Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ് ബി ഐ മുട്ടുമടക്കിയത് ആരും ആഹ്വാനം ചെയ്യാതെ ജനങ്ങൾ രംഗത്തിറങ്ങിയപ്പോൾ; അക്കൗണ്ടുകൾ ക്ലോസ് ചെയ്ത് എസ് ബി ഐയെ പാഠം പഠിപ്പിക്കാനുള്ള നീക്കം കാട്ടുതീ പോലെ പടർന്നപ്പോൾ നിലപാട് തിരുത്തി ബാങ്ക് രംഗത്തിറങ്ങി; ഏത് നിമിഷവും കഴുത്തറക്കാൻ ഇനിയും അവരെത്തുമെന്ന് തീർച്ച

എസ് ബി ഐ മുട്ടുമടക്കിയത് ആരും ആഹ്വാനം ചെയ്യാതെ ജനങ്ങൾ രംഗത്തിറങ്ങിയപ്പോൾ; അക്കൗണ്ടുകൾ ക്ലോസ് ചെയ്ത് എസ് ബി ഐയെ പാഠം പഠിപ്പിക്കാനുള്ള നീക്കം കാട്ടുതീ പോലെ പടർന്നപ്പോൾ നിലപാട് തിരുത്തി ബാങ്ക് രംഗത്തിറങ്ങി; ഏത് നിമിഷവും കഴുത്തറക്കാൻ ഇനിയും അവരെത്തുമെന്ന് തീർച്ച

മുംബൈ : സൗജന്യ എടിഎം സേവനം നിർത്തലാക്കി ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് എസ്‌ബിഐ പിൻവലിച്ചത് ഇടപാടുകാരുടെ പ്രതിഷേധം തിരിച്ചറിഞ്ഞ്. സൗജന്യ എടിഎം ഇടപാടുകൾ നിർത്തലാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതോടെയാണിത്. സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഓരോ മാസവും 10 എടിഎം ഇടപാടുകൾ സൗജന്യമായിരിക്കുമെന്നാണ് എസ്‌ബിഐയുടെ പുതിയ വിശദീകരണം.

സൗജന്യ എടിഎം സേവനം പിൻവലിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ രാജ്യവ്യാപകമായി പ്രതിഷേധം ഉടലെടുത്തിരുന്നു. എസ്‌ബിഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ ഉപഭോക്താക്കൾ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയായാണ് മാസം നാല് എടിഎം ഇടപാടുകൾ സൗജന്യമായിരിക്കുമെന്ന വിശദീകരണം. പിന്നാലെ, വിവാദ ഉത്തരവ് അടങ്ങിയ സർക്കുലർ പിൻവലിച്ച് പുതിയ സർക്കുലറുമിറക്കി. സൗജന്യ ഇടപാടുകൾ ഒഴിവാക്കുന്നുവെന്നു കാട്ടി എസ്‌ബിഐ ഇന്നു രാവിലെയാണ് സർക്കുലർ പുറത്തിറക്കിയത്. ഓരോ ഇടപാടിനും 25 രൂപ വീതം സേവന നിരക്ക് ഈടാക്കുമെന്നാണ് സർക്കുലറിൽ അവർ അറിയിച്ചിരുന്നത്.

അതീവ രഹസ്യമായാണ് എടിഎം ഇടപാടുകൾക്കെല്ലാം സർവ്വീസ് ചാർജ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇത് വാർത്തയായതോടെ എസ് ബി ഐയ്ക്ക് പണികൊടുക്കാൻ ഇടപാടുകാർ മുന്നിട്ടിറങ്ങി. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ആഹ്വാനവുമില്ലാതെ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങൾ വിഷയം ഏറ്റെടുത്തു. എസ് ബി ഐ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനായിരുന്നു പ്രചരണത്തിലെ പ്രധാന ആഹ്വാനം. ഇതുണ്ടായാൽ എസ് ബി ഐയുടെ അടിത്തറ തന്നെ ഇളകുമായിരുന്നു. ഇതോടെയാണ് സർവ്വീസ് ചാർജിൽ പിന്നോക്കം പോകാൻ എസ് ബി ഐ തീരുമാനിച്ചത്. എന്നാൽ ആരുമറിയാതെ കൊള്ളയ്ക്ക് ഇനിയും എസ് ബി ഐ ശ്രമിക്കുമെന്ന വിലയിരുത്തലും സജീവമാണ്. ഇതിനെതിരെ കരുതലെടുക്കണമെന്നും സോഷ്യൽ മീഡിയയിൽ ആഹ്വാനം സജീവമാണ്.

അഞ്ച് ഇടപാടുകൾ എസ്‌ബിഐയുടെ എടിഎമ്മുകളിലും അഞ്ചെണ്ണം മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലും നടത്താം. ആദ്യത്തെ 10 ഇടപാടുകൾക്കു ശേഷമുള്ള ഓരോ ഇടപാടിനും 25 രൂപ ഈടാക്കും. മെട്രോ നഗരങ്ങളിൽ എട്ട് ഇടപാടുകളായിരിക്കും സൗജന്യം. എസ്‌ബിഐ അക്കൗണ്ടില്ലാത്ത 'ബഡി' ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു ആദ്യ ഉത്തരവെന്നാണ് എസ്‌ബിഐ ഇപ്പോൾ വിശദീകരിക്കുന്നത്. എസ്‌ബിഐയുടെ മൊബൈൽ വാലറ്റ് ആണ് സ്റ്റേറ്റ് ബാങ്ക് ബഡി. എന്നാൽ ആദ്യ ഉത്തരവിൽ ഇതൊന്നും വിശദീകരിച്ചിരുന്നില്ല. പ്രതിഷേധം ഉയർന്നിരുന്നില്ലെങ്കിൽ എല്ലാവർക്കും സർവ്വീസ് ചാർജ് നൽകേണ്ടി വരുമായിരുന്നു.

ബഡിയിൽ ഉള്ള പണം ഫോൺബുക്കിലെയോ ഫേസ്‌ബുക്കിലെയോ കോൺടാക്റ്റിലുള്ള ആർക്കു വേണമെങ്കിലും ട്രാൻസ്ഫർ ചെയ്യാനാകും. നെറ്റ് ബാങ്കിങ് സാങ്കേതികത്വം ഇതിൽ പ്രശ്‌നമാകില്ല. മൊബൈൽ, ഡിടിഎച്ച് ബില്ലുകൾ അടയ്ക്കാനും ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറാനും ഓൺലൈനായി ഷോപ്പ് ചെയ്യാനും ബഡി ഉപകരിക്കും. ഇതിനാണ് സർവ്വീസ് ചാർജ് എന്നാണ് പുതിയ വാദം. അതേസമയം, പഴയ നോട്ടുകൾ മാറുന്നതിന് സർവീസ് ചാർജ് ഈടാക്കുമെന്ന ഉത്തരവ് പിൻവലിച്ചിട്ടില്ല. ഇരുപത് മുഷിഞ്ഞ നോട്ടുകൾ അല്ലെങ്കിൽ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാൻ സാധിക്കൂവെന്നായിരുന്നു നിർദ്ദേശം. ഇതിനു മുകളിൽ നോട്ടുകൾ മാറുകയാണെങ്കിൽ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കിൽ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കാനാണ് നിർദ്ദേശം.

ബിസിനസ് കറസ്‌പോണ്ടന്റുമാർ തമ്മിലുള്ള പണം കൈമാറുന്നതിനും പിൻവലിക്കുന്നതിനും സർവീസ് ചാർജ് ഏർപ്പെടുത്തിയിരിക്കുകയാണ്. പണത്തിന്റെ മൂല്യമനുസരിച്ചാണ് സർവീസ് ചാർജ് ഈടാക്കാൻ നിർദ്ദേശിക്കുന്നത്. ബേയ്‌സിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകൾ ഉള്ളവരുടെ ചെക്ക് ബുക്കിനും പണം ഈടാക്കാൻ നിർദ്ദേശിക്കുന്നു. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപ, 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപ, 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപ എന്നിങ്ങനെ പണം ഈടാക്കാനാണ് നിർദ്ദേശം. റുപെയുടെ ക്ലാസിക് എടിഎം കാർഡ് മാത്രമേ സൗജന്യമായി ലഭിക്കൂവെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

അതേസമയം, മെട്രോ നഗരങ്ങളിൽ മൂന്നും മറ്റിടങ്ങളിൽ അഞ്ചും ഇടപാടുകൾ കഴിഞ്ഞുള്ള ഓരോ ഇടപാടിനും 23 രൂപയും സർവീസ് ചാർജും ആയിരുന്നു 2017 ഏപ്രിൽ ഒന്നിനു പുറത്തിറക്കിയ സർക്കുലർ പ്രകാരം ഈടാക്കിയിരുന്നത്. ഈ സർക്കുലർ ഭേദഗതി ചെയ്താണ് വിവാദ ഉത്തരവ് അടങ്ങിയ പുതിയ സർക്കുലർ ഇറക്കിയത്. ധനമന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർ എസ്‌ബിഐയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP