Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വധുവിനെ കിട്ടാനില്ല! കേരളത്തിലെ സവർണ ഹിന്ദുയുവാക്കളിൽ അവിവാഹിതരുടെ എണ്ണം പെരുകുന്നു; ജാതിയും ജാതകവും വേണ്ടെന്ന് പരസ്യം ചെയ്തിട്ടും രക്ഷയില്ല; അനാഥാലയങ്ങളിൽ വരെ മംഗല്ല്യത്തിനായി ക്യൂ; കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നം ഒറ്റപ്പെടുന്ന പുരുഷന്മാരാണെന്ന് മനഃശാസ്ത്രജ്ഞരും

വധുവിനെ കിട്ടാനില്ല! കേരളത്തിലെ സവർണ ഹിന്ദുയുവാക്കളിൽ അവിവാഹിതരുടെ എണ്ണം പെരുകുന്നു; ജാതിയും ജാതകവും വേണ്ടെന്ന് പരസ്യം ചെയ്തിട്ടും രക്ഷയില്ല; അനാഥാലയങ്ങളിൽ വരെ മംഗല്ല്യത്തിനായി ക്യൂ; കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നം ഒറ്റപ്പെടുന്ന പുരുഷന്മാരാണെന്ന് മനഃശാസ്ത്രജ്ഞരും

കെ വി നിരഞ്ജൻ

കോഴിക്കോട്: 'നമ്പൂതിരി യുവാവ്, 39വയസ്സ്, സ്വകാര്യസ്ഥാപനത്തിൽ ഉയർന്നജോലി, ജാതകവും ജാതിയും പ്രശ്‌നമല്ല, ഹിന്ദുസമുദായത്തിൽ നിന്നുള്ള ആർക്കും അപേക്ഷിക്കാം'- കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ വൈവാഹിക പേജിൽ വന്ന ഒരു പരസ്യമാണിത്.അടുത്തകാലംവരെ കടുത്ത യാഥാസ്ഥികരും ജാതി വിട്ട് ഒന്നും ചെയ്യാൻ ശ്രമിക്കാത്തവരുമായ സവർണ സമുദായക്കാർ ഇന്ന് ജാതി ഉപേക്ഷിക്കയാണ്. അത് മറ്റെന്തെങ്കിലും സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമിട്ടാണെന്ന് കരുതരുത്.വിവാഹത്തിന് അനുയോജ്യയായ വധുവിനെ സ്വജാതിയിൽനിന്ന് കിട്ടാതെ വരുമ്പോഴാണ് ഇവരിൽ പലരും 'വിപ്‌ളവകാരികളാവുന്നത'്.ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്‌ളെന്നാണ് മാരേജ് ബ്യൂറോ നടത്തിപ്പികാരും പറയുന്നത്.നമ്പൂതിരി, നായർ വിഭാഗങ്ങളിലും അതിന്റെ ഉപജാതികളായ വർമ്മ, മോനോൻ, അടിയോടി, തുടങ്ങിയ വിഭാഗങ്ങിലൊക്കെയുള്ള ചെറുപ്പക്കാർ വധുവിനെ കിട്ടാതെ അവസാനം ജാതി പ്രശ്‌നമല്‌ളെന്ന് പറഞ്ഞ് പരസ്യം ചെയ്യാൻ തയാറാവുകയാണ്.

ഇങ്ങനെ അനാഥാലയങ്ങളിൽനിന്ന്വരെ വിവാഹംചെയ്തവർ ഈ സമുദായങ്ങളിൽ നിരവധിയാണ്.സാമൂഹിക ക്ഷേമവകുപ്പിന്റെ കണക്കുകൾ പ്രകാരം തന്നെ കഴിഞ്ഞ രണ്ടുവർഷങ്ങളായി കേരളത്തിലെ അനാഥാലയങ്ങളിൽനടന്ന് 200ലേറെ ഹൈന്ദവ വിവാഹങ്ങളിൽ ഭൂരിഭാഗത്തിലും വരനായത്തെിയത് ബ്രാഹ്മണ-നായർ സമുദായങ്ങളിൽ പെട്ടവരാണ്.ഇതിന്റെ എത്രയേ ഇരട്ടിപേർ അനാഥാലയങ്ങളിൽനിന്ന് വധുവിനെ കണ്ടത്തൊനുള്ള ഫോർമാലിറ്റികളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്.കേരളത്തിലെ അനാഥാലയങ്ങളിൽ തിരക്ക് ഏറിയതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഇവർ നീങ്ങിയിരിക്കയാണ്.പാലക്കാടും-കോഴിക്കോടുമായി ഈയിടെ നടന്ന രണ്ടുവിവാഹങ്ങളിൽ വധു ഒഡീഷക്കാരിയായിരുന്നു.

കേരളത്തിലെ സവർണ സമുദായത്തിൽപെട്ട മധ്യവർഗ യുവാക്കൾ അനുഭവിക്കുന്ന വലിയൊരു സാമൂഹിക പ്രശ്‌നമായി ഇത് മാറിയിരിക്കയാണെന്നാണ് കോഴിക്കോട് സുമംഗല മാരേജ് ബ്യൂറോയിലെ അജിത്ത് പറയുന്നത്.' പ്രധാനമായും ഈ സമുദായങ്ങളിലെ സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയാണ് ഈ വിഷയത്തിൽ ഏറ്റവും പ്രധാനഘടകമായി വന്നത്.സ്ത്രീകൾ നന്നായി പഠിച്ച് ഉയർന്ന ജോലിനേടുമ്പോൾ പുരുഷരിൽ ഒരു വലിയവിഭാഗവും അവിടെതന്നെ നിൽക്കുകയാണ്. അങ്ങനെ വരുമ്പോൾ പരമ്പരാഗത തൊഴിൽ ചെയ്തുവരുന്നവരും, വിദ്യാഭ്യാസപരമായും സാമ്പത്തികപരാമയും അൽപ്പം പിന്നോക്കം നിൽക്കുന്നവരും, വല്ലാതെ പിറകോട്ടടിക്കുന്നു'-അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം സമുദായങ്ങളിൽ സർക്കാർ ജോലിയടക്കമുള്ള സുരക്ഷിതമേഖലയെക്കുറിച്ചുള്ള കമ്പം ശക്തമായിരിക്കയാണെന്ന് കോഴിക്കോട്ടെ ക്‌ളിനിക്കൽ സൈക്കോളജിസ്റ്റു ഫാമിലി കൗൺസിലറുമായ ഡോ.ആശ ചൂണ്ടിക്കാട്ടുന്നു.' കുടുംബങ്ങൾ സാമ്പത്തിക സുരക്ഷിതത്വം പ്രധാന വിഷയമായി എടുക്കുന്നതോടെ, സർക്കാർ ജോലിയില്ലാത്ത നായർ യുവാക്കൾക്ക്ും മറ്റും അവിവാഹിതരായി മരിക്കേണ്ട അവസ്ഥ വരികയാണ്.ഇതോടൊപ്പം ജാതകം,പൊരുത്തം തുടങ്ങിയ അന്ധവിശ്വാസങ്ങൾ കൂടിയാവുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായി. നല്ല പ്രായത്തിൽ മുഴുവൻ ജാതകപൊരുത്തം നോക്കി നടക്കുന്നവർ 35 വയസ്സ് കഴിയുന്നതോടെയാണ് മടുത്ത് ജാതക വിരോധികളാവുന്നത്.അപ്പോഴേക്കും അവർ വിവാഹ കമ്പോളത്തിൽനിന്ന് ഏതാണ്ട് പുറത്താകുകയും ചെയ്യും.'- ഡോ.ആശ പറഞ്ഞു.

ബ്രാഹ്മണ സമുദായമൊക്കെ സ്വജാതി വിവാഹങ്ങൾക്ക് കടുത്ത പ്രശ്‌നങ്ങളാണ് ഇപ്പോൾ നേരിടുന്നത്.ഐ.ടി ഫീൽഡിലേക്കും മറ്റുമായി എത്തുന്ന ഇവിടുത്തെ പെൺകുട്ടികൾ സമുദായം നോക്കാതെ തങ്ങൾക്ക്തുല്യ ജോലി സ്റ്റാറ്റസുള്ള ഒരാളെ വിവാഹംചെയ്ത് അവിടെതന്നെ സെറ്റിൽ ചെയ്യുന്ന അവസ്ഥയുണ്ട്.ബുദ്ധിയും ഊർജവുമുള്ള യുവാക്കളും യുവതികളുമൊക്കെ പുറംനാട്ടിലേക്ക് വലിയ ശമ്പളമുള്ള ജോലിക്കായി പോവുന്നതോടെ കേരളത്തിലെ പല ബ്രാഹ്മണ തെരുവുകളും അഗ്രഹാരങ്ങളും ഇന്ന് വയോധികസദനങ്ങൾക്ക് സമാനമായ അവസ്ഥയിലാണ്്.

പാലക്കാട് കൽപ്പാത്തി തെരുവിലെ അഗ്രഹാരങ്ങളിലൊക്കെ നിങ്ങൾക്ക് ഇപ്പോൾ വയോധികരെ മാത്രമേ കാണാൻ കഴിയൂ. അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം കൂടിയതോടെയാണ് കടുത്ത യഥാസ്ഥികരായ നമ്പൂതിരി സമുദായം പോലും ജാതിവിട്ടുള്ള വിവാഹത്തെകുറിച്ച് ചിന്തിച്ച് തുടങ്ങിയത്. മുമ്പൊക്കെ ഇതേകാരണത്താൽ ഭ്രഷ്ടും, പടിയടച്ച് പിണ്ഡംവെക്കലും നടത്തിയവർക്ക് ഇപ്പോൾ മൗനത്തിലാണ്.ചൊവ്വാദോഷത്തിന്റെ പേരിൽ ആയിരക്കണക്കിന് സ്ത്രീകളെ കണ്ണീരുകുടിപ്പിച്ചവർക്ക് ഇപ്പോൾ ജാതകംതന്നെ പ്രശ്‌നമല്ലാതായിരക്കുന്നു!

ജാതകവും ജോൽസ്യവുമടക്കമുള്ള അന്ധവിശ്വാസങ്ങൾ അവരുടെ ആഭ്യന്തര വൈരുധ്യങ്ങൾകൊണ്ടുതന്നെ തകരുകയാണെന്നും, യുക്തിവാദികൾ നടത്തിയ കാമ്പയിനേക്കാൾ അതാത് മനുഷ്യരുടെ ജീവിതാനുഭവങ്ങളാണ് ഇത്തരം തിരച്ചറിവുകൾ ഉണ്ടാക്കുന്നതെന്നും പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായ യു.കലാനാഥൻ 'മറുനാടൻ മലയാളിയോട്' പ്രതികരിച്ചു.ഒരുകാലത്ത് ഇത്തരം അന്ധവിശ്വാസങ്ങളെ പൊക്കിക്കൊണ്ടുനടന്നവർ സ്വയം അത് ഉപേക്ഷിക്കേണ്ടിവരുന്നത് കാലത്തിന്റെ വലിയ മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത പത്തുവർഷത്തിനുള്ളിൽ കേരളം കാണുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമായിരിക്കും അവിവാഹിതരായ പുരഷന്മാരെന്ന് മനഃശാസ്ത്രജ്ഞൻ ഡോ.കെ.എസ് ഡേവിഡും നിരീക്ഷിക്കുന്നു. അനുദിനം മൽസരാധിഷ്ഠിതവും ആർക്കും ആരെയും നോക്കാൻ നേരവുമില്ലാത്ത ഈ ലോകത്ത് ഇങ്ങനെ ഒറ്റപ്പെട്ടുപോവുന്നവരുടെ അവസ്ഥ എന്താകുമെന്നും അദേഹം ചോദിക്കുന്നു.

ഇന്ന് ഓരോ മാരേജ് ബ്യൂറോകളിലും ഓൺലൈൻ സൈറ്റുകളിലും സവർണ സമുദായങ്ങളിലെ മുപ്പത്തിയഞ്ച് കഴിഞ്ഞ അവിവാഹിതരുടെ നൂറുകണക്കിന് പ്രൊപ്പോസലുകളാണ് ഒന്നുമാവാതെ കിടക്കുന്നത്.ഈ സാഹചര്യത്തിലാണ്് അനാഥാലയങ്ങളിലെ പെൺകുട്ടികൾക്ക് ഒരു 'ജീവിതം കൊടുക്കാൻ' വരെ അവർ തയാറാവുന്നത്. എന്നാൽ അതിനുള്ള നടപടി ക്രമങ്ങളും അത്ര എളുപ്പമല്ല. ഇവിടെയും ഇപ്പോൾ കടുത്ത മൽസരമാണ്.നിങ്ങളുടെ ബാങ്ക് ബാലൻസ് തൊട്ട് സ്വഭാവംവരെ വിലയിരുത്തിയതിന് ശേഷമേ അധികൃതർ വിവാഹത്തിന് പച്ചക്കൊടി കാണിക്കൂ.അതുകൊണ്ടാണ് ചിലർ അന്യസംസ്ഥാനങ്ങളിലേക്ക് തിരിക്കുന്നതും. എതായാലും ഓർഫനേജിലെ പെൺകുട്ടികളെ നിരത്തി നിർത്തിയുള്ള 'പ്രാഞ്ചിയേട്ടൻ മോഡൽ' സമൂഹവിവാഹത്തിന്റെയൊന്നും ആവശ്യം ഇനിയുള്ള കാലത്ത് ഉണ്ടാവില്ലെന്നും ചുരുക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP