Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വെളിച്ചെണ്ണയുടെ തൂക്കം കൂടാൻ തേങ്ങയുടെ പുറം തോട് ഉണക്കി പൊടിച്ചു ചേർക്കും; നിറത്തിനും കേടാകാതിരിക്കാനും രാസ പദാർത്ഥങ്ങൾ; ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണ മായമയം; ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ അശ്വതി, ഗീത ഓയിലുകൾ അടക്കം 20 നിർമ്മാതാക്കൾ കുടുങ്ങി

വെളിച്ചെണ്ണയുടെ തൂക്കം കൂടാൻ തേങ്ങയുടെ പുറം തോട് ഉണക്കി പൊടിച്ചു ചേർക്കും; നിറത്തിനും കേടാകാതിരിക്കാനും രാസ പദാർത്ഥങ്ങൾ; ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണ മായമയം; ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ അശ്വതി, ഗീത ഓയിലുകൾ അടക്കം 20 നിർമ്മാതാക്കൾ കുടുങ്ങി

എം പി റാഫി

കോഴിക്കോട്: ഭക്ഷണം പാചകം ചെയ്യാനായി വിപണിയിൽ ലഭിക്കുന്ന എണ്ണയിൽ ഭൂരിഭാഗവും മായം കലർന്നത്. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഇരുപതോളം എണ്ണ നിർമ്മാണ കേന്ദ്രങ്ങൾ കുടുങ്ങി. രാസ പദാർത്ഥങ്ങളും തൂക്കം വർധിക്കാൻ പ്രത്യേക തരം പൗഡറും ഉപയോഗിച്ച് നിർമ്മിച്ചു വിറ്റിരുന്ന വെളിച്ചെണ്ണ, ഓയിൽ ഉൽപാദന കേന്ദ്രങ്ങൾക്കെതിരെയാണ് ഫുഡ് ആൻഡ് സേഫ്റ്റി നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളത്.

വിപണികളിലെ സ്ഥിരം സാന്നിദ്ധ്യമായ അശ്വതി ഓയിൽ, ശ്രീകൃഷ്ണ ഓയിൽ, ഗീത ഓയിൽ എന്നിവയുടെ ഉൽപാദന കേന്ദ്രങ്ങളിൽ നിന്നടക്കം മായം ചേർത്ത ഓയിലുകൾ കണ്ടെത്തിയിട്ടുണ്ട്. ബേപ്പൂരിലെ അശ്വതി ഓയിൽ മില്ല്, ശ്രീകൃഷ്ണ ഓയിൽ മില്ല് എന്നിവിടങ്ങളിൽ നിന്നും മായം കണ്ടെത്തിയതിനെ തുടർന്ന് ഓയിൽ ഉൽപന്നങ്ങൾ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു. നരിക്കുനിയിലെ ഗീതാ ഓയിൽ മില്ല് പ്രവർത്തിച്ചിരുന്നത് വ്യാജ ലൈസൻസ് തരപ്പെടുത്തിയാണെന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തി.

ഫുഡ് ആൻഡ് സേഫ്റ്റി കോഴിക്കോട് റീജണൽ ഓഫീസിൽനിന്നും ലൈസൻസ് എടുക്കണമെന്നിരിക്കെ വ്യാജ ലൈസൻസ് നമ്പർ പതിച്ച് ഗീതാ ഓയിൽ മില്ല് പ്രവർത്തിക്കുകയായിരുന്നു. ഇവിടെ നിന്നും മാർക്കറ്റുകളിലേക്കെത്തിക്കുന്ന വിവിധ തരം ഓയിലുകളിൽ വലിയ തോതിൽ മായം ചേർത്തതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. 3600 കിലോ ഗ്രാം ഓയിൽ ഇവിടെ നിന്നും പിടിച്ചെടുത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉൽപാദന കേന്ദ്രം പൂട്ടി സീൽ ചെയ്തിരിക്കുകയാണ്.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന ശക്തമാക്കിയതെന്ന് ഫൂഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞു. കോഴിക്കോട് ജില്ലയിലെ മുപ്പതോളം ഓയിൽ ഉൽപാദന മൊത്ത വിപണന കേന്ദ്രങ്ങളിൽ ഇതുവരെ പരിശോധന നയത്തിയതായും തുടർന്നുള്ള ദിവസങ്ങളിൽ റീജണലിനു കീഴിലെ മലബാറിലെ മറ്റു ജില്ലയിലേക്കു കൂടി പരിശോധന വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധന പൂർത്തിയാക്കിയ മുപ്പതോളം സ്ഥാപനങ്ങളിൽ 21 കേന്ദ്രങ്ങളിലും മായം കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ പരിശോധനാ ഫലം വന്നാൽ ഇവർക്കെതിരെ നടപടിയുണ്ടാകും.

തൂക്കം ലഭിക്കുന്നതിന് തേങ്ങയുടെ പുറം തോട് ഉണക്കി പൊടിച്ച പ്രത്യേക തരം പൊടി, നിറം ലഭിക്കുന്നതിനും ഈട് നിൽക്കുന്നതിനുമായി രാസ പദാർത്ഥങ്ങൾ എന്നിവ ചേർത്തിട്ടുണ്ടെന്ന് പ്രാഥമിക പരിഷോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിപണി കീഴടക്കി വലിയ ലാഭം കൊയ്യുന്നതിനു പുറമെ മാരക മായ രോഗങ്ങൾക്കു കൂടി വിതയ്ക്കുന്നതാണ് ഇത്തരം മായം ചേർത്ത ഓയിലുകൾ. കോഴിക്കോട്ടു നിന്നും പിടിച്ച ഓയിൽ സ്ഥാപനങ്ങൾ അധികവും മാർക്കറ്റുകൾ കീഴടക്കിയ വലിയ ബ്രാന്റുകളാണ്. മായം കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്നുള്ള സാമ്പിളുകൾ വിദഗ്ദ പരിശോധനക്കായി ഉദ്യോഗസ്ഥർ ശേഖരിച്ച് ലാഭിലേക്കയച്ചിട്ടുണ്ട്. 14 ദിവസത്തിനുള്ളിൽ ഇതിന്റെ ഫലം അറിവാകുന്ന മുറക്കായിരിക്കും ഈ സ്ഥാപനങ്ങൾക്കെതിരെയുള്ള നടപടി.

ഇത്തരത്തിലുള്ള വൻകിട സ്ഥാപനങ്ങൾക്കെതിരെ പരിശോധനയടക്കമുള്ള നടപടിയെടുക്കുന്നതിലൂടെ കടുത്ത സമ്മർദവും ഉദ്യോഗസ്ഥർക്കു മേൽ ഉണ്ടാകുന്നുണ്ട്. ഉദ്യോഗസ്ഥർ മായം കണ്ടെത്തി പിടിച്ചെടുക്കുന്ന സ്ഥാപനങ്ങൾ ഉന്നത ബന്ധവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടുന്ന സ്ഥിതിയുമുണ്ട്. മാർക്കറ്റുകളിൽ നിന്നും വിശ്വസിച്ച് ഭക്ഷ്യ പദാർത്ഥങ്ങൾ വാങ്ങാൻ പറ്റാത്ത സാഹചര്യമാണിപ്പോൾ. കറി പൗഡറുകൾ മുതൽ ഓയിൽ വരെയുള്ള ദൈനം ദിന ഭക്ഷ്യ പദാർത്ഥങ്ങളിൽ വിഷവും മായയും കണ്ടെത്തുന്നത് പതിവാണെങ്കിലും കർശന നടപടിയില്ലാത്തത് ഇത്തരം സ്ഥാപനങ്ങൾക്ക് വീണ്ടും തഴച്ചു വളരാനുള്ള അവസരമുണ്ടാകുകയാണ്.

മായം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ഓയിൽ, വെളിച്ചെണ്ണ കമ്പനികൾക്കെതിരെ കഴിഞ്ഞ വർഷം കർശന നടപടിയെടുത്തിരുന്നു. പ്രമുഖ കമ്പനികളടങ്ങുന്ന 14 ബ്രാന്റുകളുടെ ഉൽപാദനവും സംഭരണവും നിർത്തിവെക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ കമ്പനികൾ വീണ്ടും മാർക്കറ്റുകളിൽ വീണ്ടും ഇടം പിടിച്ചു കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പരിശോധന പൂർത്തിയാക്കിയ ശേഷം കാസർകോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ അടുത്ത ദിവസങ്ങളിലായി പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഇന്റലിജൻസ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ബി.ജയചന്ദ്രൻ, ഓഫീസർമാരായ പിജെ വർഗീസ്, കെ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ഇതുവരെ കണ്ടെത്തിയതും പിടിച്ചെടുത്തതുമായ പരിശോധനാ റിപ്പോർട്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP