Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്കു പുല്ലുവില കൽപ്പിച്ച് പാക്കിസ്ഥാൻ; കുൽഭൂഷണൻ യാദവിന് നിയമസഹായം ലഭ്യമാക്കില്ല; കോടതി ഉത്തരവ് വധശിക്ഷ സ്‌റ്റേ ചെയ്തു മാത്രമെന്നും പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്; കേസ് തോറ്റിട്ടില്ലെന്നും സർതാജ് അസീസ്

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്കു പുല്ലുവില കൽപ്പിച്ച് പാക്കിസ്ഥാൻ; കുൽഭൂഷണൻ യാദവിന് നിയമസഹായം ലഭ്യമാക്കില്ല; കോടതി ഉത്തരവ് വധശിക്ഷ സ്‌റ്റേ ചെയ്തു മാത്രമെന്നും പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്; കേസ് തോറ്റിട്ടില്ലെന്നും സർതാജ് അസീസ്

ന്യൂഡൽഹി: അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിജെ) പരസ്യമായി വെല്ലുവിളിച്ച് പാക്കിസ്ഥാൻ. കുൽഭൂഷൺ ജാദവിന് നിയമസഹായം ലഭ്യമാക്കണമെന്ന ഐസിജെ ഉത്തരവ് നടപ്പാക്കില്ലെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കി. ഇന്ത്യയ്ക്കു വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് വധശിക്ഷ വിധിച്ച മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് നയതന്ത്ര, നിയമ, സഹായങ്ങൾ ലഭ്യമാകാൻ അവകാശമുണ്ടെന്ന് അന്തരാഷ്ട്ര നീതിന്യായ കോടതി വെള്ളിയാഴ്ചയാണ് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയത്. എന്നാൽ നിയമസഹായം നല്കില്ലെന്നാണ് പാക്കിസ്ഥാൻ ഇപ്പോൾ നിലപാട് സ്വീകരിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുൽഭൂഷൺ യാദവിന് നിയമസഹായം നല്കണമെന്ന് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിട്ടില്ലെന്നാണ് സർതാജ് അസീസ് പറഞ്ഞത്. രാജ്യാന്തര കോടതിയുടെ വിധി പാക്കിസ്ഥാനിലെ നടപടികളെ ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. അന്താരാഷ്ട്ര കോടതി ചെയ്തത് കുൽഭൂഷൺ യാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്യുക മാത്രമാണ്. അന്താരാഷ്ട്ര കോടതിയിലെ കേസിൽ പാക്കിസ്ഥാൻ തോറ്റിട്ടില്ല. കുൽഭൂഷൺ ജാദവ് ഒരു സാധാരണ മനുഷ്യനല്ല. അദ്ദേഹം ഇന്ത്യൻ നേവിയിൽ ഓഫീസറായിരുന്നുവെന്നും സർതാജ് അസീസ് കൂട്ടിച്ചേർത്തു.

2016 മാർച്ച് മൂന്നിന് ഇറാൻ അതിർത്തിയിൽനിന്ന് പാക് സൈനികർ അറസ്റ്റു ചെയ്ത കുൽഭൂഷണിനെ കഴിഞ്ഞമാസമാണു സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ഇതിനെതിരേ ഇന്ത്യ നല്കിയ അപ്പീലിലാണ് ഹേഗിലെ രാജ്യാന്തരകോടതി വധശിക്ഷ സ്‌റ്റേ ചെയ്ത് ഉത്തരവിറക്കിയത്. അന്തിമവിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കുൽഭൂഷൺ യാദവിന് നയതന്ത്ര, നിയമസഹായം ലഭിക്കാൻ അർഹതയുണ്ടെന്നും കോടതി റോണി ഏബ്രഹാം അധ്യക്ഷനായ 11അംഗ ബെഞ്ച് ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇതിനെയാണ് പാക്കിസ്ഥാൻ പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നത്.

ഐസിജെയുടെ വിധി പലതരത്തിലും പാക്കിസ്ഥാനു തിരിച്ചടിയായിരുന്നു. കുൽഭൂഷൺ യാദവിനെ പിടികൂടിയതും വധശിക്ഷ വിധിച്ചതും തങ്ങളുടെ ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്ന പാക്കിസ്ഥാന്റെ വാദം കോടതി നിരാകരിച്ചു. കുൽഭൂഷൺ ജാദവിനു നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിക്കേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കുൽഭൂഷന്റെ വിചാരണ നടന്ന പാക്കിസ്ഥാനിലെ സൈനിക കോടതിയെ സ്വതന്ത്ര കോടതിയായി പരിഗണിക്കാനും അന്താരാഷ്ട്ര കോടതി തയാറായില്ല.

ഇന്ത്യയ്ക്ക് വേണ്ടി ബലൂചിസ്ഥാനിൽ ഭീകരപ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പാക് സൈനിക കോടതി കുൽഭൂഷണൻ യാദവിന് വധശിക്ഷ വിധിച്ചത്. അതേസമയം ബിസിനസ് ആവശ്യങ്ങൾക്കായി 2016 മാർച്ചിൽ ഇറാനിലെത്തിയ ഇദ്ദേഹത്തെ പാക് സൈന്യം ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ട് പോകുകയായിരുന്നെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.

വിചാരണ സ്വതന്ത്രമായിരുന്നില്ലെന്നും നിയമസഹായം എത്തിക്കാൻ ഇന്ത്യയെ അനുവദിച്ചില്ലെന്നുമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യ ചൂണ്ടിക്കാട്ടിയത്. 16 തവണ ഇന്ത്യ ഇക്കാര്യം ഉന്നയിച്ച് കത്ത് നൽകിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. കുൽഭൂഷൺ യാദവ് ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കൺവെൻഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമാണ് പാക്കിസ്ഥാൻ വാദിച്ചത്. യാദവിന്റെ കുറ്റസമ്മത മൊഴിയാണ് ഇതിന് പ്രധാന തെളിവായി ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇതിന്റെ വീഡിയോ കാണാൻ അന്താരാഷ്ട്ര കോടതി വിസമ്മതിച്ചത് വാദത്തിൽ പാക്കിസ്ഥാന് തിരിച്ചടിയായി.

മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ വായിയിൽ ജനിച്ച 47കാരനായ കുൽഭൂഷൺ യാദവ് മുംബൈയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. അച്ഛൻ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. നാവിക സേനയിൽ നിന്നും വിരമിച്ച ശേഷം ബിസിനസ് ചെയ്ത് ജീവിക്കുകയായിരുന്നു. 2016ലാണ് ഇറാൻ-പാക് അതിർത്തിയിൽ നിന്നും പാക്കിസ്ഥാൻ രഹസ്യാന്വേഷകർ ഇദ്ദേഹത്തെ പിടികൂടിയത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഉദ്യോഗസ്ഥനാണ് യാദവ് എന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP