Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെറും മുപ്പതുവർഷം പഴക്കമുള്ള പള്ളി പൊളിച്ചു പണിയാൻ വികാരി കച്ചകെട്ടി ഇറങ്ങിയതിന് എതിരെ വൻ പ്രതിഷേധം; അച്ചന്റെ നീക്കം പൊളിക്കാൻ ഉറച്ച് ഭരണസമിതിയും രംഗത്തു വന്നതോടെ ഭോപ്പാലിലെ മാർത്തോമ്മാ പള്ളിയിൽ കൂട്ടത്തല്ല്; അച്ചനെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് കത്തയച്ച് വിശ്വാസികൾ

വെറും മുപ്പതുവർഷം പഴക്കമുള്ള പള്ളി പൊളിച്ചു പണിയാൻ വികാരി കച്ചകെട്ടി ഇറങ്ങിയതിന് എതിരെ വൻ പ്രതിഷേധം; അച്ചന്റെ നീക്കം പൊളിക്കാൻ ഉറച്ച് ഭരണസമിതിയും രംഗത്തു വന്നതോടെ ഭോപ്പാലിലെ മാർത്തോമ്മാ പള്ളിയിൽ കൂട്ടത്തല്ല്; അച്ചനെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് കത്തയച്ച് വിശ്വാസികൾ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: ഒട്ടും കേടുപാടില്ലാത്ത പഴയ പള്ളികൾ പൊളിച്ച് പുതിയവ പണിയുന്നതിനെ ചൊല്ലി സമീപകാലത്ത് സംസ്ഥാനത്ത് പലയിടത്തും വൻ പ്രതിഷേധം ക്രൈസ്തവ വിശ്വാസികൾക്കിടയിൽ ഉയർന്നിരുന്നു. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് പുതിയ പള്ളി പണിയുന്നതിനെ ചൊല്ലി ഭോപ്പാൽ സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ പള്ളിയിൽ ഉണ്ടായ സംഘർഷവും. ഏറെക്കാലമായി ഈ വിഷയത്തിൽ ഉണ്ടായ ചേരിതിരിവ് ഇന്നലെ (മെയ് 28) വിശ്വാസികൾ തമ്മിലുള്ള കൂട്ടയടിയിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു.

പള്ളി പൊളിച്ചു പണിയുന്നതിനായി നിലവിലെ വികാരി സാംസൺ സാമുവലിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനെ ചെറുത്തുകൊണ്ട് വലിയൊരു വിഭാഗം വിശ്വാസികളും രംഗത്തുവന്നിരുന്നു. കഴിഞ്ഞവർഷം അധികാരത്തിൽ വന്ന ഭരണസമിതിയും വികാരിയുടെ നീക്കങ്ങൾക്ക് എതിരായിരുന്നു. ഇതോടെയാണ് പള്ളി നിർമ്മിക്കണമെന്ന് ആവശ്യപ്പെടുന്നവരും പള്ളി പൊളിക്കരുതെന്ന് നിലപാടെടുത്തവരും തമ്മിൽ കയ്യാങ്കളിയിലേക്ക് കഴിഞ്ഞദിവസം കാര്യങ്ങൾ എത്തിയത്.

നിലവിലെ വികാരിയുടെ നേതൃത്വത്വത്തിലാണ് പള്ളിപണിയണമെന്ന ആവശ്യമുയർത്തി ഇടവകയിൽ കലാപമുണ്ടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിലവിലെ ഭരണസമിതി സെക്രട്ടറി പി കെ ഇടിക്കുളയുടെ നേതൃത്വത്തിൽ ഒരുവിഭാഗം ജോസഫ് മാർത്തോമ്മാ മെത്രോപ്പൊലീത്തയ്ക്ക് പരാതി നൽകിയത്. സഭയിലെ എല്ലാ ഉന്നത അധികാരികൾക്കും ഇതേ പരാതി സമർപ്പിച്ചിട്ടുമുണ്ട്. വികാരിയുടെ നേതൃത്വത്തിൽ വൻ അഴിമതിക്കാണ് കളമൊരുക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

2014 മെയ് മാസത്തിലാണ് സാംസൺ സാമുവൽ ഭോപ്പാൽ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വികാരിയായി എത്തുന്നതെന്നും തുടക്കത്തിൽ നല്ല നിലയിൽ പ്രവർത്തിച്ച വികാരിയുടെ സ്വഭാവം പിന്നീട് മാറിയെന്നും പരാതിയിൽ പറയുന്നു. പള്ളിക്കെട്ടിടം പൊളിച്ചുപണിയുന്നതിന് 2011ൽ ഒരു ആലോചന നടന്നിരുന്നു.

എന്നാൽ അന്ന് ഭൂരിഭാഗം ഇടവകാംഗങ്ങളും എതിർത്തതോടെ ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. എന്നാൽ പിന്നീട് 2013ൽ ഇത്തരത്തിൽ ഒരു നീക്കം നടക്കുകയും അംഗങ്ങളിൽ നിന്ന് 5000 രൂപവീതം പിരിക്കുകയും ചെയ്തു. പിന്നീട് ഫാദർ സാംസൺ വികാരിയായി എത്തിയതോടെ 2011ലെ തീരുമാനം മുന്നോട്ടുകൊണ്ടുപോകാനുള്ള നീക്കങ്ങൾ സജീവമാക്കി.

നിലവിലുള്ള കെട്ടിടം പൂർണമായും പൊളിച്ച് പുതിയത് നിർമ്മിക്കാനായിരുന്നു നീക്കം. ഇതോടെ വലിയൊരു വിഭാഗം വിശ്വാസികൾ ഇതിനെ എതിർത്ത് രംഗത്തുവന്നു. അഞ്ചരക്കോടി രൂപ ചെലവിൽ പുതിയ പള്ളി നിർമ്മിക്കാനുള്ള നീക്കത്തെ എതിർത്ത ഭൂരിപക്ഷം വിശ്വാസികളും പള്ളിയുടെ മുൻവശം മനോഹരമായി പുനർനിർമ്മിക്കുകയും മറ്റ് അത്യാവശ്യ നവീകരണങ്ങൾ വരുത്തുകയും ചെയ്താൽ മതിയെന്ന പക്ഷക്കാരായിരുന്നു. ഇത് ഒരുകോടിയിൽപ്പരം രൂപയിൽ താഴെ ചെയ്യാനാവുമെന്നും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ ഈ എതിർപ്പുകൾ അവഗണിച്ച് വികാരിയുടെ നേതൃത്വത്തിൽ നേരത്തേ തീരുമാനിച്ച പ്രകാരം മുന്നോട്ടുപോയി നഗരസഭയിൽ നിന്ന് അനുമതി നേടിയെടുത്തുവെന്ന് എതിർപക്ഷം പരാതിയിൽ ആരോപിക്കുന്നു. ഇതോടെ കഴിഞ്ഞതവണ വികാരിക്ക് എതിരെ നിലകൊണ്ട വിഭാഗമാണ് പള്ളി സമിതിയുടെ ഭരണത്തിൽ എത്തിയത്. ഇതോടെ പ്രശ്‌നങ്ങൾ രൂക്ഷമായി. പുതിയ പള്ളി നിർമ്മിക്കാൻ അനുമതി തേടി നൽകിയ അപേക്ഷയിൽ നിലവിൽ പള്ളിയോട് ചേർന്നുള്ള സ്‌കൂളും അനുബന്ധകെട്ടിടങ്ങളും ഉൾപ്പെടുത്താതിരുന്നതും വലിയ ചർച്ചയായി. ഇതിനിടെ മുൻ ഭരണസമിതി പള്ളി നിർമ്മിക്കാനെന്ന പേരിൽ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ പുതിയ ഭരണസമിതി ഇടപെട്ട് വിശ്വാസികൾക്ക് തിരികെ നൽകുകയും ചെയ്തിരുന്നു. ഇതെല്ലാം അച്ചനും ഭരണസമിതിയും തമ്മിലുള്ള ചേരിതിരിവിലേക്കാണ് ഇടവകയെ നയിച്ചത്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സഭാ മേലധികാരികൾക്ക് പള്ളിയിലെ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ പരാതി നൽകിയിരിക്കുന്നത്. വികാരിക്കെതിരെ ഗുരുതര ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി എന്നതിനാൽ വൈകാതെ വികാരിക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചനകൾ. വികാരിയെ ഉടനടി സ്ഥലം മാറ്റണമെന്ന ആവശ്യമാണ് ഇവർ ഉന്നയിച്ചിട്ടുള്ളത്. വികാരി ഇവിടെ നിൽക്കുന്നിടത്തോളം ഇടവകയിൽ കലാപം കൂടുകയേ ഉ്ള്ളൂവെന്നും പരാതിയിൽ കാര്യകാരണസഹിതം വ്യക്തമാക്കുന്നുണ്ട്.

ഇതോടെയാണ് വിഷയം വിശ്വാസികൾക്കിടയിൽ കൂടുതൽ ചർച്ചയാകുന്നതും ഇപ്പോൾ കയ്യാങ്കളിയിലേക്കുവരെ വന്നെത്തുന്നതും. പള്ളിയോട് ചേർന്നുള്ള അനധിക്യത സ്‌കൂൾ കെട്ടിടം പൊളിക്കണമെന്ന മുനിസിപ്പാലിറ്റിയുടെ ഉത്തരവ് വന്നതോടെ പള്ളിപണി പരിപാടികൾ അവതാളത്തിലായി. ഇതാണ് കഴിഞ്ഞ ഞായറാഴ്ച പള്ളയിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ കയ്യാങ്കളിയും തെറിവിളിയിലേക്കും വരെ എത്തിയത്.

300 ലധികം കുടുബാഗംങ്ങൾക്ക് അംഗത്വമുള്ള സെന്റ് പീറ്റെഴ്‌സ് പള്ളി പണിതത് 30 വർഷം മുമ്പാണ്. ഇത്രയും വർഷം മാത്രം പഴക്കമുള്ള കെട്ടിടം പുതുക്കിപ്പണിയുന്നത് എന്തിനെന്ന ചോദ്യമാണ് വിശ്വാസികളിൽ ഭൂരിഭാഗവും ഉന്നയിക്കുന്നത്. ഈ പള്ളി ആരാധന നടത്താൻ യോഗ്യമാല്ലെന്ന വാദവുമായി വികാരി സാംസൺ സാമുവൽ രംഗത്ത് വന്നതോടയാണ് ഇടവകയിൽ ചേരിതിരിവ് പ്രകടമായത്.

അഞ്ചരകോടി രൂപയുടെ ബജറ്റുമായി അച്ചൻ രംഗത്ത്് വന്നെങ്കിലും പള്ളിപൊളിച്ചു പുതിയ കെട്ടിടം പണിയുന്നതിന് എതിരായിരുന്നു. 185 ഇടവകാഗംങ്ങൾ സഭാമേലധികാരികൾക്ക് പള്ളി പൊളിക്കുന്നതിനെതിരെ പരാതി നൽകിയെങ്കിലും ഫാദർ സാംസൺ സാമുവൽ തന്റെ നീക്കങ്ങളുമായി മുന്നോട്ട് പോകയായിരുന്നു.

ഇന്നലെ വാർഷിക പൊതുയോഗം തുടങ്ങിയതോടെ അധ്യക്ഷത വഹിച്ച ഫാദർ സാമുവൽ സെക്രട്ടറി ഇടിക്കുളയെ വരവുചെലവ് കണക്ക് അവതരിപ്പിക്കാൻ ക്ഷണിച്ചു. ഇതിനിടെ പള്ളി നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട വിഷയം ആദ്യം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരാൾ എഴുന്നേറ്റു. നേരത്തേ തീരുമാനിച്ച അജണ്ടയ്ക്ക് പുറത്തുള്ള കാര്യങ്ങൾ പിന്നീട് ചർച്ചചെയ്യാമെന്നായി മറുവിഭാഗം. ഇതിന് അനുകൂലിക്കേണ്ട അധ്യക്ഷസ്ഥാനത്തുള്ള വികാരി പക്ഷേ ബഹളക്കാരെ തടയാൻ ശ്രമിക്കാതിരുന്നതോടെയാണ് സംഘർഷമുണ്ടായതെന്ന് ഇടിക്കുള മറുനാടനോട് വ്യക്തമാക്കി.

പള്ളിയോട്് ചേർന്നുള്ള സ്‌കൂൾ കെട്ടിടം പൊളിച്ച് വലിപ്പത്തിലുള്ള ഒരുകെട്ടിടം പണിയാനായിരുന്നു അച്ചനും കൂട്ടാളികളും നീക്കം നടത്തിയത് ഇതിനെതിരെ അജയ് എബ്രഹാം എന്ന വ്യക്തി കോടതിയെ സമീപിച്ചു. പുതിയ കെട്ടിടം നിർമ്മിക്കാനുള്ള അനുമതി ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷൻ നിഷേധിച്ചു. അംഗങ്ങളിൽ മിക്കവരും കാര്യമായ വരുമാനമില്ലാത്തവർ ആയതും പള്ളിപൊളിക്കലിനെതിരെ വൻ എതിർപ്പുണ്ടാകാൻ കാരണമാകുകയായിരുന്നു.

പള്ളിപണിയുടെ പേരിൽ ഇടവകാംഗങ്ങൾ തിരിഞ്ഞതോടെ ബഹുഭൂരിഭാഗവും വികാരിക്കെതിരായി. പിന്നീട് നടന്ന തിരഞ്ഞടുപ്പിൽ അച്ചനെ എതിർക്കുന്ന ലോബിയിൽപെട്ടവർ ഇടവക ഭാരവാഹികളായി. ഇതോടെ അച്ചൻെ സ്ഥപിത താൽപര്യങ്ങൾ നടക്കാതായി. ഡൽഹി ബിഷപ്പിൻെ സഹായത്തോടെ വികാരി പല നീക്കങ്ങളും നടത്തിയെക്കിലും ഒന്നും ഫലവത്തായില്ല. കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകൾ പാസാക്കാനായി വിളിച്ചു ചേർത്ത പൊതുയോഗമാണ് കുട്ടത്തല്ലിലും സംഘർഷത്തിലും കലാശിച്ചത്. സംഘർഷത്തെ തുടർന്ന് കണക്കുകൾ പാസ്സാക്കാനായില്ല.

വികാരിയെ നീക്കണമെന്ന ആവിശ്യപ്പെട്ട് ഭാരവാഹികൾ മർത്തോമ്മാ മെത്രപ്പൊലീത്തയടക്കമുള്ള നേതൃത്വത്തിന് പരാതി ബോധിപ്പിച്ചിരിക്കുയയാണ് ഇദ്ദേഹത്തെ ഒരുനിമിഷം പോലും വികാരി സ്ഥാനത്ത് നിർത്താനാവില്ലേന്നാണ് അവരുടെ പരാതി ഇടവക ഭാരവാഹികളുമായി ദൈനംദിന ആവശ്യങ്ങൾക്കു പോലും ചർച്ചചെയ്യാനോ സംസാരിക്കാനോ സാംസൺ സാമുവൽ തയ്യാറാവുന്നില്ലെന്നാണ് മെത്രാപ്പൊലീത്തയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്.

വൈസ് പ്രസിഡന്റ് ജോൺ കുര്യൻ, സെക്രട്ടറി പി.കെ ഇടിക്കുള, ട്രസ്റ്റിമാരായ ചാണ്ടി ജോർജ്, കെ.കെ പോത്തൻ തുടങ്ങിയ ഭാരവാഹികളായ എട്ട് പേരാണ് പരാതിയിൽ ഒപ്പിട്ടിരിക്കുന്നത്. ബുക്കും കണക്കും പാസ്സാക്കാത്ത സാഹചര്യത്തിൽ ഇടവകയുടെ ദൈനംദിന ചെലവുകൾക്ക് പോലും പണം ചെലവഴിക്കാനാവാത്ത സ്ഥിതി ഉണ്ടായതായി ഭാരവാഹികൾ പറഞ്ഞു.

കേരളത്തിൽ സമീപകാലത്തായി ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായത് വലിയ ചർച്ചയായിരുന്നു. പള്ളികൾ പുതുക്കിപ്പണിയുന്നതിലൂടെ കോടികളുടെ കമ്മീഷൻ നേടുന്നതിന് ശ്രമങ്ങൾ ആസൂത്രിതമായി നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. മുമ്പ് മാവേലിക്കരയിലും തലസ്ഥാനത്ത് പാറ്റൂരിലും പള്ളികൾ പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ആരോപണം ഉയർന്നിരുന്നു. മാവേലിക്കര കുറത്തിക്കാട് ജറുസലേം മാർത്തോമ്മ പള്ളിയുടെ മുറ്റത്ത് ടൈൽ പാകിയതിനെ ചൊല്ലി സംഘർഷത്തിൽ രാജി ഈപ്പൻ എന്ന വൈദികനെ ഇടവകയിൽപ്പെട്ട ഒരാൾ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചത് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

ടൈൽ പാകിയതിന് 65 ലക്ഷം രൂപ ചെലവാക്കിയിതിനെ ചോദ്യം ചെയ്ത എസ്.കെ തോമസ് എന്ന വ്യക്തിയാണ് പള്ളിക്കുള്ളിൽ വെച്ച് വൈദികനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം പാറ്റൂർ പള്ളി പുതുക്കിപ്പണിയുന്നതിനെതിരെ മുൻ വികാരി സത്യഗ്രഹമിരിക്കാൻ വരെ തുനിഞ്ഞതോടെയാണ് ആ ശ്രമവും പൊളിഞ്ഞത്. കഴിഞ്ഞ വർഷം ഡൽഹിക്കടുത്ത് ഗുഡ് ഗാവ് മാർത്തോമ്മ പള്ളിയിൽ പാഴ്സണേജ് പണിയുന്നതിനെ ചൊല്ലി കൂട്ടത്തല്ല് നടന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഭോപ്പാലിലും പള്ളി പണിയലിനെ ചൊല്ലി സംഘർഷം ഉണ്ടായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP