Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദേശ ജോലി തേടിപ്പോകുന്നവരെ കബളിപ്പിക്കാൻ വലതീർത്ത് തക്കംപാർത്തിരിപ്പുണ്ട് നിരവധിപേർ; ഒട്ടേറെ തൊഴിലവസരങ്ങൾ ഉള്ള യൂറോപ്പിലേക്ക് എത്തിപ്പെടാൻ കുറുക്കുവഴികളില്ല; നേരിട്ട് ഓൺലൈനായി വരെ അപേക്ഷിച്ച് ജോലിതേടാൻ നിരവധി മാർഗങ്ങളുണ്ട്; പ്രവാസി ജീവിതം കൊതിക്കുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിദേശ ജോലി തേടിപ്പോകുന്നവരെ കബളിപ്പിക്കാൻ വലതീർത്ത് തക്കംപാർത്തിരിപ്പുണ്ട് നിരവധിപേർ; ഒട്ടേറെ തൊഴിലവസരങ്ങൾ ഉള്ള യൂറോപ്പിലേക്ക് എത്തിപ്പെടാൻ കുറുക്കുവഴികളില്ല; നേരിട്ട് ഓൺലൈനായി വരെ അപേക്ഷിച്ച് ജോലിതേടാൻ നിരവധി മാർഗങ്ങളുണ്ട്; പ്രവാസി ജീവിതം കൊതിക്കുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡേവിസ് തെക്കുംതല

റ്റുനോറ്റിരുന്ന് വിദേശത്ത് ഒരു ജോലി കിട്ടുന്നു. അല്ലെങ്കിൽ വിദേശത്ത് ഒരു പഠനാവസരം വന്നുചേരുന്നു. പക്ഷേ, അതിന് വേണ്ടി ശ്രമിക്കുമ്പോൾ ചെന്നുപെടുന്നത് വലിയ അബദ്ധങ്ങളിൽ ആണെങ്കിലോ. ഭാവിതന്നെ ഇല്ലാതായിപ്പോകുന്ന ആപത്തുകൾ നേരിട്ടേക്കാം ഒരു ചെറിയ അശ്രദ്ധകൊണ്ട്.

മക്കൾക്ക് വിദേശത്ത് ജോലികിട്ടുകയെന്നത് സ്വപ്‌നംകാണുന്ന ആയിരക്കണക്കിന് മാതാപിതാക്കളുണ്ട് കേരളത്തിൽ. സുരക്ഷിതമായി വിദേശജോലി നേടുകയെന്നതും ഇക്കാര്യത്തിൽ കബളിപ്പിക്കപ്പെടാതെ ഇരിക്കണമെന്നതും ജോലിതേടുകയോ പഠിക്കാൻപോകുകയോ ചെയ്യുന്ന എല്ലാവരുടേയും ആഗ്രഹവുമാണ്.

പക്ഷേ, നിരവധി കാര്യങ്ങളിൽ സൂക്ഷ്മതയോടെ ഇടപെട്ടില്ലെങ്കിൽ വിസാ തട്ടിപ്പുൾപ്പെടെ നേരിടേണ്ടിവരും. പലപ്പോഴും വിദേശജോലി നഷ്ടപ്പെടാനും നിയമക്കുരുക്കുകളിൽ വരെ അകപ്പെടാനും കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ വിദേശത്ത് ജോലിതേടുമ്പോഴും പഠിക്കാൻ പോകുമ്പോഴും ജാഗ്രത പാലിക്കേണ്ടത് എന്തിലൊക്കെയെന്ന് നോക്കാം. യൂറോപ്യൻ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമൊക്കെയായി പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

പഠനം, ജോലി എന്നിവയ്ക്കായി ജർമ്മനി, പോളണ്ട്, ലെത്വിയ എന്നിവിടങ്ങൾ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് നിരവധി പേർ കേരളത്തിൽ നിന്ന പോകാറുണ്ട്. യൂറോപ്പിൽ ഇന്ന് നല്ല നിലവാരവും സാമ്പത്തികവുമുള്ള തൊഴിലവസരങ്ങൾ ധാരാളമുണ്ട്. ഇതിൽ ഏറ്റവുമധികം ജോലിക്കാരെ ആവശ്യമുള്ള, ആകർഷിക്കുന്ന രാജ്യമാണ് ജർമ്മനി. വളരെ പ്രധാന സാമ്പത്തിക ശക്തിയായ രാജ്യം. ഇവിടെ ജന്മനിരക്ക് വളരെ കുറവും വ്യവസായം വളരെ വിപുലവുമാണ്. അതിനാൽതന്നെ നിരവധി തൊഴിലവസരങ്ങളും മറ്റു രാജ്യക്കാർക്കായി ഇവിടെ ഉണ്ട്. എല്ലാത്തരം തൊഴിലുകളിലും നിരവധി അവസരങ്ങളാണ് വിദേശികൾക്കായി അവിടെ കാത്തിരിക്കുന്നത്. ഇന്ത്യക്കാർക്ക് ഇവിടെ കൂടുതൽ സ്വീകാര്യതയും ഉണ്ട്.

ഇടനിലക്കാർ ഇല്ലാതെ തന്നെ ഓൺലൈൻ വഴി അപേക്ഷിച്ച് തൊഴിൽ നേടാൻ വിദേശികൾക്ക് അവസരമുണ്ട്. എന്നാലും ഇതറിയാതെയാണ് പല ഏജൻസികളും ജോലി നൽകാൻ പണം വാങ്ങി തട്ടിപ്പ് നടത്തുന്നത്. വിദേശത്ത് ബന്ധങ്ങൾ ഉള്ളവർ പോലും ഇത്തരക്കാരുടെ കൈകളിൽ ചെന്നു പെടുന്നു.

ഓൺലൈൻവഴി ജോലി നേടാൻ ജർമ്മൻ ഗവൺമെന്റും സ്വകാര്യ വ്യവസായികളും കമ്പനികളും പരസ്യം നൽകാറുണ്ട്. ഇംഗ്‌ളീഷിലും മറ്റു ഭാഷകളിലും ഇത് ലഭിക്കും. ജർമ്മൻ ഭാഷയിൽ പ്രാവീണ്യമുണ്ടെങ്കിൽ അല്ലെങ്കിൽ ജർമ്മൻ ഭാഷാ സ്ഥാപനത്തിന്റെ എ/2 സർട്ടിഫിക്കറ്റ് നേടാൻ ആവുമെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. നഴ്‌സിങ് ജോലിക്ക് നേരിട്ട് വ്യക്തിപരമായി നാട്ടിൽ നിന്ന് ജോലി പെർമിഷന് ശ്രമിക്കാം. ഇതിന് ഭാഷ പഠിച്ചാൽ എളുപ്പമാണ്. ഓൺലൈൻവഴി ഇന്റർവ്യൂവിൽ പങ്കെടുക്കാനാകും.

ഏജന്റുവഴിയും ഗ്രൂപ്പായി കൊണ്ടുവന്ന് ജോലി കൊടുക്കുന്നതുമെല്ലാം ശിക്ഷാർഹമാണ് ജർമ്മനിയിൽ. അതിനാൽ അത്തരത്തിൽ ഒരു കെണിയിലും വീഴാതെ സൂക്ഷിക്കണം. ഇന്ത്യ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കരാറിൽ നഴ്‌സുമാർ ഇന്ത്യയിൽ വേണ്ടത്ര ഇല്ലെന്ന് വ്യക്തമാക്കിയത് ജർമ്മനി വളരെ ഗൗരവത്തോടെയാണ് കാണുന്നതും. ഈ തടസ്സം മാറിയാൽ ഇവിടെ നഴ്‌സുമാർക്ക് കൂടുതൽ ജോലി സാധ്യതയുണ്ടാവും.

മറ്റ് ഉന്നത യോഗ്യതകൾ ഉള്ളവർക്ക് 18 മാസം ജോലി നോക്കാൻ വിസാ സാധ്യതയുണ്ട്. നല്ല ജോലി പരിചയവും അത്യാവശ്യം ജർമ്മനിയിൽ കറങ്ങി ജോലി അന്വേഷിക്കാൻ കയ്യിൽ പണവും ഉണ്ടെങ്കിൽ ജർമ്മനിയിൽ ജോലി എളുപ്പം കണ്ടെത്താം. കുറഞ്ഞത് മാസം അമ്പതിനായിരം രൂപയെങ്കിലും കൈവശമുണ്ടെങ്കിൽ ഇതിന് കഴിയും. യൂറോപ്പിലെവിടെയും ഇതുതന്നെ സ്ഥിതി.

ജർമ്മൻ ഭാഷ പഠിക്കാൻ ബുദ്ധിമുട്ടുമൂലം പലരും തിരിച്ചുപോകാറുമുണ്ട്. അതിനാൽ ഭാഷാ പഠനം വളരെ വലിയ കാര്യമാണെന്ന് ഓർക്കുക. ഇതുപോലെ തന്നെ പഠനത്തിന് പോകുന്നവർക്കും. കുറഞ്ഞചെലവിൽ പഠനം നടത്താനാകും ജർമ്മനിയിൽ. പഠനത്തിന് ഉപദേശം നൽകുന്നതിന് നേരിട്ട് കോളേജുകളുമായി ബന്ധപ്പെടാം. ഇതുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളും ഉണ്ട്. ദാദ് (DAAD) വഴി എല്ലാ കോളേജുകളുടേയും പഠന സ്ഥല ലിസ്റ്റ് കിട്ടും. ജർമ്മൻ എംബസി (ഡൽഹി), കോൺസുലേറ്റ് (ബംഗളൂരു) എന്നിവയുടെ വെബ് പേജും യഥാർത്ഥ സ്ഥിതി അറിയാൻ സഹായകമാണ്.

ഈ വെബ്‌സൈറ്റുകൾ സഹായകം

ജോലി സാധ്യതകൾ കൂടുതലായി അറിയാൻ: http://www.arbeitsagentur.de, E-mail: [email protected] , Tel.0049-800-45555-01 ;www.makeit.in.Germany.com; www.jobcenter-ge.de/ www.jobworld.de ; www.ahk.de

പഠന വിവരം അറിയാൻ: www.daad.de, youtube: Germany-new-horizones; www.daaddelhi.org; Banglore. office:[email protected], German Langaugage:www.goethe.de/trivandrum German Embassy/India: www.India.diplo.de

ഏജൻസികളെ സൂക്ഷിക്കുക

ഇതിനകം തന്നെ നിരവധി തട്ടിപ്പുകൾ വിദേശജോലി നൽകാമെന്ന് പറഞ്ഞ് നടന്നിട്ടുണ്ട്. എന്നാലും പലരും ഏജൻസിക്ക് തലവച്ചുകൊടുക്കുന്ന പ്രവണത തുടരുകയാണ്. ചെറുതും വലുതുമായ നിരവധി ഏജൻസികൾ കേരളം മുതൽ കൊൽക്കത്തവരെ ഇന്ത്യയിൽ ഉണ്ട്. വൻ പണലാഭം ഉണ്ടാക്കാനുള്ള മാർഗമായി പലരും ഏജൻസികൾ നടത്തുന്നു. ഇതുവരെ ജോലി തേടി രക്ഷപ്പെട്ടവരേക്കാൾ ഇത്തരക്കാരുടെ കയ്യിൽ അകപ്പെട്ട് കബളിപ്പിക്കപ്പെട്ട നിരവധി പേരെ ഈ ലേഖകന് അറിയാം.

ഗൾഫ് പോലെ അല്ല യൂറോപ്പിലെ സ്ഥിതി. വൻ തുക കെട്ടിവച്ച് പിന്നെ കുടുക്കിലാകുന്ന സംഭവങ്ങളാണ് കൂടുതലും. താമസസ്ഥലത്തിന് പൈസ കൊടുത്തിട്ടും അത് ശരിയാക്കാതെ വഞ്ചിക്കപ്പെട്ട സംഭവങ്ങളും ഏറെ. മാസം രണ്ടായിരം യൂറോ വരെ പഠനത്തിനിടെ ജോലിചെയ്ത് ഉണ്ടാക്കാം എന്ന് പറഞ്ഞാണ് കയറ്റിവിടുന്നത്. ഒടുക്കം പഠനവും ജോലിയും ഇല്ലാത്ത സ്ഥിതിയാണ് ഉണ്ടാവുക.

കാരണം ഇത്തരമൊരു സാധ്യതയും ഇല്ല. മറ്റൊരു വാഗ്ദാനം പഠന ഫീസ് വർഷത്തിൽ ഒരിക്കൽ, വർഷാവസാനം കൊടുത്താൽ മതിയെന്നാണ്. ഇതും നടക്കാറില്ല. താമസത്തിനും പഠനത്തിനും സാധാരണ രീതിയിൽ കുറഞ്ഞത് ആയിരം യൂറോ എങ്കിലും മാസം തോറും വേണ്ടിവരുമെന്ന് പലരും തുടക്കത്തിൽ അറിയുന്നില്ല. പൈസ ഉണ്ടെങ്കിലും താമസ സ്ഥലം കിട്ടുക എളുപ്പവുമല്ല. അതിനാൽ താമസ സ്ഥലം ഉറപ്പാക്കി മാത്രം യാത്ര തിരിക്കുക. പ്രത്യേകിച്ചും അനേകായിരം അഭയാർത്ഥികൾ ഇപ്പോൾ വീടു നോക്കുന്ന സാഹചര്യവുമുണ്ട് യൂറോപ്പിൽ.

കേരളത്തിൽ നിന്നുള്ള അനേകം ചെറുപ്പക്കാരിൽ മിക്കവരും ശ്രമിക്കുന്നത് ജോലി സാധ്യത കൂടുതലുള്ള ജർമ്മനിയിൽ എത്താനാണ്. പഠന വിസ, അതിനുള്ള കുറുക്കുവഴികൾ, പോളണ്ടിൽ പഠനവിസയിൽ പേരിനു മാത്രം ഉള്ള കോളേജിൽ ചേർന്ന് അതുവഴി ജർമ്മനിയിലേക്ക് പഠനം മാറ്റാൻ ശ്രമം എന്നിവയാണ് പലരും നോക്കുന്നത്. ഇതിനെല്ലാം ഒട്ടേറെ നിയമതടസ്സങ്ങൾ ഉണ്ടെന്ന് അറിയുക.

ഇത്തരത്തിൽ ഏജൻസികൾ പലരേയും ലത്വിയ എന്ന രാജ്യത്തേക്കും കൊണ്ടുവരുന്നുണ്ട്. യഥാർത്ഥ വിസ നിയമങ്ങൾ അന്വേഷിക്കാതെ പെട്ടെന്ന് തീരുമാനിച്ച് ലക്ഷങ്ങൾ കൊടുത്ത് പലരും പറയുന്നതോ അറിവില്ലാത്ത, അല്ലെങ്കിൽ തട്ടിപ്പുകാരായ ഏജന്റുമാർ വഴി കയറിവന്ന് കുടുങ്ങുന്നവർ നിരവധിയാണ്. വെബ്‌സൈറ്റുകളിൽ റിപ്പോർട്ടുകൾ നൽകിപ്പിച്ചും നാട്ടിൽ പരസ്യം നൽകിയും വാട്‌സ്ആപ് വഴി സന്ദേശങ്ങൾ അയച്ചുമെല്ലാമാണ് ഇക്കൂട്ടർ തൊഴിലന്വേഷകരെ ആകർഷിക്കുന്നത്.

വിദേശത്ത് പോകുകപോലും ചെയ്തിട്ടില്ലാത്ത റിക്രൂട്ടിങ് മാനേജർമാർ വരെ ഉണ്ട്. ഇവരുടെ വലയിൽ ഡോക്ടർമാരും എൻജിനീയർമാരും വരെ കുടുങ്ങുന്നു എന്നതാണ് ഏറെ ഖേദകരം. കേരളത്തിലെ ഇത്തരം തട്ടിപ്പുകാരെയും സഹായികളെയും കർശന നിയമ വ്യവസ്ഥ മൂലം നിയന്ത്രിച്ചേ മതിയാകൂ. മറ്റു പല രാജ്യക്കാരും പൈസച്ചെലവില്ലാതെ ഇത്തരം സേവനങ്ങൾ അവരുടെ രാജ്യക്കാർക്കായി ചെയ്തുകൊടുക്കുന്നുണ്ട്.

കേരളത്തിൽ എന്തുകൊണ്ട് ഇത് നടപ്പാക്കുന്നില്ലെന്നത് അതിശയകരം തന്നെ. മാതാപിതാക്കൾ സാമ്പത്തിക ശേഷി ഉള്ളവരാണെങ്കിൽ ചുരുക്കം ചില യുവാക്കൾക്ക് ഇത് കുറച്ചുനാൾ യൂറോപ്പ് ജീവിതം ആസ്വദിക്കാനുള്ള അവസരം ആയി മാറുന്നുണ്ടെങ്കിലും മറ്റെല്ലാവർക്കും കുറുക്കുവഴികൾ പ്രശ്‌നമായി മാറുന്നു.

ലോകത്തിൽ ഏറ്റവും അധികം പ്രവാസികൾ ഉള്ള ഇന്ത്യയിൽ, അതിൽതന്നെ പ്രധാന വിഭാഗമായ മലയാളികൾക്ക് ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.

1. നിങ്ങൾ എന്താണ് വിദേശത്ത് പോയാൽ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ആദ്യം ഉറപ്പുവരുത്തുക. പഠനം, ജോലി വിസ നിയമങ്ങൾ എന്നിവയെപ്പറ്റിയെല്ലാം അറിവു നേടുക.

2. കോളേജ്, പഠന-ജോലി സ്ഥലങ്ങൾ നേരിട്ട് അന്വേഷിക്കുക. പറ്റുമെങ്കിൽ അതത് രാജ്യങ്ങളുടെ എംബസി അല്ലെങ്കിൽ കോൺസുലേറ്റ് വഴി അന്വേഷണം നടത്തുക.

3. കിട്ടുന്ന പഠനസ്ഥലവും ജോലി സ്ഥലവും സംബന്ധിച്ച ശരിയായ വിവരങ്ങൾ ശേഖരിക്കുക. യാത്രയ്ക്ക് മുമ്പേ അത് ഉറപ്പുവരുത്തുക. വിദേശത്തെ ഏജൻസി സഹായിയുടെ വാട്‌സ്ആപ് നമ്പർ മാത്രം അല്ല.. പൂർണ അഡ്രസ്.. തൊട്ടടുത്ത പൊലീസ് സ്‌റ്റേഷൻ എന്ന വിവരങ്ങൾ കൂടി നേടിയെടുക്കുക.

4. നിങ്ങളെ സഹായിക്കുന്ന, നിങ്ങൾ പൈസ കൊടുക്കുന്ന ഏജൻസി നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. രജിസ്റ്റർ നമ്പർ് പ്രവാസി സെൽ വഴി അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷം ഫീസ് രേഖാമൂലം മാത്രം കൊടുക്കുക.

5. പഠന, ജോലി നടത്തിപ്പിനും വിസയ്ക്കും പഠിപ്പിനും ബാങ്കിൽ നിക്ഷേപിക്കേണ്ട പൈസ ഏജന്റിന് നൽകരുത്. അല്ലാതെ നേരിട്ടുതന്നെ ബാങ്കിൽ (ഉദാ. ജർമ്മനിയിലെ ബാങ്ക്) നിക്ഷേപിച്ചാൽ പിന്നീട് അക്കൗണ്ട് മാറ്റങ്ങൾക്ക് ജർമ്മനിയിൽ അധികം ഫീസ് കൊടുക്കേണ്ടിവരില്ല.

6. പോകാൻ ഉദ്ദേശിക്കുന്ന ആ രാജ്യത്ത് പരിചയം ഉള്ള നാട്ടുകാർ ഉണ്ടെങ്കിൽ അവരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചോദിച്ചറിയുക. ഏജന്റുമാർ അവർക്ക് ഗുണം കാണാത്തതിനാൽ തടസ്സം പറയാം.

7. പോകുന്ന സ്ഥലത്ത് കേരള, മലയാളി സംഘടന ഏതെങ്കിലും ഉണ്ടെങ്കിൽ കഴിയുമെങ്കിൽ അവരുമായി ബന്ധപ്പെടുന്നതും ഗുണം ചെയ്യും.

8. ഏജൻസിക്ക് പണം കൊടുക്കുമ്പോൾ അവർ തരുന്ന സേവനങ്ങൾ എന്തെല്ലാം എന്ന് എഴുതി ഒപ്പിട്ട് വാങ്ങുക.

9. കേരളത്തിലെ എൻആർഐ, പ്രവാസി കേന്ദ്രം ആയി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കുക.

10. പോകുന്ന രാജ്യത്തെ ഇന്ത്യയുടെ നയതന്ത്ര കാര്യാലയ അഡ്രസ്, ഫോൺ നമ്പർ എന്നിവ ശേഖരിക്കുക. ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഉപകരിക്കും.

(മൂന്നു പതിറ്റാണ്ടിലധികം കാലമായി ജർമ്മനിയിൽ വിവിധ മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലേഖകൻ ഇപ്പോൾ കുടുംബസമേതം ബെർലിനിൽ താമസിക്കുന്നു. ഗ്‌ളോബൽ ഫോറം ഫോർ മൈഗ്രേഷൻ ആൻഡ് ലേബർ ചെയർ, ഗ്‌ളോബൽ ഫോറം ഓൺ മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെന്റിന്റെ ജർമനിയിൽ നടക്കുന്ന സമ്മേളനം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP