Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറന്മുളയിലും സിപിഐ-സിപിഐഎം പോര്; 'ആറന്മുള അരിക്കട' എവിടെ തുടങ്ങണമെന്നത് തർക്കം; മാറ്റി വച്ച ഉദ്ഘാടനം ഇന്ന് നടന്നേക്കും

ആറന്മുളയിലും സിപിഐ-സിപിഐഎം പോര്; 'ആറന്മുള അരിക്കട' എവിടെ തുടങ്ങണമെന്നത് തർക്കം; മാറ്റി വച്ച ഉദ്ഘാടനം ഇന്ന് നടന്നേക്കും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒരു സിപിഐ-സിപിഐഎം തർക്കം കൂടി. ഇക്കുറി ആറന്മുളയെ ചൊല്ലിയാണ് തർക്കം. വിമാനത്താവള പദ്ധതി ഭൂമിയോട് ചേർന്ന് തരിശു കിടന്ന പാടത്തിൽ നെൽകൃഷി ഇറക്കുകയും ഇവിടെ നിന്നുള്ള വിളവ് അരിയാക്കി മാറ്റുകയും ചെയ്തതിന് ശേഷമാണ് ഭരണപക്ഷത്തെ വല്യേട്ടനും കൊച്ചേട്ടനും തമ്മിൽ വിവാദവും തർക്കവും ഉടലെടുത്തത്. ആറന്മുള ബ്രാൻഡ് എന്ന പേരിൽ ഈ അരി വിപണിയിൽ ഇറക്കുകയാണ്. ഇതിന്റെ ഭാഗമായി തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്ന അരിക്കട എവിടെ സ്ഥാപിക്കണമെന്നതാണ് തർക്കത്തിന് കാരണം. ഇതിന്റെ പേരിൽ അരിക്കടയുടെ ഉദ്ഘാടനം മാറ്റി വച്ചിരിക്കുകയാണ്.

ഇന്ന് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അസ്വാരസ്യം തുടരുകയാണ്. ഇടതുമുന്നണിയിൽ സിപിഐഎം ഒരു ഭാഗത്തും കൃഷിവകുപ്പ് ഭരിക്കുന്ന സിപിഐ മറുഭാഗത്തും നിലയുറപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പ്രശ്നം രൂക്ഷമായതോടെയാണ് കഴിഞ്ഞ 12 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാറ്റി വച്ചത്. 12 ന് ആറന്മുള തറയിൽ മുക്കിനു സമീപം അരിക്കട കൃഷിമന്ത്രി വി എസ് സുനിൽകുമാർ തുറക്കുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. പിന്നീട് ഉദ്ഘാടനം മാറ്റി വച്ചെന്നും എന്നാൽ 12 ന് തന്നെ തറയിൽമുക്കിന് സമീപം അരിക്കട ആരംഭിക്കുമെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കട തുറന്നില്ല. ഇതിനിടെ രാഷ്ട്രീയ വാദത്തിന് പുറമെ പ്രാദേശിക വാദവും ഉടലെടുത്തു.

കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ അരിവിതരണത്തിന് സൗജന്യമായി കണ്ടെത്തിയ സ്ഥലം മല്ലപ്പുഴശേരി പഞ്ചായത്തിൽ ആറന്മുള ഉൾപ്പെടുന്ന തറയിൽ മുക്കിലായിരുന്നു. ഇതിന് സിപിഐ ഘടകത്തിന്റെ പിന്തുണയും ലഭിച്ചു. ഇതനുസരിച്ച് നടപടികൾ മുന്നോട്ടു പോകുമ്പോഴാണ് സിപിഐഎമ്മും വീണാ ജോർജ് എംഎൽഎയും അറിയുന്നത്. അരിക്കട ആറന്മുള പഞ്ചായത്തിൽ തന്നെ വേണമെന്ന് ഇവരും ആവശ്യപ്പെട്ടു. ഇതോടെ തർക്കം ഉടലെടുക്കുകയും ഉദ്ഘാടനം മാറ്റിവയ്ക്കുകയുമായിരുന്നു. തറയിൽ മുക്കിൽ കണ്ടെത്തിയ കെട്ടിടത്തിൽ നിന്നും 200 മീറ്റർ അകലെ ഐക്കര ജങ്ഷനിൽ ഇവരും സൗജന്യമായി സ്ഥലം കണ്ടെത്തി. ഇടതുനേതാക്കൾ സർക്കാരിൽ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് കട തുറപ്പിക്കുന്നതിനുള്ള ശ്രമവുംതുടങ്ങി. അവസാനം എംഎൽഎയുടെ നിർദ്ദേശപ്രകാരം ഐക്കര ജങ്ഷനിലാണ് ഇന്ന് കട തുറക്കുക.

പ്രശ്നപരിഹാരമായി തറയിൽ മുക്കിലും കട ആരംഭിക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസം ആലോചനായോഗം നടന്നെങ്കിലും പൂർണമായില്ല. കൃഷിവകുപ്പ് നിയോഗിച്ച സ്പെഷ്യൽ ഓഫീസറും സിപിഐഎം പ്രാദേശിക നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്നും സൂചനയുണ്ട്. ആറന്മുളയിൽ കൃഷി പ്രഖ്യാപിച്ചതു മുതൽ തുടങ്ങിയ തർക്കം ലഘൂകരിക്കാൻ പല തവണ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടയിലാണ് അരിക്കട വിവാദവും ഉണ്ടായിരിക്കുന്നത്. കൃഷി ചെലവിനായി വൻ തുക സർക്കാർ അനുവദിക്കുന്നുണ്ടെങ്കിലും പലതും വക മാറ്റുന്നതായാണ് സിപിഐഎം ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP