Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിച്ച പിള്ള വിജയം ആഘോഷിക്കാൻ സിംഗപ്പൂരിന് പോയി; മകൾക്കും കുടുംബത്തിനും ഒപ്പം ആഡംബര ക്രൂയിസിങ് കഴിഞ്ഞ് വന്നാൽ ഉടൻ ചുമതല ഏൽക്കും; ജയിലിൽ ആയ പിള്ളയ്ക്ക് മന്ത്രി പദവി കിട്ടിയതോടെ കുറ്റാരോപിതൻ മാത്രമായ കെഎം മാണിക്കും പ്രതീക്ഷ

കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിച്ച പിള്ള വിജയം ആഘോഷിക്കാൻ സിംഗപ്പൂരിന് പോയി; മകൾക്കും കുടുംബത്തിനും ഒപ്പം ആഡംബര ക്രൂയിസിങ് കഴിഞ്ഞ് വന്നാൽ ഉടൻ ചുമതല ഏൽക്കും; ജയിലിൽ ആയ പിള്ളയ്ക്ക് മന്ത്രി പദവി കിട്ടിയതോടെ കുറ്റാരോപിതൻ മാത്രമായ കെഎം മാണിക്കും പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുമുന്നണി പ്രവേശനത്തിനായി ഏറെക്കാലമായി കാത്തിരിപ്പ് തുടരുന്ന ആർ ബാലകൃഷ്ണപിള്ളയ്ക്ക് ഒടുവിൽ ക്യാബിനറ്റ് പദവി ലഭിക്കുന്നതോടെ സമാന അവസ്ഥയിൽ സഹകരണം മാത്രമായി പുറത്തുനിൽക്കുന്ന മറ്റു ചില കക്ഷികൾക്കും പ്രതീക്ഷയേറുന്നു. വിഎസിന്റെ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ബാലകൃഷ്ണ പിള്ളയെന്നതിനാൽ തന്നെ അദ്ദേഹത്തെ എൽഡിഎഫിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾ നേരത്തെ ഇക്കാരണത്തിൽ തട്ടി മുടങ്ങിയിരുന്നു.

എന്നാലും മുന്നണിയിലെടുക്കാതെ സഹകരണം തേടുകയായിരുന്നു സി.പി.എം ചെയ്തത്. എന്നാൽ ഇതിന് മാറ്റം വന്ന് അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്കുപോലും പുതിയ സർക്കാർ ക്യാബിനറ്റ് പദവി നൽകി കൂടെ നിർത്തുന്നതോടെ ബാർ കോഴ കേസിൽ കുറ്റാരോപിതൻ മാത്രമായി നിൽക്കുന്ന മാണിക്കുൾപ്പെടെ എൽഡിഎഫ് പ്രവേശനത്തിന് സാധ്യത തെളിയുകയാണെന്നാണ് സൂചനകൾ.

ഏതായാലും പിള്ള ഇപ്പോൾ വിദേശസഞ്ചാരത്തിലാണ്. ഇന്നലെ പിള്ള സിൽക്ക് എയറിൽ സിംഗപ്പൂരിലേക്ക് യാത്രയായി. മകൾക്കും കുടുംബത്തിനുമൊപ്പം വിനോദയാത്രയ്ക്കു പോയ പിള്ള മടങ്ങിവന്ന ശേഷമാകും പുതിയ പദവി ഏറ്റെടുക്കുക. മകൾ ബിന്ദു, മരുമകൻ ബാലകൃഷ്ണൻ എന്നിവർക്കൊപ്പമാണ് പിള്ളയുടെ യാത്ര. ഒരാഴ്ചത്തെ ക്രൂയിസ് യാത്രയ്ക്കായാണ് സിംഗപ്പൂരിൽ എത്തിയിട്ടുള്ളത്. തിരിച്ചെത്തിയ ശേഷം പിള്ള സ്ഥാനമേൽക്കും.

പല കക്ഷികളേയും നിലവിൽ എൽഡിഎഫിനു പുറത്തുനിർത്തി സഹകരിപ്പിക്കുന്നുണ്ട്. ഇവരെ ഏറെക്കാലമായി അവഗണിക്കുന്നുവെന്ന പരാതി പരിഹരിക്കാനുള്ള ആദ്യ നീക്കമായാണ് പിള്ളയ്ക്ക ഇപ്പോൾ നൽകിയ ക്യാബിനറ്റ് പദവി വിലയിരുത്തപ്പെടുന്നത്. ഇക്കാര്യം സി.പി.എം സിപിഐ കേന്ദ്രങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ രണ്ട് മുഖ്യകക്ഷികളും പച്ചക്കൊടി കാട്ടിയതോടെയാണ് പിള്ളയുടെ മുന്നണിപ്രവേശനത്തിന് സാധ്യത തെളിയുന്നത്. എന്നാൽ, പൊടുന്നനെയുണ്ടായ തീരുമാനം മറ്റ് ഇടതുകക്ഷികളെ അമ്പരിപ്പിച്ചതായാണ് റിപ്പോർട്ടുകൾഡ. ഇക്കാര്യത്തിൽ വിമർശനവും ഉയർന്നു. ഇക്കാര്യത്തിൽ ഇതുവരെ മൗനംപാലിച്ച വി എസ് എന്തു നിലപാടെടുക്കുമെന്നതും കൗതുകകരമാണ്.

മന്ത്രിതുല്യ പദവിയോടെയാണ് പിള്ളയെ സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോർപ്പറേഷൻ ചെയർമാനായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇടമലയാർ കേസിൽ പിള്ളയ്‌ക്കെതിരെ സുപ്രീംകോടതിവരെ നിയമപോരാട്ടം നടത്തി ശിക്ഷ വാങ്ങിച്ചു നൽകിയ വിഎസിന്റെ നിലപാടുകൾക്ക് എതിരാണ് ഈ തീരുമാനമെന്നതിനാൽ വിഷയം പാർട്ടിയിലും സജീവ ചർച്ചയാവുമെന്ന് ഉറപ്പാണ്. അതേസമയം, ഗണേശ്‌കുമാറിന് മന്ത്രിപദവി നൽകി വേണമെങ്കിൽ പിള്ളയെ തൃപ്തിപ്പെടുത്താമായിരുന്നു. ഇതിന് മുതിരാതെ പിള്ളയ്ക്ക് തന്നെ ക്യാബിനറ്റ് പദവി നൽകിയതാണ് ചർച്ചയാവുന്നത്.

തങ്ങളുമായി ആലോചിച്ചാണ് ഈ തീരുമാനമെന്ന സിപിഐയുടെ പ്രതികരണം സിപിഎമ്മിനെ ആശ്വസിപ്പിച്ചിട്ടുണ്ട്. അവർ ഉടക്കുമോ എന്നായിരുന്നു ആശങ്ക. മുന്നണി നേതൃയോഗത്തിൽ ആലോചിച്ചില്ലെങ്കിലും സി.പി.എം-സിപിഐ നേതൃത്വം ഇക്കാര്യം സംസാരിച്ചിരുന്നു. കെ.എം.മാണിയോടുള്ള എതിർപ്പ് സിപിഐക്കു പിള്ളയോടില്ല താനും. എന്നാൽ കോട്ടയത്ത് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.എം മാണിക്ക് പിന്തുണ നൽകിയത് മുന്നണിയിലേക്കുള്ള വരവിന്റെ ആദ്യ ചുവടുവയ്പായി വിലയിരുത്തപ്പെടുന്നുണ്ട്.

മുന്നണിക്കു പുറത്ത് ഒമ്പതോളം കക്ഷികൾ എൽഡിഎഫുമായി സഹകരിക്കുന്നുണ്ട്. പക്ഷേ, ഭരണത്തിൽ തഴയപ്പെടുന്നു എന്ന പരാതി ഏവർക്കുമുണ്ട്. കാബിനറ്റ് പദവിയില്ലാതെ മുന്നാക്ക വികസന കോർപറേഷൻ അധ്യക്ഷപദം വേണ്ടെന്നു പിള്ള തീർത്തു പറഞ്ഞു. ഒടുവിൽ, സി.പി.എം അതിനു വഴങ്ങി. പക്ഷേ, അന്നു പിള്ളയ്ക്കു കാബിനറ്റ് പദവി നൽകിയതു വിവാദമാക്കിയവർ തന്നെ അതു തിരിച്ചു ചെയ്തതിലെ വൈരുധ്യമാണു പ്രതിപക്ഷം ആയുധമാക്കുന്നത്.

ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് പദവി നൽകിയെങ്കിൽ കുറ്റാരോപിതൻ മാത്രമായ മാണിയെ കൂടെ കൂട്ടുന്നതിൽ എന്താണ് പ്രശ്‌നമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് സൂചനകൾ. എന്നാൽ പിള്ളയുടെ പാർട്ടിയേക്കാൾ പ്രബലരായ മാണിയെ മുന്നണിയിലെടുത്താൽ തങ്ങളുടെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്കയുണ്ട് സിപിഐക്കെന്നതാണ് മറ്റൊരു കാര്യം. അതിനാലാണ് അവർ മാണിയെ കൂടെ കൂട്ടുന്നതിനെ എതിർക്കുന്നതെന്നാണ് സൂചനകൾ.

യുഡിഎഫിലായിരിക്കെ നിരന്തരം എതിർത്തിരുന്ന, അഴിമതിക്കേസിൽ ജയിലിൽ പോകേണ്ടിവന്ന പിള്ളയ്ക്ക് ഇടതുസർക്കാർ കാബിനറ്റ് പദവി നൽകി എന്നത് രാഷ്ട്രീയരംഗത്താകെ ചർച്ചയായിട്ടുണ്ട്. ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായ വിഎസിനാണ് ആദ്യം കാബിനറ്റ് പദം നൽകിയത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന ശത്രുക്കളിലൊരാൾക്കും അദ്ദേഹത്തിന്റെ തന്നെ പാർട്ടി ഇപ്പോൾ അതു നൽകിയിരിക്കുന്നു എന്നതാണ് ചർച്ചയാവുന്നത്.

മന്ത്രിസഭയ്ക്കു പുറത്തു കാബിനറ്റ് പദവിയുള്ളവരുടെ യോഗം വിളിച്ചാൽ ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന സ്ഥിതിയുമുണ്ടാവും. ശക്തമായ അമർഷം ഉണ്ടെങ്കിലും മന്ത്രിസഭാ വാർഷികവേളയിൽ വിവാദം വേണ്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണെന്നറിയുന്നു, വി എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മാണി സിപിഎമ്മിനോട് അടുക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണു പിള്ളയ്ക്കു മാന്യമായ പദവി സി.പി.എം നൽകിയിരിക്കുന്നത്. മാണിയോടും അയിത്തമുണ്ടാകില്ലെന്ന സൂചന ഇതിലുണ്ട്. മാണി വരുന്നതു പിള്ള എതിർക്കാതിരിക്കാനാണ് ഇത് എന്നു കരുതുന്നവരുമുണ്ട്.

യുഡിഎഫ് വിട്ടുവന്ന പാർട്ടി എന്ന നിലയിൽ ഇടതുമുന്നണി അംഗത്വമാണ് ആദ്യം മുതൽ പിള്ളയുടെ ആവശ്യം. ഘടകകക്ഷി ആകാതിരുന്നതിനാലാണു കെ.ബി.ഗണേശ്‌കുമാറിനു മന്ത്രിപദം നിഷേധിക്കപ്പെട്ടത് എന്നു ചൂണ്ടിക്കാട്ടി വലിയ സമ്മർദവും അദ്ദേഹം നടത്തി. കഴിഞ്ഞദിവസം ഉൾപ്പെടെ ഇത്തരമൊരു പ്രതികരണവും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP