Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒറ്റപ്പാലത്തുനിന്ന്‌ നാടുവിട്ട കൃഷ്ണൻകുട്ടി ആറ്റിങ്ങലിലെ പാചകക്കാരനായി; ബക്കാഡിയേ അടിക്കൂ; ബേക്കറി പൊളിഞ്ഞതോടെ മോഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു; പാരപ്പെറ്റിൽ തൂങ്ങി ഏതു കെട്ടിടവും കീഴടക്കും; വാതിൽ തകർക്കുന്നത് താക്കോൽ പഴുതിൽ എണ്ണയൊഴിച്ച് തീയിട്ട്; വർഷങ്ങളോളം പൊലീസിന്റെ ഉറക്കം കെടുത്തിയ കോടാലി അഥവാ കടയാടി ബേബി പിടിയിലായത് ഇങ്ങനെ

ഒറ്റപ്പാലത്തുനിന്ന്‌ നാടുവിട്ട കൃഷ്ണൻകുട്ടി ആറ്റിങ്ങലിലെ പാചകക്കാരനായി; ബക്കാഡിയേ അടിക്കൂ; ബേക്കറി പൊളിഞ്ഞതോടെ മോഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു; പാരപ്പെറ്റിൽ തൂങ്ങി ഏതു കെട്ടിടവും കീഴടക്കും; വാതിൽ തകർക്കുന്നത് താക്കോൽ പഴുതിൽ എണ്ണയൊഴിച്ച് തീയിട്ട്; വർഷങ്ങളോളം പൊലീസിന്റെ ഉറക്കം കെടുത്തിയ കോടാലി അഥവാ കടയാടി ബേബി പിടിയിലായത് ഇങ്ങനെ

തിരുവനന്തപുരം: വർഷങ്ങളായി ആറ്റിങ്ങൽ മേഖലയിൽ പൊലീസിന്റേയും നാട്ടുകാരുടെയും ഉറക്കംകെടുത്തിയ കവർച്ചാ കേസുകൾക്കു പിന്നിലെ പെരുങ്കള്ളൻ അവസാനം വലയിലായി. വാതിലുകൾ തുളച്ചും കത്തിച്ചും സ്വർണവും പണവും കവർന്ന കേസിൽ വെഞ്ഞാറമൂട് കോട്ടുകുന്നം സ്വദേശി വഞ്ചിയൂർ കടവിള മുളമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോടാലി ബേബി എന്ന കൃഷ്ണൻകുട്ടി(48) ആണ് പിടിയിലായത്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസിന് ഇയാളെ വലയിലാക്കാനായത്.

മഴക്കാലം എത്തുന്നതോടെ വീടുകളിൽ കവർച്ചയ്ക്കുള്ള ആസൂത്രണം നടത്തുന്നതിനിടെയാണ് കിളിമാനൂരിലും ആറ്റിങ്ങലിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടായ കവർച്ചാകേസുകളുമായി ബന്ധപ്പെട്ട് കോടാലി അഥവാ കടയാടി ബേബി പിടിയിലാകുന്നത്. ഇയാളിൽനിന്ന് 106 പവൻ സ്വർണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമെ കവർച്ചകളെ കുറിച്ച് വ്യക്തത ഉണ്ടാകൂവെന്ന് പൊലീസ് പറഞ്ഞു.

ഒറ്റപ്പാലത്ത് നിന്ന് പതിനെട്ട് വർഷം മുമ്പാണ് കൃഷ്ണൻകുട്ടി ആറ്റിങ്ങലിലെത്തിയത്. കഞ്ചാവ് വിൽപ്പനക്കാരനായ പിതാവിനും കുടുംബത്തിനുമൊപ്പം ഒറ്റപ്പാലത്ത് കഴിയവെ അയൽപക്കത്തുണ്ടായ മോഷണവുമായി ബന്ധപ്പെട്ടാണ് കോടാലി ആദ്യമായി പൊലീസിന്റെ പിടിയിലാകുന്നത്. ജയിലിലായ കൃഷ്ണൻകുട്ടി അപമാനം മൂലം നാടുവിട്ട് വെഞ്ഞാറമൂട്ടിലെത്തുകയായിരുന്നു. ആദ്യമൊക്കെ കൂലിപ്പണി ചെയ്ത് ജീവിച്ചു തുടങ്ങി. പിന്നീട് ചെറിയതോതിൽ മോഷണം ആരംഭിച്ച കൃഷ്ണൻകുട്ടി പിടിക്കപ്പെടുന്നില്ലെന്ന് കണ്ടതോടെ തൊഴിലാക്കി.

ഇതിനിടെ വിവാഹം കഴിച്ച് വെഞ്ഞാറമൂട് കോട്ടുകുന്നത്ത് വീടും വസ്തുവും വാങ്ങി താമസമായി. തുടക്കം മുതലേ കോടാലിയുടെ മോഷണം ഒറ്റയ്ക്കായിരുന്നു. എന്നാൽ താൻ താമസിക്കുന്ന വീടിന്റെ പരിസരത്ത് കവർച്ചയ്ക്കിറങ്ങാറില്ല. വീട്ടിൽനിന്ന് അധിക ദൂരമല്ലാത്ത സ്ഥലങ്ങളാണ് കവർച്ചയ്ക്ക് തിരഞ്ഞെടുക്കുക. പകൽ സമയങ്ങളിൽ ബസുകളിൽ കയറി സൈഡ് ചേർന്നിരുന്ന് റോഡരികിലുള്ള വീടുകൾ നിരീക്ഷിക്കും. ആളില്ലാതെ അടഞ്ഞുകിടക്കുന്ന വീടുകൾ ഓർത്തുവയ്ക്കും. രാത്രിയിലും അതേ റൂട്ടിൽ യാത്രചെയ്യും. അപ്പോഴും ലൈറ്റും ആളനക്കവും ഇല്ലെന്ന് കണ്ടാൽ അവിടം കവർച്ചയ്ക്കായി തിരഞ്ഞെടുക്കും. ആദ്യമൊക്കെ വീടിന്റെ മുൻവാതിലുകൾ തല്ലി തകർത്തും പൊളിച്ചുമായിരുന്നു മോഷണം.

എത്രവലിയ കെട്ടിടമായാലും പാരപ്പെറ്റിലും എയർഹോളിലും തൂങ്ങി കൃഷ്ണൻകുട്ടി അതിന് മുകളിലെത്തും. രണ്ടാം നിലയിലെ വാതിലുകൾ കണ്ടെത്തി തല്ലിപൊളിച്ചായിരുന്നു ആദ്യമൊക്കെ വീട്ടിനുള്ളിൽ കടന്നിരുന്നത്. എന്നാൽ, ശബ്ദം കേട്ട് വീട്ടുകാരും അയൽക്കാരും ഉണരുന്നതിനാൽ പുതിയ തന്ത്രങ്ങൾ ആലോചിച്ചു. അതിനിടെയാണ് തലസ്ഥാനത്ത് വാതിൽ കത്തിച്ച് കവർച്ച നടത്തുന്ന സംഘം പിടിയിലായ വാർത്ത കണ്ടത്. വാതിലിന്റെ അടിവശം കത്തിച്ച് ആ വിടവിലൂടെ അകത്തുകടക്കുന്നതായിരുന്നു അവരുടെ രീതി. എന്നാൽ കൃഷ്ണൻകുട്ടി ഇത് ചെറുതായൊന്ന് പരിഷ്‌ക്കരിച്ചു. കതകിന്റെ പൂട്ടിന്റെ ഭാഗത്തായി കൃഷ്ണൻ കുട്ടിയുടെ പ്രയോഗം. താക്കോലിടുന്ന വിടവിൽ വെളിച്ചെണ്ണ ഒഴിച്ചും എണ്ണയിൽ കുതിർത്ത കനത്ത തിരിവച്ചും കത്തിക്കും. തടിയിൽ തീപിടിച്ചുകഴിയുമ്പോൾ പൂട്ട് ഇളകി മാറുന്നുണ്ടോയെന്ന് നോക്കും. പൂട്ട് കൂടാതെ ഒന്നിലധികം കൊളുത്തുകളുണ്ടെങ്കിൽ കത്തിയഭാഗം തന്റെ തലയും ഉടലും കടക്കത്തക്ക വിധം കരിച്ച് വലുതാക്കും. ഇതിലൂടെ അകത്ത് കടന്ന് കവർച്ച നടത്തി നേരം പുലരുമ്പോഴേക്കും മടങ്ങും.

ഇത്തരം കവർച്ചയ്ക്കിടെ തീകത്തുന്നത് അയൽക്കാരും വഴിപോക്കരും കണ്ടതോടെ തന്റെ ശ്രമങ്ങൾ പരാജയപ്പെട്ട അനുഭവവും കൃഷ്ണൻകുട്ടിക്കുണ്ട്. ആറ്റിങ്ങൽ ചെമ്പൂരിൽ എക്സൈസ് ഇൻസ്പെകറുടെ വീടിന്റെ മുകൾ നിലയുടെ വാതിൽ കത്തി തീരാറായപ്പോഴാണ് അടുത്ത പറമ്പിൽ റബ്ബർ വെട്ടാനെത്തിയ ടാപ്പിങ് തൊഴിലാളി ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ കൃഷ്ണൻകുട്ടിയെ കണ്ടത്. പിടിയിലാകാതെ അന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഒരാഴ്ചയോളം പരതിയിട്ടും അനുയോജ്യമായ വീടൊന്നും കിട്ടാത്തതിനാൽ താൻ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടുടമയുടെ വീട് കവർച്ചയ്ക്കിരയാക്കിയ ചരിത്രവും കൃഷ്ണൻ കുട്ടിക്കുണ്ട്. ഇതിനിടെ നഗരൂർ വെള്ളംകൊള്ളിയിൽ ബേക്കറി ഇട്ടെങ്കിലും അത് എട്ടുനിലയിൽ പൊട്ടിയതോടെ വീണ്ടും മോഷണത്തിനിറങ്ങി.

പാചകക്കാരനായാണ് കൃഷ്ണൻകുട്ടി നാട്ടിൽ അറിയപ്പെടുന്നത്. വെകുന്നേരം തിരിയും എണ്ണയും ചന്ദനത്തിരിയുമായി പോയാൽ പിറ്റേന്ന് പുലർന്ന ശേഷമേ കൃഷ്ണൻകുട്ടി വീട്ടിലെത്തൂ. പാചകം കഴിഞ്ഞ് വരികയാണെന്നാണ് പറയും. കൈയിൽ കാര്യമായി എന്തെങ്കിലും തടഞ്ഞാൽ കൂട്ടുകാരുമായി നഗരത്തിലെ ഏതെങ്കിലും ലോഡ്ജിലെത്തും. ബക്കാർഡിയാണ് ഇഷ്ടപ്പെട്ട ബ്രാന്റ്. പണയസ്വർണം ലേലത്തിനെടുത്തതാണെന്ന മട്ടിൽ തൊണ്ടികളും ഇതിനിടെ പലസ്ഥലത്തായി വിൽക്കും. കൈയിലുള്ള പണം തീരും വരെ അടിച്ചുപൊളിക്കും. പണം തീരുമ്പോൾ വീണ്ടും പണി തുടങ്ങും.

കല്ലമ്പലത്തും കിളിമാനൂരും ആറ്റിങ്ങലും കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയുണ്ടായ ചില കവർച്ചകളിൽ നീലനിറത്തിലുള്ള ഒരു സ്‌കൂട്ടറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് പൊലീസിന് വഴിത്തിരിവായത്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് കല്ലമ്പലത്ത് ഒരു വീട്ടിൽ മോഷണം നടന്നു. നീല ആക്ടിവയിൽ വീടിനു മുന്നിലെ റോഡിൽ നിന്ന് ഒരാൾ പോകുന്നത് പാതി രാത്രിയിൽ നാട്ടുകാരിൽ ഒരാൾ കണ്ടു. ഇയാൾ പൊലീസിൽ സ്‌കൂട്ടർ നമ്പർ സഹിതം വിവരം നൽകി. ഇതേത്തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാളങ്ങളും പരിശോധിച്ചാണ് കോടാലിയെ വലയിലാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP