Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ് മക്കളുടെ തലൈവറായി സ്റ്റൈൽ മന്നൻ എത്തുമെന്നുറപ്പ്; രാഷ്ട്രീയ പ്രവേശനത്തിന് കൃത്യമായ പദ്ധതികൾ തയാറാക്കി രജനീകാന്ത്; ബിജെപിയിൽ എത്തണമെന്ന മോദിയുടെ ആഗ്രഹം തള്ളിയ രജനി ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രാവാചകനാകുമെന്നു സൂചന; പാർട്ടി പ്രഖ്യാപനത്തിന്‌ശേഷം കൂട്ടത്തോടെ കൂറുമാറാൻ ഒരുങ്ങി എംഎൽഎമാർ

തമിഴ് മക്കളുടെ തലൈവറായി സ്റ്റൈൽ മന്നൻ എത്തുമെന്നുറപ്പ്; രാഷ്ട്രീയ പ്രവേശനത്തിന് കൃത്യമായ പദ്ധതികൾ തയാറാക്കി രജനീകാന്ത്; ബിജെപിയിൽ എത്തണമെന്ന മോദിയുടെ ആഗ്രഹം തള്ളിയ രജനി ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രാവാചകനാകുമെന്നു സൂചന; പാർട്ടി പ്രഖ്യാപനത്തിന്‌ശേഷം കൂട്ടത്തോടെ കൂറുമാറാൻ ഒരുങ്ങി എംഎൽഎമാർ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നേതാക്കളില്ലാതെ ഉഴലുന്ന ദ്രാവിഡ രാഷ്ട്രീയത്തിന് പുതിയ മാനം നൽകാൻ സ്റ്റൈൽ മന്നൻ രജനീകാന്ത്. പുരുട്ചി തലൈവി ജയലളിതയുടെ മരണത്തോടെ അനാഥമായ തമിഴ് രാഷ്ട്രീയത്തെ തിരിച്ചുപിടിക്കുകയെന്ന ദൗത്യമായിരിക്കും രജനീകാന്ത് ഏറ്റെടുക്കുക. എക്കാലത്തും നാടകീയ നീക്കങ്ങളിലൂടെ അധികരത്തിലെത്തുകയും ദ്രാവിഡ രാഷ്ട്രീയത്തെ നിയന്ത്രിക്കുകയും ചെയ്തിരുന്ന കരുണാനിധി സജീവ രാഷ്ട്രീയത്തിൽനിന്ന് പിന്മാറിനിൽക്കുന്നതും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം എളുപ്പമാക്കുമെന്നാണ് വിലയിരുത്തൽ.

ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികളിലേക്കുള്ള ക്ഷണം നിരസിച്ച സാഹചര്യത്തിലും അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ഡൽഹിയിലെത്തുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിലെ നിർണയകമാക തീരുമാനങ്ങളെടുക്കുന്നതിനുള്ള വേദിയാകുമെന്നാണ് സൂചന.

നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് രജനീകാന്തിനെ ഡൽഹിക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനും വരുന്ന മാസങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുമാണ് ഈ കൂടിക്കാഴ്ചയെന്നുമാണ് വിവരം. അതേസമയം ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യം നിഷേധിച്ചു. അണ്ണാ ഡിഎംകെയിലെ വിഭാഗീയ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടുവെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപി സ്വീകരിക്കുന്ന നിലപാടുകളുമായി സംസ്ഥാനത്തെ എഐഎഡിഎംകെ വിഭാഗങ്ങൾ ഭാവിയിൽ ഒരുമിച്ച് പോകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തെ വച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിക്ക് രാഷ്ട്രീയത്തെക്കുറിച്ച് നല്ല ധാരണയുണ്ടെന്ന് തോന്നുന്നു. ഒപിഎസിന് മറ്റ് വഴികൾ ഇല്ലെന്നിരിക്കെ എഐഎഡിഎംകെ വിഭാഗങ്ങൾ ഭിന്നിപ്പ് മറന്ന് ഒന്നാകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന നേതൃത്വം പറയുന്നു.

ഒ.പനീർശെൽവവുമായുള്ള കൂടിക്കാഴ്ചയുടെ ബാക്കിയാണ് നരേന്ദ്ര മോദിയും രജനീകാന്തും തമ്മിൽ നടക്കാനിരിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിയും വരെ രജനീകാന്തിന്റെ ഭാഗത്ത് നിന്നോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത് നിന്നോ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ലെന്നുമാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾ കരുതുന്നത്.

ആദായ നികുതി വകുപ്പ് സംസ്ഥാനത്തെ എഐഎഡിഎംകെ നേതാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിന് ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ക്യാമ്പ് പ്രതിരോധത്തിലാണ്. ഇതോടെ വി.കെ.ശശികലയെയും അനന്തിരവൻ ടി.ടി.വി. ദിനകരനെയും തള്ളിപ്പറയാനും ഇവർ ഇതോടെ തയ്യാറായിട്ടുണ്ട്. ബിജെപി നേതാവ് വനതി ശ്രീനിവാസൻ രണ്ടാഴ്ച മുൻപ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സെക്രട്ടേറിയേറ്റിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ഈ സംഭവങ്ങൾ. ഇവരുടെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് വാർത്തകളും ആരോപണങ്ങളും ഉയർന്നെങ്കിലും ബിജെപിയും എഐഎഡിഎംകെയും ഇത് തള്ളിക്കളയുകയായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ബിജെപിയും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും വനതി ശ്രീനിവാസൻ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിൽ ചെന്നൈയിലെത്തിയ കേന്ദ്ര ഉദ്യോഗസ്ഥ സംഘം സംസ്ഥാനത്തെ 1083 കോടിയുടെ പദ്ധതികൾ ഒറ്റ ദിവസം കൊണ്ട് അനുമതി നൽകിയിരുന്നു. രജനീകാന്ത് ബിജെപിയിലെത്തുന്നത് സംബന്ധിച്ച് താൽപര്യമെടുക്കാത്ത സാഹചര്യത്തിൽ ദ്രാവിഡ രാഷ്ട്രീയത്തെ സമർഥമായി ഉപയോഗിച്ച് എഐഎഡിഎംകെയെയും രജനീകാന്തിനെയും കൂട്ടിച്ചേർത്ത് വിശാല സംഖ്യമുണ്ടാക്കനുള്ള ശ്രമത്തിലാണ് നേതാക്കൾ.

ഏതാനും ദിവസങ്ങൾക്ക് മുൻപ് 'യുദ്ധ'സജ്ജരാകാൻ ആരാധകരെ ആഹ്വാനം ചെയ്തുകൊണ്ട്, രജനീകാന്ത് രാഷ്ട്രീയ പ്രവേശന സൂചന നൽകിയിരുന്നു. അഞ്ചു ദിവസമായി ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലായിരുന്നു പ്രഖ്യാപനം. എട്ടു വർഷത്തിനു ശേഷമാണ് രജനീകാന്ത് ആരാധകരുമായുള്ള കൂടിക്കാഴ്ചയക്കെത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ഫാൻസ് അസോസിയേഷനുകളിലെ പതിനായിരത്തിലധികം അംഗങ്ങളെയാണു രജനി കണ്ടത്. ദൈവം തീരുമാനിച്ചാൽ താൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രഖ്യാപനം ആദ്യദിനം തന്നെയുണ്ടാകുകയും ചെയ്തു.

1996ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്താണു രജനി ആദ്യമായി തന്റെ രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞത്. ജയലളിത വീണ്ടും അധികാരത്തിലെത്തിയാൽ തമിഴകത്തെ ദൈവത്തിനു പോലും രക്ഷിക്കാനാകില്ലെന്നായിരുന്നു അത്. എന്നാൽ ഇതിൽ ഖേദിക്കുന്നതായി അദ്ദേഹം പിന്നീടു വ്യക്തമാക്കുകയും ചെയ്തിരുന്നു. രജനിയുടെ പ്രഖ്യാപനത്തിന് ശേഷം ഡിഎംകെ വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിരുന്നു.

2004ൽ ബിജെപിക്കു വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കാനും താരം തയാറായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യമാകെ ബിജെപി തരംഗം വീശിയെങ്കിലും തമിഴ്‌നാട്ടിൽ ബിജെപിക്കും സഖ്യകക്ഷി പിഎംകെയ്ക്കും കിട്ടിയത് ഓരോ സീറ്റ് വീതമായിരുന്നു. ആർകെനഗർ ഉപതിരഞ്ഞെടുപ്പിൽ ഗംഗൈ അമരൻ ബിജെപി സ്ഥാനാർത്ഥിയായപ്പോൾ തനിക്കു രജനിയുടെ പിന്തുണയുണ്ടെന്നു പറഞ്ഞെങ്കിലും അദ്ദേഹം അതു നിഷേധിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന നീക്കം വീണ്ടും ചർച്ചയാകുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും എത്താതെ ദ്രാവിഡ വികാരത്തെ പരമാവധി ചൂഷണം ചെയ്ത് പുതിയ പാർട്ടിയുണ്ടാക്കുകയെന്നതിനാകും രജനീകാന്ത് പരിഗണന നൽകുക. ഇതിനിടെ രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനത്തിനായ് തമിഴ് ജനത ആവേശത്തോടെ കാത്തിരിക്കുന്നതായാണ് സൂചന. പാർട്ടി പ്രഖ്യാപനമുണ്ടായാൽ അണ്ണാ ഡി.എംകെയും ഡിഎംകെയും ഉൾപ്പെടെയുള്ള പാർട്ടികളിലെ നേതാക്കളും എംഎൽഎമാരും കൂട്ടത്തോടെ രജനിക്കൊപ്പം ചേരുമെന്നും സൂചനയുണ്ട്. ഹൈന്ദവ-സംഘപരിവാർ രാഷ്ട്രീയം തമിഴ്‌നാട്ടിൽ പ്രായോഗികമാകില്ലെന്ന തിരിച്ചറിവിൽ രജനികാന്തിന്റെ പാർട്ടിയെ ഒപ്പം കൂട്ടി വിശാല ദ്രാവിഡ ഐക്യത്തിനുള്ള ചരടുവലികളാണ് ബിജെപി സംസ്ഥാന നേതൃത്വവും അമിത് ഷായും നടത്തുന്നത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുമായുള്ള താരത്തിന്റെ കൂടിക്കാഴ്ച നിർണായക തീരുമാനങ്ങളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP