Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചോര വീണ തെരുവോരങ്ങൾ

ചോര വീണ തെരുവോരങ്ങൾ

ദ്യത്തെ അടി മണിയൻ പിള്ള (ടി.കെ.ബാലകൃഷ്ണൻ നായർ) യുടെ നെറുകം തലയ്ക്കായിരുന്നു.

ആ ലാത്തി ഒടിഞ്ഞു. രണ്ടുമൂന്നിഞ്ച് നീളത്തിൽ തല പൊട്ടി. ലാത്തിയുടെ ഒരു കഷണവും ചോരയിൽ മുങ്ങിയ കുറെ മുടിയിഴകളും കൂടി എന്റെ തോളിലേയ്ക്കു വീണു.

മണിയൻ പിള്ളയോടു തൊട്ടുരുമ്മിയാണ് ഞാനിരുന്നത്. അതിനടുത്തായി ആനിക്കാട്ടുകാരൻ നാരായണൻ കുഞ്ഞി, പിന്നെ അടൂപ്പറമ്പിൽ നിന്നും വന്ന കൊച്ചുമുഹമ്മദ്, പെരുമ്പിള്ളിച്ചിറയിലുള്ള നെല്ലിശ്ശേരി വീട്ടിലെ മുഹമ്മദ്, അടൂപ്പറമ്പിലെത്തി മെച്ചിക്കുളത്തു നിന്നും വിവാഹം ചെയ്ത് അവിടെ താമസമാക്കിയ ആളാണ്.

ഇരുപത്തെട്ടുപേരാണ് ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നത്. ലീഡർ മണിയൻ പിള്ളയാണ്.

70 ലെ ട്രാൻസ്‌പോർട്ട് സമരം 614 പേരെ പിരിച്ചു വിട്ടതിനെതിരെ സിപഐ(എം) ആഹ്വാനം ചെയ്ത പിക്കറ്റിങ്. ഞങ്ങളിരുന്നത് കെഎസ്ആർടിസിയുടെ മൂവാറ്റപുഴ ബസ് സ്റ്റാന്റിനു മുമ്പിലെ റോഡിനു നടുക്ക്.

സ.പി.എം.മക്കാരിന്റെ ബാച്ച് വെള്ളൂർക്കുന്നത്തും സ.ടി.എം.മീതിയന്റെ നേതൃത്വത്തിലുള്ള സഖാക്കൾ കച്ചേരിത്താഴത്തുമാണ് അണിനിരന്നത്.
അന്നുണ്ടായിരുന്ന വലിയ ആൽമരത്തിന്റെ പൊട്ടിപ്പൊളിഞ്ഞ തറയിലെ ഒരു കല്ലിൽ സ.എസ്‌തോസ് കയറി നിന്നു.

സമരത്തിന്റെ ആവശ്യകത വിശദീകരിച്ചു. വന്നവരെ മൂന്നു ബാച്ചായി പേരു വിളിച്ച് മാറ്റി നിർത്തി നിർദ്ദേശങ്ങൾ തന്നു.

'സഖാക്കളെ ഇതു വെറുതെയൊരു പിക്കറ്റിംഗല്ല. പൊലീസുകാരു വന്നു ആംഗ്യം
കാണിക്കുമ്പോഴെ എഴുന്നേറ്റു പോകുന്ന ഒന്നല്ല. പരസ്പരം കൈകോർത്ത് റോഡിനു നടുവിലിരിക്കണം. ഒരു വണ്ടിയും കടത്തിവിടരുത്. പൊലീസ് ബലപ്രയോഗം നടത്തട്ടെ അവരടിക്കട്ടെ ആകാവുന്നത്ര നമുക്കുപിടിച്ചു നിൽക്കാനാവണം.'
എസ്‌തോസിന്റെ നിർദ്ദേശമനുസരിച്ച് ഞങ്ങൾ കൈകോർത്ത് നല്ല ഉശിരോടെ എരിപൊരി മുദ്രാവാക്യങ്ങളുമായി റോഡിൽ കുത്തിയിരുന്നു.

ഇരുപത്തെട്ടു പേരേയുള്ളെങ്കിലും ഒരു രണ്ടായിരം പേരുടെ ചൂടും ചൂരുമായി ഞങ്ങൾ പൊലീസിനെ വെല്ലുവിളിച്ചു.

പൊലീസുകാർ പത്തുനാല്പതു പേരുണ്ടാവും. കൊന്നേ അടങ്ങൂ എന്ന വാശിയിലായി അവരും.

ആ സമയത്താണ് സമരപോരാളികളിൽ ഒരാളുടെ കാലിൽ മസിലുകേറിയത്. ആ സഖാവ് വാവിട്ടു കരഞ്ഞു. അയാളെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നാലുപേർ ചേർന്ന് എടുത്തുപൊക്കി. രണ്ടുപേർ യാതൊരാവശ്യവുമില്ലാതെ സഹായികളായി അവർക്കൊപ്പം കൂടി.

അങ്ങനെ ഏഴുപേർ അപ്രത്യക്ഷരായി. ബാക്കി 21 പേരെ പൊലീസ് അച്ചാലും മുച്ചാലും തല്ലി. സ.മണിയൻപിള്ളയുടെ തല തല്ലിപ്പൊളിച്ചു. അടൂപ്പറമ്പിലെ കൊച്ചുമുഹമ്മദിന്റെ കഴുത്തിൽ ചുറ്റിയിരുന്ന തോർത്തുമുണ്ട് വലിയ അപകടം ചെയ്തു. രണ്ടുപൊലീസുകാർ അതിൽ പിടുത്തമിട്ടു. കൊച്ചുമുഹമ്മദിനു അനങ്ങാനായില്ല. ആപാദചൂഡം അടി... തൊഴി... നാരായണൻ കുഞ്ഞിയുടെ തലപൊളിഞ്ഞു രക്തം കീഴോട്ടൊഴുകി, താടിയിൽ നിന്നും ഇറ്റിറ്റു വീണു.

ഞങ്ങൾ നാലുപേർ കൈയോടു കൈ പിടിച്ച് റോഡിൽ കമിഴ്ന്നു കിടന്നു. ആറേഴു പൊലീസുകാർ ഇടംവലം നിന്ന് പാമ്പിനെ തല്ലുംപോലെ തല്ലി.
പൊലീസുകാർ എങ്ങിനെയോ രണ്ടുപേർ നിലംപൊത്തി. ഒരാളുടെ ചുണ്ടുപൊട്ടി. രണ്ടുപല്ലുപോയി. മറ്റെയാളുടെ വലതുകൈയുടെ കൊഴതെറ്റിക്കേറി.
ഞങ്ങളെ 21 പേരെയും പൊക്കിയെടുത്തു വണ്ടിയിൽ കേറ്റാൻ പൊലീസ് നന്നായി പണിയെടുത്തു. പൊലീസ് സ്റ്റേഷന്റെ മുമ്പിലെ പ്ലാവിന്റെ ചോട്ടിൽ വണ്ടി നിർത്തി. അടിച്ചും തൊഴിച്ചും ഞങ്ങളെ തള്ളി താഴെയിട്ടു.

സ.മണിയൻ പിള്ള വയറുവേദന കൊണ്ട് കിടന്നുപുളഞ്ഞു. ഞങ്ങൾ ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ചലറി. സഖാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാത്ത പൊലീസിനെ എറിയാൻ കല്ലുകൾ തപ്പിയെടുത്തു.
ഒന്നും വേണ്ടി വന്നില്ല. മൂന്നുപൊലീസുകാർ ചേർന്ന് സഖാവിനെ താങ്ങിയെടുത്താശുപത്രീലേയ്ക്കു കൊണ്ടുപോയി.

ആ സമയം സ.ടി.എം.മീതിയന്റെ ബാച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് നടത്തിക്കൊണ്ടുവന്നു.

പക്വതയില്ലാതെയോ മര്യാദകേടായോ അരവാക്കു പോലും ആരോടും സംസാരിക്കാത്ത വിനയാന്വിതനായ സ.ടി.എമ്മിനെ അതിക്രൂരമായി പൊലീസ് കച്ചേരിത്താഴത്തിട്ടു തല്ലിച്ചതച്ചിരുന്നു. അതു തടയാനെത്തിയ ആഫീസ് സെക്രട്ടറി മാത്തനെയും കണ്ടമാനം തല്ലി.

സ.പി.എം.മക്കാരിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സഖാക്കൾക്കാർക്കും തല്ലുകൊണ്ടില്ല. പൊലീസ് അവിടെ മാത്രം സംയമനം പാലിച്ചു. അവരെയെല്ലാവരേയും അറസ്റ്റുചെയ്ത് ഒരു വാനിൽ കയറ്റി ഞങ്ങൾക്കൊപ്പം ഇറക്കിവിട്ടു.

ആരും പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. പൊലീസൊന്നും തരാനും തയ്യാറായില്ല.
ഞങ്ങൾ സർക്കാരിനും പൊലീസിനുമെതിരെ മുദ്രാവാക്യം വിളി ആരംഭിച്ചു.
ട്രാൻസ്‌പോർട്ട് മന്ത്രി കെ.എം.ജോർജ്ജിനെതിരെ നിലയ്ക്കാത്ത മുദ്രാവാക്യം വിളിയായി.

ഹോ !!! എന്നായിരുന്നു ബഹളം. പൊലീസ് സ്റ്റേഷനും പരിസരവും കിടുങ്ങുവിറച്ചു.

'നിർത്തെടാ പട്ടികളെ' എസ്‌ഐ അലറി. എസ്‌ഐയുടെ നേതൃത്വത്തിൽ ഏഴെട്ടുപൊലീസുകാർ ഞങ്ങൾക്കുനേരെ കുതിച്ചെത്തി.

'ആരെടോ താൻ' സ.ടി.എം.മീതിയന്റെ വിശ്വരൂപം ഞാനന്നുകണ്ടു എസ്‌ഐ നിശബ്ദനായി.

'ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണ്. കൊള്ളക്കാരല്ല, പിടിച്ചു പറിക്കാരല്ല. ഞങ്ങടെ പത്തറുന്നൂറ് തൊഴിലാളി സഖാക്കളെ നിങ്ങടെ സർക്കാർ പിരിച്ചുവിട്ടു. അതിനെതിരാണീ സമരം, രാവിലെ മുതൽ കണ്ണിൽക്കണ്ട ഓരോ സഖാവിനെയും തല്ലി. പിന്നെ ഞങ്ങളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. ഇവിടെ കൊണ്ടുവന്നു തള്ളി. പച്ചവെള്ളം പോലും തരാതെ ഇനീം ഞങ്ങളെ തല്ലാനാണോ ഭാവം എന്നാൽ കാണട്ടെ. തനിക്ക് ധൈര്യമുണ്ടെങ്കിൽ ഞങ്ങളിലൊന്നിനെ തൊട് തൊട്ടാൽ ചത്താലും വേണ്ടില്ല ഞങ്ങള് തിരിച്ചു തല്ലും.'

ഒരു വിദ്യുത്പ്രവാഹം പോലെ ഞങ്ങൾ ആവേശഭരിതരായി.

'ഞങ്ങളെയൊന്നിനെ തൊട്ടെന്നാൽ
നിങ്ങൾ രണ്ടുപേരൊപ്പം വീഴും.
തല്ലാമെങ്കിൽ തല്ലി നോക്ക്.
തിരിച്ചടിക്കും കട്ടായം'

എസ്‌ഐയും കൂട്ടരും വന്നതുപോലെ തിരിയെ കയറിപ്പോയി. അന്തിവെയിൽ കെട്ടടങ്ങാറായി. സൂര്യൻ പടിഞ്ഞാറേയ്ക്കുള്ള യാത്ര ആരംഭിച്ചു. ലാത്തിയടിയുടെ പൊള്ളൽ വേദനയുടെയും മുറിവുകളുടെ നീറ്റലിന്റെയും ശക്തി കുറഞ്ഞുവന്നു. മൂവാറ്റുപുഴയാറിനെ തഴുകി കടന്നുവന്നൊരു കാറ്റ് സമരസഖാക്കളെ തൊട്ടുരുമ്മി കടന്നുപോയി. നിലയ്ക്കാത്ത മർദ്ദനങ്ങളുടെ പെരുമ്പറയൊച്ചയും പ്രാണൻ തല്ലിപ്പിടിഞ്ഞുള്ള നിലവിളിയും അനേകനാളായി കേട്ടു തഴമ്പിച്ച സ്റ്റേഷന്റെ മുറ്റത്തെ വരിക്കപ്ലാവ് ഞങ്ങളെ നോക്കി ഇലകൾ അനക്കി പുഞ്ചിരി തൂവി.

ഞങ്ങളെ മജിസ്‌ട്രേറ്റിന്റെ മുമ്പിൽ രാത്രി ഹാജരാക്കി, സബ് ജയിലിൽ റിമാന്റ് ചെയ്യാനുള്ള നീക്കത്തിൽ നിന്നും പൊലീസ് പിൻവാങ്ങി. അടിയുടെ പാടും മുറിവുകളും മജിസ്‌ട്രേറ്റിനെ കാട്ടിക്കൊടുത്ത് പൊലീസിനെതിരെ സ്റ്റേറ്റ്‌മെന്റു കൊടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ.

'സ്വന്തം ജാമ്യത്തിൽ വിട്ടയക്കുന്നു സമൻസു വരുമ്പോൾ ഹാജരായാൽ മതി.'
റിട്ടയർമെന്റിനു സമയമടുത്ത ഒരു ഹെഡ് കോൺസ്റ്റബിൾ അറിയിച്ചു.

സ.ടി.എം.മീതിയൻ ഒരു ചെങ്കൊടിയേന്തി മുന്നിൽ നിന്നു. ഞങ്ങൾ അതിനുപിന്നാലെ വരിവരിയായി ജാഥയായി കച്ചേരിത്താഴത്തേക്ക് പ്രതിഷേധയോഗത്തിനായി നീങ്ങി. ഞാൻ മുദ്രാവാക്യം വിളിച്ചുകൊടുത്തു. എല്ലാവരും അതേറ്റു വിളിച്ചു.

'ഈങ്ക്വിലാബ് സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്
രക്തപതാക സിന്ദാബാദ്
മാർക്‌സിസ്റ്റ് പാർട്ടി സിന്ദാബാദ്'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP