Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എട്ടുകോടിവരെ വാങ്ങി ഒന്നാമനായി മോഹൻലാൽ; മൂന്നുകോടിയോളം വാങ്ങുന്ന മമ്മുട്ടി രണ്ടാംസ്ഥാനത്ത്; ദിലീപും പൃത്ഥ്വീരാജും നിവിൻപോളിയും നയൻസും കോടിക്കാരുടെ പട്ടികയിൽ; മഞ്ജുവാര്യർ 70 ലക്ഷം വാങ്ങുമ്പോൾ കാവ്യ ഒടുവിൽ വാങ്ങിയത് എട്ടുലക്ഷം മാത്രം; മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

എട്ടുകോടിവരെ വാങ്ങി ഒന്നാമനായി മോഹൻലാൽ; മൂന്നുകോടിയോളം വാങ്ങുന്ന മമ്മുട്ടി രണ്ടാംസ്ഥാനത്ത്; ദിലീപും പൃത്ഥ്വീരാജും നിവിൻപോളിയും നയൻസും കോടിക്കാരുടെ പട്ടികയിൽ; മഞ്ജുവാര്യർ 70 ലക്ഷം വാങ്ങുമ്പോൾ കാവ്യ ഒടുവിൽ വാങ്ങിയത് എട്ടുലക്ഷം മാത്രം; മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ബോളിവുഡിനെയും തമിഴിനെയും അപേക്ഷിച്ച് താരതമ്യേന ചെറിയ ചലച്ചിത്രമേഖലയാണ് മലയാളം. തമിഴിലെയും ഹിന്ദിയിലെയും സൂപ്പർതാരങ്ങളുടെ പ്രതിഫല തുകയിൽ മലയാളത്തിൽ നാലോ അഞ്ചോ ബിഗ് ബജറ്റ് സിനിമകൾ ഒരുക്കാം. മലയാളത്തിലെ മുൻ നിര താരങ്ങളുടെ നിലവിലെ പ്രതിഫലം നോക്കാം. മോഹൻലാലാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. യുവതാരങ്ങളിൽ പൃഥ്വിരാജും.

സ്വഭാവ കഥാപാത്രങ്ങളാകുന്ന നടീനടന്മാരും ഹാസ്യതാരങ്ങളും ദിവസക്കണക്കിന് പ്രതിഫലം വാങ്ങുന്നവരാണ് ഏറെയും. കളക്ഷനിൽ മലയാള സിനിമയും 150 കോടി പിന്നിടുമ്പോൾ തമിഴിനോടോ തെലുങ്കിനോടോ കിടപിടിക്കുന്നതല്ലെങ്കിലും മലയാള താരങ്ങളുടെ പ്രതിഫലത്തിലും വലിയ മാറ്റമുണ്ട്. നിർമ്മാതാക്കളും വിതരണക്കാരും നൽകുന്ന വിവരങ്ങളാണ് ഈ കണക്കിന് ആധാരം.

മോഹൻലാലിന് 4 -8 കോടി; മമ്മുട്ടിക്ക് 2-3 കോടി

മലയാളത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം മോഹൻലാലിന്റേതാണ്. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കിലുണ്ടായ സ്വീകാര്യതയും പുലിമുരുകൻ എന്ന സിനിമയുടെ വിജയവും മോഹൻലാലിന്റെ പ്രതിഫലം കുത്തനെ ഉയർത്തിയിട്ടുണ്ട്. 2015ൽ മൂന്ന് കോടിയായിരുന്നു മോഹൻലാലിന്റെ പ്രതിഫലം. എന്നാൽ ഇത് കുത്തനെ ഉയർന്നു. ഇപ്പോൾ ഒരേസമയം മൂന്നു സിനിമകളുടെ പണിപ്പുരയിലാണ് കേരളത്തിലെ വമ്പൻ താരം.

പ്രതിഫലത്തിൽ എഴുപത് ശതമാനം മുൻകൂറായി നൽകണം. ജനതാ ഗാരേജിനും പുലിമുരുകനും പിന്നാലെ മോഹൻലാൽ തമിഴ്, തെലുങ്ക് സിനിമകൾക്ക് എട്ട് കോടിയും മലയാളം പ്രൊജക്ടുകൾക്ക് നാല് മുതൽ അഞ്ച് കോടി വരെയുമാണ് ഈടാക്കുന്നത്. ബിഗ് ബജറ്റ് ചിത്രമാണെങ്കിലാണ് അഞ്ച് കോടിയും.

തീയേറ്ററുകളിൽ ആളെക്കൂട്ടിയ 'ദി ഗ്രേറ്റ് ഫാദറി'ന് മുൻപുവരെ മമ്മൂട്ടിയുടെ പ്രതിഫലം 2.2.50 കോടിയായിരുന്നു. 'ഭാസ്‌കർ ദി റാസ്‌കലി'ന് പിന്നാലെയാണ് 2.5 കോടിയിലേക്ക് മമ്മൂട്ടി പ്രതിഫലം ഉയർത്തിയത്. 'ഗ്രേറ്റ് ഫാദറി'ന്റെ വിജയത്തിന് പിന്നാലെ അദ്ദേഹം പ്രതിഫലം 3 കോടിയായി ഉയർത്തിയിട്ടുമുണ്ട്. മലയാളത്തിലെ ഏറ്റവുമുയർന്ന ആദ്യദിന കളക്ഷൻ ഇപ്പോൾ 'ഗ്രേറ്റ് ഫാദറി'ന്റെ പേരിലാണ്. 4.31 കോടിയാണ് ചിത്രം റിലീസ് ദിനത്തിൽ നേടിയത്.

രണ്ടരക്കോടിയും വിതരണാവകാശവും വാങ്ങി ദിലീപ്

കഴിഞ്ഞ പതിനഞ്ച് വർഷത്തെ ബോക്സ് ഓഫീസ് വിജയങ്ങൾ പരിഗണിച്ചാൽ ആഘോഷ സീസണുകളിൽ കൂടുതൽ നേട്ടമുണ്ടാക്കിയ നടനാണ് ദിലീപ്. 2 കോടി പ്രതിഫലമായും ഇതിന് പുറമേ ഓവർസീസ് -മധ്യകേരളാ വിതരണ അവകാശങ്ങളും ദിലീപ് വാങ്ങാറുണ്ട്. പ്രതിഫലത്തിൽ മമ്മൂട്ടിക്കൊപ്പമാണ് ദിലീപിന്റെ സ്ഥാനം.

പൃഥ്വിരാജ് രണ്ട് കോടി വരെ; നിവിൻപോളി ഒരുകോടി

മലയാളത്തിൽ പ്രതിഫലത്തിൽ നാലാം സ്ഥാനം പൃഥ്വിരാജിനാണ്. സ്വന്തം നിർമ്മാണത്തിലുള്ള ചിത്രമല്ലെങ്കിൽ ഒന്നര കോടി മുതൽ രണ്ട് കോടി വരെയാണ് പൃഥ്വിയുടെ പ്രതിഫലം. സിനിമയുടെ ബജറ്റും പ്രതിഫലകാര്യത്തിൽ പൃഥ്വി പരിഗണിക്കാറുണ്ട്. വമ്പൻ ബജറ്റിലുള്ള ചിത്രവും കൂടുതൽ ദിവസങ്ങളിൽ ചിത്രീകരണവുമാണെങ്കിൽ രണ്ട് കോടിയാണ് പ്രതിഫലം. കർണൻ പോലുള്ള ബിഗ് ബജറ്റ് സിനിമകളുടെ കാര്യത്തിൽ ഇതാവില്ല പ്രതിഫലം. ബോളിവുഡ്-തമിഴ് പ്രൊജക്ടുകളിൽ മലയാളത്തെക്കാൾ ഉയർന്ന പ്രതിഫലമാണ് പൃഥ്വിരാജ് ഈടാക്കുന്നത്.

മലയാളത്തിന് പുറമേ തമിഴിലും തരംഗമായി മാറിയ പ്രേമം എന്ന സിനിമയാണ് നിവിൻ പോളിയുടെ താരമൂല്യവും വിപണിമൂല്യവും ഉയർത്തിയത്. അമ്പത് ലക്ഷം പ്രതിഫലമായി വാങ്ങിയിരുന്ന നിവിൻ പോളി തമിഴിലും മാർക്കറ്റ് സൃഷ്ടിക്കപ്പെട്ടതോടെ പ്രതിഫലം ഉയർത്തി. ഒരു കോടിയാണ് നിവിന്റെ പ്രതിഫലം. പ്രേമത്തിന് തൊട്ടുപിന്നാലെ നിവിൻ നായകനായ ചിത്രം സ്വന്തം നിർമ്മാണ സഹകരണത്തിൽ ഉള്ളതായിരുന്നു. തമിഴിൽ രണ്ട് ചിത്രങ്ങൾ താരം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഈ സിനിമകളിൽ പ്രതിഫലം മലയാളത്തേക്കാൾ ഇരട്ടിയായിരിക്കും.

ദുൽഖർ സൽമാൻ- 75 ലക്ഷം

2016ൽ വമ്പൻ വിജയങ്ങൾ ഇല്ലെങ്കിലും ദുൽഖർ സൽമാൻ പ്രതിഫലം 75 ലക്ഷമായി ഉയർത്തിയത് ഇതേ വർഷമാണ്. നിലവിലുള്ള ദുൽഖർ പ്രൊജക്ടുകളിലേറെയും വൻ പ്രതീക്ഷയിലുള്ളതാണ്. ഈ സിനിമകൾ ബോക്സ് ഓഫീസിൽ മികവ് തെളിയിച്ചാൽ നിവിൻ പോളിക്കൊപ്പമോ മുകളിലോ ദുൽഖറിന്റെ പ്രതിഫലമെത്തും. മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും ഉയർന്ന ഇനീഷ്യൽ ലഭിക്കുന്നത് ദുൽഖർ ചിത്രങ്ങൾക്കാണ്. മലയാളത്തിന് പുറമേ തമിഴിലും ദുൽഖർ സിനിമകൾ ഒരുങ്ങുന്നുണ്ട്.

ബിജു മേനോൻ- 75 ലക്ഷം

വെള്ളിമൂങ്ങയുടെ വിജയമാണ് ബിജു മേനോന്റെ താരമൂല്യം ഇരട്ടിപ്പിച്ചത്. അമ്പത് ലക്ഷത്തിൽ നിന്ന് 75 ലക്ഷത്തിലേക്ക് താരത്തിന്റെ പ്രതിഫലം ഉയർന്നു. അനുരാഗ കരിക്കിൻ വെള്ളം 2016ൽ സൂപ്പർഹിറ്റായതോടെ സോളോ ഹീറോ പ്രൊജക്ടുകളിലേക്ക് കൂടുതൽ ശ്രദ്ധയൂന്നാനും താരം തീരുമാനിച്ചെന്നറിയുന്നു. അടുത്തിടെ പുറത്തെത്തിയ രഞ്ജൻ പ്രമോദിന്റെ 'രക്ഷാധികാരി ബൈജു'വും തീയേറ്ററുകളിൽ വിജയം കണ്ടു.

ഫഹദ് ഫാസിൽ- 65 മുതൽ 75 ലക്ഷം വരെ

2011 മുതൽ 2012 വരെ യുവതാരങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റമുണ്ടായിരുന്ന അഭിനേതാവായിരുന്നു ഫഹദ്. പുതുതലമുറ സംവിധായകർക്കും മുതിർന്ന സംവിധായകർക്കും പുതിയൊരു സിനിമ ആലോചിക്കാൻ ഫഹദ് നായകനായി നിർബന്ധമായിരുന്നു. 2013ലും തുടർവർഷങ്ങളിലുമുണ്ടായ തിരിച്ചടിയെ തുടർന്ന് ഫഹദിന്റെ താരമൂല്യം ഇടിഞ്ഞു.

മഹേഷിന്റെ പ്രതികാരത്തിലൂടെ ബോക്സ് ഓഫീസിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ഫഹദ് ഫാസിൽ 75 ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. തമിഴിൽ ത്യാഗരാജൻ കുമാരരാജയുടെ സിനിമയിൽ നായകനായും, മോഹൻരാജയുടെ ചിത്രത്തിൽ വില്ലനായും 2017ൽ ഫഹദ് അഭിനയിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരം ടീമിന്റെ പുതിയ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും ഈ വർഷം തിയറ്ററുകളിലെത്തും.

സുരേഷ് ഗോപി- 70 ലക്ഷം

വർഷങ്ങളായി വിജയചിത്രങ്ങളില്ലെങ്കിലും അവസാനമായി അഭിനയിച്ച രുദ്രസിംഹാസനം, മൈ ഗോഡ് എന്നീ സിനിമകൾക്ക് എഴുപത് ലക്ഷത്തിനടുത്താണ് സുരേഷ് ഗോപി പ്രതിഫലമായി വാങ്ങിയത്. തമിഴിൽ ഐ എന്ന സിനിമയിലെ വില്ലൻ വേഷവും താരം പ്രതിഫലം ഉയർത്താനുള്ള കാരണമായി. ലേലം രണ്ടാം ഭാഗമാണ് സുരേഷ് ഗോപിയുടെ 2017ലെ റിലീസ്.

ടോവിനോ തോമസ്- 50 ലക്ഷം

സ്വഭാവ കഥാപാത്രങ്ങളിൽ നിന്ന് നായകനായി ഉയർന്ന ടോവിനോ തോമസിന് ഗപ്പി എന്ന ചിത്രമാണ് 2016ൽ ഉണ്ടായിരുന്നത്. 30 ലക്ഷമാണ് ഈ സമയം ടോവിനോയുടെ പ്രതിഫലം. ആഷിക് അബു സംവിധാനം ചെയ്യുന്ന മായാ നദിയിലും ടോവിനോയാണ് ഹീറോ. ഒരു മെക്സിക്കൻ അപാരതയ്ക്ക് പിന്നാലെയാണ് ടൊവീനോയുടെ പ്രതിഫലം ഉയർന്നത്.

ജയസൂര്യ- 60 ലക്ഷം

വൈവിധ്യമുള്ള കഥാപാത്രങ്ങളിലൂടെ തുടർച്ചയായ വർഷങ്ങളിൽ കയ്യടി വാങ്ങിയ നടനാണ് ജയസൂര്യ. ഹിറ്റ് ചാർട്ടിൽ അമർ അക്‌ബർ അന്തോണിയും പ്രേതവും സു സു സുധീ വാൽമീകവുമാണ് സമീപകാലത്ത് ഉള്ളത്. 50 മുതൽ 60 ലക്ഷം വരെയാണ് ജയസൂര്യയുടെ പ്രതിഫലം.

കുഞ്ചാക്കോ ബോബൻ- 60 ലക്ഷം

2016ൽ ഹിറ്റുകളില്ലാത്ത കുഞ്ചാക്കോ ബോബൻ പ്രതിഫലവും ഉയർത്തിയിട്ടില്ല. 50-60 ലക്ഷം രൂപയാണ് കുഞ്ചാക്കോ ബോബൻ സിനിമകൾക്ക് ഈടാക്കുന്നത്. രാജേഷ് പിള്ളയുടെ സ്മരണാർത്ഥമുള്ള രാജേഷ് പിള്ള പ്രൊഡക്ഷൻസിന് വേണ്ടിയുള്ള ടേക്ക് ഓഫ് എന്ന സിനിമയിൽ പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചത്.

ജയറാം- 50 ലക്ഷം

വർഷങ്ങൾക്ക് ശേഷം തിയറ്ററുകളിൽ വിജയം കൈവരിച്ച ജയറാം ചിത്രമായിരുന്നു ആട് പുലിയാട്ടം. നൂറ് ശതമാനം വിജയസാധ്യതയുള്ള സിനിമകളിലാണ് ശ്രദ്ധയെന്ന് പ്രഖ്യാപിച്ച ജയറാം 50 ലക്ഷമാണ് രണ്ട് വർഷത്തോളമായി പ്രതിഫലമായി വാങ്ങുന്നത്.

ആസിഫ് അലി- 35 ലക്ഷം

അനുരാഗ കരിക്കിൻ വെള്ളത്തിന്റെ വിജയത്തിന് പിന്നാലെയെത്തിയ 'ഹണി ബീ 2' പരാജയം രുചിച്ചു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഭേദപ്പെട്ട അഭിപ്രായവുമായി ഇപ്പോൾ തീയേറ്ററുകളിലുണ്ട്. 35 ലക്ഷമാണ് ആസിഫലിയുടെ പ്രതിഫലം.

ഉണ്ണി മുകുന്ദൻ- 30 ലക്ഷം

മലയാളത്തിൽ സ്‌റ്റൈൽ, ഒരു മുറൈ വന്ത് പാർത്തായ എന്നീ സിനിമകളായിരുന്നു ഉണ്ണി 2016ൽ അഭിനയിച്ചത്. തെലുങ്കിൽ ജനതാ ഗാരേജിന്റെ വിജയത്തിന് പിന്നാലെ അനുഷ്‌കാ ഷെട്ടിക്കൊപ്പം പുതിയൊരു പ്രൊജക്ടിൽ ഉണ്ണി അഭിനയിക്കുന്നു. ഭാഗ്മതി എന്ന് പേരിട്ട സിനിമയിൽ ജയറാമാണ് വില്ലൻ. 30 ലക്ഷമാണ് ഉണ്ണി മുകുന്ദന്റെ പ്രതിഫലം എന്നറിയുന്നു.

നയൻതാര- ഒരു കോടി

തമിഴിൽ നായികമാരിൽ ഏറ്റവും ഉയർന്ന പ്രതിഫലം സ്വീകരിക്കുന്ന അഭിനേത്രിയാണ് നയൻതാര. 2015ലും 2016ലും തുടർച്ചയായി സൂപ്പർഹിറ്റുകൾ ലഭിച്ചതും സോളോ ഹീറോയിൻ പ്രൊജക്ടുകളിൽ വിജയം കൈവരിച്ചതും നയൻസിന്റെ പ്രതിഫല വർധനയ്ക്ക് കാരണമായി. തമിഴിലെ തിരക്കിനിടയിലും നല്ല പ്രൊജക്ടാണെങ്കിൽ മലയാളത്തിന്റെ ഭാഗമാകാറുണ്ട് നയൻതാര. മലയാളത്തിൽ സമീപ കാലത്ത് അഭിനയിച്ച രണ്ട് പ്രൊജക്ടുകളിൽ 75 ലക്ഷവും ഒരു കോടിയുമാണ് നയൻതാര പ്രതിഫലമായി ഈടാക്കിയത്. 2016ൽ പുറത്തിറങ്ങിയ പുതിയ നിയമത്തിൽ അഭിനയിച്ചതിന് 1 കോടിയാണ് നയൻസ് വാങ്ങിയതെന്ന് അറിയുന്നു.

മഞ്ജു വാര്യർ- 65-70 ലക്ഷം

രണ്ടാം വരവിൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിന് ശേഷം വൻവിജയങ്ങൾ ഇല്ലെങ്കിലും മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ വിശേഷണമുള്ളത് മഞ്ജുവിനാണ്. മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള പ്രോജക്ടുകൾ അണിയറയിൽ നിരവധി ഒരുങ്ങുന്നുമുണ്ട്. 65 മുതൽ 70 ലക്ഷം വരെയാണ് മഞ്ജു വാര്യരുടെ പ്രതിഫലം.

കാവ്യാ മാധവൻ, ഹണി റോസ്- 8 ലക്ഷം

ഹണി റോസ് എട്ട് ലക്ഷം രൂപയാണ് ഒരു സിനിമയുടെ പ്രതിഫലമായി വാങ്ങുന്നത്. സിനിമയുടെ തെരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ട് കാവ്യാ മാധവൻ ഇപ്പോൾ. 2016ൽ അടൂരിന്റെ പിന്നെയും കൂടാതെ ആകാശ് വാണിയും കാവ്യയുടെ ചിത്രങ്ങളായെത്തി. എട്ട് ലക്ഷം മുതൽ പത്ത് ലക്ഷം വരെയാണ് കാവ്യയുടെ പ്രതിഫല തുക.

നമിതാ പ്രമോദ്

മലയാളത്തിന് പുറമേ തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച നമിതാ പ്രമോദ് മലയാളത്തിൽ 10 ലക്ഷമായിരുന്നു പ്രതിഫലമായി സ്വീകരിച്ചിരുന്നത്.  തെലുങ്കിൽ 20 ലക്ഷമാണ് നമിതയുടെ പ്രതിഫലം എന്നറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP