Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം പിടിക്കാൻ കച്ചകെട്ടിയെത്തിയ അമിത് ഷായ്ക്കു നേരിടേണ്ടിവന്നത് തമ്മിൽത്തല്ലും തൊഴുത്തിൽക്കുത്തുമായി നിൽക്കുന്ന നേതാക്കളെ; മാരാർജി ഭവന്റെ നിർമ്മാണ ചുമതലയും വി വി രാജേഷിന്റെ വീടിനു ചെലവായ കോടികളും പറഞ്ഞ് തമ്മിലടിച്ച് മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾ; കേരളത്തിൽ ഇനിയും താമരകൾ വിരിയണമെങ്കിൽ ആർഎസ്എസിനു ചുമതല നൽകേണ്ടിവരുമെന്നു കേന്ദ്ര നേതൃത്വം

കേരളം പിടിക്കാൻ കച്ചകെട്ടിയെത്തിയ അമിത് ഷായ്ക്കു നേരിടേണ്ടിവന്നത് തമ്മിൽത്തല്ലും തൊഴുത്തിൽക്കുത്തുമായി നിൽക്കുന്ന നേതാക്കളെ; മാരാർജി ഭവന്റെ നിർമ്മാണ ചുമതലയും വി വി രാജേഷിന്റെ വീടിനു ചെലവായ കോടികളും പറഞ്ഞ് തമ്മിലടിച്ച് മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾ; കേരളത്തിൽ ഇനിയും താമരകൾ വിരിയണമെങ്കിൽ ആർഎസ്എസിനു ചുമതല നൽകേണ്ടിവരുമെന്നു കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പേ കേരളത്തിലെ പാർട്ടിയെ ശക്തിപ്പെടുത്തി പരമാവധി സീറ്റ് പിടിച്ചെടുക്കാനുള്ള പദ്ധതികളൊരുക്കാനാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മൂന്നുദിവസം കേരളത്തിൽ തമ്പടിച്ചത്. പക്ഷേ, കേരളത്തിലെ മുതിർന്ന നേതാക്കളുമായുള്ള ചർച്ചയിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടായെന്നാണ് സൂചന.

വർഷങ്ങളായി പ്രമുഖ നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന ചേരിപ്പോരാണ് അമിത് ഷായ്ക്ക് തലവേദന സൃഷ്ടിച്ചതെന്നാണ് സൂചന. നേതാക്കളെ മാറിമാറി ചർച്ചയ്ക്കു വിളിച്ചിട്ടും തർക്കങ്ങൾ പരിഹരിക്കാനോ, പരാതിക്കാരെ സംതൃപ്തരാക്കാനോ അമിത് ഷായ്ക്ക് കഴിഞ്ഞില്ല. 'നിങ്ങൾ ഭിന്നിച്ചു നിൽക്കാതെ, ഒരുമിച്ചുനിന്ന് ഭാരതത്തിനുവേണ്ടി പോരാടു'-എന്ന് ആഹ്വാനം ചെയ്ത ശേഷമാണ് ദേശീയ അധ്യക്ഷൻ മടങ്ങിയതെന്നും ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന രാജ്യപര്യടനത്തിന്റെ ഭാഗമായാണ് അമിത്ഷാ കേരളത്തിലും എത്തിയത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി അദ്ദേഹം സംസ്ഥാന ഭാരവാഹികൾ, സംഘപരിവാർ നേതാക്കൾ, ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, പാർലമെന്റ് മണ്ഡലം ചുമതലക്കാർ എന്നിവരുമായി ചർച്ച നടത്തി.

പലതവണ കേന്ദ്രത്തിന് മുന്നിലെത്തിയ പരാതികൾ ഇരുചേരിയിലുമുള്ള നേതാക്കൾ വീണ്ടും ദേശീയ സെക്രട്ടറിക്കുമുന്നിൽ അവതരിപ്പിച്ചുവെന്നാണ് വിവരം. പാർട്ടിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസായ മാരാർജി ഭവന്റെ തറക്കല്ലിടലായിരുന്നു അമിത് ഷായുടെ സന്ദർശനത്തിലെ പ്രധാന പരിപാടികളിലൊന്ന്.

മാരാർജി ഭവൻ നിർമ്മാണത്തിന്റെ പേരിലുള്ള തർക്കം വളരെ നാളായി പാർട്ടിക്കുള്ളിലുണ്ട്. അമ്പത് കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിട നിർമ്മാണത്തിന്റെ ചുമതല ആരെ ഏൽപ്പിക്കണം എന്നതു സംബന്ധിച്ചാണ് ഇരുഗ്രൂപ്പുകളും തമ്മിലുള്ള തർക്കം. മുൻ സംസ്ഥാനാധ്യക്ഷൻ പി കെ കൃഷ്ണദാസ് പക്ഷക്കാരനായ ജനറൽ സെക്രട്ടറി എം ടി രമേശിനാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്.

അഴിമതി വിരുദ്ധൻ എന്ന പ്രതിച്ഛായയുള്ളതുകൊണ്ടാണ് സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ നിർമ്മാണച്ചുമതല എം ടി രമേശിനെ ഏൽപ്പിച്ചത്. അപ്പോൾ മറ്റുള്ളവരെല്ലാം അഴിമതിക്കാരാണോ എന്ന ചോദ്യമുയർത്തി അതിനെ നേരിടുകയാണ് കെ സുരേന്ദ്രൻ, വി വി രാജേഷ് എന്നിവരുൾപ്പെട്ട വി മുരളീധര വിഭാഗം.

അഴിമതിക്കാർ നിറഞ്ഞതാണ് മുരളീധര വിഭാഗം എന്നുതന്നെയാണ് കൃഷ്ണദാസ് പക്ഷത്തിന്റെ മറുപടി. തലസ്ഥാന നഗരത്തിൽ വി വി രാജേഷ് നിർമ്മിച്ച പടുകൂറ്റൻ വീടിനെ ഉയർത്തിക്കാട്ടിയാണ് കൃഷ്ണദാസ് പക്ഷം പ്രതിരോധിക്കുന്നത്. വഞ്ചിയൂരിൽ രാജേഷ് നിർമ്മിച്ച വീടിന് അഞ്ചുകോടിയോളം രൂപ ചെലവഴിച്ചുവെന്ന് ഇവർ പ്രചരിപ്പിക്കുന്നു. ഇതിനുള്ള സാമ്പത്തികം രാജേഷിന് എവിടെനിന്ന് ലഭിച്ചുവെന്ന് അന്വേഷിക്കണമെന്ന ആവശ്യമാണ് കൃഷ്ണദാസ് പക്ഷം ഇപ്പോൾ അമിത്ഷായ്ക്ക് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.

എന്നാൽ മെഡിക്കൽ കോളേജുകൾക്ക് എൻഎഒസി വാങ്ങി നൽകാമെന്നു വാഗ്ദാനംചെയ്ത് പണംതട്ടിയത് എംടി രമേശിന്റെ അനുയായിയായ നേതാവാണെന്ന ആരോപണമുന്നയിച്ചാണ് വി മുരളീധരപക്ഷം പ്രത്യാക്രമണം നടത്തുന്നത്. രമേശിനും ഇതിൽനിന്ന് പങ്ക് കിട്ടിയതായും ഇവർ ആരോപിക്കുന്നു. ഇത്തരക്കാർക്ക് മാരാർജി ഭവന്റെ പേരിൽ പണം അടിച്ചെടുക്കുമെന്നും മുരളീധരപക്ഷം ആരോപിക്കുന്നു. രമേശിൽനിന്ന് മാറ്റി വി മുരളീധരന് നിർമ്മാണച്ചുമതല നൽകണമെന്നാണ് മുരളീധരപക്ഷത്തിന്റെ ആവശ്യം.

കേന്ദ്രഭരണത്തിന്റെ മറവിൽ പല നേതാക്കളും സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന ആരോപണം രണ്ടുവർഷമായി പാർട്ടിക്കുള്ളിലുണ്ട്. പരസ്പരം ആരോപണമുന്നയിച്ച് ഇരുവിഭാഗവും കേന്ദ്രത്തിന് പലതവണ പരാതി നൽകിയിട്ടുണ്ട്.

കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ചില മെഡിക്കൽ കോളേജുകൾക്ക് കേന്ദ്രസർക്കാരിന്റെ എൻഒസി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചില നേതാക്കൾ പണം തരപ്പെടുത്തിയെന്നതാണ് അതിൽ പ്രധാനം. വി മുരളീധരൻ, കെ സുരേന്ദ്രൻ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ ആക്ഷേപം ഉയർന്നത്. അതുപിന്നീട് എംടി രമേശിനും അനുയായികൾക്കും എതിരേയാക്കി മറുവിഭാഗം തിരിച്ചടിച്ചു.

സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരനെ നോട്ടമിട്ടാണ് വി മുരളീധരപക്ഷം നീങ്ങുന്നത്. കുമ്മനം പാർട്ടിയെ നയിക്കാൻ പ്രാപ്തനല്ലെന്നാണ് അവരുടെ വിമർശനം. അതേസമയം ഒരു പക്ഷത്തും നിൽക്കാതെ പാർട്ടിക്കുവേണ്ടി നിൽക്കുന്ന കുമ്മനം വരുംനാളുകളിൽ കൂടുതൽ ഒറ്റപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്. വീണ്ടും സംസ്ഥാന അധ്യക്ഷപദവി പിടിക്കാനുള്ള കരുക്കളാണ് വി മുരളീധരനും പി കെ കൃഷ്ണദാസും നീക്കുന്നത്.

ആർഎസ്എസിന്റെ നിയന്ത്രണമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് കേരളത്തിലെ പാർട്ടിയിൽ ഇത്രയും കുഴപ്പങ്ങൾ ഉണ്ടാകുന്നത് എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ ബിജെപിയേക്കാൾ മുകളിൽ ആർഎസ്എസിനെ കൊണ്ടെത്തിക്കണമെന്നും കേന്ദ്രനേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കേരളം പോലുള്ള വിദ്യാസമ്പന്നമായ ഒരു സംസ്ഥാനത്ത് ആർഎസ്എസിന്റെ തീവ്രനിലപാടുകൾ തിരിച്ചടിയാകുമെന്നാണ് സംസ്ഥാനഘടകത്തിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP