Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാറിട്ടു പ്രവേശനം അനുവദിച്ച എക്‌സിക്യൂട്ടീവ് ഓഫീസർ കെ.എൻ. സതീഷ് പുറത്തേക്ക്; പകരം ആരെ നിയമിക്കും എന്നതിൽ തർക്കം; മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകളുമായി സംസ്ഥാന സർക്കാരും രണ്ടു പേരുകളുമായി അമിക്കസ് ക്യൂറിയും രംഗത്ത്; തീരുമാനം ചൊവ്വാഴ്ച

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാറിട്ടു പ്രവേശനം അനുവദിച്ച എക്‌സിക്യൂട്ടീവ് ഓഫീസർ കെ.എൻ. സതീഷ് പുറത്തേക്ക്; പകരം ആരെ നിയമിക്കും എന്നതിൽ  തർക്കം; മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകളുമായി സംസ്ഥാന സർക്കാരും രണ്ടു പേരുകളുമായി അമിക്കസ് ക്യൂറിയും രംഗത്ത്; തീരുമാനം ചൊവ്വാഴ്ച

ന്യൂഡൽഹി: ശ്രീപത്മാനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തുനിന്ന് കെ.എൻ. സതീഷിനെ മാറ്റുമെന്നു സൂചന. തിരുവിതാകൂർ രാജകുടുംബം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സതീഷിനു പകരം എക്‌സിക്യൂട്ടീവ് ഓഫീസറാക്കണമെന്നതിനെ ചൊല്ലി തർക്കം ഉയർന്നിട്ടുണ്ട്. മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകളാണ് സംസ്ഥാനം സമർപ്പിച്ചിട്ടുള്ളത്. എന്നാൽ അമിക്കസ് ക്യൂറിയാകട്ടെ ആർ. കണ്ണൻ, നീലഗംഗാധരൻ എന്നിവരുടെ പേരുമായും രംഗത്തെത്തിയിരിക്കുകയാണ്. പുതിയ എക്‌സിക്യൂട്ടീവ് ഓഫീസറായി ആരെ നിയമിക്കുമെന്ന കാര്യത്തിൽ സുപ്രീംകോടതി നാളെ തീരുമാനം എടുത്തേക്കും. ക്ഷേത്രത്തിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സുപ്രീംകോടതി പരിഗണിച്ചു. ഇക്കാര്യത്തിലും നാളെ തീരുമാനം ഉണ്ടായേക്കും.

ഐഎഎസ് ഉദ്യോഗസ്ഥനായ കെ.എൻ. സതീഷിനെ 2014 മേയിലാണ് പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുന്നത്. എക്‌സിക്യൂട്ടീവ് ഓഫീസറും രാജകുടുംബവും തമ്മിൽ പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉയർന്നിരുന്നു. ചുരിദാറിന് മുകളിൽ മുണ്ടുടുക്കാതെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സ്ത്രീകൾക്ക് അനുമതി നല്കിയ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നടപടി ഏറെ വിവാദമാകുകയും ചെയ്തിരുന്നു.

സതീഷിനെ എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മെയ്‌ ആദ്യമാണ് തിരുവിതാംകൂർ രാജകുടുംബം സുപ്രീംകോടതിയിൽ അപേക്ഷ നല്കിയത്. കെ.എൻ. സതീഷ് ഏകപക്ഷീയമായും പക്ഷപാതപരമായും പെരുമാറുന്നു എന്നാണ് രാജകുടുംബത്തിന്റെ ആരോപണം. എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ ഭരണസമിതി ചെയർപേഴ്സൺ വി. ഷേർളി നൽകിയ നാലു റിപ്പോർട്ടുകൾ അടക്കമാണ് രാജകുടുംബത്തിന്റെ ഹർജി നല്കിയത്.

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതലകൾ വിശദീകരിച്ച് ഉത്തരവിറക്കണമെന്നാണ് രാജകുടുംബത്തിന്റെ ആവശ്യം. നിഷ്പക്ഷമായി പ്രവർത്തിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനെ എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിയമിക്കണമെന്നും ആവശ്യപ്പെടുന്നു.

എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ ഭരണസമിതിയുടെ അഞ്ചു റിപ്പോർട്ടുകളാണ് രാജകുടുംബം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചത്. ഭരണസമിതിയോട് ആലോചിക്കാതെയാണ് ചുരിദാറിന് മുകളിൽ മുണ്ടുടുക്കാതെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സ്ത്രീകൾക്ക് അനുമതി നൽകിയതെന്ന പുതിയ ഭരണസമിതി ചെയർപേഴ്സൻ കെ. ഹരിപാലിന്റെ റിപ്പോർട്ടും സമർപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP