Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ അശരണയായ അയൽവീട്ടിലെ ഉമ്മയുമായി ആശുപത്രിയിലെത്തിയ യുവതി; മതത്തിന്റെ പേരിൽ ആളുകൾ തമ്മിൽതല്ലി ചാകുന്നകാലത്ത് മനുഷ്യത്വത്തിന്റെ ആൾരൂപത്തെ നേരിൽ കണ്ടപ്പോൾ; സുധീർ കെ എച്ചിന്റെ നഴ്‌സ് അനുഭവം

മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ അശരണയായ അയൽവീട്ടിലെ ഉമ്മയുമായി ആശുപത്രിയിലെത്തിയ യുവതി; മതത്തിന്റെ പേരിൽ ആളുകൾ തമ്മിൽതല്ലി ചാകുന്നകാലത്ത് മനുഷ്യത്വത്തിന്റെ ആൾരൂപത്തെ നേരിൽ കണ്ടപ്പോൾ; സുധീർ കെ എച്ചിന്റെ നഴ്‌സ് അനുഭവം

കുടകിൽ ഹിന്ദു-മുസ്ലിം കലാപം നടന്ന 2015 അവസാനം കോതമംഗലം താലൂക്കാശുപത്രിയിൽ കാഷ്വാൽറ്റിയിൽ നൈറ്റ് ഡ്യൂട്ടി ചെയ്യവേ നേരിടേണ്ടി വന്ന ഒരനുഭവമാണിത്. കാലമെത്ര കഴിഞ്ഞാലും മറക്കാത്ത ഒരനുഭവം

ഞാനന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. രാത്രി ഏതാണ്ട് ഒൻപതര മണിയോടെ പ്രായമായ ഒരു സ്ത്രീയെ താങ്ങിപ്പിടിച്ച് ഏകദേശം 35 വയസ്സു തോന്നിക്കുന്ന ഒരു യുവതി കാഷ്വാൽറ്റിയിലെത്തി. വയറുവേദനയെന്നാണ് പറഞ്ഞത്. സിഎംഒ ഇഞ്ചക്ഷൻ എഴുതി. ഞാനതുകൊടുത്ത് തിരിച്ചു പോരുമ്പോൾ പ്രായമായ സ്ത്രീയുടെ മകൾ എന്ന് തോന്നിച്ച ആ യുവതി വീണ്ടും ഡോക്ടറുടെ അടുക്കൽ വന്ന് 'സാറേ അസിഡിറ്റിയുടെ വയറുവേദന ഉമ്മാക്ക് ഇടയ്ക്കിടെ വരാറുള്ളതാ, അതിനുള്ള ഇഞ്ചക്ഷൻ ആണോ ഇപ്പോ കൊടുത്തത് 'എന്ന് വളരെ ആകാംക്ഷയോടെ ചോദിക്കുന്നുണ്ട്..

സാരമില്ല, മാറിക്കോളും എന്ന് പറഞ്ഞു കൊണ്ട് കഴിക്കാനുള്ള മരുന്നുകളും എഴുതിനൽകി ഡോക്ടർ അവരെ യാത്രയാക്കി.

പുറത്തേയ്ക്കു പോയ രണ്ടുപേരും ഉടനെ തന്നെ തിരിച്ചുവന്നു. 'സാറേ ഈ ഉമ്മ ഒന്ന് ഛർദ്ദിച്ചല്ലോ ' എന്ന് യുവതി.

ഉടനെ തന്നെ ഡ്യൂട്ടിഡോക്ടർ വീണ്ടും പരിശോധിച്ചു. ഛർദ്ദിയും ക്ഷീണവും കൂടിയുള്ളതിനാൽ വീണ്ടും ഇഞ്ചക്ഷൻ കൊടുക്കാനും ഡ്രിപ്പ് കൊടുക്കാനും എഴുതി. ഞാൻ ഇഞ്ചക്ഷൻ കൊടുത്ത് ഡ്രിപ്പും സ്റ്റാർട്ട് ചെയ്തു..

സമയമങ്ങനെ കടന്നു പോയി. യുവതി ക്ഷമയോടെ ഉമ്മയുടെ ബെഡിനരികിൽ തന്നെ ഇരുന്നു. മറ്റു ബെഡുകളിൽ കിടക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ അക്ഷമയോടെ പല പ്രാവശ്യം ഡ്രിപ്പിന്റെ സ്പീഡ് കൂട്ടിയിട്ടു കൊടുക്കാൻ ആവശ്യപ്പെട്ടു. ഉറക്കം താമസിക്കുന്നതിലെ അക്ഷമ! എന്നാൽ ഈ യുവതി മാത്രം ഒരിക്കൽ പോലും അക്ഷമ കാണിച്ചില്ല. സ്‌നേഹമുള്ള മകളാണല്ലോ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.

അങ്ങനെ സമയം പന്ത്രണ്ടര കഴിഞ്ഞു. ഡ്രിപ്പ് തീർന്നു, സൂചി ഊരിത്തരാമോ എന്ന് ചോദിച്ച് യുവതി എന്റെ അടുക്കൽ വന്നു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് യുവതി നെറ്റിയിൽ പൊട്ടു തൊട്ടിരിക്കുന്നു. പ്രായമായ സ്ത്രീ ഒരു മുസ്ലിം ആണെന്നുറപ്പാണ്. കാരണം ഫുൾക്കൈയുള്ള കുപ്പായവും തലമറയ്ക്കുന്ന വേഷവിധാനവും ആണ് പ്രായമായ സ്ത്രീക്ക് ..

ആകാംക്ഷ മറച്ചു വയ്ക്കാതെ ഞാൻ യുവതിയോട് പ്രായമായ സ്ത്രീ നിങ്ങളുടെ ആരാണെന്ന് ചോദിച്ചു.

ആ ഉമ്മ ഞങ്ങളുടെ വീടിനടുത്തുള്ളതാ സാറേ, അവർ ഒറ്റയ്ക്കാ താമസിക്കുന്നത്, രണ്ടു പെൺമക്കളാ അവർക്ക്, ദൂരെ ദിക്കിലാണ് മക്കളെ കെട്ടിച്ചയച്ചിരിക്കുന്നത്. ഒറ്റയ്ക്കായതിനാൽ അവർ ഞങ്ങളുടെ വീട്ടിലാണ് രാത്രി കിടക്കുന്നത്, ഇന്നും പതിവ് പോലെ കിടക്കാൻ വന്നതാ, പെട്ടെന്ന് വയറുവേദനയും ഛർദ്ദിയും തുടങ്ങി, അങ്ങനെ വന്നതാ'

ഇതായിരുന്നു യുവതിയുടെ മറുപടി.

ഇനി ഈ സമയത്ത് എങ്ങനെ തിരിച്ചു പോകും എന്നന്വേഷിച്ച എന്നോട് ഭർത്താവ് ഇവിടെ ഡ്രോപ്പ് ചെയ്തിട്ട് പോയതാണ്, വീട്ടിൽ ചെറിയ കുട്ടികൾ ഉള്ളതു കൊണ്ടാണ് കാത്തിരിക്കാതെ പോയത്, വിളിച്ചാൽ ഉടനെ കാറുമായി എത്തും എന്നവർ പറഞ്ഞു. തങ്ങളുടെ ആരുമല്ലാത്ത ഒരു വയോധികയ്ക്ക് വേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്ന ആ യുവതിയേയും ഭർത്താവിനെയും ഞാൻ മനസ്സാ നമിച്ചു പോയി. പോകാൻ നേരം ഞാൻ വെറുതേ യുവതിയുടെ പേര് ചോദിച്ചു...

അവർ ഒരു ഹൈന്ദവ യുവതി ആയിരുന്നു..

എനിക്കുടനെ ഓർമ്മ വന്നത് കുടകിൽ ഹിന്ദു മുസ്ലിം വർഗ്ഗീയ ലഹള നടക്കുന്നു എന്ന് വൈകിട്ട് സോഷ്യൽ മീഡിയയിൽ കണ്ട വാർത്തയാണ്.

കുറേ പേർ മതത്തിന്റെ പേരും പറഞ്ഞ് തമ്മിൽ തല്ലി ചാകുമ്പോൾ ഇവിടെയിതാ മനുഷ്യത്വത്തിനും മാനവികതയ്ക്കും ഏറ്റവും നല്ല ഉദാഹരണം. ആ യുവതിയുടെയും ഭർത്താവിന്റെയും മനസ്സിലെ നന്മ നമ്മുടെയുള്ളിലും ഒരു തീപ്പൊരിയായി കത്തിപ്പടരട്ടെ. മതമല്ല, മനുഷ്യനാണ് ആദ്യമുണ്ടായത് എന്നും ഹിന്ദു ദൈവവും മുസ്ലിം ദൈവവും ക്രൃസ്ത്യൻ ദൈവവും ഇവർക്കെല്ലാം സ്വർഗ്ഗവും നരകവും പ്രത്യേകം പ്രത്യേകം ഇല്ല എന്ന് എല്ലാവരും മനസ്സിലാക്കുന്ന ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം...


(കോതമംഗലം ഗവൺമെന്റ് ആശുപത്രിയിലെ സ്റ്റാഫ്‌നഴ്‌സാണ് ലേഖകൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP