Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കശാപ്പ് നിരോധിച്ച കേന്ദ്ര ഉത്തരവ് വലിച്ചുകീറി ചവറ്റുകുട്ടയിൽ ഇടണമെന്ന് ആന്റണി; കശാപ്പിനായുള്ള കന്നുകാലി വിൽപന നിരോധനത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കരിദിനം പ്രഖ്യാപിച്ച് ചെന്നിത്തല; അടുക്കളയിൽ ആർഎസ്എസ് അജണ്ട വേണ്ടെന്ന് കെ മുരളീധരൻ

കശാപ്പ് നിരോധിച്ച കേന്ദ്ര ഉത്തരവ് വലിച്ചുകീറി ചവറ്റുകുട്ടയിൽ ഇടണമെന്ന് ആന്റണി; കശാപ്പിനായുള്ള കന്നുകാലി വിൽപന നിരോധനത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കരിദിനം പ്രഖ്യാപിച്ച് ചെന്നിത്തല; അടുക്കളയിൽ ആർഎസ്എസ് അജണ്ട വേണ്ടെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാറിന്റെ ഉത്തരവിന് കടലാസ് വില പോലുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ഉത്തരവ് വലിച്ചുകീറി ചവറ്റുകുട്ടയിൽ ഇടണമെന്നും എകെ ആന്റണി പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് ജവഹർലാൽ നെഹ്റു അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശാപ്പിനായി കാലിച്ചന്തയിൽ കന്നുകാലികളെ വിൽക്കരുതെന്ന നടപടിക്കെതിരെ തിങ്കളാഴ്ച യുഡിഎഫ് കരിദിനമാചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടുക്കളയിൽ ആർഎസ്എസ് അജണ്ട വേണ്ടെന്ന് പ്രഖ്യാപിച്ച് കെ മുരളീധരനും പ്രതികരിച്ചു. സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഇതോടെ ഒരുമിച്ച് കേന്ദ്ര നയത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

കശാപ്പ് നിരോധനമെന്ന് വ്യക്തമായ ആർഎസ്എസിന്റെ അജണ്ടയാണെന്ന് ആന്റണി പറഞ്ഞു. ഓരോരോ അജണ്ടകൾ പുറത്തെടുത്ത് രാജ്യത്ത് ധ്രുവീകരണം ഉണ്ടാക്കാനാണ് കേന്ദ്രസർക്കാരും ബിജെപിയും ശ്രമിക്കുന്നത്. സാമുദായിക ധ്രുവീകരണം നടത്താനായി കഴിഞ്ഞ മൂന്നു വർഷക്കാലത്തെ ബിജെപി സർക്കാറിന്റെ ശ്രമങ്ങളുടെ ഏറ്റവും അവസാനത്തെ ശ്രമമാണ് ഇപ്പോഴുള്ള കശാപ്പ് നിരോധനമെന്നും അദ്ദേഹം വിമർശനമുന്നയിച്ചു.കന്നുകാലി കശാപ്പ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവിൽ നാം പരിഭ്രമിക്കേണ്ട കാര്യമില്ല, ആ ഉത്തരവ് കേരളത്തിൽ നമ്മൾ വലിച്ചു കീറി ചവറ്റുകൂട്ടയിൽ ഇടണമെന്നാണ് തന്റെ അഭിപ്രായമെന്നും ഉത്തരവിന് നിയമത്തിന്റെ യാതൊരു വിധത്തിലമുള്ള പ്രാബല്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തിങ്കളാഴ്ച യുഡിഎഫ് കരിദിനമാചരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിക്കുകയും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്യും. മോദി സർക്കാരിന്റെ മൂന്നും, പിണറായി വിജയന്റെ ഒന്നും വാർഷികം ജനങ്ങൾക്കുമേൽ കരിനിയമങ്ങൾ അടിച്ചേൽപിക്കും വിധമാണെന്നു രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ജനങ്ങളുടെ അടുക്കളയിൽ പോലും കയറുന്ന ആർഎസ്എസ് അജൻഡ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ.മുരളീധരൻ എംഎൽഎയും പ്രതികരിച്ചു. നാൽക്കാലികളെ വിൽക്കുന്നതും വാങ്ങുന്നതും അതിന്റെ ഉടമസ്ഥരാണു തീരുമാനിക്കേണ്ടത്. പുതിയ നിയമം അനുസരിച്ചു കറവ വറ്റിയ പശുവിനെ ആരു വാങ്ങും? പ്രായോഗികത ഒന്നും പരിശോധിക്കാതെ വ്യക്തമായ അജൻഡ മുൻനിർത്തിയുള്ള നീക്കമാണ് ആർഎസ്എസിന്റെതെന്നും മുരളീധരൻ ആരോപിച്ചു.

ഇതു മനസിലാക്കാതെ ആർഎസ്എസിനെ വളർത്തുന്ന പ്രസ്താവനകളാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തുന്നത്. പ്രതിപക്ഷം ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകത സീതാറാം യച്ചൂരിക്കു മനസിലായെങ്കിലും പിണറായി വിജയനും പ്രകാശ് കാരാട്ടിനും ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന കോടിയേരിയുടെ പ്രസ്താവന ബിജെപിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസമാണു വെളിപ്പെടുത്തുന്നത്. കേരളത്തിൽ ഇല്ലാത്ത ആർഎസ്എസിനെ ഉണ്ടാക്കാനാണു കോടിയേരിയുടെ ശ്രമമെന്നും മുരളീധരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP