Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പികെ ജയലക്ഷ്മിയും കെസി ജോസഫും അടക്കം നാല് മുന്മന്ത്രിമാർക്ക് കൂടി പൊലീസുകാരുടെ സുരക്ഷ നൽകാൻ തച്ചങ്കരിയുടെ ഉത്തരവ്; ഇനി മേലിലിൽ ഒരു ഉദ്യോഗസ്ഥരും ഡിജിപിക്ക് വേണ്ടിയെന്ന് പറഞ്ഞ് ഉത്തരവ് ഇറക്കേണ്ടെന്ന് ഉത്തരവിറക്കി സെൻകുമാർ; ഇനി പൊലീസ് ഉത്തരവുകളിൽ പേര് വയ്‌ക്കേണ്ടത് ഉത്തരവ് ഇടുന്നയാൾ തന്നെ

പികെ ജയലക്ഷ്മിയും കെസി ജോസഫും അടക്കം നാല് മുന്മന്ത്രിമാർക്ക് കൂടി പൊലീസുകാരുടെ സുരക്ഷ നൽകാൻ തച്ചങ്കരിയുടെ ഉത്തരവ്; ഇനി മേലിലിൽ ഒരു ഉദ്യോഗസ്ഥരും ഡിജിപിക്ക് വേണ്ടിയെന്ന് പറഞ്ഞ് ഉത്തരവ് ഇറക്കേണ്ടെന്ന് ഉത്തരവിറക്കി സെൻകുമാർ; ഇനി പൊലീസ് ഉത്തരവുകളിൽ പേര് വയ്‌ക്കേണ്ടത് ഉത്തരവ് ഇടുന്നയാൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചുറ്റിലും ശത്രുക്കളാണെന്ന് ടിപി സെൻകുമാറിന് അറിയാം. അതുകൊണ്ട് തന്നെ പൊലീസ് ആസ്ഥാനത്തുനിന്നു തന്റെ പേരിൽ കീഴുദ്യോഗസ്ഥർ ഉത്തരവിറക്കരുതെന്നു ഡിജിപി: ടി.പി.സെൻകുമാർ നിർദ്ദേശം നൽകി. പൊലീസ് സ്‌റ്റേഷനുകളിലെ പെയിന്റടി വിവാദം ഉൾപ്പെടെയുള്ളവയുടെ പശ്ചാത്തലത്തിലാണ് സെൻകുമാറിന്റെ ഈ നീക്കം. ഭാവിയിൽ തന്നെ അഴിമതിക്കാരനാക്കാൻ ചില കളികൾ നടക്കുമെന്ന് സെൻകുമാർ കരുതുന്നു. അതുകൊണ്ടാണ് മുൻകരുതൽ.

പൊലീസ് ആസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ വാക്കുതർക്കം കൈയേറ്റത്തിന്റെ വക്കോളമെത്തിയിരുന്നു. സെൻകുമാർ മോശമായി പെരുമാറിയെന്നാരോപിച്ച് എ.ഡി.ജി.പി. ടോമിൻ തച്ചങ്കരി ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് രേഖാമൂലം പരാതി നൽകുകയും ചെയ്തു. തച്ചങ്കരിയുടെ പരാതിയിൽ തുടർനടപടി ഉണ്ടായില്ലെങ്കിലും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് വിവരം. മെയ്‌ ഒമ്പതിനു പൊലീസ് ആസ്ഥാനത്തെ പൊലീസ്മേധാവിയുടെ മുറിയിലാണ് സംഭവം. തച്ചങ്കരിയെ മുറിയിലേക്ക് വിളിച്ചുവരുത്തി താനറിയാതെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിനെതിരെ സെൻകുമാർ പൊട്ടിത്തെറിച്ചെന്നാണ് പരാതി. ഈ സാഹചര്യത്തിൽ തനിക്കെതിരെ കരുനീക്കം സജീവമാണെന്ന് സെൻകുമാർ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഈ പുതിയ ഉത്തരവും കരുതലും.

'സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി' എന്നു രേഖപ്പെടുത്തി പൊലീസ് ആസ്ഥാനത്തെ എഐജി മുതൽ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥർ സാധാരണ ഉത്തരവിറക്കാറുണ്ട്. പൊലീസ് കോൺസ്റ്റബിൾ മുതൽ എസ്‌ഐമാർ വരെയുള്ളവരുടെ കാര്യങ്ങളിൽ ഇത്തരത്തിൽ പൊലീസ് ആസ്ഥാനത്തെ എഐജിയാണ് ഉത്തരവിറക്കാറുള്ളത്. ഇതു വേണ്ടെന്നാണ് നിർദ്ദേശം. സെൻകുമാർ ചുമതലയേൽക്കുന്നതിനു തൊട്ടു മുൻപു പൊലീസ് ആസ്ഥാനത്തെ എഐജി മുതൽ എഡിജിപി വരെ ഉദ്യോഗസ്ഥരെ മാറ്റി സർക്കാർ വിശ്വസ്തരെ നിയമിച്ചിരുന്നു. ഇത് സെൻകുമാറിന് പണി കൊടുക്കാൻ വേണ്ടിയായിരുന്നു. ഈ സാഹചര്യത്തിലാണ് തനിക്ക് വേണ്ടി ആരും ഒന്നും ചെയ്യേണ്ടതില്ലെന്ന നിർദ്ദേശം.

കുറച്ചുകൂടി ഗൗരവമുള്ള കാര്യങ്ങളിലും സർക്കാരിനു നൽകേണ്ട കത്തുകളിലും ഡിജിപി സ്ഥലത്തില്ലെങ്കിൽ അദ്ദേഹത്തിനുവേണ്ടി ആസ്ഥാനത്തെ ഐജിയോ എഡിജിപിയോ ഒപ്പിട്ടു കത്തും ഉത്തരവും നൽകാറുണ്ട്. ഡിജിപി കൂടി പങ്കെടുക്കുന്ന കമ്മിറ്റികളുടെ തീരുമാനങ്ങളും ചിലപ്പോൾ കീഴുദ്യോഗസ്ഥർ ഒപ്പിട്ട് ഉത്തരവായി ഇറക്കും. അതാണ് കീഴ്‌വഴക്കം. ഇതൊന്നും ഇനി നടക്കില്ല.ഡിജിപി എന്ന നിലയിലുള്ള അധികാരത്തിൽ മറ്റുള്ളവർ ഇടപെട്ടാലും ഉത്തരവാദിത്തം ഡിജിപിക്കാണ്. ഇതു കൂടി മനസ്സിലാക്കിയാണ് ഇടപെടൽ.

കഴിഞ്ഞ ദിവസം മുൻ സർക്കാരിലെ നാലു മന്ത്രിമാർക്കു പൊലീസ് സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് എഡിജിപി ടോമിൻ തച്ചങ്കരി ഉത്തരവിട്ടിരുന്നു. കെ.സി.ജോസഫ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, പി.കെ.ജയലക്ഷ്മി എന്നിവരുൾപ്പെടെ നാലുപേർക്കു രണ്ടു പൊലീസുകാരെ വീതം അനുവദിക്കാൻ ഇന്റലിജൻസ് മേധാവി ഉൾപ്പെട്ട സുരക്ഷാ അവലോകന സമിതി നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ അതു നടപ്പായില്ലെന്ന് ഇതിലൊരാൾ പൊലീസ് ആസ്ഥാനത്തു വിളിച്ചു പരാതിപ്പെട്ടു.

അതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കു രണ്ടു പൊലീസുകാരെ വീതം അനുവദിച്ച് എഡിജിപി നേരിട്ട് ഉത്തരവിട്ടത്. ഇതിനു തൊട്ടു പിന്നാലെയാണ് ഇന്നലെ സെൻകുമാർ പുതിയ നിർദ്ദേശം നൽകിയത്. സെൻകുമാറും തച്ചങ്കരിയും രണ്ട് വഴിക്കാണ് പൊലീസ് ആസ്ഥാനത്ത് ഭരണം നടത്തുന്നത്. മെയ്‌ അഞ്ചിനു സെൻകുമാർ ഡി.ജി.പി.യായി ചുമതലയേറ്റതിനു പിന്നാലെ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ യോഗം അഡ്‌മിനിസ്ട്രേഷൻ എ.ഡി.ജി.പിയായ തച്ചങ്കരി വിളിച്ചിരുന്നു. തന്റെ അറിവോടെമാത്രമേ ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാവൂവെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇത് സെൻകുമാറിനെ പ്രകോപിപ്പിച്ചു.

ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിനും തച്ചങ്കരി രൂപംനൽകിയിരുന്നു. ഇതിൽ സെൻകുമാറിനെ ഉൾപ്പെടുത്തിയിരുന്നുമില്ല. സി.പി.എം. നേതൃത്വവുമായി അടുപ്പമുള്ള തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ചത് സെൻകുമാറിനെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണെന്നും വിലയിരുത്തലുണ്ടായിരുന്നു. ഇക്കാരണംകൊണ്ടുതന്നെ വളരെ സൂക്ഷ്മതയോടെയാണ് സെൻകുമാറിന്റെ നീക്കങ്ങൾ. പൊലീസ് മേധാവിക്കുവേണ്ടി എന്ന് രേഖപ്പെടുത്തി എ.ഡി.ജി.പി. മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥർ ഉത്തരവിറക്കാൻ പാടില്ലെന്ന് സെൻകുമാർ കഴിഞ്ഞദിവസം ഉത്തരവിറക്കിയതും അതുകൊണ്ട് തന്നെയാണ്.

ജൂൺ 30-ന് വിരമിക്കുംവരെ പൊലീസ് ആസ്ഥാനത്ത് മറ്റൊരു അധികാരകേന്ദ്രം വേണ്ട എന്നനിലയിലുള്ള നടപടികളുമായാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP