Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയ്യതി മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് എങ്ങനെ വിശ്വസിക്കും? തീയ്യതി നിശ്ചയിച്ചില്ലെന്ന് പിണറായി പറയുമ്പോഴും പിആർഡി പുറപ്പെടുവിച്ച റിലീസിൽ സമയം വരെ രേഖപ്പെടുത്തി; കടകംപള്ളിയെ തിരുത്തിയത് തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെ; പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം നിർവഹിക്കുമെന്ന് വ്യക്തമാക്കിയതോടെ വിവാദങ്ങൾക്ക് താൽക്കാലിക ശമനം

കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയ്യതി മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് എങ്ങനെ വിശ്വസിക്കും? തീയ്യതി നിശ്ചയിച്ചില്ലെന്ന് പിണറായി പറയുമ്പോഴും പിആർഡി പുറപ്പെടുവിച്ച റിലീസിൽ സമയം വരെ രേഖപ്പെടുത്തി; കടകംപള്ളിയെ തിരുത്തിയത് തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെ; പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം നിർവഹിക്കുമെന്ന് വ്യക്തമാക്കിയതോടെ വിവാദങ്ങൾക്ക് താൽക്കാലിക ശമനം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന്റെ തീയ്യതി നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോയുടെ ഉദ്ഘാടന തീയതി സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റി നിർത്താൻ ശ്രമം നടക്കുന്നു എന്ന ആരോപണം ശക്തമായതോടെയാണ് മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

മെട്രോ ഉദ്ഘാടനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രിയെയാണ് ക്ഷണിച്ചത്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ തിരക്കിട്ട പരിപാടികൾക്കിടയിൽ മെട്രോ ഉദ്ഘാടനത്തിനായി സമയം മാറ്റി വയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസുമായി സർക്കാർ നിരന്തരബന്ധം പുലർത്തുന്നുണ്ട്. മെയ് മുപ്പതിന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കുമെന്നുള്ളത് തെറ്റായ വാർത്തയാണ് - മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്തില്ല എന്ന് പറഞ്ഞാൽ മാത്രമേ മറ്റൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂവെന്നും അതുവരെ അദ്ദേഹത്തിന് സൗകര്യപ്രദമായ തീയതിക്കായി സർക്കാർ കാത്തിരിക്കുമെന്നും മെട്രോ ഉദ്ഘാടനം സംബന്ധിച്ച വിവാദങ്ങൾ അവസാനിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സംഭവം വിവാദമായതോടെയാണ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതെന്ന കാര്യം ഉറപ്പാണ്. കാരണം ഇത് സംബന്ധിച്ച് സമയവും സ്ഥലവും നിശ്ചയിച്ച് സർക്കാറിന്റെ പബ്ലിക് റിലേഷസ് വിഭാഗം വാർത്താകുറിപ്പ് തന്നെ പുറത്തിറക്കിയിരുന്നു. സർക്കാറിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികൾ എന്തൊക്കെയാണ് എന്ന് വിശദീകരിച്ചു കൊണ്ടുള്ള വാർത്താ കുറിപ്പിലാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയ്യതിയും സമയവും വ്യക്തമാക്കിയിരിക്കുന്നത്. മെയ് 30ന് വൈകുന്നേരം അഞ്ചിന് ആലുവയിലാണ് ഉദ്ഘാടനം എന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്.

സർക്കാറിന്റെ ഒന്നാം വാർഷിക പരിപാടികൾ എന്തൊക്കെയാണ് എന്ന് തീരുമാനിച്ചത് മന്ത്രിസഭാ യോഗത്തിലാണ്. ഈ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളാണ് പിആർഡി റിലീസായി പുറത്തുവന്നതും. ഇക്കാര്യങ്ങൾ വിശദീകരിച്ചാണ് മന്ത്രി കടകംപള്ളി രംഗത്തെത്തിയതും. ഈ അവകാശവാദത്തെയാണ് മുഖ്യമന്ത്രി തള്ളി രംഗത്തെത്തിയത്. അതായത് പ്രധാനമന്ത്രിയെ ഒഴിവാക്കാനുള്ള ശ്രമമാണ് എന്ന വിധത്തിൽ വിവാദം ഉണ്ടായതോടെയാണ് പിണറായി കടകംപള്ളിയെ തള്ളിയത്. കേന്ദ്രസർക്കാറിന് പങ്കാളിത്തമുള്ള പദ്ധതിയിൽ നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കുന്നത് ഭാവിയിൽ സർക്കാറിനും മെട്രോയ്ക്കും തിരിച്ചടിയാകുമെന്ന ബോധ്യം കൂടിയാണ് പിണറായിയുടെ മലക്കംമറിച്ചിലിന് പിന്നിൽ.

പ്രധാനമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയിൽ അദ്ദേഹത്തോട് സമയം ചോദിച്ചില്ലെന്നതാണ് വിവാദമായത്. ഇങ്ങനെ ഒരു തീരുമാനം എടുത്തത് അദ്ദേഹത്തെ ഒഴിവാക്കാൻ വേണ്ടിയാണെന്നും ഇത് മാന്യതയില്ലാത്ത കളിയാണെന്നും ആരോപിച്ചാണ് ബിജെപിക്കാർ രംഗത്തെത്തിയത്. പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷം ഈമാസം 25ാം തീയ്യതിയാണ്. ഈ വാർഷികാഘോഷ വേളയിൽ ഒരു ശ്രദ്ധേയ പദ്ധതി എന്ന നിലയിൽ മെട്രോയുടെ സർവീസ് തുടങ്ങാനായിരുന്നു സർക്കാർ നീക്കം. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉദ്ഘാടകനാക്കേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയതെന്നുമാണ് അറിയുന്നത്.

പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചിച്ചതെന്ന് പത്രക്കുറിപ്പിൽ നിന്നു തന്നെ വ്യക്തമാണ്. മെയ് 29 മുതൽ ജൂൺ 3 വരെ പ്രധാനമന്ത്രി വിദേശ പര്യടനത്തിലായിരിക്കും. ഇക്കാര്യം മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ച കാര്യവുമാണ്. ഒന്നരമാസം മുൻപ് നിശ്ചയിച്ചതാണ് ഈ പര്യടനം. ജർമനി, സ്പെയിൻ, റഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ത്രിരാഷ്ട്ര സന്ദർശനത്തിനുശേഷം ജൂൺ 7, 8 തീയതികളിൽ നടക്കുന്ന ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ സംബന്ധിക്കാൻ കസഖ്സ്ഥാനിലേക്കു പോകും. അതിനുശേഷം യുഎസ്, ഇസ്രയേൽ സന്ദർശനവും നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിന്റെ തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ല. ഇങ്ങനെ അതീവ പ്രാധാന്യമുള്ള വിദേശ പര്യടനത്തിലാണ് പ്രധാനമന്ത്രി മോദിയെന്ന് സംസ്ഥാന സർക്കാറിനും അറിയാം. അതുകൊണ്ട് പ്രധാനമന്ത്രിയുടെ സൗകര്യം നോക്കാതെ പദ്ധതി ഉദ്ഘാടനം ചെയ്യാമെന്നാണ് സർക്കാർ തീരുമാനിച്ചത്.

സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ഈ മാസം 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തണമെന്ന നിർദ്ദേശം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു എന്നാണ് അറിയുന്നത്. ഒന്നാം വാർഷികാഘോഷ വേളയിൽ ഇടതു സർക്കാറിന് വലിയൊരു പദ്ധതിയും പ്രഖ്യാപിക്കാനില്ല. ഈ ഘട്ടത്തിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയാൽ അത് ശ്രദ്ധേയമാകുമെന്നത് ഉറപ്പാണ്. പ്രധാനമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചാലേ പദ്ധതിയുടെ മറ്റ് ഘട്ടങ്ങൾക്ക് കേന്ദ്രസഹായം എളുപ്പത്തിൽ ലഭിക്കാനും ഇടയുള്ളൂ. ഇത് കൂടി കണക്കിലെടുത്താണ് പിണറായി വിജയൻ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ച രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP