില്ല. സീറ്റുതർക്കത്തിൽ മുന്നണി വിട്ടു. എന്നാൽ, 1971ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഐക്യമുന്നണി സഖ്യത്തിലാണ് അവർ മത്സരിച്ചത്. തിരഞ്ഞെടുപ്പിനുശേഷം സഖ്യം തുടർന്നതുമില്ല. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം ചർച്ചകൾക്കൊടുവിൽ കേരള കോൺഗ്രസ് അച്യുതമേനോൻ മന്ത്രിസഭയിൽ ചേർന്നു. കെ.എം.മാണിയും ആർ.ബാലകൃഷ്ണപിള്ളയുമാണു മന്ത്രിമാരായത്. പിന്നീടു പിള്ള പാർട്ടി നേതൃത്വവുമായി പിണങ്ങി.

1977 ജനുവരി 29നു പിള്ളയും അനുയായികളും സി.പി.എം മുന്നണിയുടെ ഭാഗമായി മാറി. 1977ലെ തിരഞ്ഞെടുപ്പിൽ മാണി വിഭാഗം ഐക്യമുന്നണിക്കൊപ്പവും പിള്ള വിഭാഗം ഇടതുചേരിയിലുമാണു ജനവിധി തേടിയത്. കേരള കോൺഗ്രസ് മാണി, ജോസഫ് വിഭാഗങ്ങളായി 1979 ജൂലൈ 15നു പിളർന്നു. 1980ലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മാണി ഇടതുമുന്നണിയുടെ ഭാഗമായി. 1980ലെ നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നു കെ.എം.മാണി. 1981ൽ ഇടതുമുന്നണി വിട്ടതോടെ നായനാർ സർക്കാർ നിലംപതിച്ചു. പിന്നെ യുഡിഎഫിൽ ഉറച്ചു നിൽക്കുയായിരുന്നു മാണി.

ഇതിനിടെയിൽ പതിവില്ലാതെ മുഖ്യമന്ത്രി പദമോഹവുമെത്തി. ഇതോടെ ബാർ കോഴയെന്ന വജ്രായുധം ഉയർന്നു വന്നു. കോൺഗ്രസുകാർ തന്നെ ഉണ്ടാക്കിയെടുത്തതാണ് ഇതെന്ന് മാണിക്ക് അറിയാം. അതുകൊണ്ട് കൂടിയാണ് കടുത്ത നിലപാടുകൾ എടുത്ത് യുഡിഎഫിൽ നിന്ന് മാറി നിന്നത്. തിരിച്ചു പോക്ക് അസാധ്യമായപ്പോൾ വീണ്ടും ഇടതുപക്ഷത്തേക്ക് നോട്ടമെറിയുകയാണ് മാണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP