Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമ്മൂട്ടിയും ലാലുമൊക്കെ എത്ര പ്രായം കുറഞ്ഞ പെൺകുട്ടികളുമായി അഭിനയിക്കുന്നു? വയസൊരു രഹസ്യമായി ഇരിക്കട്ടെ; സന്തോഷ് പണ്ഡിറ്റിനോടുള്ള താരതമ്യത്തിൽ നാണക്കേടില്ല; പ്രായം കുറഞ്ഞ യുവാവിനോടൊപ്പം കുളിക്കുന്ന വീഡിയോ ആൽബത്തിലൂടെ സോഷ്യൽ മീഡിയയിൽ താരമായ മിനി റിച്ചാർഡ് കലിഫോർണിയിയയിൽ നിന്ന് മറുനാടനോട് മനസു തുറക്കുന്നു

മമ്മൂട്ടിയും ലാലുമൊക്കെ എത്ര പ്രായം കുറഞ്ഞ പെൺകുട്ടികളുമായി അഭിനയിക്കുന്നു? വയസൊരു രഹസ്യമായി ഇരിക്കട്ടെ; സന്തോഷ് പണ്ഡിറ്റിനോടുള്ള താരതമ്യത്തിൽ നാണക്കേടില്ല; പ്രായം കുറഞ്ഞ യുവാവിനോടൊപ്പം കുളിക്കുന്ന വീഡിയോ ആൽബത്തിലൂടെ സോഷ്യൽ മീഡിയയിൽ താരമായ മിനി റിച്ചാർഡ് കലിഫോർണിയിയയിൽ നിന്ന് മറുനാടനോട് മനസു തുറക്കുന്നു

അർജുൻ സി വനജ്

കൊച്ചി: പറങ്കിമലയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മിനി റിച്ചാർഡ് സ്വന്തമായി നിർമ്മിച്ച് അഭിനയിച്ച ആൽബമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ചയാവുന്നത്. നായികയെക്കാൾ പ്രായം കുറഞ്ഞ നായകനാണ് ചിത്രത്തിൽ അഭിനയിക്കുന്നതെന്ന വിമർശനമാണ് ട്രോളേഴ്‌സ് ഉയർത്തുന്നത്. പ്രണയം പ്രമേയമാക്കി തയ്യാറാക്കിയിരിക്കുന്ന മഴയിൽ എന്ന ആൽബം ഇതിനകം തന്നെ ഏഴു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. നസീർ മിന്നലെ ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികളെഴുതി സംഗീതം നൽകിയിരിക്കുന്നത് ഡോ. ലാൽജെയിഷ് ലൗവ്‌ലിസ് ആണ്. റിയാസാണ് കോറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. റിച്ചാർഡ് മിനിയും ബിനിൽ ഖാദറുമാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ടാം വാരം മിനി റിച്ചാർഡ് സ്വന്തം യു ട്യൂബ് ചാനൽ വഴിയാണ് ആൽബം റിലീസ് ചെയ്തത്. ആൽബത്തെക്കുറിച്ച് വന്ന വിമർശനങ്ങളോട് മിനി ആദ്യമായി പ്രതികരിക്കുന്നു. കാലിഫോർണിയയിൽ നിന്ന് മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.

ആൽബം നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ഹിറ്റ് ആണ്. അതിന്റെ സന്തോഷം എങ്ങനെ പങ്കുവെയ്ക്കുന്നു..?

നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും പബ്ലിസിറ്റി പബ്ലിസിറ്റി തന്നെയാണ്. എന്നാൽ ഈ ആൽബം ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയല്ല. പക്ഷെ അങ്ങനെയാണ് മാധ്യമങ്ങൾ പറയുന്നത്. അഞ്ചുവർഷത്തോളമായി ഫേസ്‌ബുക്കിൽ സജീവമാണ്. രണ്ട് മില്ല്യൺ ആളുകൾ ഫോളോ ചെയ്യുന്നുണ്ട്. ഒരു രസത്തിന് വേണ്ടിയാണ് ഇങ്ങനെ ഒരു ആൽബം ചെയ്തത്.

ഈ പ്രായത്തിലും അഭിനയത്തോട് താൽപര്യം തോന്നി ഈ രംഗത്തേക്ക് കടന്നു വരാനുള്ള സാഹചര്യം എന്തായിരുന്നു. ചെറുപ്പം മുതലേ സിനിമ താൽപര്യം ഉണ്ടോ...?

കേരളത്തിൽ കോട്ടയത്താണ് വീട്. ചെറുപ്പം മുതലേ ഡാൻസിനോടും പാട്ടിനോടുമൊക്കെ വളരെ ഇഷ്ടമായിരുന്നു. പക്ഷെ അന്നൊന്നും ഇങ്ങനെ അഭിനയിക്കാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. പിന്നീട് യുഎസിൽ വന്നു. ഇവിടെയാണ് തുടർപഠനം നടത്തിയത്. കല്ല്യാണം കഴിച്ചു. കുട്ടികളായി. കുറേക്കൂടി പക്വത ആയി. പിന്നെ ജോലിയായി, സാമ്പത്തികമായി സെറ്റിൽഡ് ആയി. അങ്ങനെയാണ് പാഷൻ ആയിരുന്ന അഭിനയത്തെക്കുറിച്ച് ചിന്തിക്കാൻ അവസരം ഉണ്ടായത്. അതിന് വയസ് ഒരു എതിരാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. വയസ് എന്നത് വെറും നമ്പറുകൾ മാത്രമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എപ്പോഴും ബോഡി സംരക്ഷിക്കുന്ന ആളാണ്. അതിന് ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നുണ്ട്്.

അഭിനയിക്കുന്നതിന് പ്രായപരിധി ഉണ്ടെന്നോ, ഇന്ന വയസ് ആയാൽ അഭിനയിക്കരുതെന്നോ, ഇന്ന ആളുകളുടെ കൂടെയേ അഭിനയിക്കാവൂ എന്നോ വിശ്വസിക്കുന്ന ആളല്ല ഞാൻ. താങ്കൾക്ക് അറിയുന്നത് പോലെ ഞാൻ യു.എസിൽ വളർന്നയാളാണ്. ഇവിടുത്തെ കൾച്ചർ വച്ച് നോക്കുമ്പോൾ, നമ്മുടെ നാട്ടുകാർ പറയുന്നത് ഒരു ഇഷ്യു ആയിട്ട് എനിക്ക് തോന്നാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ആക്ഷേപം. ഞാൻ എന്നെക്കാളും പ്രായം കുറഞ്ഞ ഹീറോയുമായി ആക്ട് ചെയ്യുന്നുവെന്നതാണ്. അതു വലിയ പ്രശ്‌നം അല്ല. മമ്മൂട്ടിയും മോഹൻലാലുമൊക്കെ എത്ര പ്രായം കുറഞ്ഞ പെൺകുട്ടികളുമായി അഭിനയിക്കുന്നു. ? അതുകൊണ്ട് അതിലൊന്നും വലിയ കാര്യം ഇല്ല. നമ്മുടെ ആളുകൾ ഇനിയും ഉയർന്ന് ചിന്തിക്കേണ്ടവരാണ്. ന്യൂ ജനറേഷൻ ഇങ്ങനെ പറയുന്നതിൽ ഞാൻ വളരെ സർപ്രൈസഡ് ആണ്.

എങ്ങനെയാണ് ഈ ആൽബത്തിലേക്ക് എത്തിയത്?

നസീർ മിന്നലെ എന്റെ അടുത്ത സുഹൃത്ത് ആണ്. അവർ ഒരു നല്ല പാട്ട് കൊണ്ടുവന്നു. യഥാർത്ഥത്തിൽ ഇത് സ്ത്രീയ്ക്ക് മുൻഗണന ഉള്ള പാട്ട് അല്ല. മെയിൽ ഓറിയന്റഡ് സോങ് ആണ്. പാട്ട് കേട്ടപ്പോൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു നമ്മുക്ക് ആൽബം ചെയ്യാം എന്ന്. മുമ്പും നിരവധി ആളുകൾ ചിത്രങ്ങളും ആൽബങ്ങളുമെല്ലാം നിർമ്മിക്കാൻ വിളിച്ചിട്ടുണ്ട്. പക്ഷെ പ്രൊഡ്യൂസ് ചെയ്യുക അല്ലായിരുന്നു എന്റെ ലക്ഷ്യം. ഞാൻ ബിസിനസ്സ് പഠിച്ച ആളാണ്. അറിയാത്ത കാര്യങ്ങൾ നാട്ടിൽ വന്ന് ചെയ്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് കളയാന്മാത്രം പൊട്ടിയല്ല ഞാൻ. പക്ഷെ ഇങ്ങനെയൊരു കാര്യം വന്നപ്പോൾ ചെറിയ തുക ആയതിനാൽ, പിന്നെ എല്ലാവരും നന്നായി അറിയുന്ന സുഹൃത്തുക്കളാണ് അതിനാൽ ചെയ്ത ഒരു ആൽബമാണ് ഇത്. എന്റെ ആദ്യത്തെ ആൽബമാണ്. എനിക്ക് ഈ ഫീൽഡിൽ എക്‌സ്പീര്യൻസ് ഉള്ള ആളല്ല. അപ്പോൾ അതിന്റേതായ ന്യൂനതകൾ വന്നിട്ടുണ്ട്.

മേക്കപ്പിന്റെ അഭംഗി ആൽബത്തിൽ ഉണ്ടായിട്ടുണ്ടോ..?

ശരിയാണ്. കുറ്റംപറയുകയല്ല. പലപ്പോഴും പല ഷോട്ടുകളിലും മേക്കപ്പ് അത്രയ്ക്കും വേണ്ടെന്നും മറ്റും എനിക്ക് തോന്നിയിട്ടുണ്ട്. ഔട്ട്പുട്ട് കണ്ടപ്പോൾ സുഹൃത്തുക്കളും ഇക്കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ടെക്‌നിക്കൽ ആയുള്ള കാര്യങ്ങൾ അറിയാത്തതുകൊണ്ട് ഷൂട്ടിന്റെ സമയത്ത് പറഞ്ഞില്ലെന്നേ ഉള്ളൂ. കുളിസീനിൽ മേക്കപ്പ് വേണ്ടെന്ന് ഞാൻ പറഞ്ഞതാണ്. പക്ഷെ ലൈറ്റ് വരുമ്പോൾ മേക്കപ്പ് വേണമെന്നായിരുന്നു അവർ പറഞ്ഞത്. പിന്നെ എന്റെ ആദ്യത്തെ സംരംഭമാണിത്. പത്തും മുപ്പതും വർഷം എക്‌സ്പീരിയൻസ് ഉള്ള മോഹൻലാലിനും മമ്മൂട്ടിക്കും പോലും ഇടയ്ക്ക് തെറ്റുകൾ സംഭവിക്കുന്നു. അത് വെച്ച് താരതമ്യം ചെയ്യുമ്പോൾ ഞാൻ ഒക്കെ എത്രയോ ചെറുതാണ്. തെറ്റുകൾ സംഭവിക്കാം. ഇനി തിരുത്തുകയും ചെയ്യും.

യൂട്യൂബിലെ കമന്റുകളിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ലേഡി സന്തോഷ് പണ്ഡിറ്റ് എന്ന കമന്റാണ് ഇതിനെ എങ്ങനെ കാണുന്നു. ?

സന്തോഷ് നല്ല ബുദ്ധിയും വിവരവും ഉള്ള മനുഷ്യനാണെന്നാണ് എനിക്ക് സുഹൃത്തുക്കളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. സ്വന്തം അധ്വനവും കഴിവും കൊണ്ട് മാത്രം പ്രസിദ്ധനായ വ്യക്തിയുമാണ്. അത്തരത്തിൽ ഉള്ള സന്തോഷ് പണ്ഡിറ്റിനോട് ചേർന്ന് ചേർത്തല്ല എന്നെ കളിയാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണെങ്കിൽ വിളിക്കേണ്ടത്.

ഒട്ടേറെ കഴിവുള്ള സംവിധാന മികവുള്ള യുവാക്കൾ ഷോർട്ട് ഫിലിം, ആൽബം ഒക്കെ ചെയ്യാൻ നിർമ്മാതാവിനെ കാത്തിരിക്കുകയാണ്. നിർമ്മാണ രംഗത്ത് തുടരാൻ താൽപര്യപ്പെടുന്നുണ്ടോ..?

ഇതിനകം തന്നെ ഒരുപാട് ആളുകൾ നിർമ്മാണ രംഗത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. പക്ഷെ അറിയാത്ത കാര്യങ്ങൾ ചെയ്ത കാശ് കളയാൻ പറ്റില്ലല്ലോ.. ഒന്നാമത്തെക്കാര്യം കേരളത്തിലെ നിർമ്മാണ രംഗത്തെക്കുറിച്ച് എനിക്ക് വല്ല്യ ധാരണ ഇല്ല. എന്ത് ചെയ്യുമ്പോഴും അതിനെക്കുറിച്ച് നന്നായി പഠിച്ച് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. തീർച്ചയായും ഞങ്ങൾ കുറച്ച് നാളുകൾക്ക് ശേഷം നാട്ടിൽ സെറ്റിൽ ചെയ്യണമെന്നാണ് ആഗ്രഹം. ആ സമയത്ത് ഈ രംഗത്തെക്കുറിച്ച് നന്നായി പഠിച്ചതിന് ശേഷം ഷോർട്ട് ഫീലിമും, പറ്റുമെങ്കിൽ സിനിമ തന്നെയും ചെയ്യണമെന്നാണ് ആഗ്രഹം.

പുതിയ വർക്കുകൾ? ആദ്യ ചിത്രം തെലുങ്ക് ആയിരുന്നു അല്ലേ? പഴയ വർക്കുകൾ ഓർത്തെടുത്താൽ?

പുതിയ ഒരുപാട് വർക്കുകൾ വരുന്നുണ്ട്. പക്ഷെ ഒന്നും ഇപ്പോൾ ഏറ്റെടുക്കുന്നില്ല. ഒരു തമിഴ്പടം ഇപ്പോൾ വന്നിട്ടുണ്ട്. അതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. ചിലപ്പോൾ അതിന് വേണ്ടിയാകും അടുത്ത തവണ നാട്ടിലേക്ക് വരുക. ആദ്യചിത്രം തെലുങ്ക് ആയിരുന്നു. പക്ഷെ വളരെ ചെറിയൊരു വേഷമായിരുന്നു. ഒരിക്കൽ ഒരു ഡാൻസ് പെർഫോമൻസ് കണ്ടിട്ടാണ്, ചിത്രത്തിലേക്ക് ഒരു ഡാൻസ് ടീച്ചറുടെ വേഷം ചെയ്യാൻ വിളിക്കുന്നത്. പക്ഷെ അഭിനയിച്ച് കഴിഞ്ഞപ്പോൾ സംവിധായകൻ പറഞ്ഞു, നല്ല ക്യാമറ ഫേസ് ഉണ്ടെന്ന്. പെട്ടെന്ന് മനസ്സിൽ ലഡുപൊട്ടി. അപ്പോഴാണ് നായിക ആവുക എന്ന പഴയ ആഗ്രഹം പൊടി തട്ടിയെടുക്കാൻ തോന്നിയത്. പിന്നീടാണ് പറങ്കിമല എന്ന ചിത്രത്തിൽ നാണി എന്ന ശ്രദ്ധേയമായ വേഷം ചെയ്യുന്നത്. അന്ന് മുണ്ടും ബ്ലൗസും ഇട്ട നാടൻ വേഷമാണ് ചെയ്തത്. അതിന് ശേഷം ഇവൻ ചിരഞ്ജീവി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഇപ്പോൾ വലിയൊരു ആഗ്രഹം മനസ്സിൽ ഉണ്ട് യുവതാരം പൃഥ്വിരാജിനൊപ്പം അഭിനയിക്കുക എന്നത്. അത് ഉടനെ നടക്കുമെന്നാണ് വിശ്വസിക്കുന്നത്.

ഹഗ്ഗ്‌സ് ആൻഡ് കിസ്സെസ്സ് ഫൗണ്ടേഷൻ എന്ന സംഘടനയെക്കുറിച്ച്..?

പലരും പറയുന്നു സെൽഫ് പ്രമോഷന് വേണ്ടിയാണ് ചാരിറ്റി ചെയ്യുന്നതെന്ന്. പക്ഷെ ഞങ്ങൾ ചെയ്യുന്ന ചാരിറ്റി വർക്കുകൾ പൂർണ്ണമായി മീഡിയയെ അറിയിക്കാറുപോലും ഇല്ല എന്നതാണ് സത്യം. ആദ്യം ഫേസ്‌ബുക്ക് പേജിൽ ലഭിക്കുന്ന ലൈക്കിന് അനുസരിച്ച് ഒരു ലൈക്കിന് ഒരു രൂപ വെച്ച ചാരിറ്റിക്കായി ഉപയോഗിക്കാം എന്നായിരുന്നു ആദ്യത്തെ ആലോചന. പക്ഷെ ഇപ്പോൾ അതിനേക്കാളേറെ കാര്യങ്ങൾ ചെയ്തു. റിട്ടയർമെന്റിന് ശേഷം നാട്ടിൽ വന്ന് ചാരിറ്റി സ്‌കൂൾ തുടങ്ങണമെന്നാണ് മറ്റൊരു ആഗ്രഹം. അതിന് പൂർണ്ണമായ പിന്തുണ ഭർത്താവിന്റെ ഭാഗത്ത് നിന്നു ലഭിക്കുന്നുണ്ട്. ഈ ആൽബത്തിൽ ലഭിക്കുന്ന വരുമാനവും ഏതെങ്കിലും തരത്തിലുള്ള ചാരിറ്റിക്ക് വേണ്ടി ഉപയോഗിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

കുടുംബത്തെക്കുറിച്ച്...? ഒപ്പം എത്ര വയസ്സ് ആയി എന്ന് വെളിപ്പെടുത്താമോ..?

ഹയ്യോ.. വയസ്സോ... അത ഒരു രഹസ്യമായി ഇരിക്കട്ടെ... പഠനത്തിനായി യു.എസിൽ എത്തിയതിന് ശേഷം പരിചയപ്പെട്ട ഇവിടുത്തുകാരനാണ് ഭർത്താവ്. രണ്ട് ആൺമക്കൾ ഉണ്ട്. അവർ പഠിക്കുകയാണ്. നാട്ടിൽ കോട്ടയത്താണ് വീട് എല്ലാ വർഷവും പിന്നെ ആവശ്യമുള്ളപ്പോഴൊക്കെ വരാറുണ്ട്. നാട്ടിൽ കാക്കനാടും ആലുവയിലും ഫ്‌ളാറ്റ് ഉണ്ട്. അവിടെ വരുമ്പോൾ കാക്കനാട് ആണ് ഉണ്ടാകാറുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP