Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിലെ ജോലി സമയത്ത് പ്രണയം നടിച്ച് ഒപ്പം കൂടി; 'ലിവിങ് ടുഗെദർ' ബന്ധം പൂത്തുലഞ്ഞപ്പോൾ മിന്നുകെട്ടി; മധുവിധു ലഹരിയിൽ എട്ടു ലക്ഷം രൂപ തട്ടിയെടുത്തു മലയാളി യുവാവ് മുങ്ങി; 'വിടില്ല ഞാൻ' എന്നുറപ്പിച്ച് ചതിച്ച വള്ളിക്കോട്ടുകാരനെ തേടി മുംബൈ സ്വദേശിനി പത്തനംതിട്ടയിൽ

ദുബായിലെ ജോലി സമയത്ത് പ്രണയം നടിച്ച് ഒപ്പം കൂടി; 'ലിവിങ് ടുഗെദർ' ബന്ധം പൂത്തുലഞ്ഞപ്പോൾ മിന്നുകെട്ടി; മധുവിധു ലഹരിയിൽ എട്ടു ലക്ഷം രൂപ തട്ടിയെടുത്തു മലയാളി യുവാവ് മുങ്ങി; 'വിടില്ല ഞാൻ' എന്നുറപ്പിച്ച് ചതിച്ച വള്ളിക്കോട്ടുകാരനെ തേടി മുംബൈ സ്വദേശിനി പത്തനംതിട്ടയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ദുബായിൽ ജോലി ചെയ്യുന്ന സമയത്ത് പ്രണയം നടിച്ച് ഒപ്പം താമസിക്കുകയും വിവാഹം കഴിക്കുകയും പല ഘട്ടങ്ങളിലായി എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തു മുങ്ങുകയും ചെയ്ത വള്ളിക്കോട്ടുകാരനെ തേടി മുംബൈ സ്വദേശിനി പത്തനംതിട്ടയിൽ എത്തി. വള്ളിക്കോട് തൃപ്പാറയിൽ കൊച്ചുപുത്തൻപറമ്പിൽ വീട്ടിൽ രാജു നായർ എന്ന ഷൈൻ മോൻ കുറുപ്പ് എന്ന യുവാവാണ് തന്നെ ചതിച്ചതെന്ന് ആരോപിച്ച് മുംബൈ കല്യാൺ സ്വദേശിനി അശ്വിന്ദർ കൗർ കക്കഡാണ് (38) പത്തനംതിട്ട പൊലീസിൽ പരാതി നൽകിയത്. എന്നാൽ, ഈ യുവാവിനെ എവിടെയും കണ്ടെത്താൻ അശ്വിന്ദറിന് ആയില്ല. ഇയാളെ കണ്ടു കിട്ടിയില്ലെങ്കിലും വേണ്ട തന്നിൽ നിന്ന് തട്ടിയെടുത്ത തുകയെങ്കിലും തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇവർ മാധ്യമങ്ങൾക്ക് മുന്നിലെത്തി.

2011 ൽ ദുബായിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് വള്ളിക്കോട് സ്വദേശി രാജ് നായരെ പരിചയപ്പെടുന്നത്. പരിചയം പ്രണയമാകാൻ വലിയ താമസം വേണ്ടിവന്നില്ല. ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. ഇതിനിടെ യുവാവിന് ജോലി നഷ്ടമായി. സ്വന്തം പണം ചെലവഴിച്ച് അയാളുടെ ആവശ്യങ്ങൾ അശ്വിന്ദർ നിറവേറ്റി പോന്നു. കൂടാതെ വള്ളിക്കോട്ട് വീട് നിർമ്മിക്കാനാണെന്ന് പറഞ്ഞ് അശ്വിന്ദറിനെ കൊണ്ട് അഞ്ചു ലക്ഷം വായ്പയും എടുപ്പിച്ചു. ഭാര്യാഭർത്താക്കന്മാരെപ്പോലെ മൂന്നു വർഷം ഒരുമിച്ചു കഴിഞ്ഞ ഇവർ 2014 ൽ കല്യാണിലുള്ള അശ്വിന്ദറിന്റെ വീട്ടിലെത്തി.

തുടർന്ന് 2014 ഒക്ടോബർ 12ന് വള്ളിക്കോട്ടെ രാജു നായരുടെ വീട്ടിലെത്തി മാതാപിതാക്കളുടെ അനുഗ്രഹം തേടി. തങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന് മാതാപിതാക്കളെ അറിയിച്ചിട്ടും എതിർപ്പുകൾ ഒന്നുംതന്നെ ഉണ്ടായില്ല. പതിനഞ്ചു ദിവസം ഇവർ വള്ളിക്കോട്ടെ വീട്ടിൽ താമസിച്ചു. ഇതിനിടെ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനവും നടത്തി. എന്നാൽ ദിവസങ്ങൾ കടന്നുപോയതോടെ രാജു നായരുടെ അമ്മയുടെ മട്ടുമാറി. അശ്വന്ദറിന്റെ സ്വത്തുവിവരങ്ങളെപ്പറ്റി അവർ അന്വേഷണം തുടങ്ങി. സ്വർണവും പണവും എത്രയുണ്ടെന്ന് അവർ ആരാഞ്ഞു. ഒടുവിൽ അശ്വിന്ദർ ബഹറിനിലേക്ക് യാത്രയായി. രാജു നായർ കൊച്ചിയിലുള്ള ഒരു സ്ഥാപനത്തിൽ ജോലി തുടർന്നു. ഇതിനുശേഷം ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണംതന്നെ നിലച്ചു.

രാജു നായരുടെ യാതൊരു വിവരവും ലഭിക്കാതെ വന്നപ്പോൾ അശ്വിന്ദർ 2015 ഏപ്രിലിൽ ബഹറനിൽ നിന്നും കൊച്ചിയിലെത്തി രാജുവിനെ സന്ദർശിച്ച ശേഷം കല്യാണിലുള്ള വീട്ടിലേക്ക് മടങ്ങി. ഇതിനിടെ ലോൺ എടുത്ത ഇനത്തിൽ ശേഷിക്കുന്ന മൂന്നുലക്ഷത്തിലധികം രൂപായുടെ കടം വീട്ടണമെന്ന് അശ്വിന്ദർ രാജുവിനോട് ആവശ്യപ്പെട്ടു. എന്നാൽ സ്വന്തമായി തന്റെ കൈവശം ഒന്നുമില്ലെന്നായിരുന്നു രാജുവിന്റെ മറുപടി. വൈകാതെ അശ്വിന്ദറിനെ തിരക്കി രാജു കല്യാണിലെ വീട്ടിലെത്തി. ഇതിനിടെ തനിക്ക് രാജു നൽകാനുള്ള തുകയെപ്പറ്റിയുള്ള വിവരം അശ്വിന്ദർ, രാജുവിന്റെ പിതാവിനെ അറിയിച്ചു.

ഈ പണം രാജുവിന്റെ പിതാവ് ചെക്കായി അശ്വിന്ദറിന് അയച്ചുകൊടുത്തു. അതോടെ 2016 ജനുവരി 15ന് മുംബൈയിൽ വച്ച് സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം ഇരുവരും വിവാഹിതരായി. തുടർന്ന് ഒക്ടോബർ ഏഴുവരെ ഇരുവരും മുംബൈയിൽ താമസമാക്കി. ഇതിനിടെ രാജുവിന്റെ നിർദ്ദേശപ്രകാരം ഏഴുലക്ഷം രൂപാ ഷെയർമാർക്കറ്റിൽ നിക്ഷേപിക്കാൻ അശ്വിന്ദർ തയ്യാറായി. എന്നാൽ ഒരു ദിവസം ആരോരും അറിയാതെ രാജു വള്ളിക്കോട്ടേക്ക് മടങ്ങി. വൈകാതെ അശ്വിന്ദറും വള്ളിക്കോട്ടെത്തി. രാജുവിന് മാനസിക പ്രശ്നമുണ്ടെന്നും അതിനാൽ ധ്യാനം നടത്തണമെന്നും പിതാവ് പറഞ്ഞതോടെ അശ്വിന്ദർ മടങ്ങി.

രാജുവിനെ തനിക്ക് നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പായതോടെ മാതാപിതാക്കളോടൊപ്പം അശ്വിന്ദർ വള്ളിക്കോട്ടുള്ള രാജുവിന്റെ വീട്ടിൽ ഒരിക്കൽകൂടി എത്തി. മാതാപിതാക്കൾ മടങ്ങിയതോടെ രാജുവിന്റെ വീട്ടുകാർ അശ്വിന്ദറിനെ പീഡിപ്പിക്കാൻ തുടങ്ങി. ഒരു നേരത്തെ ആഹാരം പോലും കൊടുക്കാൻ അവർ തയ്യാറായില്ലെന്ന് അശ്വിന്ദർ പറഞ്ഞു. മുപ്പതുലക്ഷം രൂപയും 50 പവനും കൊണ്ടുവന്നില്ലെങ്കിൽ മറ്റൊരാളുമായി രാജുവിന്റെ വിവാഹം നടത്തുമെന്നവർ ഭീഷണിപ്പെടുത്തി. ഒടുവിൽ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ഡിസംബർ എട്ടിന് അശ്വിന്ദർ വീടുവിട്ടിറങ്ങി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

മുബൈയിൽ താമസിക്കുമ്പോൾ അശ്വിന്ദറിന്റെ അനുവാദമില്ലാതെ രാജു 67,000 രൂപാ വിലപിടിപ്പുള്ള ആഭരണങ്ങൾ എടുത്ത് 50,000 രൂപായ്ക്ക് പണയം വച്ചിരുന്നു. കൂടാതെ തന്നോടൊപ്പം താമസിക്കുമ്പോൾപോലും രാജു മറ്റ് സ്ത്രീകളുമായി അവിശുദ്ധ ബന്ധം പുലർത്തിയിരുന്നതായും അശ്വിന്ദർ പറഞ്ഞു. തന്നെ രാജു വിവാഹം ചെയ്തുവെന്ന സ്നേഹ എന്ന സ്ത്രീ അശ്വിന്ദറിനെ ഫെയ്സ് ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിന്റെ എല്ലാം തെളിവുകളും അശ്വിന്ദർ മാധ്യമ പ്രവർത്തകരെ കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP