Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരേക്കർ ഭൂമിയും 600 രൂപ മിനിമം കൂലിയും ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ രണ്ടാംഘട്ട പ്രക്ഷോഭത്തിന്; സമരവുമായി മുന്നോട്ടു പോയാൽ കൊന്നുകളയുമെന്ന് സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ഗോമതി; ഭൂമി തന്നില്ലെങ്കിൽ മറ്റുള്ളവരെ പോലെ തങ്ങളും സ്ഥലം കൈയേറി കുടിയേറ്റക്കാരാകുമെന്ന് നേതാക്കൾ; കുടിൽകെട്ടി പ്രക്ഷോഭം ജൂലൈ 9 മുതൽ

ഒരേക്കർ ഭൂമിയും 600 രൂപ മിനിമം കൂലിയും ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ രണ്ടാംഘട്ട പ്രക്ഷോഭത്തിന്; സമരവുമായി മുന്നോട്ടു പോയാൽ കൊന്നുകളയുമെന്ന് സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ഗോമതി; ഭൂമി തന്നില്ലെങ്കിൽ മറ്റുള്ളവരെ പോലെ തങ്ങളും സ്ഥലം കൈയേറി കുടിയേറ്റക്കാരാകുമെന്ന് നേതാക്കൾ; കുടിൽകെട്ടി പ്രക്ഷോഭം ജൂലൈ 9 മുതൽ

കെ സി റിയാസ്

കോഴിക്കോട്: മൂന്നാറിൽ തോട്ടം തൊഴിലാളികൾക്കു ഒരേക്കർ ഭൂമി വീതം കിട്ടിയില്ലെങ്കിൽ സർക്കാർ ഭൂമി കൈയേറി പിടിച്ചെടുക്കുമെന്നും മിനിമം വേതനം 600 രൂപയാക്കണമെന്നും പെമ്പിളൈ ഒരുമൈ നേതാക്കൾ. ഇക്കാര്യം ആവശ്യപ്പെട്ട് ജൂലൈ ഒമ്പതിനു രണ്ടാംഘട്ട സമരപ്രഖ്യാപന സമ്മേളനം നടത്തുമെന്ന് പൈമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി, കൗസല്യ തങ്കമണി, രാജേശ്വരി എന്നിവർ അറിയിച്ചു. മുക്കത്ത് ആം ആദ്മി ഒരുക്കിയ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനായി കോഴിക്കോട്ട് എത്തിയതായിരുന്നു ഇവർ.

മൂന്നു സെന്റല്ല ഒരേക്കർ ഭുമിയാണ് തങ്ങളുടെ ആവശ്യം. ഭൂമി തരാൻ തയ്യാറായില്ലെങ്കിൽ മറ്റുള്ളവരെ പോലെ തങ്ങളും സ്ഥലം കൈയേറി കുടിയേറ്റക്കാരാണെന്ന് പറയുമെന്ന് അവർ മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ അവകാശങ്ങൾ സമരത്തിലൂടെ നേടിയെടുക്കാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ. മൂന്നാറിലെ സമാനമായ സ്ഥിതിവിശേഷമുള്ള വയനാട്ടിലും സമരം വ്യാപിപ്പിക്കാൻ ഉദ്ദശമുണ്ട്. ഇന്ന് വയനാട്ടിലെത്തി അവിടത്തെ തൊഴിലാളികളുമായി ചർച്ച നടത്തുമെന്നും ഇവർ പറഞ്ഞു.

സമരത്തോട് സർക്കാർ നിഷേധാത്മക സമീപനം സ്വീകരിച്ചാൽ സി പി എം നേതാവ് ലംബോദരൻ കൈയേറിയതുപോലെ തങ്ങളും ഭൂമി കൈയേറി കുടിയേറ്റക്കാരാണെന്നു പ്രഖ്യാപിക്കുമെന്ന് ഗോമതി പറഞ്ഞു. ലംബോദരന് ഏക്കർ കണക്കിന് ഭൂമി കൈയേറാമെങ്കിൽ തങ്ങൾക്കും അങ്ങനെ ചെയ്യാമെന്നാണ് കരുതുന്നത്. ഭൂമി നൽകാൻ തയ്യാറായില്ലെങ്കിൽ മൂന്നാറിനു സമാനമായി ഭൂമി കൈയേറി കുടിൽ കെട്ടാനാണ് തീരുമാനം.

മണിയുടെ ബന്ധു ഉൾപ്പെടെയുള്ളവർ അനധികൃതമായി ഭൂമി കൈയേറി കൈവശം വെയ്ക്കുമ്പോൾ സ്വന്തമായി ഭൂമിയില്ലാത്ത തോട്ടം തൊഴിലാളികൾക്ക് എന്തുകൊണ്ട് ഭൂമി കൈവശപ്പെടുത്തികൂടെന്നും അവർ ചോദിച്ചു. ജോലിയും കൂലിയും വിട്ട് സമരത്തിനറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് തോട്ടം തൊഴിലാളികൾ. ജോലി നഷ്ടപ്പെടുമെന്ന ഭയമാണ് സമരത്തിൽ നിന്നും മറ്റുള്ളവരെ പിൻതിരിപ്പിക്കുന്നത്. അവർക്കു വേണ്ടി സമരം ചെയ്യാൻ തങ്ങൾ തയ്യാറാണ്. തങ്ങൾക്ക് ജിവനിൽ ഭയമില്ല. ജീവൻ പോയാലും തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി പ്രക്ഷോഭ രംഗത്തുണ്ടാവും. നാലു പേരാണങ്കിലും നാലായിരത്തിനു തുല്യമായി നിന്ന് പോരാടി അവകാശങ്ങൾ നേടിയെടുക്കുമെന്നും ഗോമതി പറഞ്ഞു.

ടാറ്റ ആയിരക്കണക്കിന് ഏക്കർ ഭൂമി കൈയേറിയിടത്ത് നാലും അഞ്ചും തലമുറകളായി തൊഴിലെടുക്കുന്ന തോട്ടം തൊഴിലാളികൾക്ക് ജീവിക്കാൻ ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്ത സ്ഥിതിയാണ്. സമരത്തിനിറങ്ങാൻ തൊഴിലാളികൾക്കു പേടിയുണ്ട്. അവരെ താമസ സ്ഥലത്തുനിന്ന് ഇറക്കി വിടുമോ, ജോലിയിൽ നിന്ന് ഒഴിവാക്കുമോ എന്നെല്ലാമുള്ള ആശങ്ക. നേരത്തെ സമരം ചെയ്തപ്പോഴും ഇക്കാരണങ്ങളാൽ തൊഴിലാളികളെ മുഴുവൻ രംഗത്തിറക്കാനായിരുന്നില്ല. രംഗത്തുവരേണ്ടെന്ന് തൊഴിലാളികളോട് ഞങ്ങൾ നിർദേശിക്കുകയായിരുന്നു.

ഏതായാലും സമരരംഗത്ത് മുന്നേറാൻ തന്നെയാണ് തീരുമാനം. പിറകോട്ട് പോകുന്ന പ്രശ്നമില്ല. ഒരു സ്ത്രീകളായാണുള്ളതെങ്കിൽ പോലും സമരത്തിനിറങ്ങും. മൂന്നു സെന്റ് ഭൂമി നൽകാമെന്ന വാഗ്ദാനം സ്വീകര്യമല്ല. തൊഴിലാളികളെ വഞ്ചിക്കുന്ന പാർട്ടിയാണ് സി പിഎം. തൊഴിലാളികൾക്ക് എല്ലാ അവകാശങ്ങളും നേടിത്തരാമെന്ന പേരിൽ തന്നെ പാർട്ടിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ തന്റെ ആവശ്യങ്ങളെ പരിഗണിക്കാമെന്നു പറഞ്ഞു അവഗണിച്ചു. തനിക്കു തെറ്റു പറ്റി, സി പി എമ്മുകാർ കബളിപ്പിക്കുകയായിരുന്നുവെന്നും ഗോമതി തുറന്നടിച്ചു.

മന്ത്രി എം എം മണി പെമ്പിളൈ ഒരുമൈക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെയുള്ള സമരം പരാജയപ്പെട്ടിട്ടില്ല. 20 ദിവസം നടുറോഡിൽ സമരം ചെയ്തു. സർക്കാർ തിരിഞ്ഞുനോക്കിയില്ല. തൊഴിലാളികൾക്കു കുടുംബപരമായ പ്രശ്നങ്ങൾ ഉള്ളതിനാലാണ് സമരം അവസാനിപ്പിച്ചത്. മക്കളെ സ്‌കൂളിൽ ചേർക്കുന്നതടക്കമുള്ള വിഷയങ്ങൾ വന്നു. പിണറായി സർക്കാറിനെ എതിർക്കാൻ നാലു പെണ്ണുങ്ങൾക്കു കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ സമരത്തിന്റെ വിജയം. അതാണതിന്റെ പ്രസക്തിയും. കൊല്ലാൻ മടിക്കാത്തവരാണവർ. അവരെ എതിർക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ജീവൻ നഷ്ടപ്പെട്ടാലും തോട്ടം തൊഴിലാളികൾക്കുവേണ്ടി പോരാടും.

മന്ത്രി മണി മാപ്പു പറയണമെന്നും രാജിവെക്കണമെന്നുമുള്ള ആവശ്യത്തിൽ പെമ്പിളൈ ഒരുമൈ ഉറച്ചുനിൽക്കുന്നു. മണിയുടെ അനുയായികളും പാർട്ടി പ്രവർത്തകരും തന്നെ ഭീഷണിപ്പെടുത്തിയതായും ഗോമതി പറഞ്ഞു. സമരം കഴിഞ്ഞ ശേഷം മുന്നു സി പി എം പ്രവർത്തകർ വീട്ടിൽ വന്നു. ഇനി സമരവുമായി മുന്നോട്ടുപോയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. സി പി എമ്മിനെ എതിർക്കുന്നതിനാലാണ് കേസെടുക്കാതിരുന്നത്. സർക്കാറിൽനിന്നും പൊലീസിൽ നിന്നും ഒരു തരത്തിലുള്ള നീതിയും കിട്ടുന്നില്ലെന്ന് പെമ്പിളൈ ഒരുമൈ പ്രസിഡന്റ് കൗസല്യ തങ്കമണിയും സെക്രട്ടറി രാജേശ്വരിയും പറഞ്ഞു.

പെമ്പിളൈ ഒരുമൈ നടത്തുന്ന ഭൂസമരത്തിന് ആം ആദ്മി പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ അറിയിച്ചു. അശ്ലീലഭാഷയിൽ പ്രസംഗിച്ച മന്ത്രി മണി രാജിവെക്കണമെന്ന ആവശ്യവുമായി നടത്തിയ സമരവും മൂന്നാറിലെ ഭൂമി പ്രശ്നവും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ചവർക്കുള്ള ഉത്തരമായിരിക്കും വരും നാളുകളിൽ സംസ്ഥാനം സാക്ഷിയാകാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. കോഴിക്കോട് മുതലക്കുളത്ത് 24-നാണ് വിശദീകരണ യോഗം നടക്കുകയെന്ന് പെമ്പിളൈ ഒരുമൈ നേതാക്കൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP