Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയ വിവാഹത്തിന്റെ മധുവിധു തീരും മുമ്പേ ദാരുണ മരണം; വേളാങ്കണ്ണിയിലേക്കുള്ള തീർത്ഥയാത്ര അന്ത്യയാത്രയായി; ഏഴു പേരുടെ ജീവനെടുത്ത വാഹനാപകടത്തിന്റെ നടുക്കം മാറാതെ മണ്ടേക്കാപ്പ് ദേശവാസികൾ; അലമുറയിട്ടു കരയുന്ന മേരി അൽമേഡയെ സമാധാനിപ്പിൻ ആവാതെ നാട്ടുകാർ; ഒന്നുമറിയാതെ ബെഞ്ചമിൻ

പ്രണയ വിവാഹത്തിന്റെ മധുവിധു തീരും മുമ്പേ ദാരുണ മരണം; വേളാങ്കണ്ണിയിലേക്കുള്ള തീർത്ഥയാത്ര അന്ത്യയാത്രയായി; ഏഴു പേരുടെ ജീവനെടുത്ത വാഹനാപകടത്തിന്റെ നടുക്കം മാറാതെ മണ്ടേക്കാപ്പ് ദേശവാസികൾ; അലമുറയിട്ടു കരയുന്ന മേരി അൽമേഡയെ സമാധാനിപ്പിൻ ആവാതെ നാട്ടുകാർ; ഒന്നുമറിയാതെ ബെഞ്ചമിൻ

രഞ്ജിത്ത് ബാബു

കാസർഗോഡ്: വിവാഹാഘോഷത്തിന്റെ അലയടികൾ അടങ്ങും മുമ്പ് മഹാദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് ബന്ദിയോട് മണ്ടേക്കാപ്പ് ദേശവാസികളെ സങ്കടക്കടലിലാഴ്‌ത്തിയിരിക്കയാണ്. കഴിഞ്ഞ മെയ് ആറിന് കയ്യാർ ക്രൈസ്റ്റ് ദി കിങ് ചർച്ചിൽ മണ്ടേക്കാപ്പ് വീട്ടിലെ ആൽവിന്റേയും ധർമ്മത്തടുക്കയിലെ പ്രിമാ ഷറാളിന്റേയും വിവാഹമായിരുന്നു. തറവാടിനടുത്ത് തന്നെ താമസിച്ചു പോരുന്ന സഹോദരങ്ങളും മറുനാട്ടിലുള്ളവരും വിവാഹം കെങ്കേമമാക്കാൻ എത്തിയിരുന്നു. ആഘോഷം അവസാനിക്കും മുമ്പേ വേളാങ്കണ്ണിയിൽ പോയി ദർശനം നടത്താൻ കുടുംബാംഗങ്ങൾ ചേർന്ന് തീരുമാനിച്ചു. സന്തോഷത്തോടെ പോയി ശനിയാഴ്ച തിരിച്ചെത്താനായിരുന്നു പരിപാടി. അതു പ്രകാരം വധൂവരന്മാരുൾപ്പെടെ പതിനൊന്നംഗ സംഘം വേളാങ്കണ്ണിയിലേക്ക് പുറപ്പെടുകയായിരുന്നു.

മൂത്ത സഹോദരൻ അഹമ്മദാബാദിൽ നിന്നും എത്തിയ ഷറാൾഡിന്റെ ആഗ്രഹമായിരുന്നു വേളാങ്കണ്ണിയിൽ കുടുംബസമേതം ദർശനം നടത്തുക എന്നത്. ഇളയ സഹോദരനായ ആൽവിന്റെ വിവാഹം നടന്നതിന്റെ സന്തോഷത്തിൽ എല്ലാവരും അത് അംഗീകരിക്കുകയായിരുന്നു. അതിനായി കല്ല്യാണാവശ്യത്തിന് മഹാരാഷ്ട്രയിൽ നിന്നും കൊണ്ടു വന്ന വാഹനത്തിലായിരുന്നു യാത്ര. ഇവരുടെ വയോധികരായ മാതാപിതാക്കളായ മേരിയേയും ബഞ്ചമിനേയും വീട്ടിൽ തനിച്ചാക്കാതിരിക്കാൻ കൂട്ടിനായി ഡൻസെൻ എന്ന സഹോദരനെ അവിടെ നിർത്തുകയും ചെയ്തു. ദർശനം നടത്തി ശനിയാഴ്ച തിരിച്ചെത്തുമെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞിരുന്നത്. അതിനായി ചില ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാൽ വാഹനാപകടത്തിൽപ്പെട്ട് കുടുംബത്തിലെ ഏഴ് പേർ മരണമടഞ്ഞ വിവരമായിരുന്നു ശനിയാഴ്ച പുലർച്ചെ എത്തിയത്.

മണ്ടേക്കാപ്പിലെ ബഞ്ചമിൻ മൊന്റേരോയുടേയും മേരി അൽമേഡയുടേയും മക്കളും മരുമക്കളുമാണ് അപകടത്തിൽ പൊലിഞ്ഞു പോയത്. നവദമ്പതികളിൽ വരൻ ആൽവിനേയും മരണം വേട്ടയാടി. ഒരുമിച്ച് ജീവിക്കാൻ വേണ്ടി ഉത്തര പ്രദേശിലെ അദ്ധ്യാപികയായിരുന്ന പ്രീമ ഷരോൾ ജോലി രാജിവച്ചായിരുന്നു ആൽവിനെ ജീവിത പങ്കാളിയായി സ്വീകരിച്ചത്. എന്നാൽ വിധി അവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചില്ല. പ്രിമ അപകടത്തിൽ പരിക്കേറ്റ് തിരുച്ചിറ പ്പള്ളിയിലെ ആശുപ്ത്രിയിൽ കഴിയുകയാണ്.

മാതാപിതാക്കൾക്ക് കൂട്ടിന് നിന്ന ഡെൻസനും ജീവിത പങ്കാളിയെ നഷ്ടപ്പെട്ടു. മഹാരാഷ്ട്രക്കാരിയായ റീമയും ഡെൻസനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വാഹന ദുരന്തത്തിൽ റീമയും വേർപിരിഞ്ഞു. അപകടത്തിൽ മരിച്ച ഹെറാൾഡിന്റേയും പ്രസീലയുടേയും ഇരട്ട മക്കളിൽ ഒരാളും വിധിക്ക് കീഴടങ്ങി. ഒന്നിച്ച് കളിച്ചും പഠിച്ചും ഉറങ്ങിയും കഴിഞ്ഞിരുന്ന രോഹിതിന്റെ വേർപാട് സഹോദരൻ റോഷനെ ദുഃഖത്തിന്റെ തീരാക്കയത്തിൽ ആഴ്‌ത്തിയിരിക്കയാണ്. മൃതദേഹങ്ങൾ കൊണ്ടു വരുന്ന വാഹനത്തിൽ വിതുമ്പൽ അടക്കാനാവാതെ രോഹിതിന്റെ ചേതനയറ്റ ദേഹത്തിനിരികിലിരുന്ന് കണ്ണീർ വാർക്കുകയാണ് റോഷൻ.

മാതാപിതാക്കളായ മേരിയുടേയും ബഞ്ചമിന്റേയും നിലയാണ് പരിതാപകരം. വാവിട്ട് കരയുകയാണ് മണ്ടേക്കാപ്പ് വീട്ടിലെ മേരി അൽമേഡ. ആർക്കും അവരെ ആശ്വസിപ്പിക്കാനാവുന്നില്ല. എന്നാൽ ഒന്നുമറിയാതെ വീട്ടിലെ കസേരയിൽ ഇരിക്കുകയാണ് ബഞ്ചമിൻ. മൂന്ന് മക്കളും പേരമക്കളും മരുമക്കളും മരിച്ചതറിയാതെ അയാൾ ഒറ്റയിരിപ്പാണ്. വീട്ടിലേക്ക് ആളുകളെത്തുമ്പോഴും ബഹളം കേൾക്കുമ്പോഴും ഓർമ്മക്കുറവും കാഴ്ചയില്ലാത്തതുമായ ബഞ്ചമിന് ഒന്നും മനസ്സിലാവുന്നില്ല. മരണത്തിന്റെ ആഘാതമോ ദുരന്തത്തിന്റെ കാഠിന്യമോ ഒന്നും ബഞ്ചമിൻ അറിയുന്നില്ല. വേളാങ്കണ്ണിയിലെത്തിയപ്പോൾ തീർത്ഥാടക സംഘത്തിലെ മുതിർന്ന അംഗം ഹെറാൾഡ് നാട്ടിലെ വിശേഷമറിയാൻ ഡെൻസനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ പിന്നീട് വന്നത് മഹാദുരന്തത്തിന്റെ വാർത്തയാണ്. ഡെൻസൻ വിതുമ്പി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP