Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സി കെ വിനീതിനു വേണ്ടി ഇടപെട്ട് സംസ്ഥാന സർക്കാർ; ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കായികമന്ത്രി സിഎജിക്ക് കത്തെഴുതി; കേന്ദ്ര സർക്കാർ കൈവിട്ടാലും വിനീതിന് സംസ്ഥാന സർക്കാർ ജോലി നൽകി സംരക്ഷിച്ചേക്കും

സി കെ വിനീതിനു വേണ്ടി ഇടപെട്ട് സംസ്ഥാന സർക്കാർ; ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കായികമന്ത്രി സിഎജിക്ക് കത്തെഴുതി; കേന്ദ്ര സർക്കാർ കൈവിട്ടാലും വിനീതിന് സംസ്ഥാന സർക്കാർ ജോലി നൽകി സംരക്ഷിച്ചേക്കും

തിരുവനന്തപുരം: ഇന്ത്യൻ ഫുട്‌ബോൾ ടീം അംഗവും ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാനതാരവുമായ മലയാളി സി കെ വിനീതിനെ ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ സംസ്ഥാന സർക്കാർ ഇടപെടൽ. തിരുവനന്തപുരം അക്കൗണ്ട്‌സ് ജനറൽ ഓഫീസിലെ ജീവനക്കാരനായ വിനീതിന് ഹാജരില്ലെന്ന കാരണംകാണിച്ച് സർവീസിൽനിന്ന് പിരിച്ചുവിടാനൊരുങ്ങുകയാണ്.

ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കായികമന്ത്രികൂടിയായ എ സി മൊയ്തീൻ കേന്ദ്ര കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ശശികാന്ത് ശർമയ്ക്ക് കത്തയച്ചു. സ്പോർട്സ് ക്വാട്ടയിലൂടെ ജോലിയിൽ പ്രവേശിച്ച വിനീതിനെ ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി സിഎജിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ കത്തിന് മറുപടി ലഭിച്ചിട്ടില്ല.

തിരുവനന്തപുരം ഏജീസ് ഓഫീസിലെ ഓഡിറ്റർ ആണ് വിനീത്. ഏജീസ് ഫുട്‌ബോൾ ക്ലബ്ബിലെ താരമായി വളർന്ന വിനീത് പിന്നീട് ബംഗളൂരു എഫ്‌സിയുമായി കരാറിലേർപ്പെട്ടു. ബംഗളൂരുവിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവച്ച വിനീതിന് വളരെപ്പെട്ടന്നുതന്നെ ഇന്ത്യൻ ടീമിൽ ഇടംലഭിച്ചു. ലോകകപ്പ് യോഗ്യതാമത്സരത്തിൽ ഇന്ത്യക്കുവേണ്ടി കളിക്കുന്ന മലയാളി താരങ്ങളിലൊരാളുമായി വിനീത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ വിനീതിനെതേടി ആരുമെത്തിയില്ല.

രണ്ടാം സീസണിൽ കേരളാബ്ലാസ്റ്റേഴ്‌സിൽ ഇടംപിടിച്ചുവെങ്കിലും റിസർവ് ബഞ്ചിൽ ഇരുത്തി അവഗണിച്ചു. മൂന്നാംസീസണിലാണ് വിനീതിന്റെ കഴിവ് ഇന്ത്യക്കാർ തിരിച്ചറിഞ്ഞത്. ആദ്യ മൂന്ന് മത്സരങ്ങളിൽ തോൽവിയറിഞ്ഞ ബ്ലാസ്റ്റേഴ്‌സിനെ ഫൈനൽവരെയെത്തിച്ചത് വിനീതിന്റെ കാലുകളാണ്. നിർണായകമായ അഞ്ചുഗോളുകളാണ് ഈ 28 കാരൻ അഞ്ചു കളികളിൽ നേടിയത്. ഇതിൽ രണ്ടുകളികൾ വിനീതിന്റെ മാത്രം ഗോളുകളുടെ സഹായത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.

ഐഎസ്എല്ലിലെ മിന്നും പ്രകടനത്തിനുശേഷം വീണ്ടും ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിനീത് കഴിഞ്ഞ കുറച്ചു മാസം ടീമിനൊപ്പം വിദേശപര്യടനത്തിലായിരുന്നു. അത് കഴിഞ്ഞെത്തിയപ്പോഴാണ് പിരിച്ചുവിടാനുള്ള നോട്ടീസ് ലഭിക്കുന്നത്. ഒരുവർഷം മുമ്പുതന്നെ വിനീതിനെ പിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചിരുന്നതായാണ് സൂചന. ഏജീസ് ടീമിനെ ഉപേക്ഷിച്ച് ബംഗളൂരു എഫ്‌സിയുമായി കരാർ ഒപ്പിട്ടതോടെ വിനീതിനെതിരേ ചിലർ നീക്കങ്ങൾ ആരംഭിച്ചു. പ്രൊബേഷനിലായതിനാൽ വർഷത്തിൽ മൂന്നുമാസമാണ് ലീവ് അനുവദിക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിലും ബംഗളൂരു എഫ്‌സിയിലും കളിക്കുന്നതിനാൽ വിനീതിന് ഓഫീസിലെത്താൻ കഴിയാറില്ല എന്നത് വസ്തുതയാണ്.

എന്നാലും ദേശീയ ടീമിലെ അംഗം എന്ന പരിഗണന വിനീതിന് നൽകണമെന്നാണ് കായികമന്ത്രിയുടെ അഭ്യർത്ഥന. ഹാജർ കുറഞ്ഞ കാലയളവിൽ വിനീത് രാജ്യത്തിനുവേണ്ടിയും കേരള ബ്ലാസ്റ്റേഴ്‌സിനും ബംഗളൂരു എഫ്‌സിക്കും വേണ്ടിയും കളിച്ചതിന്റെ രേഖകളുണ്ട്. എന്നിട്ടും പിരിച്ചുവിടാനൊരുങ്ങുന്നതിനെയാണ് സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുന്നത്. ഇത്തരം നടപടികൾ കായികരംഗത്തുനിന്ന് ഭാവിതലമുറയെ അകറ്റിനിർത്തുമെന്നും കായികമന്ത്രി ഏജിക്ക് അയച്ച കത്തിൽ സൂചിപ്പിക്കുന്നു.

ജോലിക്കുവേണ്ടി ഫുട്‌ബോളിനെ ഉപേക്ഷിക്കാൻ കഴിയില്ലെന്നാണ് സി കെ വിനീതിന്റെ നിലപാട്. കഴിയുന്നിടത്തോളം കാലം രാജ്യത്തിനുവേണ്ടി കളിക്കണമെന്നും ഇന്ത്യൻ ടീമിൽ ഇടംനേടാൻ കഴിഞ്ഞത് രാജ്യത്തെ ഒരു പൗരനെന്ന നിലയിൽ അഭിമാനമുള്ളകാര്യമാണെന്നും വിനീത് പറയുന്നു.

കണ്ണൂർ സ്വദേശിയും സിപിഐ എം കുടുംബത്തിലെ അംഗവുമായ വിനീതിനെ കേന്ദ്രസർക്കാർ കൈവിട്ടാലും എൽഡിഎഫ് സർക്കാർ സംരക്ഷിക്കുമെന്നുതന്നെയാണ് സൂചന. എജീസ് ഓഫീസിലെ തൊഴിൽ നഷ്ടമായാൽ സംസ്ഥാന കായിക വകുപ്പിനുകീഴിൽ ജോലി നൽകി സംരക്ഷിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി ആർ ശ്രീജേഷ് പൊതുവിദ്യാഭ്യാസ വകുപ്പിൽ സർക്കാർ ജോലി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP