Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിൽ നിന്നും പ്രധാനമന്ത്രിയെ 'നൈസായി' ഒഴിവാക്കി സംസ്ഥാന സർക്കാർ; ഈമാസം 30ന് ഉദ്ഘാടന തീയ്യതി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി വിദേശത്ത് പോകുമെന്ന ഉറപ്പായപ്പോൾ; നീക്കം നടക്കുന്നത് എൽഡിഎഫ് സർക്കാറിന്റെ ഒന്നാം വാർഷികാഘോഷ വേളയിലെ ശ്രദ്ധേയ പദ്ധതിയാക്കി അവതരിപ്പിക്കാൻ; എതിർപ്പുയർത്തി ബിജെപി

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിൽ നിന്നും പ്രധാനമന്ത്രിയെ 'നൈസായി' ഒഴിവാക്കി സംസ്ഥാന സർക്കാർ; ഈമാസം 30ന് ഉദ്ഘാടന തീയ്യതി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി വിദേശത്ത് പോകുമെന്ന ഉറപ്പായപ്പോൾ; നീക്കം നടക്കുന്നത് എൽഡിഎഫ് സർക്കാറിന്റെ ഒന്നാം വാർഷികാഘോഷ വേളയിലെ ശ്രദ്ധേയ പദ്ധതിയാക്കി അവതരിപ്പിക്കാൻ; എതിർപ്പുയർത്തി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് കാത്തു നിൽക്കില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിനെതിരെ രാഷ്ട്രീയ വിവാദമുയർത്തി ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ഘാടനത്തിന് വിളിക്കാത്തതിന് പിന്നിൽ രാഷ്ട്രീയമാണെന്ന വിമർശനം ഉന്നയിച്ചാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്. കേന്ദ്രത്തിനും പങ്കാളിത്തമുള്ള പദ്ധതി പ്രധാനമന്ത്രിയെ വിളിക്കുമെന്ന് നേരത്തെ കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്ജും വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ഈ മാസം 30ന് പ്രധാനമന്ത്രിയെ കാത്തു നിൽക്കാതെ മെട്രോയുടെ ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയതോടെയാണ് ഇതേ ചൊല്ലി വിവാദം ഉടലെടുത്തത്.

പ്രധാനമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയിൽ അദ്ദേഹത്തോട് സമയം ചോദിച്ചില്ലെന്നതാണ് വിവാദമാകുന്നത്. ഇങ്ങനെ ഒരു തീരുമാനം എടുത്തത് അദ്ദേഹത്തെ ഒഴിവാക്കാൻ വേണ്ടിയാണെന്നും ഇത് മാന്യതയില്ലാത്ത കളിയാണെന്നും ആരോപിച്ചാണ് ബിജെപിക്കാർ രംഗത്തെത്തിയത്. പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷം ഈമാസം 25ാം തീയ്യതിയാണ്. ഈ വാർഷികാഘോഷ വേളയിൽ ഒരു ശ്രദ്ധേയ പദ്ധതി എന്ന നിലയിൽ മെട്രോയുടെ സർവീസ് തുടങ്ങാനാണ് സർക്കാർ നീക്കമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉദ്ഘാടകനാകേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയതെന്നുമാണ് അറിയുന്നത്.

നേരത്തെ ഈ വേളയിൽ മെട്രോയുടെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും, എന്തെങ്കിലും സാഹചര്യത്തിൽ പ്രധാനമന്ത്രിക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയാകും കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുക എന്നാണ് കടകംപള്ളി സുരേന്ദ്രൻ അറിയിച്ചത്. പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചതെന്നാണ് അറിയുന്നത്. മെയ്‌ 29 മുതൽ ജൂൺ 3 വരെ പ്രധാനമന്ത്രി വിദേശ പര്യടനത്തിലായിരിക്കും. ഇക്കാര്യം മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ച കാര്യവുമാണ്.

ഒന്നരമാസം മുൻപ് നിശ്ചയിച്ചതാണ് ഈ പര്യടനം. ജർമനി, സ്‌പെയിൻ, റഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ത്രിരാഷ്ട്ര സന്ദർശനത്തിനുശേഷം ജൂൺ 7, 8 തീയതികളിൽ നടക്കുന്ന ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ സംബന്ധിക്കാൻ കസഖ്സ്ഥാനിലേക്കു പോകും. അതിനുശേഷം യുഎസ്, ഇസ്രയേൽ സന്ദർശനവും നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിന്റെ തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ല. ഇങ്ങനെ അതീവ പ്രാധാന്യമുള്ള വിദേശ പര്യടനത്തിലാണ് പ്രധാനമന്ത്രി മോദിയെന്ന് സംസ്ഥാന സർക്കാറിനും അറിയാം. അതുകൊണ്ട് പ്രധാനമന്ത്രിയുടെ സൗകര്യം നോക്കാതെ പദ്ധതി ഉദ്ഘാടനം ചെയ്യാമെന്നാണ് സർക്കാർ തീരുമാനം എന്നാണ് അറിയുന്നത്.

അതേസമയം, മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് കത്തയച്ചിരുന്നെങ്കിലും ഇതിന് ഇനിയും മറുപടി ലഭിച്ചിട്ടില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ഈ മാസം 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തണമെന്ന നിർദ്ദേശം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉയരുകയും ചെയ്തു. ഒന്നാം വാർഷികാഘോഷ വേളയിൽ ഇടുതു സർക്കാറിന് വലിയൊരു പദ്ധതിയും പ്രഖ്യാപിക്കാനില്ല. ഈ ഘട്ടത്തിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയാൽ അത് ശ്രദ്ധേയമാകുമെന്നത് ഉറപ്പാണ്. പ്രധാനമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചാലേ പദ്ധതിയുടെ മറ്റ് ഘട്ടങ്ങൾക്ക് കേന്ദ്രസഹായം എളുപ്പത്തിൽ ലഭിക്കാനും ഇടയുള്ളൂ.

എങ്കിലും ഇതിനപ്പുറത്തേക്കാണ് എൽഡിഎഫ് സർക്കാറിന്റെ രാഷ്ട്രീയ പിടവാശി എന്നാണ് അറിയുന്നത്. കേരളത്തിന്റെ അഭിമാന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽനിന്നു പ്രധാനമന്ത്രിയെ മനഃപൂർവം ഒഴിവാക്കാനുള്ള ആസൂത്രിതമായ ശ്രമമാണു നടക്കുന്നതെന്ന തരത്തിലാണ് ബിജെപി നേതാക്കളുടെ പ്രതികരണം. അവർ പ്രതിഷേധവുമായി രംഗത്തെത്തിയതും ഈ സാഹചര്യത്തിലാണ്. പ്രധാനമന്ത്രിയുടെ സമയം ലഭിക്കാതെ ഉദ്ഘാടനം നിശ്ചയിച്ചതു ശരിയായില്ലെന്ന് ബിജെപി സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരിന് അഹങ്കാരവും അസഹിഷ്ണുതയുമാണെന്നും അവർ ആരോപിക്കുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കിയിരുന്നു.

തികഞ്ഞ അൽപത്വമാണ് കേരള സർക്കാർ കാണിക്കുന്നത്. പ്രധാനമന്ത്രിയെ അപമാനിക്കാൻ കരുതിക്കൂട്ടി നടത്തിയ നീക്കമാണിത്. ഇതുകൊണ്ടു കേരളത്തിനു ഗുണമൊന്നും ഉണ്ടാവില്ലെന്നു മാത്രമല്ല ദോഷമേ ഉണ്ടാവുകയുള്ളൂ. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ആരും കളിക്കരുത്. ടീം ഇന്ത്യ എന്ന സ്പിരിറ്റിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത് സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തിൽ അന്തിമ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയായി കൊച്ചി മെട്രോ സർവീസിനു സജ്ജമായി കഴിഞ്ഞു. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ആദ്യഘട്ട സർവീസിന് ഒൻപതു ട്രെയിനുകളാണ് എത്തിയിരിക്കുന്നത്. ഏഴു റേക്കുകളാണു പ്രതിദിന സർവീസിനു വേണ്ടത്. രാജ്യത്ത്, ഏറ്റവും കുറഞ്ഞ സമയം കൊണ്ടു നിർമ്മാണം പൂർത്തിയാക്കി ഏറ്റവും കൂടുതൽ ദൂരം സർവീസ് നടത്തുന്ന മെട്രോ എന്ന പേരുകൂടി കൊച്ചി മെട്രോയ്ക്കു സ്വന്തമാകുകയാണ്.

മൂന്നുകോച്ചുള്ള ആറു ട്രെയിനാകും തുടക്കത്തിൽ സർവീസ് നടത്തുക. രാവിലെ ആറുമുതൽ രാത്രി പതിനൊന്നുവരെ പത്ത് മിനിറ്റ് ഇടവിട്ടാകും സർവീസ്. തിരക്ക് കുറവുള്ള സമയങ്ങളിൽ ഈ ഇടവേള ദീർഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ആലുവ മുതൽ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ഉദ്ഘാടന സജ്ജമായത്. പതിനൊന്ന് സ്റ്റേഷനുകളാണ് ഇതിനിടയിലുള്ളത്. മിനിമം നിരക്ക് 10 രൂപ. ആലുവ മുതൽ കമ്പനിപ്പടി വരെ 20 രൂപ, കളമശേരി വരെ 30 രൂപ, ഇടപ്പള്ളി വരെ 40 രൂപ എന്നിങ്ങനെയാണ് പ്രാഥമികമായി നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്.

ആലുവയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 20 മിനിറ്റ് കൊണ്ട് പാലാരിവട്ടത്തെത്തും. സ്ഥിരയാത്രക്കാർക്കായി കൊച്ചി വൺ കാർഡെന്ന സ്മാർട്ട് കാർഡുണ്ടാകും. ഇതുപയോഗിച്ച് യാത്ര നടത്തുന്നവർക്ക് പരമാവധി 20 ശതമാനം വരെ യാത്രാനിരക്കിൽ ഇളവ് ലഭിക്കുമെന്നാണ് സൂചന. വിദ്യാർത്ഥികൾക്ക് മെട്രൊയിൽ ഇളവുകൾ നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. യാത്രാകാർഡ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റ് യാത്രക്കാരെപ്പോലെ ഇളവ് ലഭിക്കുമെന്നും ബസ് യാത്രയ്ക്ക് പോലുള്ള കൺസെഷൻ മെട്രൊയിൽ ഉണ്ടാവാനിടയില്ലെന്നും കെഎംആർഎൽ അധികൃതർ നേരത്തെ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP