Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ എം മാണിയെ മുഖ്യമന്ത്രിയാകാൻ എൽഡിഎഫ് ക്ഷണച്ചിരുന്നു; പദവി നിരസിച്ചതിനുള്ള സമ്മാനമായിരുന്നു ബാർകോഴ വിവാദം; വെളിപ്പെടുത്തലുമായി കേരളാ കോൺഗ്രസ് മുഖപത്രം പ്രതിച്ഛായ; 'ഭീഷ്മരെ വീഴ്‌ത്താൻ ശിഖണ്ഡി പ്രത്യക്ഷപ്പെട്ടതു പോലെയായിരുന്നു ബിജു രമേശിന്റെ രംഗപ്രവേശ'മെന്നും എഡിറ്റോറിയൽ

കെ എം മാണിയെ മുഖ്യമന്ത്രിയാകാൻ എൽഡിഎഫ് ക്ഷണച്ചിരുന്നു; പദവി നിരസിച്ചതിനുള്ള സമ്മാനമായിരുന്നു ബാർകോഴ വിവാദം; വെളിപ്പെടുത്തലുമായി കേരളാ കോൺഗ്രസ് മുഖപത്രം പ്രതിച്ഛായ; 'ഭീഷ്മരെ വീഴ്‌ത്താൻ ശിഖണ്ഡി പ്രത്യക്ഷപ്പെട്ടതു പോലെയായിരുന്നു ബിജു രമേശിന്റെ രംഗപ്രവേശ'മെന്നും എഡിറ്റോറിയൽ

കോട്ടയം: കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിനെ അട്ടിമറിക്കാൻ വേണ്ടി കെ എം മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ശ്രമിച്ചുവെന്ന ആരോപണങ്ങൾ ശരിവെച്ചു കൊണ്ട് കേരളാ കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായ രംഗത്ത്. മുഖ്യമന്ത്രി പദം കെ എം മാണി നിരസിക്കുകയായിരുന്നു എന്നാണ് കേരള കോൺഗ്രസ് മുഖമാസികയായ പ്രതിഛായയിലെ എഡിറ്റോറിയൽ പറയുന്നത്. മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ശ്രമം നടത്തിയെന്ന് നേരത്തെ മന്ത്രി ജി സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തിന് പിന്നാലെയാണ് പ്രതിച്ഛായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി പദം നിരസിച്ചതിനുള്ള സമ്മാനമായിരുന്നു ബാർകോഴ വിവാദമെന്നും എഡിറ്റോറിയലിലുണ്ട്. ഇതാദ്യമായാണ് കേരള കോൺഗ്രസ് മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള വാഗ്ദാനം എൽഡിഎഫിൽ നിന്ന് ലഭിച്ചുവെന്ന് സ്ഥിരീകരിച്ചത്. മന്ത്രി ജി.സുധാകരൻ അടക്കം എൽഡിഎഫ് മാണിക്ക് ചില ഓഫർ വച്ചിരുന്നുവെന്ന് പറഞ്ഞപ്പോഴും അത് ശരിവെക്കാനോ നിരസിക്കാനോ ഇതുവരെ കേരള കോൺഗ്രസ് തയാറായിരുന്നില്ല.

ആർക്കും നന്മവരണമെന്നാഗ്രഹിക്കുന്ന ഒരു നല്ല മനുഷ്യനാണ് മന്ത്രി ജി.സുധാകരൻ. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം ഉള്ളിൽ കള്ളമില്ലാത്തതിന്റെ തെളിവാണെന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയൽ തുടങ്ങുന്നത് തന്നെ. 'ചില നേതാക്കൾക്ക് കെ.എം മാണിയെ വീഴ്‌ത്തണമായിരുന്നു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും താരത്തിളക്കമുള്ള നേതാവിനെ വീഴ്‌ത്തിയാൽ കോൺഗ്രസ് പൂർവ്വാധികം ശക്തിപ്പെടുമെന്നവർ ദിവാസ്വപ്നം കണ്ടു. അങ്ങനെയാണ് ബാർകോഴ വിവാദം അവതരിക്കുന്നത്. മഹാഭാരതയുദ്ധത്തിൽ ഭീഷ്മരെ വീഴ്‌ത്താൻ ശിഖണ്ഡി പ്രത്യക്ഷപ്പെട്ടതുപോലെയായിരുന്നു ബിജു രമേശിന്റെ രംഗപ്രവേശം.

പ്രതികാര ബുദ്ധിയായിത്തീർന്ന ഒരു മദ്യ വ്യാപാരിക്ക് അത്തരമൊരു റോൾ അഭിനയിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. ബാർകോഴ വിവാദം ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പറഞ്ഞപ്പോൾ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചുകൊണ്ട് മുന്നണി വിട്ടുവരാൻ ശക്തമായ പ്രലോഭനമുണ്ടായിട്ടും അതിനെ ചെറുത്തുനിന്ന് ഐക്യമുന്നണി സംവിധാനത്തെ രക്ഷിച്ചതാണോ കെ.എം മാണി ചെയ്ത കുറ്റമെന്ന് പ്രതിഛായ ചോദിക്കുന്നു.

അന്ന് അതിന് അദ്ദേഹം വഴങ്ങിയിരുന്നെങ്കിൽ കേരളത്തിന്റെ രാഷ് ട്രീയ ചിത്രം മറ്റൊന്നാകുമായിരുന്നില്ലേ. ഉപ്പു തിന്നവൻ വെള്ളം കുടിക്കേണ്ടി വരും. കാൽനൂറ്റാണ്ടു കാലം മന്ത്രിസ്ഥാനം വഹിച്ചിട്ടും യാതൊരു ആരോപണത്തിനും വിധേയനാകാതെ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമമാതൃകയായി പരിണമിച്ച കെഎം മാണിയുടെ നെഞ്ചിൽ ഇത്ര നിർഭയമായി കഠാരയിറക്കിയ രാഷ്ട്രീയ ബ്രൂട്ടസുമാർക്ക് കാലം മാപ്പു നൽകില്ല എന്ന് പറഞ്ഞാണ് എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്.

അതേസമയം അനൗദ്യോഗികമായി അത്തരം നീക്കങ്ങൾ നടന്നെങ്കിലും ഔദ്യോഗികമായി അന്ന് കേരളാ കോൺഗ്രസ്സിൽ അത്തരത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ്സ് നേതാവ് ആന്റണി രാജു പറഞ്ഞു. രണ്ട് വർഷം മുഖ്യമന്ത്രിയാകാനാവില്ലെന്ന് അറിഞ്ഞതോടെയാണ് മാണി ഈ നീക്കം ഉപേക്ഷിച്ചത് എന്നും ആന്റണി രാജു പറഞ്ഞു. ഇടതുമുന്നണിയുമായി അടുക്കാനുള്ള നീക്കമാണോ ഇതെന്നു സംശയിക്കുന്നു എന്നും ആന്റണിരാജു കൂട്ടിചേർത്തു.

അന്ന് താനാണ് ഈ ചർച്ചകൾക്ക് മുൻകൈയെടുത്തതെന്ന വാദം പി.സി ജോർജ്ജ് ആവർത്തിച്ചു. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെ മാണി മുഖ്യമന്ത്രിയാകാൻ യോഗ്യനാണ് എന്ന് മുൻപ് പറഞ്ഞതാണെന്നും അത്തരം നീക്കങ്ങൾ നടന്നിരുന്നു എന്നും കേരളാ കോൺഗ്രസ്സ് എം നേതാവ് ജോസഫ് എം പുതുശ്ശേരി പറഞ്ഞു. അതേസമയം അത്തരത്തിൽ ഒരു വാഗ്ദാനവും എൽ.ഡി.എഫ് നൽകിയിട്ടില്ലെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പ്രതികരിച്ചു. സി.പി.എം നേതാവ് വി.എൻ വാസവനും അത്തരത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP