Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഴിമതിക്ക് ബാലകൃഷ്ണ പിള്ളയെ അഴിക്കുള്ളിലാക്കിയത് വിഎസിന്റെ പോരാട്ടം; രണ്ട് പേർക്കും 'കാബിനെറ്റ് പദവി' നൽകി പിണറായിയുടെ അത്യപൂർവ്വ നയതന്ത്രം; ജയിലിലടയ്ക്കാൻ ഉത്തരവിട്ട ചീഫ് ജസ്റ്റിസ് പി സദാശിവം ഗവർണർ സ്ഥാനത്തും; 'ഇരുമ്പൻ പിള്ള'യെന്ന് കളിയാക്കിയവർ മാളത്തിലും

അഴിമതിക്ക് ബാലകൃഷ്ണ പിള്ളയെ അഴിക്കുള്ളിലാക്കിയത് വിഎസിന്റെ പോരാട്ടം; രണ്ട് പേർക്കും 'കാബിനെറ്റ് പദവി' നൽകി പിണറായിയുടെ അത്യപൂർവ്വ നയതന്ത്രം; ജയിലിലടയ്ക്കാൻ ഉത്തരവിട്ട ചീഫ് ജസ്റ്റിസ് പി സദാശിവം ഗവർണർ സ്ഥാനത്തും; 'ഇരുമ്പൻ പിള്ള'യെന്ന് കളിയാക്കിയവർ മാളത്തിലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വി എസ്. അച്യുതാനന്ദന്റെ കടുത്ത എതിപ്പ് അവഗണിച്ച് ആർ ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവിയോടെ മുന്നോക്ക വികിസന കോർപറേഷൻ ചെയർമാൻ സ്ഥാനം നല്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം സംസ്ഥാനത്ത് മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത രസകരമായ സ്ഥിതിവിശേഷത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ഇടമലയാർ കേസിൽ പിള്ളയെ ജയിലിലാക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങി വിജയം നേടിയ വി എസ്. അച്യുതാനന്ദന് കാബിനറ്റ് പദവിയുണ്ട്. ശിക്ഷിക്കപ്പെട്ട പിള്ളയ്ക്കും ലഭിച്ചത് കാബിനറ്റ് പദവി. ഇതിനും പുറമേ, പിള്ളയ്ക്ക് ശിക്ഷ വിധിച്ച ജഡ്ജിയാണ് സംസ്ഥാനത്തെ ഗവർണർ ജസ്റ്റിസ് പി. സദാശിവം. മൂന്നുപേരും കൂടി ഇനി ഒു വേദി പങ്കിടേണ്ട കുറവുകൂടിയേയുള്ളൂ വിരോധാഭാസം പൂർണമാകാൻ.

യുഡിഎഫിൽ നിന്നു തെറ്റിപ്പിരിഞ്ഞു പുറഞ്ഞുവന്ന കേരളാ കോൺഗ്രസ് ബിയെ എൽഡിഎഫ് മുന്നണിയിലെടുത്തിട്ടില്ല. പക്ഷേ, എൽഡിഎഫുമായി സഹകരിച്ചാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ചത്. പത്തനാപുരത്തുനിന്ന് പിള്ളയുടെ മകൻ ഗണേശ് കുമാർ വിജയിച്ചു. പക്ഷേ പിള്ളയുടെ മുന്നണി പ്രവേശനം അടഞ്ഞ അധ്യായമായി തുടർന്നു. പിള്ള തുടർച്ചയായി പ്രതിഷേധിച്ചു. തനിക്കുവേണ്ടി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ വരെ രംഗത്തിറക്കി. ഒടുക്കം വിസിന്റെ കടുത്ത എതിർപ്പ് അവഗണിച്ച് പിള്ളയ്ക്ക് മുന്നോക്ക കോർപറേഷൻ ചെയർമാൻ സ്ഥാനം നല്കി ആശ്വസിപ്പിക്കാനുള്ള തീരുമാനവും ഉണ്ടായിരിക്കുന്നു.

നിയമസഭാ തെരെഞ്ഞടുപ്പിൽ സഹകരിച്ചു പ്രവർത്തിച്ചുവെങ്കിലും പിള്ളയ്ക്കു പാർട്ടിക്കും സി.പി.എം വാഗദ്ാനങ്ങളൊന്നും നൽകിയിരുന്നില്ല. എന്നാൽ എൻഎസ്എസിന്റെ സമ്മർദ്ദവും കേരള കോൺഗ്രസിന്റെ അപേക്ഷയും മുറുകിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതൃത്വം മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം നല്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

പിള്ളയെ ചെയർമാൻ സ്ഥാനം ഏൽപ്പിക്കുന്നതിൽ ചില നിയമപ്രശ്‌നങ്ങളുണ്ടായിരുന്നതാണ് തീരുമാനം നീളാൻ കാരണമായത്. ഇടമലയാർ അഴിമതി കേസിൽ ഗൂഢാലോചനയ്ക്കാണ് പിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചത്. അഴിമതി കേസിൽ ശിക്ഷ ലഭിച്ചതിനാൽ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ പൊതുസ്ഥാനങ്ങൾ വഹിക്കാനോ ആറു വർഷത്തേയ്ക്കു തടസമുണ്ടായിരുന്നു. ഇത് ഫെബ്രുവരി ആറിനു തീർന്നു. തുടർന്ന് എൻഎസ്എസിനെ ഉപയോഗിച്ച് പിള്ള സമ്മർദം ശക്തമാക്കി. അവസാനം പിള്ളയ്ക്കു സ്ഥാനം ലഭിക്കുകയും ചെയ്തിരിക്കുന്നു.

മുമ്പ് യുഡിഎഫ് സർക്കാരിന്റെ കാലത്തും പിള്ള ഇതേ കോർപറേഷൻ ചെയർമാനായിരുന്നു. എന്നാൽ നിയമപ്രശ്‌നങ്ങളുണ്ടായിരുന്നതുകൊണ്ട് ഡയറക്ടർബോർഡ് യോഗങ്ങളിലടക്കം അദ്ദേഹം പങ്കെടുത്തിരുന്നില്ല. താൻ നിയമപോരാട്ടം നടത്തി ജയിലിലടച്ച പിള്ളയ്ക്ക് പിണറായി സർക്കാർ സ്ഥാനം നല്കുന്നതിൽ വി എസ്. അച്യുതാനന്ദൻ കടുത്ത എതിർപ്പ് ഉന്നയിച്ചുവെങ്കിലും വിലപ്പോയില്ല. പിള്ളയ്‌ക്കെതിരേ കേന്ദ്ര നേതൃത്വത്തെ അടക്കം വി എസ് സമീപിച്ചെങ്കിലും ഫലം കണ്ടില്ല.

കേരളത്തൽ അഴമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്നിട്ടുള്ള ഏക മുതിർന്ന നേതാവാണ് കേരളാ കോൺഗ്രസ് ബി ചെയർമാനായ ആർ ബാലകൃഷ്ണപിള്ള. യുഡിഎഫുമായി തെറ്റിപ്പിരിയുന്നതുവരെ ഇരുമ്പൻ പിള്ളയെന്നുവിളിച്ച് ആക്ഷേപിച്ചിരുന്ന സി.പി.എം തന്നെ അദ്ദേഹത്തിനെ കാബിനറ്റ് പദവിയിൽ നിയമിച്ചതിനെതിരേ സോഷ്യൽ മീഡിയയിലടക്കം കടുത്ത പരിഹാസം ഉയരുന്നുണ്ട്.

മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഇടമലയാർ കേസിൽ അഴിമതി തെളിഞ്ഞതുകൊണ്ടാണ് പിള്ളയെ സുപ്രീംകോടതി തടവുശിക്ഷയ്ക്കു വിധിച്ചത്. കൊട്ടാരക്കരയിൽ അദ്ധ്യാപകൻ ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ സി.പി.എം നടത്തിയ പ്രതിഷേധ പരിപാടികൾ കേരളത്തിനു മറക്കാവുന്നതല്ല. മകൻ ഗണേശനെതിരേ അദ്ദേഹത്തിന്റെ ഭാര്യയെ മുന്നിൽനിർത്തി പിള്ള ആക്രമിച്ചപ്പോഴും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഏതായാലും അഴിമതിക്കേസിലെ കുറ്റവാളിയെന്ന് പിള്ളയെ ആക്ഷേപിച്ചവർക്ക് ഇപ്പോൾ എന്തു മറുപടിയാണു നല്കാനുള്ളതെന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നത്. മുമ്പ് യുഡിഎഫ് സർക്കാർ പിള്ളയ്ക്ക് മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നല്കാൻ തീരുമാനിച്ചപ്പോൾ സോഷ്യൽ മീഡിയയിലടക്കം കടുത്ത പ്രതിഷേധപ്രചരണം സി.പി.എം നടത്തിയിരുന്നു. ഇക്കാലത്ത് ഇവർ പ്രചരിപ്പിച്ച പോസ്റ്റുകൾ സി.പി.എം നേതൃത്വത്തെ ഇപ്പോൾ തിരിഞ്ഞുകൊത്തുകയാണ്.

2011 ഫെബ്രുവരിയിലാണ് പിള്ളയ്ക്ക് സുപ്രീംകോടതി ഒരു വർഷത്തെ തടവു ശിക്ഷ വിധിക്കുന്നത്. ശിക്ഷ വിധിച്ചത് ജസ്റ്റിസുമാരായ ബി.എസ്. ചൗഹാനും പി. സദാശിവവും അടങ്ങിയ ബഞ്ച്. പിള്ളയെ വെറുതേവിട്ട ഹൈക്കോടതി നടപടിക്കെതിരേ വി എസ്. അച്യുതാനന്ദൻ നല്കിയ ഹർജിയിലായിരുന്നു ഈ വിധി. ഇടമലയാർ പദ്ധതിക്കു കരാറുകൾ അനുവദിച്ചതിൽ പ്രതികൾ ഗൂഢാലോചന നടത്തി വൈദ്യുതി ബോർഡിനും അതുവഴി സംസ്ഥാന സർക്കാരിനും രണ്ടുകോടി രൂപ നഷ്ടം വരുത്തിയെന്ന ആരോപണം തെളിഞ്ഞതുകൊണ്ടാണ് ജസ്റ്റിസ് സദാശിവം ഉൾപ്പെട്ട ബഞ്ച് പിള്ളയ്ക്ക് ഒരു വർഷത്തെ തടവു ശിക്ഷ വിധിക്കുന്നത്. കേസ് കൈകാര്യം ചെയ്യുന്നതിൽ ഹൈക്കോടതിക്ക് ഗുരുതര പിഴവ് സംഭവിച്ചതായും സുപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി.

ശിക്ഷ വാങ്കിക്കൊടുത്തയാളും ശിക്ഷിക്കപ്പെട്ടയാളും ശിക്ഷവിധിച്ച ജഡ്ജിയും ഇനി ഒരു വേദി പങ്കിടുമോയെന്നാണ് കേരള സമൂഹം ഉറ്റുനോക്കുന്നത്. എന്തായാലും പിള്ളയ്‌ക്കൊപ്പം വേദി പങ്കിടാൻ വി എസ് തയാറാകില്ല. പക്ഷേ, ഭരണപരമായ ഏതെങ്കിലും ചടങ്ങിൽ ഗവർണറും പിള്ളയും ഒരു വേദിയിലെത്താം. അടുത്തടുത്ത കസേരകളിലിരുന്ന് തമാശകൾ പറഞ്ഞു ചിരിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP