Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം വിട്ടുവീഴ്‌ച്ചയില്ലാത്ത രാജ്യസ്നേഹം.. മറ്റെന്തും പിന്നീട്; രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് മുതൽ മൈക്രോസോഫ്റ്റ് വരെ പാർട്ട്ണർമാർ; 'നേഷൻ വാണ്ട്സ് ടു നോ' എന്ന വാചകത്തിനൊപ്പം'മോർ' കൂടി കൂട്ടിച്ചേർത്ത് പ്രചരണം; ലോഞ്ചിങ് തകർപ്പനാക്കാൻ ഒരുങ്ങി അർണാബിന്റെ റിപ്പബ്ലിക് ടിവി; മത്സരത്തിന് തയ്യാറെടുത്ത് മറ്റ് വാർത്താ ചാനലുകളും

ആദ്യം വിട്ടുവീഴ്‌ച്ചയില്ലാത്ത രാജ്യസ്നേഹം.. മറ്റെന്തും പിന്നീട്; രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് മുതൽ മൈക്രോസോഫ്റ്റ് വരെ പാർട്ട്ണർമാർ; 'നേഷൻ വാണ്ട്സ് ടു നോ' എന്ന വാചകത്തിനൊപ്പം'മോർ' കൂടി കൂട്ടിച്ചേർത്ത് പ്രചരണം; ലോഞ്ചിങ് തകർപ്പനാക്കാൻ ഒരുങ്ങി അർണാബിന്റെ റിപ്പബ്ലിക് ടിവി; മത്സരത്തിന് തയ്യാറെടുത്ത് മറ്റ് വാർത്താ ചാനലുകളും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ അല്ലെങ്കിൽ കുപ്രസിദ്ധനായ വാർത്താ അവതാരകനാണ് അർണാബ് ഗോസ്വാമി. പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും അനുകൂലമായ നിലപാടുകൾ എടുത്ത് ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ എത്തുന്നവരെ വിറപ്പിച്ചിരുന്ന അർണാബ്, ആറു മാസം മുമ്പ് ഒരു സുപ്രഭാതത്തിൽ ടൈംസ് നൗ എന്ന പ്രമുഖ ദേശീയ ചാനലിനോടു വിടപറഞ്ഞു. റിപബ്ലിക് ടിവി എന്ന പേരിൽ പുതിയ ചാനൽ തുടങ്ങുമെന്നും അർണാബ് പ്രഖ്യാപിച്ചു. അർണാബിന്റെ സുറ്റുഡിയോ പെർഫോമൻസ് മിസായിരുന്നവർ ഇനി അധികം വിഷമിക്കേണ്ടതില്ല. റിപബ്ലിക് ടിവി ശനിയാഴ്ചമുതൽ സംപ്രേഷണം തുടങ്ങുകയാണ്.

 

വിട്ടുവീഴ്ചയില്ലാത്ത രാജ്യസ്‌നേഹം തന്നെയാണ് തന്റെ മുഖമുദ്ര എന്നു വ്യക്തമാക്കിക്കൊണ്ടാണ് ആർണാബ് തന്റെ പുതിയ ചാനൽ പ്രേഷകരിലേക്ക് എത്തിക്കുന്നത്. ദേശീയതാവാദത്തിൽ മോദിയും ബിജെപിയും വോട്ടുപിടിക്കുന്നതു തുടരുമ്പോൾ അർണാബിന്റെ പുതിയ ചാനൽ തീർത്തും ഒരു മുതൽക്കൂട്ടായിരിക്കും. 'ഞാൻ രാജ്യസ്‌നേഹിയും ദേശിയവാദിയുമാണ്. ചാനലും അതുപോലെ തന്നെയായിരിക്കും'- റപബ്ലിക് ടിവിയെക്കുറിച്ച് അർണാബ് വ്യക്തമാക്കിയത് ഇങ്ങനെയാണ്.

നേഷൻ വാട്‌സ് ടു നോ(രാജ്യത്തിന് അറിയണം) എന്നതായിരുന്നു ടൈംസ് നൗ ചാനലിൽ അർണാബിന്റെ കീവേഡ്. ചർച്ചയ്ക്കിടെ ഇടയ്ക്കിടെ ഈ ചോദ്യം ചോദിച്ച് അദ്ദേഹം പങ്കെടുക്കുന്നവരെ വിറപ്പിച്ചിരുന്നു. ഹിസ്റ്റീയ ബാധിച്ചവനെ പോലുള്ള പ്രകടനങ്ങളും ആക്രോശങ്ങളും അർണാബിന്റെ ചർച്ചകളെ പലപ്പോഴും യുദ്ധസമാനങ്ങളാക്കിയിരുന്നു. അതേസമയം, പുതിയ ചാനലിന്റെ പ്രചാരണത്തിനായി 'നേഷൻ വാൻഡ്‌സ് ടു നോ മോർ'(രാജ്യത്തിനു കൂടുതൽ അറിയണം) എന്ന കീവേഡാണ് അർണാബ് ഉപയോയിച്ചിരിക്കുന്നത്. ടൈംസ് നൗവിൽ ഉപയോഗിച്ച വാചകം റിപബ്ലിക് ടിവിയിൽ ഉപയോഗിക്കുന്നതു സംബന്ധിച്ച് നിയമപ്രശ്‌നങ്ങളുള്ളതുകൊണ്ടാണ് അദ്ദേഹം ഒന്നു മാറ്റിപ്പിടിച്ചിരിക്കുന്നത്.

ചാനൽ ചർച്ചയ്ക്കിടെ ദേശസ്‌നേഹം മൂത്തുള്ള അർണാബിന്റെ അലർച്ചകൾ അദ്ദേഹത്തിന് രാജ്യത്തൊട്ടാകെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ഉൾപ്പെടുന്ന വിഷയമാണു ചർച്ച ചെയ്യപ്പെടുന്നതെങ്കിൽ അർണാബ് കത്തിക്കയറും. അതേസമയം ഇടതു നിലപാടുകൾ പുലർത്തുന്നവർക്ക് അർണാബിനോട് അത്ര പഥ്യമില്ല. വലതുപക്ഷ അജണ്ടകളുടെ കുഴലൂത്തുകാരൻ മാത്രമാണ് അർണാബെന്ന് അവർ ആരോപിക്കുന്നു.

ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ട് മലയാളത്തിലെ ഏറ്റവും പ്രധാന ചാനലായി മാറിയ ഏഷ്യാനെറ്റിന്റേതടക്കമുള്ള സഹകരണം അർണാബിന്റെ റിപബ്ലിക് ചാനലിനുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയായ ജൂപ്പിറ്റർ ഗ്രൂപ്പ് ചെയർമാനും ബിജെപിയുടെ രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖരനാണ് റിപബ്ലിക് ടിവിയുടെ സഹ സംരംഭകരായ എആർജി ഔട്ട്ലിയറിന്റെ പ്രധാന നിക്ഷേപകൻ. അർണാബ് തന്നെയാണ് മുമ്പ് തന്റെ ചാനലിന്റെ ടീസറിൽ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞവർഷം ടൈംസ് നൗ ചാനലിന്റെ വാർത്താ വിഭാഗം വൈസ് പ്രസിഡന്റ് എഡിറ്റർ ഇൻ ചീഫ് സ്ഥാനങ്ങളിൽനിന്ന് രാജിവച്ചിറങ്ങിയ അർണാബ് നവംബറിലാണ് പുതിയ ചാനൽ പ്രഖ്യാപിച്ചത്. രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപത്തെക്കുറിച്ചും പ്രഖ്യാപിച്ചിരുന്നു. സംഘപരിവാർ സഹയാത്രികനായ മാധ്യമപ്രവർത്തകൻ എന്ന പേരു സമ്പാദിച്ചിട്ടുള്ള അർണാബ് ബിജെപി എംപിയായ രാജീവിനൊപ്പം ചേരുന്നത് വലിയ ചർച്ചയ്ക്കാണു വഴിവച്ചത്. ഇതിനു പിന്നാലെയാണു മലയാളത്തിലെ ഒന്നാം സ്ഥാനത്തുള്ള വാർത്താ ചാനലിന്റെ സംരംഭത്വത്തിലാണ് റിപബ്ലിക് ടിവി യാഥാർത്ഥ്യമാകുന്നതെന്ന വിവരം പുറത്തുവന്നത്.

സാങ്കേതികവിദ്യയുടെ കാര്യത്തിലും അർണാബിന്റെ ചാനൽ മുന്നിലായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സോഫ്ട്‌വെയർ, ഹാർഡ്‌വെയർ മേഖലയിലെ ആഗോള ഭീമനായ മൈക്രോസോഫ്ടാണ് റിപബ്ലിക് ടിവിയുടെ സാങ്കേതിക പങ്കാളി. ചാനലിന്റെ സംപ്രേഷണ സാങ്കേതികവിദ്യയടക്കം നല്കുന്നത് മൈക്രോസോഫ്ടാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് മൈക്രോസോഫ്ട് അർണാബിനും സംഘത്തിനും വാഗ്ദാനം ചെയ്തിരിക്കുന്നത്. മൈക്രോസോഫ്ടുമായുള്ള സഹകരണം സാങ്കേതികവിദ്യയും മാധ്യമപ്രവർത്തനും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായം കുറിക്കുമെന്നും പുതുതലമുറയ്ക്ക് ലോകനിലവാരത്തിലുള്ള സേവനം ലഭ്യമാക്കുമെന്നും അർണാബ് അവകാശപ്പെടുന്നു.

അർണാബിന്റെ പുതിയ ചാനൽ ടൈംസ് നൗവും എൻഡിടിവിയും ഇന്ത്യ ടുഡേയും അടക്കമുള്ള ചാനലുകൾക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ ഇംഗ്ലീഷ് ചാനലുകൾ റപബ്ലിക് ടിവിയുടെ വെല്ലുവിളികൾ നേരിടാൻ തയ്യാറെടുത്തു തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ പ്രമുഖ ചാനൽ അവതാരികയായ അഞ്ജന ഓം കശ്യപിന്റെ പരസ്യങ്ങൾ നല്കിയാണ് ഇന്ത്യാ ടുഡേ മത്സരം ആരംഭിച്ചിരിക്കുന്നത്. ആജ്തക് ചാനലിലായിരുന്ന അഞ്ജന അടുത്തിടെയാണ് ഇന്ത്യാ ടുഡേയിൽ എത്തിയത്. ചാനലിലെ പ്രൈം സ്ലോട്ടിലെ ന്യൂസാണ് അവർ കൈകാര്യം ചെയ്യുന്നത്.

പുതിയ ചാനൽ പ്രഖ്യാപിച്ച് അർണാബിന്റെ ചിത്രം സഹിതം നല്കിയിരിക്കുന്ന പരസ്യങ്ങൾക്കു സമീപം അഞ്ജനയുടെ സുന്ദരമായ മുഖത്തോടു കൂടിയ പരസ്യം ഇന്ത്യാ ടുഡേയും നല്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തടക്കം പലയിടങ്ങളിലും രണ്ടു പരസ്യങ്ങളും ഒരുമിച്ചു കാണാനാകും. രാജ്യത്തെ പ്രമുഖ ചാനകളുമായുള്ള മത്സരം നേരിടാനുള്ള തന്ത്രങ്ങൾ റിപബ്ലിക് ടിവിയും തുടങ്ങിക്കഴിഞ്ഞു. പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ ഉറപ്പാക്കിക്കൊണ്ടുള്ള തന്ത്രങ്ങളാണ് റിപബ്ലിക് ടിവിയുടെ മാർക്കറ്റിങ് വിഭാഗം ആവിഷ്‌കരിച്ചിരിക്കുന്നത്.

രാത്രി ഒമ്പതു മണിക്കു നടക്കുന്ന പ്രധാന ചാനൽ ചർച്ച പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ വിവോ സ്മാർട്‌ഫോൺ കമ്പനിയായിരിക്കും സ്‌പോൺസർ ചെയ്യുക. ചാനലിലെ മറ്റു പ്രധാന ഷോകൾക്കും പ്രമുഖ ബ്രാൻഡുകളെ സ്‌പോൺസർമാരാക്കാനുള്ള നീക്കം സജീവമാണ്. ചില ഷോകൾക്ക് ഒന്നിലധികം ബ്രാൻഡുകളെ സ്‌പോൺസർമാരാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP