Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മംഗളത്തെ ചെറുക്കാൻ മലയാളം ചാനലുകൾ പിണറായിയുടെ പിന്തുണയോടെ രംഗത്തിറങ്ങിയപ്പോൾ പ്രതിസന്ധിയിലായി; റിപ്പബ്ലിക്കിനെ ചെറുക്കാൻ ദേശീയ ചാനലുകൾ രംഗത്തിറങ്ങിയെങ്കിലും മോദിയുടെ പിന്തുണ ഉറപ്പിച്ചത് ഗുണകരമായി; മംഗളവും റിപ്പബ്ലിക്കും ഒരേ വഴി സ്വീകരിച്ചെങ്കിലും ഫലം വിപരീതമായത് ഇങ്ങനെ

മംഗളത്തെ ചെറുക്കാൻ മലയാളം ചാനലുകൾ പിണറായിയുടെ പിന്തുണയോടെ രംഗത്തിറങ്ങിയപ്പോൾ പ്രതിസന്ധിയിലായി; റിപ്പബ്ലിക്കിനെ ചെറുക്കാൻ ദേശീയ ചാനലുകൾ രംഗത്തിറങ്ങിയെങ്കിലും മോദിയുടെ പിന്തുണ ഉറപ്പിച്ചത് ഗുണകരമായി; മംഗളവും റിപ്പബ്ലിക്കും ഒരേ വഴി സ്വീകരിച്ചെങ്കിലും ഫലം വിപരീതമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എകെ ശശീന്ദ്രനെ ഹണിട്രാപ്പിൽപ്പെടുത്തി മംഗളം ടിവി റേറ്റിംഗിൽ ഏറെ മുന്നിലെത്തി. ആദ്യ ദിവസത്തെ പ്രേക്ഷകരുടെ എണ്ണത്തിലെ വർദ്ധന മലയാളത്തിലെ ന്യൂസ് ചാനലുകളെ ഭയപ്പെടുത്തി. അവരെല്ലാം ഒറ്റക്കെട്ടായി. ഇനിയും മന്ത്രിമാരെ മംഗളം രാജിവയ്‌പ്പിച്ചാൽ അത് തിരിച്ചടിയാകുമെന്ന് പത്രമുത്തശ്ശിമാരുടേതടക്കമുള്ള ന്യൂസ് ചാനലുകൾ വിലയിരുത്തി. അങ്ങനെ ശശീന്ദ്രന്റെ ഹണിട്രാപ്പ് മംഗളത്തിന് ഊരാക്കുടക്കായി. സിഇഒ അടക്കമുള്ളവർ അഴിക്കുള്ളിലായി. കേരളത്തിലെ പത്ര സമൂഹം മംഗളത്തെ കൈവിട്ടു. ചാനലിലേക്ക് വനിതാ മാധ്യമ പ്രവർത്തകർ മാർച്ച് നടത്തി. അങ്ങനെ എല്ലാ അർത്ഥത്തിലും മംഗളത്തെ വിരട്ടി ഒതുക്കി. ശശീന്ദ്രന്റേത് ഹണിട്രാപ്പ് അല്ലെന്നും വീട്ടമ്മയുടെ പരാതിയാണെന്നും പറഞ്ഞതായിരുന്നു മംഗളത്തിന് വിനയായത്. ഈ പോയിന്റിൽ പിടിച്ചാണ് മംഗളത്തെ മറ്റ് ചാനലുകൾ ഒതുക്കിയത്.

അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കും മംഗളം സ്റ്റൈൽ വെളിപ്പെടുത്തലുമായാണ് മിഴി തുറന്നത്. ലാലു പ്രസാദ് യാദവും ജയിലിൽ കഴിയുന്ന അധോലോക നായകനും തമ്മിലെ ഫോൺ സംഭാഷണമായിരുന്നു ആദ്യ എക്‌സ്‌ക്ലൂസീവ്. യഥാർത്ഥത്തിൽ രണ്ട് വ്യക്തികൾ തമ്മിലെ ഫോൺ ചോർത്താൻ ആർക്കും അവകാശമില്ല. ഈ സാഹചര്യത്തിൽ ഇത്തരമൊരു സംഭാഷണം എങ്ങനെ റിപ്പബ്ലിക്കിന് കിട്ടിയെന്നത് പോലും വിവാദത്തിലാകേണ്ടതായിരുന്നു. ഇതെല്ലാം ചർച്ചയാക്കാൻ മറ്റ് ഇംഗ്ലീഷ് ന്യൂസ് ചാനലുകൾ ശ്രമിച്ചു. പക്ഷേ നടന്നില്ല. ഇതിന് പിന്നാലെ സുനന്ദ പുഷ്‌കറിലെ ശശി തരൂർ വിവാദമെത്തി. ഇതോടെ എതിർപ്പുകൾ ശക്തമായി. അർണാബിനെതിരെ പൊലീസ് പരാതിയായി. ക്രിമിനൽ കേസുമായി. മംഗളത്തിന് സമാനമായ അവസ്ഥയിലേക്ക് അർണബിനെ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഒരു ചുക്കും സംഭവിച്ചില്ല. ബാർക്കിൽ ഒന്നാം സ്ഥാനവുമായി അർണാബ് താരമായി.

മംഗളത്തിലെ ഹണിട്രാപ്പിൽ അജിത് കുമാറിനെ ജയിലാക്കിയതിന് കാരണം പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ പിന്തുണയായിരുന്നു. തന്റെ സർക്കാരിലെ മന്ത്രിയെ രാജിവയ്‌പ്പിച്ച മംഗളത്തിനെതിരായ നീക്കത്തിൽ പിണറായിയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കേസെടുക്കൽ നടപടിയിലേക്ക് അതിവേഗം മാറി. ജ്യൂഡീഷ്യൽ കമ്മീഷൻ പോലും എത്തി. കോടതിയിൽ സർക്കാർ അഭിഭാഷകരെല്ലാം കടുത്ത നിലപാട് എടുത്തു. അങ്ങനെ മലയാള ന്യൂസ ചാനലിന്റെ ഒതുക്കൽ പദ്ധതിക്ക് സർക്കാരിന്റെ പിന്തുണയുണ്ടായിരുന്നു. ഒരു ഘട്ടത്തിലും കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങൾ മംഗളത്തെ പിന്തുണച്ചില്ല. സർക്കാർ എതിരായതും വിനയായി. എന്നാൽ അർണാബിനെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് ഒന്നും സംഭവിച്ചില്ല.

ടൈംസ് നൗവിലൂടെയാണ് അർണാബ് പേരെടുത്തത്. ബിജെപി അനുകൂല ചർച്ചകളായിരുന്നു അർണാബ് ടൈംസ് നൗവിൽ നടത്തിയത്. മോദി അനുകൂല തംരഗം ഉണ്ടാക്കാൻ ഇത് കാരണവുമായി. മറ്റ് ദേശീയ ചാനലുകൾ ബിജെപി വിരുദ്ധ സമീപനത്തിൽ നിന്ന് ചുവട് മാറിയതും അർണാബിന്റെ ഇടപെടലിന്റെ ഫലമാണെന്ന വിലയിരുത്തലുമുണ്ടായി. മോദിയുടെ അഭിമുഖം ഉൾപ്പെടെ ആദ്യം നൽകി അർണാബ് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വിവാദ ചോദ്യങ്ങളൊന്നും ചോദിക്കാതെ മോദി അഭിമുഖം നടത്തിയ അർണബിനെ സോഷ്യൽ മീഡിയ കളിയാക്കുകയും ചെയ്തു. ഇതിനിടെയാണ് ടൈംസ് നൗവുമായി അർണാബ് തെറ്റുന്നത്. ഈ ഘട്ടത്തിൽ രക്ഷകനായെത്തിയത് ഏഷ്യാനെറ്റ് ചെയർമാനും കർണ്ണാടകയിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ അംഗവുമായ രാജീവ് ചന്ദ്രശേഖറായിരുന്നു.

അർണാബിനെ രാജീവ് ചന്ദ്രശേഖർ സഹായിക്കാനിറങ്ങിയത് മോദിയുടേയും ബിജെപി അധ്യക്ഷൻ അമിത് ഷായുടേയും മനസ്സറിഞ്ഞായിരുന്നു. മോദിയുടെ രാഷ്ട്രീയത്തെ കരുത്താക്കുകയായിരുന്നു ലക്ഷ്യം. ആദ്യ വാർത്തയിലൂടെ തന്നെ ഈ ലക്ഷ്യം അർണാബ് ഏതാണ്ട് നേടി. ബീഹാറിൽ ലാലു പ്രസാദ് യാദവ്-നിതീഷ് കുമാർ സഖ്യത്തെ ഉലയ്ക്കാൻ അർണാബിനായി. ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരിനെ പ്രതിരോധത്തിലാക്കി റിപ്പോർട്ടുകൾ കൊടുത്തു. ഐസിസ് തീവ്രവാദത്തെ തുറന്നു കാട്ടി ഹിന്ദു ദേശീയ വാദികളേയും തൃപ്തിപ്പെടുത്തി. ഇതിനിടെയാണ് അർണാബിന്റെ പോക്കിൽ മറ്റ് ഇംഗ്ലീഷ് ചാനലുകൾ ഭയപ്പാടിലാക്കിയത്. ബാർക്കിൽ സംഭവിക്കാൻ പോകുന്നത് എന്തെന്നും വ്യക്തമായി. ഇതോടെയാണ് ബാർക്ക് റിപ്പോർട്ട് പുറത്തുവിടരുതെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ മോദിയോട് താൽപ്പര്യം ഉള്ള അർണാബിനൊപ്പമായിരുന്നു ബാർക്കിന്റെ മനസ്സ്.

അതുകൊണ്ട് തന്നെ എല്ലാവരും ഒന്നിച്ചെതിർത്തിട്ടും ബാർക്ക് റിപ്പബ്ലിക്കിനെ ഒന്നാമതാക്കി പട്ടിക പുറത്തുവിട്ടു. അങ്ങനെ ഇന്ത്യൻ മാധ്യമ ചരിത്രത്തിൽ തന്നെ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് റിപ്പബ്ലിക്ക് ടിവി. പ്രവർത്തനം തുടങ്ങി ഒരാഴ്ചയ്ക്ക് അകം ചാനൽ റേറ്റിംഗിൽ ഒന്നാമതെത്തിയിരിക്കുകാണ് റിപ്പബ്ലിക്ക് ടിവി. ആദ്യ നാല് സ്ഥാനങ്ങളിൽ നിൽക്കുന്ന ചാനലുകൾക്ക് എല്ലാം കൂടി റിപ്പബ്ലിക്കിന്റെ റേറ്റിംഗിന് അത്ര മാത്രമേ ഉള്ളൂ. മെയ് രണ്ടാമത്തെ ആഴ്ച പുറത്തുവന്ന ബാർക് റേറ്റിംഗിൽ 51.8 ശതമാനമാണ് റിപ്പബ്ലിക്ക് ടിവിയുടെ വ്യൂവർഷിപ്പ്. രണ്ടാം സ്ഥാനത്തുള്ള ടൈംസ് നൗന് 24.5 ശതമാനം മാത്രമാണ് ഉള്ളതെന്ന് റിപ്പബ്ലിക്ക് ടിവി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. അഭിപ്രായ സ്വാതന്ത്രത്തിന് വില കൊടുക്കാത്ത അർണാബിന്റെ നിലപാടുകൾ വ്യാപകമായി വിമർശിക്കപ്പെടാറുണ്ടെങ്കിലും ആളുകൾ ചാനൽ കാണുന്നു എന്നതിന്റെ തെളിവാണ് ബാർക്ക് റേറ്റിങ്.

അർണാബ് ഗോസാമിക്ക് എതിരെ നാഷണൽ ബോർകാസ്റ്റിങ് അഥോറിറ്റിയിൽ പരാതികൾ ഉണ്ട്. ഇതിൻ മേൽ നടപടി സ്വീകരിക്കുന്നത് വരെ റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിങ് പുറത്തുവിടരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നതാണ്. അതിനാൽ ഇപ്പോൾ പുറത്തുവന്ന കണക്കുകൾ വ്യാജമാണെന്ന പരാതി ഉണ്ട്. പണം അടച്ച ഉപഭോക്താവിന് വിവരങ്ങൾ കൈമാറുക എന്നതാണ് തങ്ങളുടെ നിലപാട് എന്ന് ടെലിവിഷൻ റേറ്റിങ് കണക്കാക്കുന്ന ബാർക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം കാരണം അർണാബിനൊപ്പം മോദിയും ബിജെപിയും ഉണ്ടെന്ന ബാർക്കിന്റെ തിരിച്ചറിവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP