Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂര്യാ ടിവിയുടെയും അനുബന്ധ ചാനലുകളുടെയും പ്രവർത്തനം പൂർണമായും ചെന്നൈയിലേക്ക് മാറ്റാൻ നീക്കം; പ്രദേശിക ഭാഷാ ചാനലുകൾക്ക് സംസ്ഥാനങ്ങളിൽ ഓഫീസ് വേണമെന്ന നിയമമുള്ളതു കൊണ്ടു മാത്രം കാക്കനാട്ടെ ഓഫീസ് നിലനിർത്തും; ജീവനക്കാർ പെരുവഴിയിലാകും

സൂര്യാ ടിവിയുടെയും അനുബന്ധ ചാനലുകളുടെയും പ്രവർത്തനം പൂർണമായും ചെന്നൈയിലേക്ക് മാറ്റാൻ നീക്കം; പ്രദേശിക ഭാഷാ ചാനലുകൾക്ക് സംസ്ഥാനങ്ങളിൽ ഓഫീസ് വേണമെന്ന നിയമമുള്ളതു കൊണ്ടു മാത്രം കാക്കനാട്ടെ ഓഫീസ് നിലനിർത്തും; ജീവനക്കാർ പെരുവഴിയിലാകും

രഞ്ജിത് ബാബു

കണ്ണൂർ: സൺ നെറ്റ് വർക്കിന്റെ സൂര്യാ ടി.വി. ഉൾപ്പെടെയുള്ള അനുബന്ധ ചാനലുകളുടെ കേരളത്തിലെ പ്രവർത്തനം പൂർണ്ണമായും ചെന്നൈ ആസ്ഥാനത്തേക്കു മാറ്റാൻ നീക്കം. സൂര്യ ടിവി., കിരൺ ടി.വി., കൊച്ചു ടി.വി, സൂര്യ മ്യൂസിക്, എന്നിവയുടെ പ്രവർത്തനങ്ങൾ ഭൂരിഭാഗവും

ചെന്നൈയിലേക്ക് പറിച്ചു നട്ടു കഴിഞ്ഞു. ഇപ്പോൾ അവശേഷിക്കുന്നത് ടി.വി. പരമ്പരകൾ വാങ്ങുന്നതും കഥകൾക്കപ്പുറം എന്ന അരമണിക്കൂർ പരിപാടിയും സൂര്യ കോമഡിയിലെ സീനുകൾ ഏകീകരിക്കലും മാത്രമാണ്. പ്രാദേശിക ഭാഷാ ചാനലുകൾക്ക് അതതു സംസ്ഥാനത്ത് ഓഫീസുകൾ വേണമെന്ന നിയമമുള്ളതു കൊണ്ടു മാത്രമാണ് കൊച്ചിയിലെ കാക്കനാടുള്ള സൂര്യാ ടി.വി. ഓഫീസ് നില നിർത്തുന്നത്. അതിനാൽ പേരിനു മാത്രം പ്രവർത്തിക്കുന്ന ഒരു ഓഫീസും വിരലിലെണ്ണാവുന്ന ജീവനക്കാരുമായി ഒരു ഓഫീസ് നിലനിർത്തുക എന്ന
നിലപാടിലേക്കാണ് സൺ നെറ്റ് നീങ്ങുന്നത്.

കേരളത്തിൽ പതിനെട്ടു വർഷം പൂർത്തീകരിച്ച സൂര്യ ടി.വി ചാനലിലെ ജീവനക്കാരെ പരമാവധി ഒഴിവാക്കുകയായിരുന്നു കഴിഞ്ഞ അഞ്ചു വർഷമായി മാനേജുമെന്റ് ചെയ്തത്. അതിന്റെ ഭാഗമായാണ് വാർത്താ വിഭാഗം അടച്ചു പൂട്ടിയതും. കൊച്ചി ഓഫീസിനു മുന്നിൽ ഇന്നലെ ആരംഭിച്ച ജീവനക്കാരുടെ അനിശ്ചിതകാല സമരത്തോടെയാണ് സൺ നെറ്റ് വർക്കിന്റെ കീഴിലുള്ള മുഴുവൻ ചാനലുകളുടേയും നിയന്ത്രണം ചെന്നൈയിലേക്ക് കേന്ദ്രീകരിക്കുന്നത്. ചെന്നൈയിൽ സൺ നെറ്റ് വർക്കിന്റെ നിയന്ത്രണത്തിലുള്ള സൺ.ടി.വി., സൺ ന്യൂസ്, ചുട്ടി ടി.വി., സൺ മ്യൂസിക്ക്, എന്നിവയിലെ ജീവനക്കാർ ചെറിയ പ്രതിഷേധം പോലും നടത്തിയാൽ തൊട്ടടുത്ത ദിവസം തന്നെ പുറത്താക്കുകയാണ് പതിവ്. ഒരു മാധ്യമവും അവിടെ ഇവർക്കെതിരെ പ്രതികരിക്കാറില്ല.

കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള ഈ ചാനലുകളെല്ലാം ജോലി ചെയ്യുന്നവർക്ക് മാന്യമായ വേതനം പോലും നൽകാറില്ല. പൂർണ്ണമായും ശീതീകരിച്ച ഓഫീസും കാന്റീൻ സൗകര്യത്തിലും മയങ്ങി ഏറെക്കാലം ജോലി ചെയ്തവരുടെ സ്ഥിതി പോലും പരിതാപകരമാണ്. 6,000 രൂപയാണ് മഹാ ഭൂരിപക്ഷത്തിന്റേയും ശമ്പളം. എന്നാൽ മുകൾതട്ടിലുള്ളവർക്ക് ആഡംബരകാറും വീടും അഞ്ച് ലക്ഷത്തിലേറെ ശമ്പളവും മറ്റ് ആനുകൂല്യവും നൽകുന്നു. അവരെക്കാൾ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. മലയാളികളായ ഒട്ടേറെ
ജീവനക്കാർ ഇവരുടെ ചാനലുകളിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ അവരെ പീഡിപ്പിച്ചു നിർത്തുന്നതും മലയാളികളായ വകുപ്പു തലവന്മാരാണ്.

പാലക്കാടുകാരനായ ഒരു സിഇഒ യാണ് എല്ലാറ്റിനും ചുക്കാൻ പിടിക്കുന്നത്. വർഷങ്ങളായി ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ജീവനക്കാരെ രാപ്പകൽ ജോലി ചെയ്യിപ്പിക്കുന്നത് ഈ സിഇഒ യാണ്. അവധി ദിവസങ്ങളിലും ഡ്യൂട്ടി സമയത്തിനു ശേഷവും വേഷം മാറി തട്ടുകടകളിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർ ഏറെയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ ശ്ൃംഖലയും രാജ്യത്ത് ഏറ്റവും കൂടുതൽ എഫ്.എം. റേഡിയോ നെറ്റ് വർക്കും പ്രവർത്തിക്കുന്ന സൺ നെറ്റ് വർക്കിന്റെ ഉടമസ്ഥതയിലുള്ള
സ്ഥാപനങ്ങളിലാണ് ഇത്രയും വലിയ ചൂഷണം അരങ്ങേറുന്നത്.

ബിജെപി. നിയന്ത്രരണത്തിലുള്ള കേരളാ സ്റ്റേറ്റ് ടെലിവിഷൻ മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിലാണ് കൊച്ചിയിലെ സൂര്യാ ടി.വി. അനുബന്ധ ചാനലുകൾക്കു മുന്നിൽ സമരം നടക്കുന്നത്. ശമ്പള വർദ്ധനവ്, ശമ്പള പരിഷ്‌ക്കരണം, എന്നീ ആവശ്യങ്ങൾക്കു വേണ്ടി റീജണൽ ലാബർ കമ്മീഷണർക്ക് സമർപ്പിച്ച പരാതിയിൽ തീരുമാനമാകാത്തതിലാണ് സമരം. തുച്ഛമായ ശമ്പളത്തിൽ ചെന്നൈയിൽ പോയി ജോലി ചെയ്യാൻ തയ്യാറാവാത്ത തൊഴിലാളികളും സമരത്തിലുണ്ട്. ഈ മാസം എട്ടിന് സൂര്യാ ടി.വി.യിലെ കൊച്ചി ഓഫീസ് ലാബർ എൻഫോഴ്സ്മെന്റ് വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തൊഴിലാളികൾക്ക് അർഹതപ്പെട്ട അടിസ്ഥാന ശമ്പളം , ബോണസ,് എന്നിവ പോലും ലഭിക്കുന്നില്ലെന്ന് പരിശോധനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP